മുഖ്യമന്ത്രി പഴയത് പലതും മറക്കുന്നതെന്തുകൊണ്ട്?

Thumb Image
SHARE

അന്ന് താങ്കള്‍ ശരിയായിരുന്നു ബഹുമാനപ്പെട്ട പിണറായി വിജയന്‍. മുഖ്യമന്ത്രിയായപ്പോള്‍, ഈ പറഞ്ഞതെങ്ങനെ മറന്നുപോയെന്നതു മാത്രമാണ് താങ്കളോടുള്ള ചോദ്യം. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിനാവശ്യമാണ്. ആവശ്യമെന്നല്ല അത്യാവശ്യമാണ്. അതു മുന്നോട്ടു പോകണം, എത്രയും വേഗം പൂര്‍ത്തിയാകണം, അതിന്റെ ഗുണഫലങ്ങള്‍ കേരളത്തിന് കിട്ടണം. പക്ഷേ ആ അതിവേഗവികസനസ്വപ്നത്തിലേക്കുള്ള തടസമെന്തെന്ന് താങ്കള്‍ക്കും ബോധ്യമുണ്ടായിരുന്നല്ലോ. എതിര്‍പ്പുകള്‍ക്ക് ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന അടിസ്ഥാനബോധ്യം താങ്കള്‍ തന്നെ മറന്നതിന്റെ ഫലമാണ് ഈ കണ്ട പൊലീസ് നടപടിക്ക് ഇടമൊരുക്കിയത്. ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് ആവര്‍ത്തിച്ചു പറ​ഞ്ഞ് നാട്ടുകാരെ പ്രകോപിപ്പിച്ച് ഒടുവില്‍ ചര്‍ച്ചയ്ക്കു വഴങ്ങേണ്ടി വന്ന ഈ ജനകീയപ്രതിരോധം ഇടതുമുന്നണിയെ പഠിപ്പിക്കുന്ന രാഷ്ട്രീയപാഠങ്ങള്‍ ഇനി ഒരിക്കലും മറന്നുപോകരുത്. ഭൂമിയുടെ മാത്രമല്ല, വികസനത്തിന്റെയും അവകാശികള്‍ ജനങ്ങളാണ്. അത് അവരെ ബോധ്യപ്പെടുത്തുന്ന ബാധ്യതയും ഭരണച്ചുമതലയാണ്. 

നവകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയ്ക്കിടെ 2015ല്‍ ഇതേ മലപ്പുറത്ത്, ഇന്ന് പദ്ധതിയുടെ പേരില്‍ കലുഷിതമായ ഇതേ മലപ്പുറത്ത്, സി.പി.എം.നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണിത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉത്തരം വേണമെന്ന് താങ്കള്‍ക്കു വ്യക്തതയുണ്ടായിരുന്ന അതേ ചോദ്യങ്ങളാണ് ഇന്ന് താങ്കളോട് ജനങ്ങള്‍ ചോദിച്ചത്. അവരെ കേള്‍ക്കണമെന്നും, അവരോടു സംസാരിച്ചു ബോധ്യപ്പെടുത്തണമെന്നും അങ്ങനെ തന്നെയാണ് ഈ പദ്ധതി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഇപ്പോഴും താങ്കള്‍ക്കു ബോധ്യമുണ്ടെങ്കില്‍ ഈ തീക്കളി ഒഴിവാകുമായിരുന്നു. അത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. 

നേരാണ്, മുതലെടുപ്പുകാര്‍ പിന്നിലുണ്ട്, ഈ സമരം ഇങ്ങനെയാക്കിത്തീര്‍ത്തതില്‍ അവര്‍ക്കുള്ള പങ്ക് മറച്ചുവയ്ക്കാവുന്നതല്ല. വര്‍ഗീയസംഘടനകളുടെ രാഷ്്ട്രീയതാല്‍പര്യങ്ങളും പൊലീസിനു മേല്‍ പതിച്ച കല്ലുകളിലുണ്ട്. പക്ഷേ ഈ വര്‍ഗീയസംഘടനകള്‍ക്കും മുതലെടുക്കാന്‍ മാത്രം ആശങ്കകള്‍ ബാക്കിവച്ചുകൊടുത്തതാരാണ്?ഭൂമി വിട്ടു കൊടുക്കേണ്ടി വരുന്ന പാവം മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി അവരെ ഒപ്പം നിര്‍ത്തുന്നതില്‍ വീഴ്ച വന്നതെങ്ങനെയാണ്? അവരാ ചോദ്യങ്ങള്‍ എത്രയാവര്‍ത്തി ചോദിച്ചാലും മറുപടി കൊടുക്കാന്‍, അവരുടെ ത്യാഗത്തിന്റെ ഗുണഭോക്താക്കളായ കേരളത്തിനു ബാധ്യതയുണ്ട്. അവരെ നിഗൂഢതാല്‍പര്യക്കാര്‍ പേടിപ്പിക്കാതെ നോക്കാനുള്ള ബാധ്യതയും നമുക്കുണ്ടായിരുന്നു. പകരം നിങ്ങളവരെ തീവ്രവാദികളാക്കുന്നു. 

ഒരു മാസമായി വാതകപൈപ്പ് ലൈന്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ ജനകീയസമരം നടക്കുന്ന മുക്കം എരഞ്ഞിമാവില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഗെയ്‍ല്‍ അധികൃതര്‍ പൈപ്പ്‍ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങുമ്പോള്‍ പ്രതിരോധം സ്വാഭാവികമാണ്. അതുണ്ടാകുമെന്നും അതിനു മുന്‍പേ സമരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുമുള്ള സാമാന്യബോധമുണ്ടാകേണ്ടിയിരുന്നത് ഗെയില്‍ അധികൃതര്‍ക്കല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനാണ്. പ്രാദേശിക ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമാണ്. പകരം എന്തെതിര്‍പ്പിനെയും എങ്ങനെയും നേരിട്ടു കളയുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുന്നത് എളുപ്പമാണ്. 

പക്ഷേ നഷ്ടപ്പെടുന്നവര്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്കു കൂടി വ്യക്തമായ മറുപടി വേണം. അത് സി.പി.എമ്മിനെ പഠിപ്പിക്കണം എരഞ്ഞിമാവിലെ ജനകീയ പ്രതിരോധം. പൊലീസിന്റെ സായുധബലത്തിനു തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ തന്നെയാണ് അവരുന്നയിച്ചതെന്ന് ഇപ്പോള്‍ സമ്മതിക്കേണ്ടി വരുന്നത് അതിലെ ഒന്നാം പാഠമാണ്. 

‌എല്ലാം കൃത്യമായി നടന്നിട്ടും ഒരു വീഴ്ചയുമില്ലാതെ മുന്നോട്ടു പോയിട്ടും അകാരണമായി വന്‍വികസനപദ്ധതിയെ എതിര്‍ക്കുന്നവരെന്നാണ് സര്‍ക്കാര്‍ മുക്കത്തെ സമരക്കാരെ വിശേഷിപ്പിച്ചത്. പൊലീസിന്റെ തേര്‍വാഴ്ചയിലും പിന്‍മാറാതെ ചെറുത്തുനിന്ന സമരക്കാരുടെ മുന്നില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിക്കുന്നു. ജനവാസപ്രദേശങ്ങളിലൂടെയുള്ള പദ്ധതി രൂപരേഖയില്‍ അപാകതകളുണ്ട്. തിരുത്തേണ്ടതുണ്ട്. നഷ്ടപരിഹാരം തീരുമാനിച്ചതില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. പദ്ധതിക്ക് ഭൂമിവിട്ടുകൊടുക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന മൂല്യം അവരുടെ ജീവിതത്തിന്റേതുകൂടിയാണെന്ന് വൈകിയെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍ നല്ലത്. പക്ഷേ സമരക്കാരെയാകെ തീവ്രവാദികളാക്കാനും അതിലും ഒരുപടി കടന്ന് മതവര്‍ഗീയച്ചുവയോടെ അധിക്ഷേപിക്കാനും സി.പി.എം ജില്ലാക്കമിറ്റി നടത്തിയ ശ്രമങ്ങള്‍ മാപ്പര്‍ഹിക്കുന്നതല്ല. കേരളമറിയേണ്ട ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഈ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ഇതേ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം നടത്തുന്ന സി.പി.എമ്മാണ് ജനകീയ സമരത്തെ തീവ്രവാദികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നത്. ഈ ഇരട്ടത്താപ്പ് ഉച്ചത്തിലുച്ചത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് മുക്കത്തെ സമരത്തോടു പ്രതികരിച്ചുകൊണ്ട് ആദ്യദിവസമിറക്കിയ വാര്‍ത്താക്കുറിപ്പാണിത്. ഈ ഒരൊറ്റ കുറിപ്പില്‍ മാത്രം ഏഴിടത്ത് സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു സി.പി.എം. SDPI, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി പറയുന്നു. ഈ സോളിഡാരിറ്റിയുടെ രാഷ്ട്രീയസംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് സി.പി.എം, മുക്കം മുനിസിപ്പാലിറ്റി ഭരിക്കുന്നതെന്നത് ഈ പാര്‍ട്ടിയെങ്ങനെ മറന്നു പോയി. ഈ സംഘടനകളുടെ ലക്ഷ്യങ്ങളിലും തീവ്രനിലപാടുകളിലും പൊതുസമൂഹത്തിനു സംശയമൊന്നുമില്ല. പക്ഷേ ഒരു നഗരസഭയില്‍ ഭരണം പിടിക്കാന്‍ ഈ തീവ്രവര്‍ഗീയവാദികളുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത സി.പി.എം കേരളത്തിനു മുന്നില്‍ നിന്നാക്രോശിക്കുന്നു, ഇവരാണ് ജനകീയസമരത്തിനു പിന്നിലെ തീവ്രവാദികളെന്ന്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിലേക്കെന്നു എഴുതിവച്ച് ഒരു മതവിഭാഗത്തെയാകെ ആക്ഷേപിക്കാന്‍ മടിയില്ലാത്ത സി.പി.എം, സമരരംഗത്തുള്ള സ്വന്തം പ്രാദേശികനേതാക്കളെക്കൂടിയാണോ ആ കൂട്ടത്തില് പെടുത്തിയത്? കോണ്‍ഗ്രസും ലീഗും സി.പി.എമ്മിന്റെ വാര്‍ഡ് മെമ്പര്‍ പോലും നേതൃത്വം നല്‍കുന്ന സമരത്തെ തീവ്രവാദികളുടെ സമരമാക്കാന്‍ ശ്രമിക്കുന്ന രീതി ഇതാദ്യമായല്ല കേരളം കാണുന്നതും. 

സമരം ചെയ്യുന്നവരുടെ ജാതിയും മതവും അന്വേഷിക്കുന്ന രാഷ്ട്രീയം സി.പി.എം തന്നെ വിശദീകരിക്കണം. തീവ്രവാദികളുടെ സാന്നിധ്യമെന്ന് ഭരണകക്ഷിക്കു ബോധ്യമുണ്ടെങ്കില്‍ ധൈര്യമായി നടപടിയെടുക്കണം. അവരെ പുറത്തുകൊണ്ടുവരണം. അല്ലാതെ ഉത്തരം മുട്ടുമ്പോള്‍ സമരക്കാരെല്ലാം തീവ്രവാദികളാണെന്നു പറഞ്ഞ് ഒളിച്ചോടരുത്. അതോടൊപ്പം ഉത്തരം വേണ്ട ഒരു ചോദ്യം കൂടിയുണ്ട്. ഈ സമരക്കാര്‍ ഗെയ്‍ല്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണോ സമരം ചെയ്യുന്നത്, അതോ അവരുടെ ആശങ്കകള്‍ക്കു മാത്രം പരിഹാരം ആവശ്യപ്പെട്ടാണോ?സര്‍ക്കാരും തെറ്റിദ്ധാരണ പരത്തരുത്. അവര്‍ സമരം ചെയ്യുന്നത് ആശങ്കകള്‍ക്കു പരിഹാരം തേടിയാണ്. പദ്ധതിക്കെതിരെയല്ല. കേേരളം വ്യക്തമായി നിലപാടെടുക്കേണ്ട ചോദ്യവും അതാണ്. ഗെയ്ല്‍ പദ്ധതി കേരളത്തിനാവശ്യമാണ്. ആശങ്കകള്‍ക്കു പരിഹാരം കണ്ടു തന്നെ ആ പദ്ധതി നടപ്പാക്കണം. 

വാതകബോംബെന്നു നാട്ടുകാരെ പേടിപ്പിച്ചതിന് സി.പി.എമ്മിനുമുണ്ട് ഉത്തരവാദിത്തം. പ്രധാന നേതാക്കളടക്കം നേരിട്ടു നേതൃത്വം നല്‍കിയാണ് അന്ന് ഈ പാര്‍ട്ടി ജനങ്ങളെ പേടിപ്പിച്ചത്, മുക്കത്ത് മാത്രമല്ല, കേരളത്തിലാകെ. മുക്കത്തെ ഗെയ്ല്‍വിരുദ്ധ സമരസമിതിയുടെ നേതാവായിരുന്നു, ഇന്ന് സമരത്തിനു പിന്നിലെ തീവ്രവാദികളെ തിരയുന്ന സ്ഥലം എം.എല്‍.എ ജോര്‍ജ് എം.തോമസ്. ഭരണം കിട്ടുന്നതിനു മുന്നേ തന്നെ സി.പി.എമ്മിന്റെ ആശങ്കകള്‍ മാറിയതാണ്. പ്രകടനപത്രികയില്‍ പദ്ധതി നടപ്പാക്കുമെന്നുറപ്പിച്ചതുമാണ്.് പക്ഷേ സി.പി.എമ്മിനു ബോധ്യപ്പെട്ടാലുടന്‍ നഷ്ടം നേരിട്ടു സഹിക്കുന്നവര്‍ക്കും ബോധ്യപ്പെട്ടുകൊള്ളണമെന്നു വാശിപിടിക്കുന്നതെങ്ങനെയാണ്? ഗെയ്‍ല്‍ പദ്ധതി ഇനി വേണോയെന്ന ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നത് സത്യമാണ്. കുപ്രചാരണങ്ങള്‍ നേരിടേണ്ടത് ആവശ്യവുമാണ്. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കേരളത്തിന്റെ മുഖഛായ മാറ്റാനുതകുന്ന വന്‍ വികസനപദ്ധതിയാണ്. നമുക്കോരോരുത്തര്‍ക്കും നേരിട്ട് ഗുണം അനുഭവിക്കാന്‍ കഴിയുന്ന പദ്ധതി തന്നെയാണത്. കുറഞ്ഞ ചെലവില്‍ പ്രകൃതി വാതകം കേരളത്തില്‍ സുഗമമായെത്തുന്നതോടെ ഓരോ വീട്ടിലും പൈപ്പുകളിലൂടെ നേരിട്ട് പാചകവാതകം കുറഞ്ഞ ചെലവിലെത്തും. നിലവില്‍ ഉപയോഗിക്കുന്ന എല്‍.പി.ജിയേക്കാള്‍ നാല്‍പതു ശതമാനം കുറഞ്ഞ ചെലവില്‍. അതിനേക്കാള്‍ പൂര്‍ണസുരക്ഷിതത്വത്തില്‍. അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നു പ്രചരിപ്പിക്കുന്ന വിദഗ്ധരെങ്കിലും കൊച്ചിയിലെ കളമശേരിയില്‍ ഇതിനോടകം ആയിരം വീടുകളില്‍ നടപ്പാക്കിക്കഴിഞ്ഞ പദ്ധതി ഒന്നു നേരില്‍ കണ്ടു വിലയിരുത്തണം. 

ഗെയ്‍ല്‍ എല്‍.എന്‍.ജി. പൈപ്പ് ലൈന്‍ കടന്നു പോകുന്ന എല്ലാ ജില്ലകളിലും ഈ ഗാര്‍ഹിക സിറ്റിഗ്യാസ് പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വീടുകളില്‍ മാത്രമല്ല, പ്രകൃതിവാതകം സുലഭമായി ലഭ്യമാകുന്നതോടെ പൊതുഗതാഗതത്തിനുള്ള ഇന്ധനവും പ്രകൃതിവാതകമായി മാറും. പരിസ്ഥിതി മലിനീകരണം കുറയും. ചെലവ് കുറയും. ഇന്ധനവില വര്‍ധനയുടെ മാരകപ്രഹരങ്ങളില്‍ നിന്ന് കേരളത്തിന് വലിയ മോചനം ലഭിക്കും. ഒപ്പം താപവൈദ്യുതിനിലയങ്ങളിലടക്കം പ്രകൃതിവാതകം ഇന്ധനമായെത്തുന്നതോടെ കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിക്കും വന്‍തോതില്‍ പരിഹാരമുണ്ടാകും. 

ചുരുക്കത്തില്‍ കേരളത്തെയാകെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു വന്‍പദ്ധതിക്കാണ് നമ്മള്‍ പൈപ്പിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിനാകെയുള്ള നേട്ടത്തിനായി ചെറുതല്ലാത്ത ത്യാഗങ്ങള്‍ സഹിക്കുന്നവരോട് അല്‍പം കൂടെ കരുണയോടെ പെരുമാറാന്‍ നമുക്ക് ബാധ്യതയുണ്ട്. നമുക്കു വേണ്ടി അവര്‍ ‍ വിട്ടുതരുന്നത് സ്വന്തം ജീവിതസമ്പാദ്യത്തിന്റെ മൂല്യമാണ്. വികസനത്തിന്റെ വേഗം ത്രസിപ്പിക്കുന്നത് ഭരണാധികാരികളെ മാത്രമാകുന്നത് അപകടകരമാണ്. വികസനത്തിന്റെ ബുള്‍ഡോസര്‍ പായുമ്പോള്‍ വേദനിക്കുന്നവര്‍ക്കു മുന്നില്‍ വേഗം കുറയ്ക്കുന്നതും, അവരെക്കൂടി ബോധ്യപ്പെടുത്തി മുന്നോട്ടു പോകുന്നതും ഭരണമികവാണ്. ജനങ്ങളെ കൂടെക്കൂട്ടി മുന്നോട്ടു നടക്കാന്‍ ഭരണാധികാരിക്ക് ആത്മവിശ്വാസം വേണം. ഞാന്‍ നയിക്കുമെന്നും നിങ്ങള്‍ പിന്നാലെ വന്നേ പറ്റൂവെന്നും കല്‍പിച്ചു മുന്നോട്ടു പോകാനും മുഖ്യമന്ത്രി പിണറായി വിജയന് കഴിയും. ഗെയ്‍ല്‍ പദ്ധതി ചോരയും കണ്ണീരും വീഴ്ത്താതെ പൂര്‍ത്തിയാക്കാനുള്ള ഭരണമികവ് മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകണം എന്നു ചൂണ്ടിക്കാട്ടിതന്നെ പറഞ്ഞു നിര്‍ത്തുന്നു. 

MORE IN PARAYATHE VAYYA
SHOW MORE