ഫാസിസക്കാറ്റിലും വീഴാത്ത വന്മരങ്ങൾ

pva-court-t
SHARE

അവിശ്വസനീയം എന്നൊന്നില്ല. ഈ കാലത്തിന്‍റെ പ്രത്യേകതയാണത്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതെന്തും സംഭവിച്ചേക്കാം. അങ്ങനെ ഒന്ന് സുപ്രീംകോടതിയില്‍ നിന്ന് നമുക്കു മുന്നിലേക്കിറങ്ങിവന്നിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് ഒരു ചോദ്യം, നമ്മുടെ രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണ്. ചെയ്യാനുള്ളത് ചെയ്തുകൊള്ളുക. ആ മുന്നറിയിപ്പ് എങ്ങനെ കേള്‍ക്കണമെന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. എത്ര പരിക്കേറ്റിരിക്കുന്നുവെങ്കിലും ജനാധിപത്യം ഒരു പ്രത്യാശയാണ്. അത് കെടുത്തിക്കളയാതിരിക്കാനുള്ള ഏറ്റവും പ്രധാന ചുമതലകളിലൊന്നാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. ഇക്കാര്യം ഓരോ ഇന്ത്യക്കാരനും ശരിയായി തിരിച്ചറിയേണ്ട അവസരമാണിത് 

വേണമെങ്കില്‍ ഈ കാലം ശീലിപ്പിച്ച ചില മറുചോദ്യങ്ങള്‍ അവര്‍ക്കു നേരെയെറിയാം. എന്തിന് നിങ്ങള്‍ ഞങ്ങള്‍ക്കു മുന്നില്‍ വന്നു? ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ചോദ്യങ്ങള്‍ പരസ്യമായി ഉന്നയിച്ചു? നിങ്ങള്‍ക്കിത് രഹസ്യമായി ഉന്നയിക്കാമായിരുന്നില്ലേ? എങ്ങനെയെങ്കിലും പരിഹരിക്കാമായിരുന്നില്ലേ? അതിനു കഴിഞ്ഞില്ലെങ്കില്‍ തന്നെ മൂടിവയ്ക്കാമായിരുന്നില്ലേ? ഇന്ന് ഇംഗ്ലിഷ് ടെലിവിഷന്‍ ചാനലുകളാകെ ആക്രോശിച്ചുകൊണ്ടിരിക്കുന്നത് ഇതേ ചോദ്യങ്ങളാണല്ലോ. ഉറപ്പിച്ചു പറയാം, നേരെയല്ലാത്തത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. വിശുദ്ധിയുടെ പേരിലല്ല, സത്യസന്ധ്യതയുടെ ആത്മബലത്തിലാണ് കോടതികള്‍ തലയുയര്‍ത്തി നില്‍ക്കേണ്ടത്. സത്യമേവ ജയതേ എന്ന ഒറ്റ വാചകം ദേശീയതയുടെ ഉല്‍ക്കണ്ഠാരോഗത്തിനു നല്ല മറുപടിയാണ്. സത്യം മാത്രമാണ് ജയിക്കേണ്ടത്, അതിജീവിക്കേണ്ടത്. 

എന്തുകൊണ്ട് എന്ന ചോദ്യം ചോദ്യമുന്നയിച്ച നാലുപേരോടല്ല ഇന്ത്യ ചോദിക്കേണ്ടത്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്. എന്തിനു വേണ്ടിയാണ് നടപടിക്രമങ്ങള്‍ ലംഘിച്ച് പ്രധാന കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന സംശയം സൃഷ്ടിച്ചത്? അതില്‍ ഭരണകക്ഷിക്കു താല്‍പര്യമുള്ള കേസുകള്‍ പ്രത്യേകം പരിഗണിക്കപ്പെട്ടതെങ്ങെയാണ്? കോടതിക്കു പുറത്തു നിന്ന് നമുക്കു ചോദിക്കാന്‍ അതിലും രൂക്ഷമായ ചോദ്യങ്ങളുണ്ട്. നാലുപാടു നിന്നും നെറികേടുകള്‍ കുന്നുകൂട്ടുന്ന രാഷ്ട്രീയകാലത്ത് ജുഡീഷ്യറിയെങ്കിലും ഇടറിവീഴില്ലെന്ന പ്രത്യാശ കെടുത്തിക്കളഞ്ഞത് എന്തിനാണ്? 

എന്നാല്‍ ഒടുവില്‍ പൊട്ടിത്തെറിയിലേക്കു നയിച്ചത് ഇതൊന്നുമായിരുന്നില്ല. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന കേസാണ് പുകഞ്ഞു കത്തിയത്. ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസങ്ങളിലൊന്നിലേക്ക് നയിച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയതാല്‍പര്യമുള്ള കേസിന്റെ പിന്നണിനീക്കമായിരുന്നുവെന്നതാണ് ഏറ്റവും വലിയ ചോദ്യചിഹ്നം. ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തനിക്ക് താല്‍പര്യമുള്ള ബെഞ്ച് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് ആര്‍ക്കു വേണ്ടിയാണ്? എവിടെയാണ് നമ്മള്‍ ആ ചോദ്യത്തിനു മറുപടി തേടേണ്ടത്? 

ന്യായാധിപന്‍മാരേ നിങ്ങള്‍ കാണിച്ച ധൈര്യത്തിനു നന്ദി. ഇന്നത്തെ ഇന്ത്യ നിങ്ങള്‍ക്ക് ഒരു പൂച്ചെണ്ടു പോലും വച്ചുനീട്ടില്ലെന്നറിഞ്ഞു തന്നെ അതിനു തയാറായതിനു തലമുറകളുടെ പേരില്‍ നന്ദി. നേരാണ്, വിശ്വാസം തകര്‍ന്നിട്ടുണ്ട്. പക്ഷേ ആകെ തകരാന്‍ അനുവദിച്ചുകൂടാ. തിരിച്ചുപിടിക്കേണ്ടതുണ്ട്. അധികാരമെന്നല്ലാതെ ഒരു കടപ്പാടും ഇന്നത്തെ ഇന്ത്യയോടും നാളത്തെ ഇന്ത്യയോടുമില്ലാത്തവര്‍ക്കു വിട്ടുകൊടുത്തുകൂടാ, ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയം. ജനാധിപത്യമാണ് നമ്മുടെ ഇന്ത്യയുടെ ജീവവായു. നിങ്ങള്‍ നിശബ്ദരായിരുന്നോ എന്നു ചരിത്രം നമ്മളോടും ചോദിക്കുമെന്നാണ് ഈ നാല് ജഡ്ജിമാര്‍ നമ്മളെ ഓര്‍മിപ്പിക്കുന്നത്. തലയുയര്‍ത്തിപ്പറയാന്‍ ശരിയായ മറുപടി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പക്കലുണ്ടാകണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. 

MORE IN PARAYATHE VAYYA
SHOW MORE