ഉത്തരം മുട്ടുമ്പോൾ ചരിത്രം തിരയുന്നവർ

pva-modi-t
SHARE

നരേന്ദ്രമോദിക്കു പകരം മറ്റാരെങ്കിലുമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍,  എന്ന ചോദ്യം എന്തൊരു മണ്ടത്തരമാണ്. എത്രമാത്രം ചരിത്രനിഷേധവും  ജനാധിപത്യവിരുദ്ധവുമാണ് ആ ചോദ്യം. അങ്ങനെയൊരു  ചോദ്യത്തിന്റെ  നിരര്‍ഥകത  മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയശേഷി, പക്ഷേ , നമ്മുടെ പ്രധാനമന്ത്രിക്കു തന്നെയില്ലാതെ വന്നാലോ. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത്തരമൊരു ചോദ്യം ചോദിച്ചു. സത്യത്തില്‍ നെഹ്റുവാരാണെന്നാണോ,  നരേന്ദ്രമോദി ആരാണെന്നാണോ ഇന്ത്യയ്ക്ക് ഇനിയറിയേണ്ടത്? ഇന്നത്തെ ഇന്ത്യയെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നും അതുകൊണ്ട് നമുക്ക് ചരിത്രത്തിലേക്കു തിരിഞ്ഞ്  സാങ്കല്‍പികചോദ്യങ്ങള്‍ ചോദിച്ചു വികാരഭരിതരാകാമെന്നുമാണ് നമ്മുടെ ഭരണാധികാരി പറയുന്നതെന്ന് തിരിച്ചറിയണം. പ്രതിസന്ധി നേരിടുന്ന ഒരു രാജ്യത്തിനു പുറംതിരിഞ്ഞുനിന്ന് , ഭരണകൂടം ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങള്‍ മറക്കാതിരിക്കേണ്ടത് ജനതയുടെ കടമയാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചുറപ്പിക്കണം.  

അഭിമാനത്തോടെ തലയുയര്‍ത്തി രാജ്യത്തോടു പറയേണ്ട നേരമായിരുന്നു. ഞാനും എന്റെ സര്‍ക്കാരും നിങ്ങള്‍ക്കെന്തു തന്നുവെന്നു നമ്മളെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്ന അപൂര്‍വഅവസരം. പക്ഷേ പറയാനായില്ല പ്രധാനമന്ത്രിക്ക്, പറയാനാവില്ല അദ്ദേഹത്തിനെന്നു  ഗുജറാത്തും രാജസ്ഥാനും ഓര്‍മപ്പെടുത്തിക്കഴിഞ്ഞതുമാണ്. അതുകൊണ്ട് ഇനിയുള്ള ഒരേയൊരായുധം, എന്നും നരേന്ദ്രമോദിയെ ഏറ്റവും സഹായിച്ച ആയുധമാണ് പാര്‍ലമെന്റില്‍ നിന്നാഞ്ഞുവീശിയിരിക്കുന്നത്. വൈകാരികത. അതിന്റെ മൂര്‍ച്ചയാണ് 2014ല്‍ സഹായിച്ചതെന്ന് പ്രധാനമന്ത്രി മോദിക്കു നന്നായറിയാം. ആ മൂര്‍ച്ചയിലാണ് ഇന്ത്യയ്ക്ക് ഇത്രയും പരുക്കേറ്റതെന്നു ജനത തിരിച്ചറിയുമോ എന്നതാണ് പ്രശ്നം. 

പ്രധാനമന്ത്രി ഉന്നയിച്ച രാഷ്ട്രീയആരോപണങ്ങളില്‍ മാത്രമല്ല, സ്വന്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളില്‍ പോലും ഗുരുതരമായ തെറ്റുകളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന ആര്‍.ബി.ഐ ഡാറ്റ ചൂണ്ടിക്കാണിച്ചതോടെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിനു പോലും ആ പ്രസംഗവീഡിയോ ഡിലീറ്റ് ചെയ്ത് മുങ്ങേണ്ടി വന്നു. ഒന്നാലോചിച്ചു നോക്കൂ, കൃത്യമായ കണക്കുകള്‍ ലഭ്യമായ കാര്യങ്ങളില്‍ പോലും പ്രധാനമന്ത്രി പറയുന്നത് സത്യമാണോയെന്നു സംശയിക്കേണ്ടി വരുന്ന ഒരു ജനതയുടെ അവസ്ഥ?

എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് സാങ്കല്‍പികചോദ്യങ്ങളിലേക്ക് ഇന്ത്യയെ വലിച്ചിടേണ്ടി വരുന്നത്? യഥാര്‍ഥചോദ്യങ്ങളില്‍  അദ്ദേഹത്തിനു പൊള്ളുന്നതുകൊണ്ടു തന്നെ.  പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ന ചൂണ്ടയില്‍ കുരുങ്ങാന്‍ കുറച്ചെങ്കിലും ജനങ്ങളുണ്ടാകുമെന്ന്  2014ലെ വന്‍വിജയം അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്തത് 2019 ആണ്, അത്രയെളുപ്പമാകില്ലെന്നുറപ്പിക്കുന്ന ചൂണ്ടുപലകകള്‍ നിരന്നു നില്‍ക്കുമ്പോള്‍ മോദി ഇതല്ല, ഇതിനപ്പുറവും പറയുമെന്നുറപ്പിച്ചു സാക്ഷ്യപ്പെടുത്തും, സമീപകാലചരിത്രം. ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനല്ല, അതിലേറെ മറക്കാനാണ് അദ്ദേഹം നമ്മളോട്, ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നത്. 

പ്രധാനമന്ത്രി മോദി, തിരുത്താനാകാത്ത ചരിത്രമാണ് അങ്ങ് വളച്ചൊടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. തിരുത്താനാകാത്ത നടപടികളെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാനാണ് അങ്ങ് ജനതയോടാവശ്യപ്പെടുന്നത്. ഇന്നിനെക്കുറിച്ച്, ഇനിയെന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ക്രിയാത്മകമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അങ്ങ് ചരിത്രം ചികഞ്ഞു വിദ്വേഷത്തില്‍ ഉല്‍ക്കണ്ഠപ്പെടാന്‍ മാത്രം ആഹ്വാനം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ എല്ലാ പരിമിതികള്‍ക്കുമിടയിലും  ഈ രാജ്യത്തിന്റെ  ഒരു ഭരണാധികാരിയും ചരിത്രം ചൂണ്ടി  വിദ്വേഷം ചൊരിഞ്ഞ് ഒഴിഞ്ഞുമാറിയിട്ടില്ല. ഇന്ത്യയും ഇവിടുത്തെ ജനതയും ഇതില്‍കൂടുതല്‍ ബഹുമാനം  അര്‍ഹിക്കുന്നുണ്ട് പ്രധാനമന്ത്രി. 

അതുകൊണ്ട്   ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നെഹ്റു ആരായിരുന്നുവെന്നതിന് ഈ രാജ്യത്തിന് അങ്ങയുടെ സാക്ഷ്യം ആവശ്യമില്ല. പക്ഷേ നരേന്ദ്രമോദി ആരായിരുന്നുവെന്ന് താങ്കള്‍ തന്നെ പറയണം, പ്രവര്‍ത്തിച്ചു തെളിയിക്കണം. ഇനിയും അതു മനസിലാക്കാനാകാതെ, പ്രതീക്ഷകളില്‍ വീര്‍പ്പു മുട്ടുന്ന ആരാധകര്‍ക്കു വേണ്ടിയെങ്കി്ലും അങ്ങ് മോദി ആരായിരുന്നുവെന്നു തെളിയിക്കണം. നാടകങ്ങള്‍ അവസാനിപ്പിച്ച് ഒരു തവണയെങ്കിലും സത്യസന്ധമായി, ഇന്നത്തെ ഇന്ത്യയെക്കുറിച്ച്, ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കണം. നെഹ്റു ആരാണെന്ന് ഇന്ത്യക്കറിയാം., മോദി ആരാണെന്ന് ആരെങ്കിലുമറിയണമെങ്കില്‍ ഇനിയെങ്കിലും അങ്ങ് അത് തെളിയിക്കേണ്ടതുണ്ട്. 

*********************

ഫോർവേർഡ് ചെയ്യുമ്പോൾ ഓർക്കേണ്ടത്

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. വാട്സ് ആപ്പ് വാറോലകളില്‍ അതുമാത്രമാണ്. അത് അപ്പാടെ വിഴുങ്ങി നാടും നഗരവും ആ സംഘങ്ങളെ തപ്പി ഇറങ്ങിയിട്ടുമുണ്ട്. ഇതര സംസ്ഥാനക്കാരെ, ഭിക്ഷാടകരെ, അലഞ്ഞുനടക്കുന്നവരെ, മനോരോഗികളെ അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ലാത്തവരെയെല്ലാം ഈ ആള്‍ക്കൂട്ടം പെരുമാറി വിടുന്നുണ്ട്. ആദ്യമേ പറയട്ടെ സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും വാക്ക് വിശ്വസിച്ചാല്‍, ആ പ്രചാരണം അടിസ്ഥാനരഹിതമാണ്. കളിപ്പാട്ടവുമായി  ആരെ കണ്ടാലും  കൈവക്കുന്ന മനോനിലയിലേക്കെത്തിയ ജനം ആദ്യം അത് മനസിലാക്കൂ.   

സംശയകണ്ണില്‍ ജീവിക്കേണ്ടി വന്ന സാഹചര്യം മലയാളിക്കുണ്ടായിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലെ മറ്റുപല മുക്കുമൂലകളിലും അത് കണ്ടപ്പോഴും നമ്മുടെ ഇടയില്‍ അത് വേരൂന്നിയില്ല എന്ന അഭിമാനം നമ്മെ ഭരിച്ചിരുന്നുതാനും. നമ്മള്‍ തോളത്ത് തൂക്കുന്ന ബാഗില്‍ നിന്ന് ബീഫിന്റെ മണം വരുന്നുണ്ടോയെന്ന് ആരും തന്നെ നോക്കാറില്ല. അങ്ങനെ ഒരു സംശയത്തിന്റെ പേരിലും ആരും നമ്മുടെ ഉടുപ്പില്‍ കയറി പിടിക്കാനോ നമ്മളെ ഊരുവിലക്കാനോ വന്നിട്ടില്ല. അങ്ങനെയുള്ള ഒറ്റപ്പെടുത്തലുകളെ ഒന്നിച്ച് നിന്ന് പ്രതിരോധിച്ചവരാണ് നാമെന്ന വല്ലാത്ത  തലയെടുപ്പ് മറ്റുനാട്ടുകാരും നമുക്ക് പതിച്ചുതന്നിരുന്നു. എന്നാല്‍ അതേ നമ്മളാണ്  നാം ആട്ടിയകറ്റിയ ആ കാട്ടാളനീതിയെ കരുതല്ലെന്ന പേരില്‍ പുണരുന്നത്. 

കൈനീട്ടി മുന്നില്‍ വരുന്നവരോട് കണ്ണടക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അവരെ നമുക്ക് സഹായിക്കാം എന്നതുപോലെ സഹായിക്കാതിരിക്കുകയും ആകാം. അവരാരും സഹായം ചോദിച്ച് നമ്മുടെ കോളറില്‍ പിടിക്കാറില്ല.  അതുപോലെ അവരുടെ കോളറില്‍ നമുക്കും പിടിക്കാതിരുന്നുകൂടേ എന്നതാണ് ചോദ്യം. അസമില്‍ നിന്നും ബംഗാളില്‍ നിന്നുമെല്ലാമെത്തുന്നവരെ തൊഴില്‍ നിയമത്തിന്റെ യാതൊരു ആനുകൂല്യവും നല്‍കാതെ പണിയെടുപ്പിക്കുന്നവരുമാണ് നമ്മള്‍. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ കൈചേര്‍ത്തുപിടിക്കാന്‍ ഇന്നും വിമുഖതയുള്ള കൂട്ടര്‍. അതെല്ലാം മാറിയില്ലെങ്കിലും മുന്നിലെത്തുന്ന ഒരു വാട്സ്ആപ്പ് മെസേജിനെ വീണ്ടും മുന്നോട്ട് തള്ളുംമുന്‍പ് അതിലെന്ത് സത്യമെന്ന ആലോചനയെങ്കിലുമുണ്ടാകണം.

നമുക്കിടയില്‍ നിന്ന് കുട്ടികള്‍ക്ക്  നേര്‍ക്കുണ്ടാകുന്ന കുറ്റക‍ത്യങ്ങളുടെ കണക്കെടുത്താല്‍ ഒരു ഇതരസംസ്ഥാനതൊഴിലാളി  കുട്ടിയും കുടുംബവുമായി ഇവിടെ വന്ന് താമസിക്കാന്‍ മടിച്ചേക്കും. വാട്സ് ആപ്പുകളെല്ലാം ഉണ്ടായ കാലം മുതലുള്ള വ്യാജപ്രചാരണങ്ങളെ ഇന്നും താലോലിക്കുന്ന മനോവൈകല്യത്തിന്റെ കാര്യത്തിലും മലയാളികള്‍ ഒട്ടും പുറകിലല്ല.  ഫോര്‍വേര്‍ഡ് ചെയ്തുവരുന്ന ആധികാരികതയില്ലാത്ത സന്ദേശങ്ങളെ കണ്ണൂംപൂട്ടി വീണ്ടും ഫോര്‍‌വേര്‍ഡ് ബട്ടണിലേക്ക് തള്ളിവിടുന്ന പ്രിയപ്പെട്ടവരോട് ഒന്നുപറഞ്ഞോട്ടെ, നിങ്ങള്‍ ചെയ്യുന്ന അലസമായ ഈ ഫോര്‍വേര്‍ഡിങ്് ഒരു മനുഷ്യത്വ വിരുദ്ധതയാണ്. ഒരുപാട് ജീവനുകളെ അപകടങ്ങളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്ന നെറികെട്ട പണിയാണ് നിങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് ഭീക്ഷാടന മാഫിയക്കെതിരെ ബോര്‍ഡ് തൂക്കും മുന്‍പ്, ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്ന് കയ്യോങ്ങും മുന്‍പ് ഒന്നാലോചിക്കുക. ഭാഷയും ദേശവും അതിരുകളും മായ്ക്കുന്ന മനുഷ്യസ്നേഹത്തിന്‍റെ പ്രചാരകരാകുക.  

MORE IN PARAYATHE VAYYA
SHOW MORE