കര്‍ഷകരോഷത്തില്‍ പതറുന്ന കേന്ദ്രം; കോടതിക്ക് രക്ഷകവേഷമോ..?

PVA2
SHARE

കേന്ദ്രസർക്കാർ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും പരിഹരിക്കാനാകാത്ത കർഷക സമരത്തില്‍ രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടല്‍ ആശ്വാസകരവും ആത്മാര്‍ഥവുമാണോ..? സുപ്രീംകോടതി ഇടപെടല്‍ യഥാര്‍ഥത്തില്‍  കേന്ദ്രത്തെയാണോ സമരക്കാരെയാണോ സഹായിക്കുക? ഭരണകൂടത്തിന് തെറ്റു പറ്റിയാല്‍ കോടതി തിരുത്തും എന്ന ജനാധിപത്യവിശ്വാസത്തിന് സുപ്രീംകോടതി നല്‍കിയ സന്ദേശമെന്താണ്? കര്‍ഷകസമരം ഇനി ആരാണ് പരിഹരിക്കാന്‍ പോകുന്നത്? 

സുപ്രീംകോടതിയുടെ  കളം ഒരുക്കലും മുന്നറിയിപ്പും വന്നപ്പോൾ തന്നെ സമീപകാല ഇടപെടലുകൾ ചൂണ്ടിക്കാട്ടി സംഭവിക്കാൻ പോകുന്നത് എന്താകുമെന്ന് പ്രവചിച്ചവരുണ്ട്. ഒടുവില്‍ കർഷക സമരത്തിന് കാരണമായ കേന്ദ്രസർക്കാറിന് മൂന്ന് കൃഷി നിയമങ്ങളും സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നു. കർഷകരുമായും സർക്കാരുമായും ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ നാലംഗ സമിതിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിയോഗിക്കുകയും ചെയ്തു. പരാതിക്കാരിൽ നിന്ന്  പേര് പരിഗണിക്കാതെ കോടതി തന്നെയാണ് സമിതി അംഗങ്ങളെ തീരുമാനിച്ചത്. തൽക്കാലത്തേക്ക്   മിനിമം താങ്ങുവില സംവിധാനം നിയമങ്ങൾ വരുന്നതിനു മുൻപുള്ള രീതിയിൽ തുടരും. കർഷകരുടെ ഭൂമിയുടെ ഉടമസ്ഥത സംരക്ഷിക്കുമെന്നും കോടതി വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ സമിതിയിലേക്ക് നിയോഗിച്ച അംഗങ്ങളുടെ കാര്യത്തിൽ തന്നെ സുപ്രീംകോടതിയുടെ ആത്മാർത്ഥത  സമര നേതാക്കൾ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതി  കണ്ടെത്തിയ നാല് സമിതി അംഗങ്ങളും ഇതിനോടകം പരസ്യമായി നിയമങ്ങൾക്ക് അനുകൂലമായ നിലപാട് എടുത്തവരാണ് എന്നതാണ് വസ്തുത. കേന്ദ്ര സർക്കാർ കോടതി വിധി മാനിക്കുന്നു എന്നു പ്രതികരിച്ചു. സമിതി അംഗങ്ങൾ നിഷ്പക്ഷര്‍ ആണ് എന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. 

സമിതിയിലെ നാലുപേരും വിവാദം നിയമങ്ങളെ അനുകൂലിക്കുന്നവരാണ് എന്ന ആരോപണങ്ങള്‍ ശക്തമായതോടെ സമിതി അംഗമായ ഭൂപീന്ദർസിംഗ് മാൻ പിന്മാറി. ഇതോടെ സമിതിയുടെ വിശ്വാസ്യത തകരുകയും പ്രവര്‍ത്തനം വഴിമുട്ടുകയും ചെയ്തു. തുടര്‍ന്നാണ് കർഷകരുമായി സർക്കാർ ഒൻപതാം വട്ടവും നേരിട്ട് ചർച്ച നടത്തിയത്. ഒമ്പതാം ചർച്ചയും പരാജയപ്പെട്ടെങ്കിലും കർഷകരുടെ ചില ആവശ്യങ്ങൾ അംഗീകരിക്കുന്ന നിലപാടിലേക്ക് കേന്ദ്രസർക്കാർ എത്തുന്നു എന്നാണ് സൂചന.

കേന്ദ്ര സർക്കാരിന് കർഷക സമരത്തോടുള്ള നിലപാട് തുടക്കംമുതലേ വ്യക്തമാണ്. പക്ഷേ  സഹായിക്കാൻ എന്ന പേരില്‍ ഇടപെട്ട സുപ്രീംകോടതി കർഷകരെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. 50 ദിവസത്തിലേറെയായി തുടരുന്ന കാർഷിക സമരത്തോട്   സുപ്രീംകോടതി തുടക്കത്തില്‍ സ്വീകരിച്ച നിസംഗതയും വിമര്‍ശിക്കപ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം നവംബർ 26 മുതൽ രാജ്യതലസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയോടും പൊരുതി കര്‍ഷകര്‍  സമരം തുടരുകയാണ്. 50 ദിവസത്തിലേറെ സമരം മുന്നോട്ട് പോയിട്ടും കാര്യമായ ഇടപെടൽ നടത്താതിരുന്ന സുപ്രീംകോടതി ഒടുവിൽ നിയമങ്ങൾ സ്റ്റേ ചെയ്യുന്നത്  കേന്ദ്ര താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് സമരക്കാര്‍ക്കിടയില്‍ സംശയങ്ങളുണ്ട്. സമരം പരാജയപ്പെടുത്താന്‍ പഠിച്ച പണികളെല്ലാം നോക്കി പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനാണ് സുപ്രീംകോടതി ഇടപെടല്‍ ആശ്വാസമാകുന്നത്. നിയമങ്ങള്‍ സ്റ്റേ ചെയ്തതിനെതിരെ നിയമവിദഗ്ധര്‍ സംശയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പോലും കേന്ദ്രം അതില്‍ കേന്ദ്രീകരിക്കുന്നില്ല എന്നത് കാണേണ്ടതാണ്. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവിശ്വസനീയമായ മുന്നേറ്റമാണ് കര്‍ഷകരുടെ പ്രക്ഷോഭം ഉയര്‍ത്തിയത്. കടുത്ത വെല്ലുവിളികള്‍ നേരിട്ടു തന്നെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുകയാണ് കര്‍ഷകസമരം. കൊടുംതണുപ്പില്‍ വയോധികരടക്കം തെരുവില്‍ സമരത്തിനിരിക്കേണ്ടിവരുന്നത് രാജ്യത്തെ നോവിക്കുമ്പോഴും മുന്നോട്ടു തന്നെയെന്ന് ഒരല്‍പം പോലും ചാഞ്ചല്യമില്ലാതെ പ്രഖ്യാപിക്കുകയാണ് സമരക്കാര്‍. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ചു പറയുന്നത് രാജ്യത്തിനു വേണ്ടിത്തന്നെയാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. 

കര്‍ഷകരുടെ സമരവീര്യം ജനാധിപത്യത്തിനാകെ പ്രതിരോധത്തിന്റെ പ്രത്യാശ നല്‍കിയിരിക്കുന്ന വേളയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഒറ്റനോട്ടത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമെന്നു തോന്നിപ്പിച്ചെങ്കിലും കോടതി സമീപനം ചോദ്യം ചെയ്യപ്പെടാവുന്നത് തന്നെയാണ്. കാരണങ്ങളൊന്നും പറയാതെയാണ് കാര്‍ഷികനിയമങ്ങള്‍ സ്റ്റേ ചെയ്്തത്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം സ്റ്റേ ചെയ്യുമ്പോള്‍ എന്താണ് ആ നിയമങ്ങളിലെ പ്രശ്നം എന്നു ചൂണ്ടിക്കാണിക്കാന്‍ പോലും കോടതി തയാറായിട്ടില്ല.  ഭരണകൂടത്തിനും കോടതിക്കും വ്യക്തമായ അധികാരപരിധികള്‍ നിശ്ചയിച്ചിട്ടുള്ള ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനാധികാരം ഉപയോഗിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമം സ്റ്റേ ചെയ്യുമ്പോള്‍ എന്താണ് അതില്‍ കണ്ട പ്രശ്നമെന്നു കോടതി പറയേണ്ടതാണ്. പക്ഷേ അക്കാര്യത്തില്‍ മൗനം പാലിച്ച കോടതി നിയമത്തിനെതിരെ ഒരുവാക്കു പോലും പരാമര്‍ശിക്കാതിരിക്കാന്‍ കൗശലം കാണിച്ചുവെന്നാണ് നിയമവൃത്തങ്ങളില്‍ നിന്നു തന്നെയുളള വിലയിരുത്തല്‍. നിയമങ്ങളെ തുടക്കം മുതല്‍ക്കേ പിന്തുണയ്ക്കുന്ന വിദഗ്ധരെ സമിതി അംഗങ്ങളായി കണ്ടെത്തിയതെന്തിന് എന്ന ചോദ്യത്തിനും ഉത്തരമില്ല.

ചുരുക്കിപ്പറ​ഞ്ഞാല്‍ കേന്ദ്രം പരാജയപ്പെട്ടു പോയ കര്‍ഷകസമരത്തില്‍ കോടതി കേന്ദ്രത്തിന്റെ രക്ഷകനായി അവതരിക്കുകയാണോ എന്ന ചോദ്യം ന്യായം. പക്ഷേ  ഏതു കുല്‍സിതനീക്കവും തിരിച്ചറിയാന്‍  സൂക്ഷ്മശ്രദ്ധ പുലര്‍ത്തുന്ന കര്‍ഷകര്‍ കോടതി ഇടപെടല്‍ നിരാകരിച്ചു. കേന്ദ്രത്തിനു തന്നെ വീണ്ടും ചര്‍ച്ചകളിലേക്കു കടക്കേണ്ടി വന്നിരിക്കുന്നു. പിന്‍മാറില്ല എന്ന പ്രഖ്യാപനം നിസാരമായി തള്ളാവുന്നതല്ലെന്ന് ഇതിനോടകം തന്നെ കര്‍ഷകസമരത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പഠിച്ചു കഴിഞ്ഞു.

രണ്ടു മാസത്തിലേക്കടുക്കുന്ന സമരത്തെ ഒന്ന് നിര്‍വീര്യമാക്കാന്‍ മാത്രമുള്ള ഇടപെടലാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത് എന്ന് വ്യക്തം. അത് കൃത്യമായി തിരിച്ചറിഞ്ഞു തന്നെ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ട്രാക്റുകളുമായി സമാന്തര റിപ്പബ്ലിക് ദിന റാലി നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങളില്‍ മാറ്റം വരുത്തുകയെന്നൊരു ആവശ്യമേ കര്‍ഷകസമരക്കാര്‍ക്കില്ല. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതിനപ്പുറം ഒരു ഒത്തുതീര്‍പ്പിനുമില്ല. നീണ്ടു പോകുന്ന സമരത്തെ ശഹീന്‍ബാഗ് പ്രക്ഷോഭം പോലെ കൈകാര്യം ചെയ്യാമെന്ന കേന്ദ്രത്തിന്റെ പ്രതീക്ഷയും കര്‍ഷകര്‍ക്കു മുന്നില്‍ ഫലിക്കുന്നില്ല. ദിവസങ്ങള്‍ നീളുന്തോറും കൂടുതല്‍ കരുത്താര്‍ജിക്കുന്ന സമരം മോദി സര്‍ക്കാര്‍ ഇതിനു മുന്‍പു നേരിട്ട ഏതു വെല്ലുവിളിയേക്കാളും വലുതായി വലുതായി വരികയാണ്. നീണ്ടു പോകുമ്പോള്‍ കരുത്താര്‍ജിക്കുന്ന സമരം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ പതറുകയാണ് കേന്ദ്രസര്‍ക്കാര്‍. 

സുപ്രീംകോടതി കേന്ദ്രത്തിനു നല്‍കുന്ന കൈത്താങ്ങിന്റെ കെണിയില്‍ വീഴില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നേര്‍വഴിക്കു തന്നെ കേന്ദ്രത്തിന് കര്‍ഷകരുടെ ആശങ്കകളെ കൈകാര്യം ചെയ്യേണ്ടി വരും. കരാര്‍ കൃഷിയെ അനുകൂലിക്കുന്നവരും താങ്ങുവിലയെ എതിര്‍ക്കുന്നവരും ചേര്‍ന്നല്ല, തങ്ങള്‍ നയിക്കുന്ന സമരത്തെ വിലയിരുത്തേണ്ടതെന്നാണ് സുപ്രീംകോടതി സമിതിയോട് കര്‍ഷകസമരക്കാരുടെ നിലപാട്. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷികമേഖലയില്‍ മോദിസര്‍ക്കാരിന്റെ ഏകപക്ഷീയ നിയമങ്ങളുണ്ടാക്കിയ ആശങ്കകള്‍ നേരിട്ടു തന്നെ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന സമരക്കാരുടെ നിലപാട് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയനിലപാടു കൂടിയാണ്.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമർശങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും സമരവേദിയിൽ വരുന്നതെന്തിന് എന്നാണ്  ചീഫ് ജസ്റ്റിസിന്റെ  ആശങ്ക. സ്ത്രീകൾ മറ്റാരാലോ സംരക്ഷിക്കപ്പെടേണ്ടവർ മാത്രമാണ്  എന്ന ആശയം രാജ്യത്തെ പരമോന്നത കോടതി മുന്നോട്ടുവയ്ക്കുന്നത്  അംഗീകരിക്കാവുന്നതല്ല എന്ന് സ്ത്രീപക്ഷ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

കാർഷിക നിയമങ്ങൾക്കെതിരായ  സമരം  പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയിൽനിന്ന്  അപലപനീയമായ പരാമർശങ്ങൾ ഉണ്ടായത്. സ്ത്രീകളെയും 

മുതിര്‍ന്നവരെയും കുട്ടികളെയും സമരവേദിയില്‍ നിര്‍ത്തുന്നതെന്തിന് എന്നായിരുന്നു ചോദ്യം .സ്ത്രീകളോടും മുതിര്‍ന്നവരോടും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ്  അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഭാവിയിലും സ്ത്രീകളും വയോധികരും സമരങ്ങളില്‍ പങ്കാളികളാകുന്നതിനെക്കുറിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. സമരചരിത്രത്തിൽ സ്ത്രീകളുടെ പങ്കാളിത്തം നിരാകരിക്കുക മാത്രമല്ല കോടതി ചെയ്തത്.  കാര്‍ഷികവൃത്തിയിലും തൊഴില്‍മേഖലയിലുമടക്കം രാജ്യത്ത് തുല്യാവകാശമുള്ള പൗരസമൂഹമാണ് സ്ത്രീകള്‍ എന്നതും കോടതി മറന്നു. പൗരത്വസമരങ്ങളിലും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും സ്ത്രീകളാണ് മുന്നില്‍ നിന്നു നയിച്ചത് എന്നും മറന്നു കൊണ്ട് സ്ത്രീകളെ ദുര്‍ബലവിഭാഗമായി ചിത്രീകരിക്കുന്ന നടപടി സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസ്യമല്ല. വീട്ടില്‍ പോകാന്‍ സുപ്രീം കോടതി പറഞ്ഞെങ്കിലും കര്‍ഷകസ്ത്രീകള്‍ സമരത്തെ മുന്‍നിരയില്‍ നിന്നു നയിക്കുക തന്നെയാണ്.

കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ഇടപെടലും ഒഴിവാക്കി പൂര്‍ണമായും വിപണിക്കു വിട്ടുകൊടുക്കുകയാണ്  എന്നതാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരായ അടിസ്ഥാനവികാരം. ‌ അക്കാര്യത്തില്‍ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. കര്‍ഷകരുടെ മാത്രം പ്രശ്നവുമല്ല അത്.  ഭക്ഷ്യസുരക്ഷ, ഭക്ഷണത്തിനുള്ള അവകാശം, കര്‍ഷകരുടെ തൊഴില്‍ അവകാശം തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ ജീവല്‍സമരമാണ് ഇപ്പോള്‍ നടക്കുന്നത്. എളുപ്പവഴികള്‍ തേടാതെ തന്നെ കേന്ദ്രസര്‍ക്കാരിന് കര്‍ഷകസമരത്തെ അഭിമുഖീകരിച്ചു പരിഹരിക്കേണ്ടി വരും. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നവരെ പ്പോലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടാനും ഒരു മടിയും കാണിക്കുന്നില്ല കേന്ദ്രസര്‍ക്കാര്‍. എങ്ങനെ വരിഞ്ഞു മുറുക്കിയാലും ഈ സമരത്തെ ഇല്ലാതാക്കാനാകുമെന്ന് ഭരണകൂടം കരുതേണ്ടെന്ന കര്‍ഷകരുടെ മുന്നറിയിപ്പ് അത്ര നിസാരമായി തള്ളിക്കളയാനാവില്ല.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...