പഞ്ചറായ ചാണ്ടിവണ്ടി

Thumb Image
SHARE

തോമസ് ചാണ്ടി ഒടുവില്‍ കുട്ടനാട്ടിലേക്ക് തന്നെ മടങ്ങി. നാണവും മാനവും പോയാലും മന്ത്രിസ്ഥാനത്ത് തുടരുമെന്ന തീരുമാനം അവസാനം മാറ്റേണ്ടി വന്നു. ഈ പറഞ്ഞ നാണം ,മാനം തുടങ്ങിയവ മുഴുവനായിട്ടു പോയിട്ടും മന്ത്രിയായിരിക്കാന്‍ പറ്റിയില്ല. കോടതി വിധി വരും വരെ കാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. അങ്ങനെ ഹൈക്കോടതി വിധി വന്നു. അപ്പോള്‍ പറയുകയാണ്. ഞാന്‍ ഉദ്ദേശിച്ച കോടതി ഇതല്ല. ഇതിനും മുകളിലുള്ള സുപ്രീംകോടതിയാണെന്ന്. അതാകട്ടെ എന്ന് വിധിയാകുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. മുഖ്യമന്ത്രി കട്ടക്ക് കൂടെ നിന്നേനെ. ആ സിപിഐക്കാര്‍ പണി പറ്റിച്ചില്ലായിരുന്നെങ്കില്‍. അവരാ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതോടെ ചാണ്ടിക്ക് രാജിവക്കാതെ നിവൃത്തിയില്ലായിരുന്നു. പിണറായി ആവുന്നത് ശ്രമിച്ചിട്ടും കൂട്ടുകാരനെ രക്ഷിക്കാനായില്ല 

എന്നുകരുതി പിണറായിയും ചാണ്ടിയും തമ്മിലെ സൗഹൃദം ഇല്ലാതാകേണ്ട കാര്യമൊന്നുമില്ല. മറ്റൊരു സുഹൃത്തും ചെയ്യാത്തപോലെയാണ് പിണറായി ചാണ്ടിയെ ചേര്‍ത്ത് പിടിച്ചത്. സ്വന്തം നാട്ടുകാരനും കൊച്ചുനാള്‍ മുതല്‍ കൂട്ടുകാരനുമായിരുന്ന ഇപി ജയരാജനോട് കാണിക്കാത്ത സ്നേഹം തോമസ് ചാണ്ടിയോട് ഇത്രയും നാള്‍ കാണിച്ചില്ലേ. അതക്ക കൊണ്ട് ചാണ്ടി മുതലാളി തല്‍ക്കാലം ഒന്ന് അടങ്ങണം. ആദ്യം നിരപരാധിയാകുന്നവര്‍ക്കുള്ള ഓട്ടമല്‍സരം എന്‍സിപിയില്‍ ആരംഭിച്ചിട്ടുണ്ട്. ആരാദ്യം നിരപരാധിയാകുന്നോ അവര്‍ മന്ത്രിയാകും. എന്നുവച്ചാല്‍ തോമസ് ചാണ്ടിക്ക് ഇനിയും സാധ്യതയുണ്ടെന്ന്. പക്ഷേ, ആദ്യം ശശീന്ദ്രന്‍ നിരപരാധിയായാല്‍ എന്തു ചെയ്യും? ചാണ്ടിയെ സിപിഎമ്മിലെടുത്തിട്ടെങ്കിലും മന്ത്രിയാക്കണം. നല്ല സുഹൃത്തായ പിണറായി അതാണ് ചെയ്യേണ്ടത് 

തോമസ് ചാണ്ടിയുടെ രാജി എപ്പിസോഡില്‍ ഹീറോയായാത് സിപിഐയാണ്. ഒരു സംശയവുമില്ല. ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പുറത്താക്കിയത് തങ്ങളുടെ മിടുക്കുകൊണ്ടാണെന്നും വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മന്ത്രിസഭാ യോഗത്തിന് വരാത്തതില്‍ ക്രമപ്രശ്നമുണ്ടെന്നും മുന്നണി മര്യാദ കാണിച്ചില്ലെന്നുമൊക്കെ പറഞ്ഞാണ് സിപിഎം വഴക്കുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സാധാരണ ജനത്തെ സംബന്ധിച്ച് എന്ത് ക്രമപ്രശ്നം? എന്ത് മുന്നണി മര്യാദ? ഒരു ക്രമവും മര്യാദയും പാലിച്ചില്ലെങ്കിലും കയ്യേറ്റക്കാരനെന്ന് പറയപ്പെടുന്ന ഒരാളെ ഒന്ന് പുറത്താക്കിത്തരാന്‍ ആരു ശ്രമിക്കുന്നോ അവരാണ് ജനത്തിന് ഹീറോകള്‍. മറ്റുള്ളതൊക്കെ ചുമ്മാ തര്‍ക്കിക്കുമ്പ പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല 

MORE IN VAYIL THONNIYATHU
SHOW MORE