തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വരെ ഓഹരി വിപണിയിൽ ചർച്ച 'മോദി സ്റ്റോക്സി'നെ പറ്റിയായിരുന്നു. നരേന്ദ്രമോദി സർക്കാറിന്റെ നയങ്ങൾ വഴി മികച്ച നേട്ടമുണ്ടാക്കുന്ന കമ്പനികളുടെ ഓഹരികൾക്കാണ് 'മോദി സ്റ്റോക്സ്' എന്ന ബ്രാൻഡിങ് ലഭിച്ചത്. ആഗോള നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എ 54 പൊതുമേഖലാ, സ്വകാര്യ കമ്പനി ഓഹരികളെ മോദി സ്റ്റോക്കുകളായി പട്ടികപ്പെടുത്തി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ ഇടിവ് മോദി സ്റ്റോക്കുകളിലുണ്ടായി. 'മോദി സ്റ്റോക്കുകൾ' ഭൂരിഭാഗം വരുന്ന ബിഎസ്ഇ പിഎസ്‍യു സൂചിക 15 ശതമാനമാണ് ഇടിഞ്ഞത്. അതേസമയത്താണ് തെലുങ്ക് ദേശം പാർട്ടിയോട് ബന്ധമുള്ള ഓഹരികളിൽ മുന്നേറ്റമുണ്ടാകുന്നതും.
ആന്ധ്രപ്രദേശിൽ ഒറ്റയ്ക്ക് ഭരണം പിടിച്ചതിനൊപ്പം കേന്ദ്രത്തിലെ ഭരണം തീരുമാനിക്കുന്നതിലും നിർണായകമായതോടെയാണ് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു കിങ്മേക്കർ റോളിലേക്ക് ഉയരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ടിഡിപിയുമായി ബന്ധമുള്ള ഹെറിറ്റേജ് ഫുഡ്സ്, അമരരാജ എനർജി എന്നി ഓഹരികൾ കുതിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 32 ശതമാനം മുന്നേറ്റമാണ് ഈ ഓഹരികളിലുണ്ടായിരിക്കുന്നത്.
ഹെറിറ്റേജ് ഫുഡ്സ് വ്യാഴാഴ്ച 10 ശതമാനം ഉയർന്ന് ഒരു ദിവസം ഉയരാവുന്നതിന്റെ പരിധിയായ 601 രൂപയിലെത്തി. അമരരാജ 9 ശതമാനം ഉയർന്ന് 1,333 രൂപയിലെത്തി. രണ്ട് ഓഹരികളും ഒരു വർഷത്തിനിടെ കുറിക്കുന്ന ഏറ്റവും ഉയർന്ന നിലവാരമാണ്. 1992 ൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു രൂപീകരിച്ച ഹെറിറ്റേജ് ഗ്രൂപ്പിന് കീഴിൽ വരുന്ന കമ്പനിയാണ് ഹെറിറ്റേജ് ഫുഡ്സ്. നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിക്കും മകൻ നര ലോകേഷുമാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഭുവനേശ്വരിക്ക് 24.37 ശതമാനവും ലോകേഷിന് 10.82 ശതമാനം ഓഹരിയും കമ്പനിയിലുണ്ട്. ഡയറി, റീട്ടെയിൽ, അഗ്രികൾച്ചർ ബിസിനസുകൾ കമ്പനി നടത്തുന്നുണ്ട്.
എനർജി സ്റ്റേറേജ് ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അമരരാജ. മുൻനിര ബാറ്ററി ബ്രാൻഡുകളായ അമറോൺ, പവർസോൺ എന്നിവ ഗ്രൂപ്പിന് കീഴിലുള്ളവയാണ്. ടിഡിപിയുമായുള്ള ബന്ധമാണ് അമരരാജയുടെ എനർജി. കമ്പനി മാനേജിംഗ് ഡയറക്ടർ ജയ് ദേവ ഗല്ല നേരത്തെ ടിഡിപി എംപിയായിരുന്നു.
ബിജെപി കഴിഞ്ഞാൽ എൻഡിഎയിൽ ഏറ്റവും വലിയ കക്ഷിയാണ് ടിഡിപി. കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഭരിക്കാൻ ടിഡിപിയുടെ പിന്തുണ ബിജെപിക്ക് അത്യാവശ്യമാണ്. 16 സീറ്റുള്ള പാർട്ടി ആന്ധ്രയിൽ ഭരിക്കാനുള്ള കേവലഭൂരിപക്ഷവും ഒറ്റയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. ലോക്സഭാ സ്പീക്കർ പദവിയും പ്രധാനവകുപ്പുകളുമാണ് ടിഡിപിയുടെ ലക്ഷ്യം. ധനം, ഐടി, ഗതാഗതം, ജൽശക്തി മന്ത്രാലയങ്ങളാണ് ടിഡിപി ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജും ടിഡിപിയുടെ ആവശ്യമാണ്.