കഴിഞ്ഞ കുറെയധികം ദിവസങ്ങളായി കേരളം ഭീകരമായ ചര്‍ച്ചയിലാണ്. മധ്യപൂര്‍വദേശത്ത് സ്വാധീനമുറപ്പിച്ച ഐ എസിലേക്ക് മലയാളികളും ആകര്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളാണ് ചര്‍ച്ചകള്‍ക്ക് ആധാരമായത്. കുറെയധികം മലയാളികളെ സംശയകരമായ പശ്ചാത്തലത്തില്‍ കാണാതായതാണ് പെട്ടെന്ന് ചര്‍ച്ചകളെ സജീവമാക്കിയത്.
അനാവശ്യമായ തിടുക്കം പല ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നു എന്ന് പറയാതെ വയ്യ. കുറച്ച് ചെറുപ്പക്കാരെ കാണാതായതിന് തൊട്ടുപിന്നാലെ ഇതാ കേരളവും ഭീകരതയിലേക്ക് എന്ന തരത്തിലുളള ചര്‍ച്ചകള്‍ തീര്‍ത്തും അസമയത്തായിപ്പോയി. ഇത്തരം വിഷയങ്ങളില്‍ കുറെക്കൂടി ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഒരു സമുദായത്തെ ടാര്‍ജറ്റ് ചെയ്യുന്നു എന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയും നേരത്തെയായിപ്പോയോ എന്ന് സംശയിക്കണം. അങ്ങനെയൊന്നും കേരളം ചിന്തിച്ചു തുടങ്ങിയിട്ടില്ല. എല്ലാവരും കൂടി അതിന് അവസരമൊരുക്കരുത്.