ആരുടെ നിർബന്ധമാണ് ഈ ആരാധന ?

Thumb Image
SHARE

നിരോധിത വനമേഖലയില്‍ നിയമം ലംഘിച്ച് സംഘടിതമായി ആരാധന നടത്തിയാല്‍ സന്തോഷിക്കുന്ന ദൈവമേതാണ്? വിശ്വാസികള്‍ക്കുത്തരമുണ്ടോ? ബോണക്കാട് കുരിശുമലയുടെ പേരില്‍ കഴിഞ്ഞ ദിവസം കേരളം കണ്ട അക്രമം ഏതു വിശ്വാസത്തിന്റെ പേരിലും ന്യായീകരിക്കാനാവില്ല. വിശ്വാസം സമൂഹത്തിന് കുരിശാകാതെ നോക്കേണ്ട ഉത്തരവാദിത്തം ഒരു മതനിരപേക്ഷസമൂഹത്തിലെ സര്‍ക്കാരിനുണ്ട്. ആ ജനാധിപത്യകടമയാണ് സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നു പറയാതെ വയ്യ, അതിന്റെ പേരില്‍ ഏതു വിശ്വാസത്തിനു വേദനിച്ചാലും. 

വിശ്വാസസ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പോരാട്ടമെന്ന് ദയവായി പറയരുത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും രക്ഷകനെന്ന് ലോകമാെകയുള്ള വിശ്വാസികള്‍ വാഴ്ത്തുന്ന യേശുവിനെ അപമാനിക്കരുത്. ഒരു മതവും ഒരു ദൈവവും കല്ലെറിഞ്ഞും കയ്യേറിയും പൊലീസിന്‍റെ ചോര വീഴ്ത്തിയും ആരാധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 

മതത്തിന്റെ നടത്തിപ്പുകാര്‍ വിശ്വാസത്തിന്റെയും വികാരത്തിന്റെയും പേരില്‍ അതിനു തുനിഞ്ഞാല്‍ ഒരു മതനിരപേക്ഷ സമൂഹത്തിനും അതനുവദിച്ചു തരേണ്ട ബാധ്യതയുമില്ല. 

കാട്ടിനുള്ളില്‍‌ ദൈവങ്ങളുടെ കയ്യേറ്റം ചെറുക്കുകയാണ് നമ്മുടെ വനംവകുപ്പിന്റെ ഇപ്പോഴത്തെ ഒരു സുപ്രധാനജോലിയെന്നു നിങ്ങള്‍ക്കറിയാമോ? കുരിശു മാത്രമല്ല, അമ്പലങ്ങളും വനാന്തരങ്ങളിലെ മലമുകളില്‍ പൊട്ടിമുളച്ചുകൊണ്ടേയിരിക്കുകയാണ്. കുരിശും വിഗ്രഹവും കണ്ടാല്‍ വനസംരക്ഷണനിയമങ്ങളും ഒന്നറയ്ക്കുമെന്ന പ്രതീക്ഷയില്‍ പുതിയ തീര്‍ഥാടനകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ് കേരളത്തില്‍. 

വികാരഭരിതരാകുന്ന വിശ്വാസികളുടെ പേരില്‍ ഒരു വര്‍ഗീയസംഘര്‍ഷത്തിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്നുറപ്പു വേണം സര്‍ക്കാരിന്. പ്രകോപനങ്ങള്‍ ഏതു വഴിയുമുണ്ടാകാം. വിശ്വാസം ഏറ്റുമുട്ടാന്‍ തയാറെടുത്തു നില്‍ക്കുമ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ മാത്രം എപ്പോഴും നേരിടാനാകില്ലെന്നും സര്‍ക്കാരിന് ഓര്‍മ വേണം. കരുതലുണ്ടാകണം, വിട്ടുവീഴ്ചയില്ലാതെ തന്നെ. 

ബോണക്കാട് അടക്കം വനമേഖലയില്‍ ഇപ്പോള്‍ തുടര്‍ന്നു പോരുന്ന വിശ്വാസാരാധാന സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഔദാര്യമാണ്. ആ യഥാര്‍ഥ്യം മതമേലധ്യക്ഷന്‍മാര്‍ മറക്കരുത്. കേരളത്തിന്റെ പൊതുസ്വത്താണ് വനവും വനഭൂമിയും. സര്‍ക്കാര്‍ അനുവദിക്കുന്നിടത്ത് ആരാധനയാകാം. പക്ഷേ അവകാശമല്ലെന്ന് മനസിലാക്കിയുള്ള സമീപനം മതത്തിന്റെ പേരില്‍ വികാരം കൊള്ളുന്നവര്‍ക്കുണ്ടാകണം. ഒരു സംഘടിതമതത്തിന്റെയും ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ തലകുനിക്കരുത്. എല്ലാ മതങ്ങളോടും ഒരേ സമീപനം തന്നെ ഇക്കാര്യത്തിലുണ്ടാവുകയും വേണം. എങ്ങനെയും വ്രണപ്പെടാവുന്ന വിശ്വാസങ്ങളുമായി നടക്കുന്ന മതസംഘങ്ങള്‍ കേരളസമൂഹത്തെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE