മാറ്റിയെഴുതുമോ പാർട്ടിയുടെ ശനിദശ ?

Thumb Image
SHARE

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. എന്നെങ്കിലുമൊരിക്കല്‍ രാഹുല്‍ ഈ കസേരയിലേക്ക് കയറിയിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയായിരുന്നു. തന്നോട് തൊട്ടുകിടക്കുന്ന ഒരു പദവി, ഇനി ഞാനിരുന്നോളം എന്ന് അദ്ദേഹം എന്ന് പറയാന്‍ തയാറാകുന്നോ ആ നിമിഷം തന്നെ ഒഴിഞ്ഞുകിട്ടുന്ന ഒരു പദവി അതിലേക്കാണ് രാഹുല്‍ എത്തുന്നത്. ഈ സ്ഥാനാരോഹണം ചില പ്രതീക്ഷ നല്‍കുമ്പോഴും ഇത് ആഘോഷമാക്കുന്നവര്‍ ഇപ്പറഞ്ഞത് ഓര്‍മയില്‍ വയ്ക്കണം. രാഹുല്‍ ഇനിയാണ് തെളിയിക്കേണ്ടത്. 

പുതിയ രാഹുല്‍ പ്രതീക്ഷ തന്നെയാണ്. നരേന്ദ്രദാമോദര്‍ദാസ് മോദിമാരുടെ രാമരാജ്യരാഷ്ട്രീയം, പലവഴി പടരുമ്പോള്‍ ഇതാ ഒരു പ്രതിയോഗി വരുന്നുവെന്ന പ്രതീക്ഷയുടെ തിരിവെട്ടം തീര്‍ച്ചയായും രാഹുല്‍ തെളിക്കുന്നുണ്ട്. അലസനായ രാഹുലില്‍ നിന്ന് അതീവജാഗ്രതപുലര്‍ത്തുന്ന രാഹുലിലേക്ക് അദ്ദേഹം കുതറിമാറുന്നുമുണ്ട്. അഞ്ജാതവാസത്തിനായുള്ള വിദേശയാത്രകള്‍ക്കപ്പുറം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെയാണ് അവിടെ കാലിഫോര്‍ണിയ സര്‍വകലാശാലാസമൂഹത്തോട് സംവദിച്ചതിലൂടെയാണ് രാഹുല്‍ ഞാന്‍ മാറിനടക്കുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിയത്. അതേ മാറ്റം തിരഞ്ഞെടുപ്പ് പകലുകളില്‍ ഗുജറാത്തിലെ ഗ്രാമങ്ങളിലേക്കിറങ്ങിയ രാഹുലിലും കണ്ടു. അമേഠിയിലെ ഗ്രാമങ്ങളില്‍ ചെന്ന് അന്തിയുറങ്ങിയ നേരംപോക്കുകാലത്തിനപ്പുറം ആത്മാര്‍ത്ഥയോടെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു അവിടെ രാഹുല്‍. ഇത് വെറും സൂട്ട് ബൂട്ട് സര്‍ക്കാരെന്നും ജിഎസ്ടിയെ നമുക്ക് ഇനി ഗബ്ബര്‍ സിങ്ങ് ടാക്സെന്ന് നീട്ടിയെഴുതാമെന്നുമെല്ലാം നിരീക്ഷിച്ച് നരേന്ദ്രഭായിയുടെ ഗര്‍ജനങ്ങളെ ഒരു ചെറുചിരികൊണ്ടും ഒരു ചെറുവരികൊണ്ടും പക്വമായി പ്രതിരോധിച്ച രാഹുലിനെയും പുതിയകാലം കാണിച്ചുതന്നു. തന്റെ നേരെയെത്തിയ പരിഹാസങ്ങളെ ബൂമറാങ്ങുകളാക്കുന്ന രാഹുലും തീര്‍ത്തും പുതിയതുതന്നെ. 1989 ലെ തിരഞ്ഞെടുപ്പിന് അയോധ്യയില്‍ നിന്ന് പ്രചാരണം തുടങ്ങിയ രാജീവിനെയോര്‍മിപ്പിച്ച് ക്ഷേത്രദര്‍ശനങ്ങളുമായി ഗുജറാത്ത് പിടിക്കാന്‍ ഇറങ്ങിയ നീക്കവും എതിരാളികളുടെ പുതിയകാലരാഷ്ട്രീയത്തിന് നല്‍കിയ ഒടിയന്‍ വിദ്യയായിരുന്നു. ഒരേ സ്വരമുയര്‍ത്തുന്ന ചെറുപ്പക്കാരെ ഒപ്പം നിര്‍ത്താനായെന്നതും നിര്‍ജീവമായ ആര്‍ജി ഓഫിസ് ട്വിറ്റര്‍പേജിനെ കുറിക്കുകൊള്ളുന്ന മറുപടികളുമായി വീണ്ടെടുത്ത് ട്രെന്‍ഡിങ്ങ് ലിസ്റ്റുകളിലേക്ക് എത്തിക്കാനായെന്നതും തിരിച്ചുവരവിലെ രാഹുലിന് മൈലേജ് ഏറെ നല്‍കിയിട്ടുണ്ട്. 

ചുരുക്കിപ്പറഞ്ഞാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഹുലിന്റെ പേരിലെത്തുന്ന ന്യൂസ് നോട്ടിഫിക്കേഷനുകള്‍ വായിക്കാതെ ക്ലിയര്‍ ചെയ്യപ്പെടുകയായിരുന്നുവെങ്കില്‍ ഇന്ന് രാഹുല്‍ വായിക്കപ്പെടുന്നുണ്ട്, രാഹുല്‍ വലിയരീതിയില്‍ വിലയിരുത്തപ്പെടുന്നുണ്ട്. ബിജെപിക്ക് അധികാരവഴിവെട്ടിത്തന്ന മോദി ബ്രാന്‍ഡ്, പരസ്യത്തിനപ്പുറം പൊള്ളയെന്ന നിഗമനം ഇന്ത്യന്‍ വിപണയില്‍, ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല രാജ്യാന്തര വിപണിയില്‍ തന്നെ ഉരുത്തിരിയുമ്പോള്‍ രാഹുലിന് ഡിമാന്റ് കൂടുന്നുണ്ട്. അപ്പോഴും രാഷ്ട്രീയത്തില്‍ ഭരണതലത്തില്‍ ഏറെ തെളിയിക്കാനായിട്ടില്ലെന്നത് രാഹുലിന് വെല്ലുവിളിയാണ്. ഇന്ത്യയാകെ നിറഞ്ഞുനിന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയുടെ അരികുകളിലേക്ക് ചിതറിതെറിച്ചുപോയ ഒരു പ്രസ്ഥാനത്തെ വീണ്ടെടുക്കയെന്നത് വലിയ വെല്ലുവിളിയാണ്. ചിതറിതെറിച്ചാലും ചേര്‍ന്നുനില്‍ക്കില്ലെന്ന് ശഠിക്കുന്ന പിന്നിലുള്ളവര്‍ അതിലും വലിയെ വെല്ലുവിളിയാണ്. 

ഹിന്ദുഹൃദയസാമ്രാട്ടുകള്‍ക്ക് ഇന്ത്യയെ വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസിന്റെ പങ്ക് ചെറുതൊന്നുമല്ല. ഇന്ന് ബിജെപി നടപ്പാക്കുന്ന കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന അജന്‍ഡ സത്യത്തില്‍ കോണ്‍ഗ്രസ് തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പ്രാദേശികപാര്‍ട്ടികള്‍ ഭരിക്കുന്ന തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം പാര്‍ട്ടിക്ക് കരുത്തുറ്റനേതാക്കളുണ്ടായിരുന്നു. അവര്‍ പിന്നെ പലവഴിയൊഴുകിയകന്നത് കുടുംബവാഴ്ചയുടെ വേരാഴുന്നത് കണ്ടുതന്നെയാണ്. നെഹ്റു കുടുംബത്തിനപ്പുറം ഒരുപാട് പ്രസിഡന്റുമാരുണ്ട് ഈ പട്ടികയിലെന്ന് എഐസിസി ചുമരില്‍ ആണിയടിച്ചുതൂക്കിയ അധ്യക്ഷപട്ടിക നോക്കി പറയുന്നവരെല്ലാം നെഹ്റുപരമ്പരയിലെ പ്രധാനികളെല്ലാം ആ പട്ടികയിലുണ്ടെന്നതും സമ്മതിക്കേണ്ടിവരും. അവരുടെ കാലം അരികിലേക്ക് തള്ളപ്പെട്ട നേതാക്കളുടെ പിന്‍നടത്തം അത് കാമരാജാകട്ടെ, നീലംസഞ്ജീവറെഡ്ഡിയാകട്ടെ അതെല്ലാം പാര്‍ട്ടിയെ പിറകോട്ടടിച്ചില്ലേയെന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടി വരും. പഴയകാലം വിട്ട് ഇന്ന് രാഹുല്‍ എത്തുന്നത് ആരെയും വെട്ടിയല്ല എല്ലാവരുടേയും പിന്തുണയോടെയാണെന്നും സമര്‍ത്ഥിക്കാമെങ്കിലും രാഹുലല്ലാതെയാരെന്ന നിവ‍ൃത്തികേടാണ് ഈ തിരഞ്ഞെടുപ്പിന് ജനാധിപത്യസ്വഭാവം നല്‍കിയതെന്ന് അവരും സമ്മതിച്ചേ തീരു. ഒപ്പം എല്ലാവരും രാഹുലിന് പിന്നിലൊന്നിക്കുന്നുവെന്ന വാദം നില്‍ക്കുമ്പോഴും ശങ്കര്‍ സിങ് വേഗലയും നാരായണ്‍ റാണെയുമെല്ലാം എന്തുകാരണം പറഞ്ഞായാലും പാര്‍ട്ടി വിടുന്നുണ്ടെന്നത് അംഗീകരിക്കേണ്ടിവരും. രാഹുല്‍ തന്നെ നേരിട്ട സമീപകാല വിമര്‍ശനങ്ങളില്‍ വലുത് ബീഹാറിലെ വിശാലഐക്യം നിലനിര്‍ത്തുന്നതിനായി നിലകൊണ്ടില്ലെന്നതായിരുന്നു. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടികകത്തെ ഏകാധിപത്യങ്ങളും കൊഴിഞ്ഞുപോക്കും കുതികാല്‍വെട്ടുമെല്ലാം മറികടക്കുകയെന്നത് തന്നെയാകും രാഹുലിന്റെ വലിയ കടമ്പ. ഒപ്പം പാര്‍ട്ടിക്ക് പുറത്തുള്ള പ്രതിപക്ഷപാര്‍ട്ടികളുമായുള്ള ഐക്യവും എങ്ങനെ രാഹുല്‍ നിലനിര്‍ത്തുമെന്നതും വലിയചോദ്യമാകും. പുറത്തുള്ളവരാരും തന്നെ അത് ഇടതുപക്ഷമായാല്‍ പോലും ഒരു മതേതരകാര്‍ഡുയയര്‍ത്തിയാല്‍ തട്ടുപങ്കിടാനോടിയെത്തുന്നവരല്ലെന്നത് ഈ വെല്ലുവിളിക്ക് കട്ടികൂട്ടും. ‌ 

ഒപ്പം ഒരു മതേതരഇന്ത്യയ്ക്കായി കോണ്‍ഗ്രസ് എന്ന സാധ്യതയിലേക്ക് ഈ സമൂഹം എത്തുന്നതും രാഹുലോ കോണ്‍ഗ്രസോ തീര്‍ത്ത പ്രതിരോധം കൊണ്ടല്ല എന്നുതും പറയാതിരിക്കാനാകില്ല. മറ്റൊരു വാതിലില്‍ മുട്ടാനില്ലെന്നതാണ് സത്യം. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നത് അറിയാവുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി ആ പകല്‍ പൂജയിലായിരുന്നുവെന്ന വെളിപ്പെടുത്തലുകളുടെ കാലം ഈ പാര്‍ട്ടി മതേതരമൂല്യങ്ങള്‍ക്കായി മാറ്റിവച്ചതെന്തെല്ലാം എന്നും ചിന്തിപ്പിക്കണം. നെഹ്റുവിനിപ്പുറമുള്ള കോണ്‍ഗ്രസിന് മതേതര ഇന്ത്യയെന്ന മുദ്രാവാക്യം പലപ്പോഴും രാഷ്ട്രീയമൂല്യത്തിനപ്പുറം രാഷ്ട്രീയ അവസരമായിരുന്നു. അത് തിരുത്തിക്കാണിക്കാനും രാഹുല്‍ ബാധ്യസ്ഥനാണ് 

ബിജെപി അധികാരത്തിലെത്തുന്നതിന് ഉയര്‍ത്തിപ്പിടിച്ച ബാനറിന്റെ പിന്നിലെഴുതിയത് രാമരാജ്യമെന്നായിരുന്നുവെങ്കിലും മുന്നില്‍ എഴുതിവച്ചത് വികസനത്തിനൊരു വോട്ട്, അഴിമതിക്കെതിരെ ഒരു വോട്ട് എന്നുതന്നെയായിരുന്നു. അതായത് ഇറങ്ങിപ്പോയ യുപിഎ സര്‍ക്കാരാണ് മോദിക്കും കൂട്ടര്‍ക്കും വളമായതെന്ന് സാരം. ഇന്ന് രാഹുലിന് വളമാകുന്നതും മോദി തന്നെയാണ്. ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാദ്യത്തിന് മോദിയും കൂട്ടരുമേല്‍പ്പിക്കുന്ന മുറിവ് രാഹുലിലേക്ക് ആളെക്കൂട്ടുന്നുണ്ട്. അങ്ങനെ സ്വഭാവികമായി ആളെത്തുമ്പോഴും അമ്പലനടകളിലെ എഴുന്നേല്‍ക്കാതെയുള്ള ഇരിപ്പുതുടരണമോയെന്ന് പുതിയ അധ്യക്ഷന്‍ ആലോചിക്കേണ്ടതുണ്ട്. ആ ആള്‍ക്കൂട്ടത്തെ വോട്ടുബാങ്കിനപ്പുറം അഭിസംബോധനചെയ്യാന്‍ തീര്‍ച്ചായയും രാഹുല്‍ തയാറാകണം. തീവ്രഹിന്ദുത്വത്തിന് മൃദുഹിന്ദുത്വം കൊണ്ട് മറുപടി നല്‍കാനിറങ്ങുന്നത് ന്യായീകരിക്കാനേയാകില്ല. അത് മതേതരവാദം അവസരമാക്കിയ മുന്‍ഗാമികളിലേക്കുള്ള മടക്കം തന്നെയാകും. ഒപ്പം മോദി തന്നെ എറിഞ്ഞുതരുന്ന േനാട്ടുനിേരാധനവും ജിഎസ്ടിയും ബിജെപി പാളയത്തില്‍ നിന്നെത്തുന്ന അഴിമതിക്കഥകളുമെല്ലാം അറിഞ്ഞുപയോഗിക്കാനാകണം. മോദി ഷാ സഖ്യം ഒരൊറ്റ ലക്ഷ്യവുമായി മറുഭാഗത്ത് മടിയില്ലാതെ നില്‍ക്കുമ്പോള്‍ പ്രിയങ്ക വരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂയെന്ന പഴയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യവും രാഹുല്‍ ഓര്‍ക്കുന്നത് നല്ലതാകും. കാരണം ഒരടി പിന്നോട്ടുവച്ചാല്‍ ഈ പ്രഭാവം പിന്നെ തിരിച്ചുപിടിക്കാനാകില്ല. 

ചിതറാതെ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കുന്ന ഒരാള്‍ക്കൂട്ടം പുറകിലേക്കെത്തുന്നുണ്ട്. അവിടെ ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ ബരിസ്ത റസ്റ്റോറന്റിലെ കാപ്പൂച്ചിനോ നുണഞ്ഞുള്ള പകുതിസമയ രാഷ്ട്രീയത്തിന് ഇടമില്ല. പ്രതീക്ഷകളെ പ്രായോഗികതയിലേക്ക് മാറ്റാനാകുന്ന രാഷ്ട്രീയമാണ് ജനം ഉറ്റുനോക്കുന്നത്. അതിനാല്‍ ഈ സ്ഥാനാരോഹണം ഒരു പിടിവള്ളിയായി കാണാം. വേരോടെ വീഴുന്ന നിങ്ങളുടെ പ്രസ്ഥാനത്തിനും വേരാഴ്ത്തുന്ന വിഷവര്‍ഗീയതില്‍ വേദനിക്കുന്നവര്‍ക്കും ഒരു പിടിവള്ളി. ഇപ്പോള്‍ ആഘോഷം തുടരട്ടെ അത് അവസാനിക്കുമ്പോള്‍ ഇത് , ഇത് ഓര്‍മയില്‍ വച്ചുണരണം നിങ്ങള്‍.

MORE IN PARAYATHE VAYYA
SHOW MORE