വ്യക്തത കുറഞ്ഞാല്‍ കുറ്റമില്ലെന്നോ?

Thumb Image
SHARE

രാഷ്ട്രീയപ്രബുദ്ധതയുള്ള ഒരു സമൂഹത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങളല്ല സോളര്‍ ഇടപാടില്‍ നടന്നതെന്ന് വരച്ചു കാണിക്കുന്നു കമ്മിഷന്‍ റിപ്പോര്‍ട്ട്. ശരിയാണ് റിപ്പോര്‍ട്ടില്‍ ആകെയുള്ളത് അതു മാത്രമാണ്. കമ്മിഷനോട് വ്യക്തമായ ഉത്തരം വേണമെന്നാവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നിനും നിയമപരമായ ഉത്തരം പോലും കമ്മിഷന്‍ മുന്നോട്ടു വച്ചിട്ടില്ല. പക്ഷേ പറഞ്ഞുവച്ചതൊന്നും നിസാരവുമല്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കമ്മിഷന്‍ എത്തിച്ചേര്‍ന്ന നിഗമനം. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ വ്യവസായ സംരംഭകയായ വനിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കമ്മി്ഷന്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണം. പറയുന്നതാര്, തെളിവെവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്കുമപ്പുറം മലയാളികളുടെ തലകുനിക്കുന്ന ആരോപണങ്ങളാണ് 1073 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പരന്നു കിടക്കുന്നത്. 

ഈയൊരൊറ്റ വാദം കള്ളമാണെന്നു തെളിയിക്കുന്നതില്‍ വിജയിച്ചുവെങ്കില്‍ ഈ കമ്മിഷനെ എങ്ങനെയാണ് കോണ്‍ഗ്രസ് ൈകകാര്യം ചെയ്യുക? സോളര്‍ വിവാദം ഉയര്‍ന്ന കാലം മുഴുവന്‍ കേരളം മുഖ്യമന്ത്രിയോട് ചോദിച്ചത് ഒറ്റച്ചോദ്യമാണ്. തട്ടിപ്പിന്റെ കേന്ദ്രമായ സരിതാ എസ്.നായരെ മുഖ്യമന്ത്രിക്കറിയാമോ? മുഖ്യമന്ത്രി ഏതെങ്കിലും തരത്തില്‍ അവരെ സഹായിച്ചിട്ടുണ്ടോ? അന്ന് മനഃസാക്ഷിയെ സാക്ഷിനിര്‍ത്തി ആണയിട്ടു ഉമ്മന്‍ചാണ്ടി

ഇന്ന് സോളര്‍ കമ്മിഷന്‍റെ കണ്ടെത്തലില്‍  ആധികാരികമെന്നു പറയാവുന്നത് ഒരൊറ്റ വസ്തുതയാണ്. ഉമ്മന്‍ചാണ്ടിക്ക് സരിത എസ്.നായരെ വളരെ വ്യക്തമായി അറിയാമായിരുന്നു. അതിന് അടിസ്ഥാനമായി കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്ന സാഹചര്യങ്ങള്‍ ഇതാണ്. 

1. സോളര്‍പദ്ധതിയുമായി സരിതാനായര്‍ ആദ്യമേ മുഖ്യമന്ത്രിയെ കണ്ടു, പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. 

2. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ആര്യാടനെ ഫോണില്‍ വിളിച്ച് സരിതാനായരുടെ പദ്ധതിയെക്കുറിച്ച് ശുപാര്‍ശ ചെയ്തു. 

ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം പരസ്യമായി കോട്ടയത്തെ പൊതുപരിപാടിയില്‍ സരിതയെ വേദിയിലിരുത്തി സാക്ഷ്യപ്പെടുത്തിയിനുള്ള വീഡിയോ തെളിവുകള്‍ കമ്മിഷനു മുന്നിലുണ്ട്. 

3. മുഖ്യമന്ത്രിയുടെ വസതിയിലേക്കും സഹായികളുടെ ഫോണുകളിലേക്കുമുള്ള നിരന്തരമായ ഫോണ്‍കോളുകള്‍

4. മുഖ്യമന്ത്രിയാണ് ഫോണില്‍ സരിതയുമായി സംസാരിച്ചതെന്ന ചില സഹായികളുടെ മൊഴികള്‍, സാക്ഷ്യപ്പെടുത്തലുകള്‍

3. ഡോ. ആര്‍.ബി.നായര്‍ എന്ന ബിജുരാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട്  സരിതയെക്കുറിച്ച് നല്‍കിയ വ്യക്തിപരമായ പരാതി.

5  വ്യവസായി എബ്രഹാം കലമണ്ണില്‍, പുതുപ്പള്ളിക്കാരനായ തോമസ് കൊണ്ടോട്ടി എന്നിവരുമായി സരിതാനായര്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചു നടത്തിയ സംഭാഷണം

6. ഇതുകൂടാതെ അനുകൂലമായി മൊഴിനല്‍കാന്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ ബെന്നിബെഹ്നാനും തമ്പാനൂര്‍ രവിയും സരിതാനായരുമായി ഫോണില്‍ സംസാരിച്ച ശബ്ദരേഖ

അഴിമതി ആരോപണങ്ങള്‍ മുതല്‍ കമ്മിഷന്‍ വെറും കേട്ടെഴുത്തുകാരനായിട്ടുണ്ടെന്നത് നേരാണ്. കൈക്കൂലി നല്‍കിയെന്നു സരിത പറഞ്ഞതെല്ലാം കമ്മിഷന്‍ കൈക്കൂലി വാങ്ങിയെന്നു തന്നെ എഴുതിവച്ചിട്ടുണ്ട്. എന്താണ് തെളിവെന്നോ, എവിടെയാണ് തെളിവെന്നോ കമ്മിഷന്‍ അന്വേഷിച്ചു പോലുമില്ല. ജയിലില്‍ വച്ച് കത്തെഴുതി, ആ കത്തിലെ പേരുകള്‍ വച്ച് സരിത മുതലെടുപ്പു നടത്തിയെന്നു കണ്ടെത്തിയിട്ടു പോലും കമ്മിഷന്‍ ആ പണത്തിന്റെ ഒഴുക്ക് എവിടെ നിന്നു വന്നുവെന്ന് അന്വേഷിച്ചിട്ടില്ല. ആരാണ് ജയിലിലായിരുന്ന സരിതയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്നും ആ പണം ആരാണ് നല്‍കിയതെന്നും അറിയാന്‍ കമ്മിഷന്‍ താല്‍പര്യം കാണിച്ചില്ല. 

ഉമ്മന്‍ചാണ്ടിക്ക് വെല്ലുവിളിക്കാന്‍ അവസരമൊരുക്കിയെന്നതു മാത്രമല്ല, സ്വാഭാവികമായി കണ്ടെത്തേണ്ട ഉത്തരങ്ങളിലേക്കു പോലും കമ്മിഷന്‍ എത്തിയില്ല. സോളര്‍ ഇടപാടില്‍ ഉമ്മ‍ന്‍ചാണ്ടിയുടെ പങ്കെന്താണ് എന്നു നേരിട്ടു ചോദിച്ചാല്‍ കമ്മിഷന്‍ വ്യക്തമായ ഒരുത്തരവും കണ്ടെത്തിയിട്ടില്ല. ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട കോണ്‍ഗ്രസ്നേതാക്കള്‍ക്ക് സോളര്‍ ഇടപാടിലുള്ള പങ്കെന്താണെന്നും കമ്മിഷന്‍ അന്വേഷിച്ചിട്ടേയില്ല. 

സരിതാ നായര്‍ പല തവണ എഴുതിയെന്നു പറയപ്പെടുന്ന കത്തുകളിലൊന്ന് റിപ്പോര്‍ട്ടിന്റെ ഭാഗമായി എഴുതിച്ചേര്‍ത്തുകൊണ്ടാണ് സോളര്‍ കമ്ിഷന്‍ ലൈംഗികാരോപണങ്ങളിലും തുടര്‍നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.   ഇന്ന് സരിതയുടെ അന്നത്തെ വിശ്വസ്തനും അഭിഭാഷകനുമായിരുന്ന ഫെനി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണം ഗണേഷ്കുമാര്‍ ഇടപെട്ടാണ് കത്തില്‍ വ്യാജആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തത് എന്നാണ്.  കത്തിന്റെ വിശ്വാസ്യത കമ്മിഷനില്‍ ഉന്നയിച്ചിരുന്നവെന്നും കമ്മിഷന്‍ അത് അവഗണിച്ചുവെന്നും ഫെനി ആരോപിക്കുന്നു. ഫെനിയുടെ വിശ്വാസ്യതയും ഒരു തമാശയാണെന്നത് സത്യം.  പക്ഷേ ഫെനിയും സരിതയുമൊക്കെ ചേര്‍ന്ന് ചൂതാട്ടം നടത്തിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നിര്‍ണായകനീക്കമെന്നതാണ് ചോദ്യം ചെയ്യേണ്ടത്. അതും ലൈംഗികസംതൃപ്തി കൈക്കൂലിയായി കണക്കാക്കി അഴിമതിനിരോധനനിയമപ്രകാരം അന്വേഷിക്കാനാണ് ശുപാര്‍ശ. നിയമവും നീതിയും ആവശ്യപ്പെട്ടുന്ന അടിസ്ഥാന കീഴ്‍വഴക്കങ്ങള്‍ പോലും പാലിക്കാതെയാണ് കമ്മിഷന്‍റെ നടപടി. ഈ കത്ത് കമ്മിഷന്റെ പരിഗണനാവിഷയമാണെന്ന് സോളര്‍ കേസിലെ മറ്റു കക്ഷികളെയൊന്നും അറിയിക്കാതെയാണ് കമ്മിഷന്റെ ദുരൂഹമായ നടപടി. ലൈംഗികാരോപണങ്ങള്‍ പരിഗണിക്കുന്നുവെങ്കില്‍ ആരോപണം നേരിടുന്നവരും അവരുടെ അഭിഭാഷകരും അതറിയുക പോലും വേണ്ടെന്ന്, അവര്‍ക്ക് അതിനുള്ള മറുപടിയോ വിശദീകരണമോ പോലും ആവശ്യമില്ലെന്നുംഈ കമ്മിഷന്‍ തീരുമാനിച്ചു! ലൈംഗികസംതൃപ്തിയും  സോളര്‍ വിവാദത്തിലെ കൈക്കൂലിയുടെ ഭാഗമായി പരിഗണിച്ച കമ്മിഷന്‍ ആ ആരോപണത്തിന്റെ സത്യാവസ്ഥയെന്തെന്ന് അന്വേഷിക്കാന്‍ തുനിഞ്ഞതുപോലുമില്ല. പകരം അത് റിപ്പോര്‍ട്ടിന്റെ ഭാഗമായി അങ്ങനേ പരസ്യപ്പെടുത്തി. പല തവണ ജയിലിലും കോടതിയിലും മാറിമറിഞ്ഞ, ൈലംഗികാരോപണങ്ങള്‍ ഒരു ലീഗല്‍ സ്ക്രൂട്ടിനിയും നടത്താതെ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി.  എന്നുവച്ചാല്‍ കമ്മിഷന്‍ നടത്തിയത് വസ്തുതാന്വേഷണമല്ല, നിര്‍വഹിച്ചത് നിയമപരമായ ബാധ്യതകളുമല്ല. 

 അതേ ചോദ്യം ആവര്‍ത്തിക്കാതെ വയ്യ. സരിതാനായര്‍ക്ക് ലൈംഗികാരോപണം ഉയര്‍ത്തി പരാതി നല്‍കാന്‍ യോഗ്യതയില്ലെന്ന് വിധിക്കുന്നവര്‍ ആദ്യം മറുപടി പറയേണ്ട ചോദ്യം. സരിതാനായരുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യുന്നതെങ്കില്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്്തവര്‍ക്ക് എന്തുകൊണ്ട് ആ ചോദ്യം ബാധകമാകുന്നില്ല. സരിത പല തവണ നിലപാടുകളില്‍ മലക്കം മറിഞ്ഞിട്ടുണ്ടെന്നത് ശരിയാണ്.  പക്ഷേ ഇപ്പോള്‍ ലൈംഗികചൂഷണമെന്ന പരാതി ആദ്യമായി നിയമത്തിനു മുന്നിലെത്തുകയാണ്.  അത് നിയമവഴിയിലൂടെ തന്നെ അന്വേഷിക്കപ്പെടണം. ലൈംഗികചൂഷണം അധികാരരാഷ്ട്രീയം അവകാശമായി കരുതിയെങ്കില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത വിധം മാതൃകാപരമായി കൈകാര്യം ചെയ്യണം. ആ സംസ്കാരം തുടരാന്‍ അനുവദിച്ചുകൂടാ. 

പക്ഷേ ഈ സര്‍ക്കാര്‍ തുടക്കത്തില്‍ കാണിച്ച അമിതാവേശം മറക്കാറായിട്ടില്ല. ദുരുദ്ദേശമെന്ന് കൃത്യമായി ആരോപിക്കാവുന്ന തിടുക്കവും സോളര്‍ തുടര്‍നടപടികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ആരോപിതര്‍ക്ക് അവസരമുണ്ടാക്കുന്നതാണ്. വേങ്ങര വോട്ടെടുപ്പു ദിവസം പ്രമുഖരായ പ്രതിപക്ഷനേതാക്കളുടെ പേരില്‍ മാനഭംഗക്കുറ്റമടക്കം ചുമത്തി കേെസടുക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും ഇപ്പോള്‍ പിന്‍മാറേണ്ടി വന്നു. 

തെറ്റ് തിരുത്തിയെന്നല്ല, വേറെ നിവൃത്തിയില്ലാതെ തിരുത്തിയെന്നാണ് ഇടതുമുന്നണി ഇപ്പോള്‍ കാണിക്കുന്ന അവധാനതയുടെ സത്യം.  ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സി.പി.എം. 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച അതേ സരിതാനായരില്‍ നിന്നാണ് സത്യം പുറത്തുകൊണ്ടുവരേണ്ടതെന്നത് ഏത് അന്വേഷണത്തിനും വെല്ലുവിളിയാകും. 

സത്യം തെളിയിക്കാന്‍ പിണറായി സര്‍ക്കാരിന് ആഗ്രഹമുണ്ടോ എന്നു കൂടിയാണ് തെളിയേണ്ടത്. ഇടതുപക്ഷത്തിന്റെ ധാര്‍മികതയുടെ അളവുകോല്‍ തോമസ് ചാണ്ടിയും ജോയ്സ് ജോര്‍ജുമൊക്കെ കൃത്യമായി തെളിയിക്കുന്ന  നേരത്ത് അവകാശവാദങ്ങള്‍ക്ക് പ്രസക്തിയൊന്നുമില്ല. രാഷ്ട്രീയമുതലെടുപ്പിനു മാത്രമാണെങ്കില്‍ ഇടതുപക്ഷത്തിന് അക്ഷയഖനിയാണ് സോളര്‍ റിപ്പോര്‍ട്ട്. അതല്ല, സത്യം പുറത്തുകൊണ്ടുവരാന്‍ തീരുമാനിച്ചുവെങ്കില്‍ അത് ചരിത്രമാകും. ഇടതുസര്‍ക്കാര്‍ സോളര്‍കേസിനെ എങ്ങനെ സമീപിക്കുന്നുവെന്നത് കാത്തിരുന്നു കാണും കേരളരാഷ്ട്രീയം. 

MORE IN PARAYATHE VAYYA
SHOW MORE