ചാണ്ടിക്ക് ചുവപ്പ് കൊടി

Thumb Image
SHARE

തോമസ് ചാണ്ടി എങ്ങനെ ഇപ്പോഴും മന്ത്രിയായി തുടരുന്നു എന്ന കാര്യത്തില്‍ പലര്‍ക്കും അതിശയമാണ്. പിണറായി വിജയനും തോമസ് ചാണ്ടിയും തമ്മിലെ ഇരിപ്പു വശം അറിയാത്തവരാണ് അവര്‍. സത്യത്തില്‍ അതിശയിക്കേണ്ടത് തോമസ് ചാണ്ടിയെ പുറത്താക്കുന്ന കാര്യം ഇപ്പോഴെങ്കിലും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന കാര്യത്തിലാണ്. ചാണ്ടി വിളമ്പിയ താറാവും ഞണ്ടും കഴിക്കാത്തവരായി കേരള രാഷ്ട്രീയത്തില്‍ ആളു കുറവാണ്. അതു തന്നെയായിരുന്നു കാനവും കളക്ടറുമൊക്കെ ബഹളം വയ്ക്കുമ്പോഴും തോമസ് ചാണ്ടിയുടെ ധൈര്യം. 

പക്ഷേ, ഇനിയങ്ങനെ ചാണ്ടിക്ക് അധികം പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. സൗഹൃദവും കാര്യവുമൊക്കെ ശരി തന്നെ. പക്ഷേ ഇനിയും ചാണ്ടിയെ ചുമന്നാല്‍ സര്‍ക്കാര്‍ വല്ലാതെ നാറും. വ്യക്തമായ ഭൂരിപക്ഷമുള്ള പിണറായി സര്‍ക്കാരിന് രണ്ടേ രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയുടെ മന്ത്രിയെ ഇങ്ങനെ പേറേണ്ട ഒരു കാര്യവുമില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പിണറായിക്കറിയാമെങ്കില്‍ തോമസ് ചാണ്ടിയെ ഇനിയും ചുമക്കില്ല. 1967 ലെ രണ്ടാം ഇഎംഎസ് മന്ത്രിസഭ ഇതിലും കൂടി ഭൂരിപക്ഷവുമായി വന്നതാണ്. അന്ന് കേരള തൊഴിലാളി പാര്‍ട്ടി എന്ന പേരില്‍ എന്‍സിപി പോലുള്ള ഒരു ഈര്‍ക്കില്‍ പാര്‍ട്ടി ഭരണമുന്നണിയിലുണ്ടായിരുന്നു. ബി വെല്ലിങ്ടണ്‍ എന്ന പേരില്‍ അവര്‍ക്കൊരു മന്ത്രിയുമുണ്ടായിരുന്നു. ആ മന്ത്രിക്കെതിരേ ആരോപണം വന്നപ്പോള്‍ ഇഎംഎസ് രാജി ചോദിച്ച് വാങ്ങിയിരുന്നെങ്കില്‍ മന്ത്രിസഭ കാലം തികച്ചേനെ. പകരം വെല്ലിങ്ടണെ ചുമന്നു. സിപിഐ ബഹളമുണ്ടാക്കി. സിപിഐയിലെ മന്ത്രിമാര്‍ക്കെതിരെ സിപിഎമ്മുകാര്‍ ആരോപണം ഉന്നയിച്ചു. മൊത്തം കുളമായി സര്‍ക്കാര്‍ താഴെപ്പോയി. അതുകൊണ്ട് തോമസ് ചാണ്ടിക്ക് മുന്നില്‍ എകെജി സെന്‍ററിന്റെ വാതില്‍ അടച്ചിടുന്നതാണ് സിപിഎമ്മിനും സര്‍ക്കാരിനും നല്ലത് 

MORE IN VAYIL THONNIYATHU
SHOW MORE