സ്വര്‍ണവില വീണ്ടും മുകളിലോട്ട്. ഇന്ന് പവന് 4840രൂപ വർധിച്ച് 1,17,120 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാമിന് 605 രൂപ വർധിച്ച് 14,715 രൂപയായി. ഇന്നലെ ഔൺസിന് 4400 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില 4945 ഡോളറിലേക്ക് ഇരച്ചുകയറിയിരുന്നു. ഇതോടെ കേരളത്തിൽ കൂടിയ സ്വർണവിലയിൽ ഇന്നലെ ഉച്ചയ്ക്കും വൻ വർധനയുണ്ടായി.
രാജ്യാന്തരവില വൈകാതെ 5000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ വില വീണ്ടും റെക്കോർഡ് തലത്തിലേക്ക് ഉയരും. കഴിഞ്ഞവാരം പവൻവില 1.31 ലക്ഷം രൂപ കടന്നിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് ട്രംപിന്റെ വിശ്വസ്തനായ കെവിൻ വാർഷ് എത്തുമെന്ന റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞദിവസം സ്വർണത്തെ വീഴ്ത്തിയത്.
ഈ വീഴ്ച മുതലെടുത്തുള്ള വാങ്ങൽ താൽപര്യം ഉയർന്നത് സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി. കേരളത്തിൽ പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, വൈകിട്ടും സന്ധ്യയ്ക്കുമായി 4,000 രൂപയിലേറെ പവൻ തിരിച്ചുംപിടിച്ചു. ഡോളറിനെതിരെ രൂപ നിലമെച്ചപ്പെടുത്തിയതും നേട്ടമായി. രൂപ ശക്തിയാർജിക്കുകയും ഡോളർ തളരുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും. ഇതും സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും.
രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദം തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വലിയതോതിലുള്ള വിലിയിടിവിന് തടസ്സവുമാകുന്നു.