തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും

Thumb Image
SHARE

രണ്ട് പെണ്‍കുട്ടികള്‍, അവര്‍ അവര്‍ക്കിഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നത് ആരെയാണ് വേവലാതിപ്പെടുത്തുന്നത്? മതം മാറുകയോ, തിരിച്ചുവരുകയോ, വീണ്ടും ഉപേക്ഷിക്കുകയോ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഇത്രേയയുള്ളൂ മതം എന്ന് അവര്‍ നമ്മളെ ബോധ്യപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? വ്യക്തിപരമായി തിരഞ്ഞെടുത്ത മതം സ്വീകരിക്കാനും ജീവിക്കാനും ഇരുവര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയേ സമൂഹത്തിനുള്ളൂ. പക്ഷേ ആതിരയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഹാദിയയ്്ക്ക് കിട്ടാത്തതെന്തെന്ന ചോദ്യവും ഉറക്കെ ചോദിക്കണം. വ്യക്തികളുടെ വിശ്വാസത്തിലും വിശ്വാസമാറ്റത്തിലും ചോരക്കൊതി കാണുന്ന മതസംഘടനകളെ ഇരുപക്ഷത്തു നിന്നും അകറ്റി നിര്‍ത്താനും നമുക്കാണ് ഉത്തരവാദിത്തം. 

മതം അത്ര വലിയ സംഭവമൊന്നുമല്ലെന്ന് തുറന്നു കാട്ടിയാണ് കാസര്‍കോട് സ്വദേശിനി ആതിര എന്ന പെണ്‍കുട്ടി ആയിഷയായി മാറിയതും തിരിച്ച് വീണ്ടും ആതിരയായി തിരിച്ചെത്തിയതും. വന്‍വിവാദവും കുപ്രചാരണങ്ങളും നടത്തിയ തീവ്രഹൈന്ദവസംഘടനകള്‍ സമ്മര്‍ദം ചെലുത്തിയിട്ടും, ഇസ്‍ലാമിലേക്കുള്ള മാറ്റം സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയാണ് ആതിര ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നത്. ഒപ്പം മതംമാറ്റം മുതലെടുക്കാന്‍ പിന്നീട് പിന്തുണയുമായി വന്ന മുസ്‍ലിം സംഘടനകളെക്കുറിച്ചും ആതിര സൂചിപ്പിച്ചു.

ആതിര ആയിഷയായതോ തിരികെ ആതിരയായതോ തീര്‍ത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പായി അവസാനിക്കേണ്ടതാണ്. പക്ഷേ ആതിരയുടെ മതം ‍ഞങ്ങളുടെ പ്രശ്നമാണെന്ന് ഏറ്റെടുത്തവര്‍ തന്നെയാണ് മതംമാറ്റങ്ങള്‍ക്ക് വര്‍ഗീയ നിറം ചാര്‍ത്തിയത്. ഒന്നാംമതംമാറ്റത്തില്‍ മുസ്‍ലിംസംഘടനകളെ കുറ്റപ്പെടുത്തിയവര്‍ രണ്ടാം മാറ്റത്തില്‍ ഹിന്ദുത്വവാദികളുടെ സാന്നിധ്യവും കാണാതെ പോകരുത്.

എന്നുവച്ചാല്‍ ആതിരയുടെ മതം എന്നത് , ആതിരയുടെ മാത്രം മതമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചവരെയാണ് മതനിരപേക്ഷസമൂഹം തിരിച്ചറിയേണ്ടതും അകറ്റിനിര്‍ത്തേണ്ടതും. നിയമപ്രകാരം മതംമാറ്റം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകിര്കാകന്‍ ഇന്ത്യന്‍ ഭരണഘടന നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാകുന്നതു തന്നെ ഒരാളെ അയാളുടെ സ്വമേധയാ അല്ലാതെ മറ്റൊരു മതത്തിലേക്കു മാറാന്‍ നിര്‍ബന്ധിക്കുന്നതു തടയാനാണ്.

അവകാശം തുല്യമാണ്, ഓരോ ഇന്ത്യന്‍ പൗരനും. ആണിനും പെണ്ണിനും ആ അവകാശം തുല്യമാണ്. ആര്‍ക്കും ആ അവകാശം ലംഘിക്കപ്പെടുന്നില്ലെന്നുറപ്പു വരുത്തേണ്ട കോടതി തന്നെ പക്ഷേ അവകാശലംഘനം നടത്തിയ കേസാണ് ഹാദിയയുടേത്. ഹാദിയ ഈ നിമിഷം വരെയും ഉറച്ചു നില്‍ക്കുന്നത് ഇസ്‍ലാമായത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ്. വിവാഹവും പശ്ചാത്തലവും അന്വേഷിക്കാനുള്ള സുപ്രീംകോടതിവിധിയും ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല എന്നത് ഇന്ത്യന്‍ഭരണഘടനയോടും കൂടിയുള്ള വഞ്ചനയാണ്. കോടതി പരാജയപ്പെടുന്നിടത്ത് നമുക്ക് ചോദിക്കാനുള്ള ബാധ്യതയുണ്ട്. ഹാദിയയുടെ അവകാശം എന്തുകൊണ്ട് ലംഘിക്കപ്പെടുന്നു? മതഭ്രാന്തന്‍മാരുടെ മുതലെടുപ്പ് വൈകാരികത പൂര്‍ണമായും പ്രതിരോധിച്ചു കൊണ്ടു തന്നെ ആ ചോദ്യം ഉറക്കെ ഉറക്കെ ചോദിക്കാന്‍ നമുക്കു ബാധ്യതയുണ്ട്.

ഹാദിയ എന്ന വൈദ്യശാസ്ത്രബിരുദധാരി മാസങ്ങളായി വീട്ടുതടങ്കലിലാണ്. സുരക്ഷയെന്നാണ് പേരെങ്കിലും നാല്‍പതോളം പൊലീസുകാര്്‍ക്കു നടുവില്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാനാകാതെ തടങ്കലിനു സമാനമായ അവസ്ഥയിലാണ് ആ 24 കാരി കഴിയുന്നത്. വിവാഹം റദ്ദു ചെയ്തപ്പോള്‍ അവളുടെ മനുഷ്യാവകാശങ്ങള്‍ കൂടിയാണോ റദ്ദാക്കിയതെന്ന് പറയാന്‍ കോടതിക്കു തന്നെ ബാധ്യതയുണ്ടാകുന്നതാണ് സാഹചര്യം. എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള അവകാശം, വിശ്വാസസ്വാതന്ത്ര്യം ഹാദിയയ്ക്കു മാത്രമെങ്ങനെയാണ് നിഷേധിക്കുകയെന്നതിന് എന്‍.ഐ.എ അന്വേഷണമാണോ മറുപടി പറയേണ്ടത്? സ്വമേധയാ എന്ന് ഇപ്പോഴും ഹാദിയ ആവര്‍ത്തിക്കുന്ന വാചകത്തിന് നമ്മുടെ നിയമം നല്‍കുന്ന വിലയെന്താണ്·? വ്യക്തിയുടെ തിരഞ്ഞെടുപ്പ് തെറ്റാണോ, ശരിയാണോ, അതിന്റെ പ്രത്യാഘാതം എങ്ങനെ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന രക്ഷാകര്‍തൃത്വമാണോ കോടതിയും നിസംഗരായി നോക്കിനില്‍ക്കുന്ന പൊതുസമൂഹവും ഏറ്റെടുക്കുന്നത്. ശരിയാണ് കോടതി റദ്ദാക്കിയത് കോടതിനടപടികള്‍ക്കിടയില്‍ ദുരൂഹസാഹചര്യത്തില്‍ നടന്നുവെന്ന് കോടതി സംശയിക്കുന്ന വിവാഹം മാത്രമാണ്. മതംമാറ്റമല്ല. അതിലേക്കു നയിച്ച സാഹചര്യങ്ങളും കോടതിയും കുടുംബവും സംശയിക്കുന്ന സംഘടനകളെക്കുറിച്ചും അന്വേഷണം നടക്കട്ടെ. പക്ഷേ അന്വേഷണത്തിന്റെ അവസാനം വരെ ആ പെണ്‍കുട്ടി ജീവിച്ചുതീര്‍ക്കുന്ന ഈ മട്ടിലുള്ള ജീവിതത്തിന് ആരാണ് ഉത്തരം പറയുക?

ഇന്നീ ജീവിക്കേണ്ടി വരുന്ന ജീവിതം ഹാദിയയ്ക്ക് വിധിച്ചതാരാണ്? ആരാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്? സ്വന്തം മതത്തിലേക്ക് ആളെകൂട്ടുന്നത് ആഘോഷിക്കുന്നവരോടല്ല, വ്യക്തിയുടെ വിശ്വാസം ഞങ്ങളുടെ തീരുമാനമാണ് എന്ന് ഭയപ്പെടുത്താന് ശ്രമിക്കുന്ന മറുപക്ഷത്തോടുമല്ല. ചോദ്യങ്ങള്‍ അവര്‍ക്കു വിട്ടു കൊടുക്കാതിരിക്കാനാണ് മതത്തിനു മുകളില്‍ ചിന്തിക്കുന്ന സമൂഹം കരുതലെടുക്കേണ്ടത്.

പ്രായപൂര്‍ത്തിയായവര്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് നിയമപരമായ പിന്‍ബലമുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. തീരുമാനത്തിന്റെ പ്രത്യാഘാതം അനുഭവിക്കാനുള്ള ബാധ്യത കൂടി ഉള്‍പ്പെടുന്നതാണ് ആ അവകാശം. ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിച്ചുകൊള്ളട്ടെയന്ന് സുപ്രീകോടതിയില്‍ നിസംഗത ഭാവിച്ചപ്പോഴേ ഇടതുസര്‍ക്കാര്‍ ആ പെണ്‍കുട്ടിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരിയതാണ്. മതപരിവര്‍ത്തനം ദുരൂഹമാണെന്ന കുടുംബത്തിന്റെ പരാതിക്ക് സത്യാവസ്ഥ അന്വേഷിച്ചു ബോധ്യപ്പെടുത്താനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ടായിരുന്നു. ഇപ്പോള്‍ ഹാദിയ മനുഷ്യാവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയരുമ്പോഴും സത്യാവസ്ഥ കണ്ടെത്താനും പ്രചാരണങ്ങള്‍ക്ക് അറുതി വരുത്താനുമുള്ള ഉത്തരവാദിത്തമാണ് ഇടതുസര്‍ക്കാര് നിര്‍വഹിക്കാതെ പോകുന്നത്. മുതലെടുപ്പുകാര്‍ക്കും മതം രാഷ്ട്രീയായുധമാക്കുന്നവര്‍ക്കും വിദ്വേഷപ്രചാരണങ്ങള്‍ക്ക് പരമാവധി ഇടം സൃഷ്ടിച്ചുകൊടുക്കലല്ല മതനിരപേക്ഷമെന്ന് ആണയിടുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രചാരണങ്ങളെ നേരിടാന്‍ വസ്തുതകള്‍ക്കേ കഴിയൂ.

‌മതങ്ങള്‍ അധികാരകേന്ദ്രമായി മാറുന്ന കാലത്ത്, മതം ഉപേക്ഷിക്കപ്പെടുന്ന കാലത്ത്, ബോധമുള്ളവര്‍ക്ക് ഇപ്പോഴുള്ള മതത്തിന്റെ വേലിക്കെട്ടുകള്‍ പോരാതെ ഇനിയുമൊരു മതത്തിലേക്ക് മാറുകയെന്നാല്‍ അവിശ്വസനീയമായി തോന്നിയേക്കാം. എല്ലാ മതവും ഒരു വിശ്വാസം മാത്രമാണ്. അതു വേണമെന്നു നിര്‍ബന്ധമാണെങ്കില്‍ ആവശ്യമുള്ളവര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ, വേണ്ടാത്തവര്‍ മനുഷ്യത്വത്തിലേക്കു പുറത്തു കടക്കട്ടെ.

 

മതമെന്നാല്‍ ഇത്രയേയുള്ളൂവെന്ന് വിശ്വാസമാറ്റങ്ങളിലൂടെ ഈ പെണ്‍കുട്ടികള്‍ കാണിച്ചുതരുന്നുവെന്ന് പറഞ്ഞു നിര്‍ത്തേണ്ടതാണ്. പക്ഷേ ഇരുപക്ഷത്തും ദുഷ്ടലാക്കോടെ നില്‍ക്കുന്ന മതാധികാരത്തിന്റെ വക്താക്കള്‍ അതു സമ്മതിക്കില്ല. മതം അധികാരത്തിലേക്കുള്ള ഏണിപ്പടി മാത്രമായി കാണുന്നവര്‍ക്ക് വിട്ടുകൊടുക്കരുത്, ഈ പെണ്‍കുട്ടികളെ. അവര്‍ അവര്‍ക്കു തോന്നുന്ന വിശ്വാസത്തില്‍ ജീവിക്കട്ടെ, തോന്നുമ്പോള്‍ മതം മാറട്ടെ. വിശ്വാസവും വിശ്വാസിയും തമ്മിലുള്ള ബന്ധത്തില്‍ ഇടയില്‍ കയറി നനഞ്ഞിടം കുഴിക്കാന്‍ വരുന്നവരെയാണ് കരുതിരിക്കേണ്ടത്. വിശ്വാസം ആയുധമാക്കുന്നവരെയാണ് അകറ്റിനിര്‍ത്തേണ്ടത്. അവരുടെ ആയുധമാകാതിരിക്കാനാണ്, അതുമാത്രമാണ് എല്ലാ കുട്ടികളെയും പഠിപ്പിക്കേണ്ടത്. എന്നുവച്ചാല്‍ മതനിരപേക്ഷത, എല്ലാ കുട്ടികള്‍ക്കും മനസിലാകും വിധത്തില്‍ പഠിപ്പിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ആ പാഠം പെണ്‍കുട്ടികള്‍ക്കു മാത്രമുള്ളതാവരുതെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

MORE IN PARAYATHE VAYYA
SHOW MORE