പ്രതിപത്തിയില്ലാത്ത പ്രതിപക്ഷം; നന്നായില്ലെങ്കിൽ കേരളമെന്താകും?

pva
SHARE

കേരളത്തിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് ശരിയായ ദുരവസ്ഥ. സ്വാഭാവികമായും ഒരു ഭരണത്തിന്റെ അഞ്ചാംവര്‍ഷം പ്രതിപക്ഷത്തിനു കിട്ടേണ്ട ആനുകൂല്യങ്ങളുണ്ട്. കിട്ടിയതൊന്നും വിലപ്പോകുന്നില്ലെന്നു മാത്രമല്ല, നിയമസഭാതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വെറും രണ്ടു മാസം മാത്രം മുന്നില്‍ നില്‍ക്കേ ആരു നയിക്കണമെന്നു പോലും തീരുമാനിക്കാനാകുന്നില്ല. ഏറ്റവും ചുരുങ്ങിയ സമയം മാത്രം മുന്നില്‍ നില്‍ക്കേ കേരളത്തിലെ പ്രതിപക്ഷം സ്വയം തിരുത്തുകയും അതിജീവിക്കുകയും ചെയ്തില്ലെങ്കില്‍ പ്രതിപക്ഷം മാത്രമല്ല കേരളവും പ്രതിസന്ധിയിലാകും. കാരണം ഒരു ജനാധിപത്യസമൂഹത്തിലും ദുര്‍ബലമായ പ്രതിപക്ഷം നല്ല സൂചനയല്ല. 

സി.പി.എമ്മിന്റെ വിലയിരുത്തല്‍ അനുസരിച്ച് കഴി‍‍ഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 98 നിയമസഭാമണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. യു.ഡി.എഫിന് ആകെ 41 മണ്ഡലങ്ങളില്‍ മാത്രമാണ് ആധിപത്യം നേടാനായത്. ബി.ജെ.പി. ഒരു മണ്ഡലത്തില്‍ മാത്രം. ആകെ  വോട്ടിന്റെ 42 ശതമാനവും ഇടതുമുന്നണി നേടി. 

മാത്രമല്ല, അധ്യക്ഷതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി അന്തിമചിത്രമായപ്പോള്‍ ഇടതുമുന്നണി ത്രിതലപഞ്ചായത്തുകളിലും ശക്തമായ മേധാവിത്തം തെളിയിച്ചു. 14 ജില്ലാപഞ്ചായത്തുകളില്‍ 11ലും ഇടതുമുന്നണി ഭരണം നേടി. യു.ഡി.എഫിനു ലഭിച്ച മൂന്നില്‍ മലപ്പുറവും എറണാകുളവും മാത്രമാണ് വ്യക്തമായ വിജയം നേടിയത്. ഒപ്പത്തിനൊപ്പം നിന്ന വയനാട് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ആശ്വാസം കൂട്ടിച്ചേര്‍ത്തത്. ആകെയുള്ള  ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 എണ്ണവും ഇടതുമുന്നണി നേടിയപ്പോള്‍ യു.ഡി.എഫിന് 40 ബ്ലോക്കുകളില്‍ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 54 ബ്ലോക്ക് പഞ്ചായത്തുകള്‍ യു.ഡി.എഫ് നേടിയിരുന്നു. ഇടതുമുന്നണി 98ല്‍ നിന്നാണ് 110ലേക്ക് ബ്ലോക്ക് പഞ്ചായത്ത് നേട്ടം ഉയര്‍ത്തിയത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 580 ഇടതുമുന്നണി നേടി. കഴിഞ്ഞ തവണത്തെ 577ല്‍ നിന്ന് നില വീണ്ടും മുന്നോട്ടു പോയപ്പോള്‍ യുഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ 24 പഞ്ചായത്തുകള്‍ കൈവിട്ട് 326ല്‍ ഒതുങ്ങി. ആറു കോര്‍പറേഷനില്‍ അഞ്ചിലും എല്‍.ഡി.എഫ് നേരത്തേ ഭരണമുറപ്പിച്ചിരുന്നു. കാലാവധി കഴിയാത്തതും അധ്യക്ഷ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകാത്തതുമായി പത്തോളം പഞ്ചായത്തുകള്‍ ഇനിയും ശേഷിക്കുന്നുമുണ്ട്. 

തദ്ദേശതിരഞ്ഞെടുപ്പില്‍ പൊതുവേ ഇടതുമുന്നണി മികവു കാണിക്കുമെന്നാണ് യു.ഡി.എഫ് പറയാന്‍ ശ്രമിക്കുന്ന ന്യായമെങ്കിലും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ആ ന്യായീകരണം സ്വീകാര്യമാവില്ല. കാരണം നേര്‍ക്കുനേര്‍ വാശിയേറിയ രാഷ്ട്രീയപോരാട്ടമാണ് നടക്കുന്നതെന്ന് അവകാശപ്പെട്ടു തന്നെയാണ് പ്രതിപക്ഷം തദ്ദേശതിരഞ്ഞെടുപ്പിനിറങ്ങിയത്. ഇടതുമുന്നണി വ്യക്തമായ ആസൂത്രണത്തോടെ പ്രതിസന്ധികളെ നേരിട്ടപ്പോള്‍ സ്വാഭാവികമായി കിട്ടിയ ആനുകൂല്യങ്ങള്‍ പോലും തുണയ്ക്കാതെ പ്രതിപക്ഷം പിന്നോട്ടു പോയത് എന്തുകൊണ്ടാണ്? ഉമ്മന്‍ചാണ്ടി തിരിച്ചുവരണം, സുധാകരന്‍ നയിക്കണം, ലീഗിന്റെ അപ്രമാദിത്വം ഇല്ലാതാകണം തുടങ്ങിയ ആശ്വാസവിലാപങ്ങള്‍ കൊണ്ട് പ്രതിപക്ഷത്തിന് ഈ തിരിച്ചടി മറികടക്കാന്‍ കഴിയുമോ?

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പോലും പ്രതിപക്ഷം ആത്മവിശ്വാസം സംഭരിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നാലും പ്രതിപക്ഷത്തിരിക്കുമെന്നു മുഖ്യമന്ത്രി പറയുന്നു. ആരെന്തു പറഞ്ഞാലും വേണ്ടില്ല എങ്ങനെയെങ്കിലും യു.ഡി.എഫിനെയും പ്രതിപക്ഷത്തെയും രക്ഷിച്ചെടുക്കാനാണ് പി.കെ.കുഞ്ഞാലിക്കുട്ടി മടങ്ങിവരുന്നതെന്ന് ലീഗ് വ്യക്തമാക്കുന്നു. കോണി കയറിയിറങ്ങുന്നതുപോലെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മാറി മാറി ഓടിയെത്തി ഒരു മുന്നണിയെ രക്ഷിക്കേണ്ടിവരുന്ന ഭാരം പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഏറ്റെടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പി.കെ.കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയല്ല, ലീഗിനു വേണ്ടിയുമല്ല, മുന്നണിക്കും കേരളരാഷ്ട്രീയത്തിനും വേണ്ടിയാണ് അദ്ദേഹത്തിന് ലോക്സഭാ എം.പി.സ്ഥാനം ഉപേക്ഷിക്കേണ്ടി വരുന്നത് എന്ന് മുസ്‍ലിംലീഗ് അവകാശപ്പെട്ടാലും മിണ്ടാതെ കേട്ടുനില്‍ക്കാനേ കേരളത്തില്‍ യു.ഡി.എഫിനും അണികള്‍ക്കും കഴിയൂ. അതാണ് മുന്നണിയുടെ അവസ്ഥ. ജനകീയതയും രാഷ്ട്രീയതന്ത്രങ്ങളില്‍ സൂക്ഷ്മതയുമുള്ള  നേതൃത്വത്തിന്റെ അഭാവം യു.ഡി.എഫ് സമ്മതിക്കുന്നു. ആക്രമണോല്‍സുകമാകേണ്ട പ്രതിപക്ഷം ആദ്യലാപ്പിലേ പ്രതിരോധത്തിലേക്കു തിരിയുന്നു. ഭരണകൂടത്തോടു ചോദ്യങ്ങളുന്നയിക്കേണ്ടവര്‍ ചോദ്യങ്ങള്‍ നേരിടേണ്ടവരായി സ്വയം അവരോധിക്കുന്നു. 

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ പോക്കില്‍ മുസ്‍ലിംലീഗിനും ക്ഷമ നശിച്ചു എന്നാണ് ന്യായം. എന്നുവച്ചാല്‍ ഈ  തദ്ദേശതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കോണ്‍ഗ്രസിനു മാത്രമാണ് എന്നു സാരം. അതങ്ങനെയായിരുന്നോ? യു.ഡി.എഫിന് ആകെ നഷ്ടം വരുത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയുടെ ഉത്തരവാദിത്തം ആര്‍ക്കാണ് കോണ്‍ഗ്രസിനോ ലീഗിനോ? കോണ്‍ഗ്രസിലെ അനൈക്യവും ഏകോപനമില്ലായ്മയും വലിയ തിരിച്ചടിയായി എന്നത് സത്യം. പക്ഷേ മുസ്‍ലിംലീഗ്–വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക്, കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഇതെല്ലാം അതിന്റേതായപങ്കുവഹിച്ചു തന്നെയാണ് പ്രതിപക്ഷത്തിന്റെ തിരിച്ചടി പൂര്‍ണമായത്. 

എല്ലാ ഘടകക്ഷികളും മുന്നണിയുടെ അതിജീവനത്തിന് കോണ്‍ഗ്രസിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് AICC നേതൃത്വത്തിനു മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സജീവമാകണമെന്ന ആവശ്യവും ഉയര്‍ന്നത്. ഇത്രയൊക്കെയേ ഇപ്പോഴും കോണ്‍ഗ്രസിനും മുന്നണിക്കും ഈ ജീവന്‍മരണഘട്ടത്തിലും ചിന്തിക്കാന്‍ കഴിയുന്നുള്ളൂ എന്നതാണ് പ്രശ്നം. കുഞ്ഞാലിക്കുട്ടി വന്നാല്‍ രക്ഷപ്പെട്ടു, ഉമ്മന്‍ചാണ്ടി ഏറ്റെടുത്താല്‍ ജയിച്ചു എന്നീ ലളിതസമവാക്യങ്ങളില്‍ ഇപ്പോഴും പ്രതിപക്ഷം  കുരുങ്ങിക്കിടക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. തിരഞ്ഞെടുപ്പു വിജയമല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആത്യന്തികലക്ഷ്യം എന്നു വെറുതേ പറയാമെന്നെയുള്ളൂ. ജയിക്കാനാകാത്ത, ജയിപ്പിക്കാനാകാത്ത ഒരു മുന്നണിക്കൊപ്പം അണികള്‍ എന്നുമിങ്ങനെ നേതൃത്വത്തിന്റെ നല്ല ബുദ്ധിക്കു പ്രാര്‍ഥിച്ചു കൂടെനില്‍ക്കുമോ? അതു മാത്രമല്ല, 

 ജയിച്ചാലും ഇല്ലെങ്കിലും കരുത്തും സംഘടനാബലവമുള്ള ഒരു പ്രതിപക്ഷസംവിധാനം ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. 

പ്രതിപക്ഷം ഇപ്പോഴും എന്തു ചെയ്യണമെന്നറിയാതെ പേരുകളില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ മറുവശത്ത് എന്താണ് സംഭവിക്കുന്നത് എന്നു കൂടി കാണേണ്ടതുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ തിളക്കത്തിന്റെ ആലസ്യത്തിലേക്കു മുങ്ങിവീഴാതെ ഇടതുമുന്നണി തിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള പരിപാടി ചിട്ടയായി മുന്നോട്ടു കൊണ്ടു പോകുന്നു. വിവാദങ്ങളെ അതിജീവിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൃത്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു, സമയബന്ധിതമായി നടപ്പാക്കുന്നു. തിരിച്ചടികളില്‍ നിന്ന് അതിവേഗം തിരുത്തലുകളിലേക്ക് മുന്നണി സംവിധാനം മുന്നില്‍ നിന്ന് നയിക്കുന്നു. രാഷ്ട്രീയമായും ഭരണപരമായും വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴും കീഴടങ്ങുക എന്നൊരു സാധ്യതയേ ഇല്ലെന്ന നിശ്ചയദാര്‍ഢ്യം ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ക്കും പകര്‍ന്നു കിട്ടുന്നു. പ്രതിപക്ഷത്തിന് ഭരണത്തിന്റെ ബാധ്യതകളും വെല്ലുവിളികളുമില്ല. എന്നിട്ടും വരുന്ന രണ്ടു മാസത്തേക്ക്് എന്തു രാഷ്്ട്രീയപദ്ധതിയാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ളത്?

ഉമ്മന്‍ചാണ്ടി മുന്നണി നേതൃത്വത്തില്‍ സജീവമാകുന്നത് ഒരു വിഭാഗത്തിന് ഊര്‍ജം പകരും. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് വിശ്വസനീയമായ ന്യായീകരണമില്ല. എന്നാലും അത് മുസ്‍ലിംലീഗിനും മുന്നണിക്കും മുതല്‍ക്കൂട്ടായേക്കും. പക്ഷേ മല്‍സരിക്കേണ്ടിവരുന്നത് ആരോടാണ്? മുതിര്‍ന്ന മേയര്‍  സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടപ്പോള്‍ 21 കാരിയെ മേയര്‍പദവി ഏല്‍പിക്കാന്‍ ഒരല്‍പവും മടിച്ചു നില്‍ക്കേണ്ടതില്ലാത്ത മുന്നണിയോടാണ്. 14 ജില്ലകളിലെയും പൗരസമൂഹത്തില്‍ നിന്ന് പ്രകടനപത്രികയിലേക്കുള്ള നിര്‍ദേശങ്ങളുമായി വരുന്ന മുഖ്യമന്ത്രിയെയാണ്. അതിനേക്കാളുപരി ഈ തിരഞ്ഞെടുപ്പ് ജീവന്‍മരണപോരാട്ടമാണെന്ന് അടിമുടി തിരിച്ചറിയുന്ന ഇടതുമുന്നണി പ്രവര്‍ത്തകരോടാണ്. 

വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് യഥാസമയം പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം. കേരളത്തില്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നുവെന്ന് സ്വയം സമ്മതിച്ചുകൊണ്ട് ആദ്യം കോണ്‍ഗ്രസിലും പിന്നീട് മുന്നണിയിലും മാറ്റങ്ങളുണ്ടാക്കണം. സ്വാഭാവികമായ അവകാശമായി  അഞ്ചുകൊല്ലത്തിനു ശേഷം അധികാരം കൈമാറിക്കിട്ടുന്ന പ്രക്രിയ ആവര്‍ത്തിക്കുമെന്ന് ആരും കാത്തിരിക്കേണ്ടെന്ന് നേതൃത്വം അണികളെയും തിരിച്ചും ബോധ്യപ്പെടുത്തണം. നേതൃത്വത്തിലെ മുഖംമാറ്റം കൊണ്ടു മിനുക്കാവുന്ന ദൗര്‍ബല്യങ്ങളല്ല പ്രതിപക്ഷമുന്നണി നേരിടുന്നത്. പ്രതിപക്ഷനേതാവ് പരാജയമായിരുന്നോ? പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല വ്യക്തിപരമായി നല്ല പ്രകടനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും കാഴ്ച വച്ചത്. സ്പ്രിന്‍ക്ളര്‍, ബ്രൂവറി, പമ്പാ മണലെടുപ്പ്, PWC തുടങ്ങി പ്രതിപക്ഷനേതാവ് ഉന്നയിച്ച പല വിഷയങ്ങളിലും സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നു. പക്ഷേ ആ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇടതുമുന്നണി കാണിച്ച സൂക്ഷ്മത പ്രതിപക്ഷത്തിന്റെ രാഷ്ട്രീയസാധ്യതകള്‍ ഇല്ലാതാക്കിയെന്നു പറയുന്നതാണ് ശരി. പാളിച്ചകള്‍ പറ്റിയെന്നു തിരിച്ചറിഞ്ഞാലുടന്‍ അതിവേഗം അത് തിരുത്താന്‍ ഇടതുമുന്നണി ശ്രദ്ധിച്ചു. ഏറ്റവുമൊടുവില്‍ പൊലീസ് നിയമഭേദഗതി  ഉദാഹരണം. ഇടതുമുന്നണിക്ക് ന്യായീകരിക്കാനാകാത്ത വീഴ്ചകളില്‍ പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ പ്രതിപക്ഷം ശ്രദ്ധിച്ചതുമില്ല. ഈ നാലരവര്‍ഷവും പൊലീസ് എത്ര തവണ പ്രതിക്കൂട്ടില്‍ കയറിനിന്നുവെന്നു കേരളം കണ്ടതാണ്. പക്ഷേ ചിതറിത്തെറിച്ച പ്രതികരണങ്ങളുമായി പ്രതിപക്ഷം പ്രതിപത്തിയില്ലാതെ മുന്നോട്ടു പോയി. വ്യാജഏറ്റുമുട്ടലെന്ന് ഭരണമുന്നണിയില്‍ നിന്നു പോലും ശബ്ദങ്ങളുയര്‍ന്ന മാവോയിസ്റ്റ് കൊലപാതകങ്ങളിലാകട്ടെ സര്‍ക്കാരിനൊപ്പമല്ലേ നില്‍ക്കേണ്ടത് എന്ന് പ്രതിപക്ഷം ശങ്കിക്കുന്ന സ്ഥിതി പോലുമുണ്ടായി. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലെന്ന കുറ്റസമ്മതവും പലപ്പോഴും നിശബ്ദമായി കേരളം കേട്ടു. എന്നിട്ടും ഭരണതലത്തില്‍ കടുത്ത പ്രതിസന്ധികള്‍ സര്‍ക്കാരിനു നേരിടേണ്ടി വന്നു. സര്‍ക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയിലിലായി. സര്‍ക്കാരിന്റെ അഭിമാനപദ്ധതിയില്‍ സര്‍ക്കാരിനു പോലും അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. ഒടുവില്‍ സ്പീക്കറും ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്ന സൂചന ഉയരുന്നു. പക്ഷേ ഇതിനെല്ലാം അപ്പുറത്തേക്കുള്ള ഒരു വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞതെങ്ങനെ എന്നത് ഒരു രാഷ്ട്രീയപാഠമാണ്. രാഷ്ട്രീയമായി ഇടതുമുന്നണിയും വന്‍പ്രതിസന്ധികള്‍ മറികടന്നതെങ്ങനെയെന്ന് പ്രതിപക്ഷം കാണാതെ പോയി.. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി സെക്രട്ടറിക്ക് വന്‍വിവാദങ്ങള്‍ക്കൊടുവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പദവിയില്‍ നിന്നു മാറേണ്ടി വന്നു. എന്നിട്ടും ഭരണമുന്നണി ചിട്ടയോടെ മുന്നോട്ടു പോയെങ്കില്‍ അതിനര്‍ഥം സംഘടനാസംവിധാനത്തിന്റെ കെട്ടുറപ്പ് അത്രമേല്‍ നിര്‍ണായകമാണ് എന്നു തന്നെയാണ്. 

അതിനൊപ്പം പ്രതിബദ്ധത എന്നൊന്നു കൂടിയുണ്ട്. സ്വന്തം രാഷ്ട്രീയത്തോടൊപ്പം ഏതു പ്രതിസന്ധിയിലും ഉറച്ചു നില്‍ക്കാനുള്ള പ്രതിബദ്ധത. പ്രതിപക്ഷത്ത് അത് അണികളിലുണ്ടാകാം. പക്ഷേ നേതൃത്വത്തിലില്ല. അതു മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയസ്വത്വത്തിനു നേരെ ഒരു വെല്ലുവിളി വരുമ്പോള്‍ അതിനെ അഭിമുഖീകരിക്കാനുള്ള ബാധ്യത പോലും യു.ഡി.എഫ് ഏറ്റെടുക്കുന്നില്ല. കേരളത്തോടുള്ള പ്രതിബദ്ധതയും ഈ നിര്‍ണായകരാഷ്ട്രീയഘട്ടത്തില്‍ യു.ഡി.എഫ് പ്രഖ്യാപിക്കേണ്ടതുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജനവിധിക്കു ശേഷവും ഉരുത്തിരിഞ്ഞുവരുന്ന വര്‍ഗീയ വിഭാഗീയതയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ഏതെങ്കിലും തരത്തില്‍ തയാറാകുന്നുണ്ടോ? കേരളത്തിനു വേണ്ടി എന്തു നിലപാടെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിയുന്നുണ്ട്?

തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ല. പക്ഷേ പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മുന്നോട്ടു തന്നെയാണ്. ഒപ്പം നിര്‍ണായകകേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനം തെളിയിക്കാനും ബി.ജെ.പിക്കു കഴിഞ്ഞു. 40 നിയമസഭാമണ്ഡലങ്ങളില്‍ പ്രതീക്ഷാവഹമായ പോരാട്ടം കാഴ്ച വയ്ക്കാമെന്നാണ് ബി.ജെ.പിയുടെ തദ്ദേശവിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ നേരിടാന്‍ യു.ഡി.എഫിനു ബാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ തിരുവനന്തപുരത്ത് ബി.ജെപി ജയിച്ച ഡിവിഷനുകളിലെ കോണ്‍ഗ്രസ് വോട്ടുകളുടെ ദയനീയാവസ്ഥയുടെ അര്‍ഥമെന്താണ്? കേരളത്തിലെ യു.ഡി.എഫ് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ എന്തു രാഷ്ട്രീയപരിപാടിയാണ് രൂപം കൊടുക്കാന്‍ പോകുന്നത്? ഭൂരിപക്ഷ വര്‍ഗീയത മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കിടയിലും അസാധാരണമായ വിഭാഗീയ സാഹചര്യം സൃഷ്ടിക്കാന്‍ കളമൊരുങ്ങുന്നതിന്റെ അപായസൂചനകള്‍ വ്യക്തമാണ്. അവിടെ എന്താണ് യു.ഡി.എഫിന്റെ നിലപാട്? മുഖ്യമന്ത്രി പോലും ധ്രുവീകരണ സാധ്യതയുള്ള പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ യു.ഡി.എഫിന് മിണ്ടാട്ടം മുട്ടുന്നത് ഒന്നാംപ്രതി ആരാണെന്നു തിരിച്ചറിയുന്നതുകൊണ്ടുതന്നെയാണ്. കേരളത്തിന് അപകടം ചെയ്യുന്ന ധ്രുവീകരണ ശ്രമങ്ങളിലേക്ക് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ ശ്രമം നടക്കുന്നുണ്ടെന്നത് ഇപ്പോള്‍ രഹസ്യമല്ല.  തിരഞ്ഞെടുപ്പ് വോട്ടുബാങ്കുകളില്‍ മാത്രം കണ്ണു വയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ കെണികളില്‍ ചെന്നു ചാടാതിരിക്കാനുള്ള വിവേകം കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ കാണിച്ചേക്കും. ന്യൂനപക്ഷനേതൃത്വങ്ങളില്‍ നിന്ന് അത്രയും വിവേകം പ്രതീക്ഷിക്കേണ്ടെന്നു സമീപകാലപ്രവൃത്തികള്‍ തെളിയിക്കുന്നുണ്ട്. പരസ്പര സഹവർത്തിത്വവും  സാഹോദര്യവും  കേരളത്തിലെ ന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്തുറപ്പിച്ചതാണ്. രാഷ്ട്രീയദുരുദ്ദേശങ്ങളുടെ കുരുക്കുകളില്‍ തലവച്ച് കേരളത്തിന്റെ മതേതരപാരമ്പര്യം ബലി കൊടുക്കാന്‍ ന്യൂനപക്ഷവോട്ടര്‍മാര്‍ തയാറാകുമെന്നു കരുതാനാകില്ല. പക്ഷേ നേതൃത്വങ്ങളില്‍ ചാഞ്ചല്യം പ്രകടമാണ്. തമ്മില്‍ തല്ലിച്ച് വോട്ടു വീഴ്ത്തുകയെന്നല്ലാതെ ന്യൂനപക്ഷപ്രശ്നങ്ങളില്‍ ആത്മാര്‍ഥതയുമായി ആരും കാത്തുനില്‍ക്കുന്നില്ലെന്നു തിരിച്ചറിയാനുള്ള ബോധം മതമേലധ്യക്ഷന്‍മാര്‍ക്കുമുണ്ടാകണം 

ദയനീയാവസ്ഥയില്‍ അന്തിച്ചു നില്‍ക്കുന്ന പ്രതിപക്ഷത്തെയല്ല കേരളം അര്‍ഹിക്കുന്നത്. സജീവ സംവാദങ്ങളും തിരുത്തല്‍ ചോദ്യങ്ങളുമായി ഓരോ വിഭാഗത്തിന്റെയും അവകാശം ഉറപ്പിക്കുന്ന യഥാര്‍ഥ പ്രതിപക്ഷം കേരളത്തിലുണ്ടാകണം. തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കേണ്ടത് ആത്മവിശ്വാസമുള്ള ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലാണ്. അവനവന്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ പ്രതിപക്ഷം എന്ന ഉത്തരവാദിത്തത്തിലേക്ക് പ്രതിപക്ഷം പരിണാമമെടുത്തേ പറ്റൂ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയം വഹിക്കേണ്ട പങ്കെന്തെന്നും കേരളത്തിലെ പ്രതിപക്ഷം തിരിച്ചറിയണം. തിരിച്ചുവരണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...