E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

വെട്ടണം ജാതീയതയുടെ കരാളഹസ്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിനായകനെ കൊന്നത് ആരുടെ പൊലീസാണ്? ഉത്തരേന്ത്യയിലല്ല, തൃശൂരിലെ പാവറട്ടിയില്‍ ഒരു ദളിത് യുവാവ് ജീവനൊടുക്കിയതിന് ആരു മറുപടി പറയണം? വിശ്വസിക്കാനാകുമോ, കേരളത്തില്‍ ഇന്നും നിറത്തിന്റെയും രൂപത്തിന്റെയും ജാതിയുടെയും പേരില്‍ ജീവനൊടുക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നുണ്ടെന്ന്. അതും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍? വിനായകന്‍ എന്ന 19 വയസുകാരന്റെ ജീവന് രണ്ടു പൊലീസുകാര്‍ക്കെതിരായ അച്ചടക്കനടപടിയാണ് ഈ ഭരണകൂടം കണക്കാക്കുന്ന വിലയെങ്കില്‍ തലകുനിക്കണം ഓരോ കേരളീയനും. 

ആത്മഹത്യയല്ലേയെന്നു ചോദിക്കാം. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിന് ഒരാള്‍ ജീവനൊടുക്കിയാല്‍ അതെങ്ങനെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ബാധ്യതയാകുമെന്നും ചോദിക്കാം. പക്ഷേ വിനായക് എന്ന 19കാരന്‍ ഉപേക്ഷിച്ച ജീവന്‍, മനഃസാക്ഷിയെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ന്യായങ്ങളുടെ പട്ടികയ്ക്കായി നെട്ടോട്ടമോടില്ല ഒരു മനുഷ്യനും. അവന്‍ ചെയ്ത കുറ്റമെന്താണ്? അവന്‍ നേരിടേണ്ടി വന്ന പീഡനം എന്തിന്റെ പേരിലാണ്? കേരളാപൊലീസ് മാത്രമല്ല പ്രബുദ്ധകേരളമാകെ തിരയണം ഈ ചോദ്യങ്ങള്‍ക്കുത്തരം. 

അവന്റെ കുറ്റം അവന്റെ നിറമായിരുന്നു. കറുത്ത നിറം. അവന്റെ ജാതിയും രൂപവും അവന്റെ കുറ്റമായിരുന്നു. ആ ഒരൊറ്റ കുറ്റത്തിന്റെ പേരിലാണ് നമ്മുടെ പൊലീസിന്റെ കൈ അവനു നേരെ ഉയര്‍ന്നതെങ്കില്‍, അധികാരത്തിന്റെ, ജാതിവിവേചനത്തിന്റെ ആ കൈ, ഒടിച്ചു താഴ്ത്തേണ്ടതല്ലേ·? അതിനു കഴിയുന്നില്ലെങ്കില്‍ അതിനു തുനിയുക പോലും ചെയ്യുന്നില്ലെങ്കില്‍ ഈ ഭരണകൂടമെങ്ങനെയാണ് ഇടതുപക്ഷമാവുക?അതില്‍ ഒരു പശ്ചാത്താപവും തോന്നാത്ത അധികാരബോധത്തിന്റെ തലപ്പത്തിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കള്‍ക്കും ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണ്? 

റോഡരികില്‍ സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകിനെയും കൂട്ടുകാരനായ ശരത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഫ്തിയില്‍ ആ വഴി വന്ന പൊലീസുകാരന്‍ ഇവരോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ വിനായകും കൂട്ടുകാരനും മാലമോഷ്ടക്കളാണെന്ന മട്ടിലുള്ള ചോദ്യം ചെയ്യലാണ് നേരിടേണ്ടി വന്നത്. മുടി നീട്ടി വളര്‍ത്തിയ വിനായകിന്റെ രൂപവും ഭാവവും ചോദ്യം ചെയ്യപ്പെട്ടു. രൂപമായിരുന്നു മുന്‍വിധികള്‍ക്കുള്ള ഒരേയൊരു കാരണമെന്നോര്‍ക്കണം. ദളിതനായ, നിറത്തില്‍ കറുത്തവനായ, മുടി നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍ മറ്റൊരു കാരണവുമില്ലാതെ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ളവനാണെന്ന് കേരളാപോലീസിന് ഉറപ്പാണ്. പെണ്‍സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്ന സദാചാരപൊലീസിനേക്കാള്‍ ചോദ്യം ചെയ്യപ്പെടണം അവന്റെ രൂപം ചോദ്യം ചെയ്യപ്പെടാനുള്ള അയോഗ്യതയാണെന്നു തീരുമാനിക്കുന്ന പൊലീസ് മനോഭാവം. അവന്‍ മറുപടി പറയേണ്ടവനാണെന്ന് പൊലീസിന്റെ അധികാരം തീരുമാനിക്കുകയാണ്. പ്രത്യേകിച്ച് ഒരു കാരണവും വേണ്ട. കണ്ടാലറിയില്ലേ എന്ന വെറും പൊലീസ് ദൃഷ്ടി മാത്രമായിരുന്നില്ല അവന്റെ മേല്‍ പതിഞ്ഞത്. നിറത്തില്‍ കറുത്തവന്‍, പിന്നാക്കവിഭാഗക്കാരനെന്നു വെളിപ്പെടുത്തുന്ന രൂപം ഇത്രയും മതി, അവന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന്. മോഷ്ടാവല്ലെന്ന് തെളിയിക്കണ്ട ബാധ്യത അവനു മേല്‍ വളരെ സ്വാഭാവികമായി പതിച്ചു നമ്മുടെ പൊലീസ്. അവന്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടു. പൊലീസ് നെഞ്ചില്‍ പരുക്കേല്‍പിച്ചു, മുടി പിടിച്ചു വലിച്ചു, ആക്ഷേപിച്ചു, അവഹേളിച്ചു. ഒടുവില്‍ തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരനായ അവന്റെ അച്ഛനും വിളിച്ചു വരുത്തപ്പെട്ടു. മകന്‍റെ രൂപത്തിനു കൂടി ചേര്‍ത്ത് പിതാവും അവഹേളിക്കപ്പെട്ടു. അവന്‍ കഞ്ചാവിനടിമയാകാനും സാമൂഹ്യവിരുദ്ധനാകാനുമുള്ള സാധ്യതകളെക്കുറിച്ചാണ് അച്ഛന്‍ ബോധവല്‍ക്കരിക്കപ്പെട്ടത്. രൂപവും മുന്‍വിധികളുമല്ലാതെ മറ്റൊന്നും ഈ 19കാരനെ സംശയിക്കാന്‍ പൊലീസിനു മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നില്ലെന്നു കൂടി ഓര്‍ക്കണം. 

തൊഴിലാളിയായ പിതാവും അവഹേളിക്കപ്പെട്ടതിന് മറ്റൊരു പശ്ചാത്തലവുമില്ലായിരുന്നു. മാനസികസംഘര്‍ഷം താങ്ങാനാകാതെയാണ്, അപമാനം താങ്ങാതെയാണ് ക്രൂരമായി മര്‍ദനമേറ്റ വിനായക് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഒറ്റപ്പെട്ട സംഭവം എന്ന് എളുപ്പത്തില്‍ വിധിയെഴുതാന്‍ തോന്നുന്നുവെങ്കില്‍, ചുറ്റും കണ്ണു തുറന്നു തന്നെ നോക്കണം. നിറവും രൂപവും വിശദീകരിക്കാന്‍ ബാധ്യതപ്പെടുന്ന മനുഷ്യരുണ്ട് നമുക്കു ചുറ്റിലും ഇപ്പോഴുമെന്നത് യാഥാര്‍ഥ്യം മാത്രമാണ്. വിനായകിന്റെ ജീവിതപശ്ചാത്തലവും വിവരങ്ങളും തിരിച്ചറിഞ്ഞ ശേഷമെങ്കിലും അനാവശ്യമായി സംശയിച്ചതിന്, ശാരീരികമായി പീഡിപ്പിച്ചതിന്, മോശമായി പെരുമാറിയതിന് അവനോടും അച്ഛനോടും മാപ്പു ചോദിച്ചു വിടേണ്ടവരാണ് പൊലീസ്. പക്ഷേ അതു സംഭവിക്കില്ല. ആ പൊലീസ് സ്റ്റേഷനില്‍ മാത്രമല്ല., അവന്‍റെ മരണശേഷം പോലും ആരും അവരോട് മാപ്പു ചോദിക്കില്ല. അത് നമ്മുടെ കടമയാണെന്ന്, തിരിച്ചറിയാനുള്ള ശേഷി ഇടതുപക്ഷഭരണകൂടത്തിനു പോലുമുണ്ടാകില്ലെന്ന് പേടിയോടെ തന്നെ സ്വയം സമ്മതിക്കാം. 

പൊലീസിനു തെറ്റു പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. രണ്ടു പൊലീസുകാര്‍ക്കെതിരെ നടപടിയുമുണ്ടായി. കസ്റ്റഡിയില്‍ മര്‍ദിച്ചതിനാണ് സസ്പെന്‍ഷന്‍. എത്ര നിസാരമായാണ് ഒരു ജീവന്‍റെ വില ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂ. പൊലീസുകാര്‍ക്കെതിരായ നടപടി എത്ര വലുതാണ് എന്നതിലല്ല. ഈ സാഹചര്യത്തിലേക്കു നയിച്ച പൊലീസിന്റെ മുന്‍വിധികളെ എങ്ങനെയാണ് ഭരണകൂടം നേരിടുന്നതെന്നതാണ് പ്രശ്നം. സമൂഹത്തിന്‍റെ പൊതുമനോഭാവത്തോട് പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കാം. പക്ഷേ ഭരണകൂടത്തിന്റെ ഏജന്‍സികള്‍ക്ക്, പ്രത്യേകിച്ചും ഇടതുപക്ഷസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിന് ഈ വിവേചനമനോഭാവം എങ്ങനെയാണ് ന്യായികരിക്കാനാവുക? കറുപ്പും അവഹേളനവും പൊലീസിന്റെ മനോഭാവത്തിലൊതുങ്ങില്ലെന്ന് ഒരു മന്ത്രി തന്നെ തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് വലിയ വര്‍ത്തമാനങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല. മന്ത്രി മാപ്പു പറഞ്ഞത് ഒരുദ്യോഗസ്ഥനോടാണ്. മാപ്പു പറയേണ്ടത് മനോഭാവത്തിനു മുന്നില്‍ ചൂളി നില്‍ക്കേണ്ടി വരുന്ന സമൂഹങ്ങളോടാകെയാണ്. സമൂഹത്തിനാകെയുള്ള മനോഭാവത്തിന്റെ പ്രതിഫലനമെന്നും മന്ത്രിയും പൊലീസുമെല്ലാം സമൂഹത്തിന്റെ പരിച്ഛേദമെന്നും വാദിക്കാം. പക്ഷേ പരിഹാരത്തിന് ബോധപൂര്‍വമായ ശ്രമം തന്നെയുണ്ടാകണം. 

ചുരുക്കിപ്പറയാം, പാവറട്ടിയില്‍ കണ്ടതും വംശീയത തന്നെയാണ്. മുന്‍വിധികളുണ്ടാകുന്നത് മനോഭാവത്തിലുള്ള വംശീയതയില്‍ നിന്നു തന്നെയാണ്. അത് ഗുരുതരമായി കാണേണ്ട, തിരുത്തേണ്ട മനോഭാവത്തിന്റെ പ്രശ്നമാണെന്ന് അധികാരികള്‍ ഇനിയും തിരിച്ചറിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഇനി ഈ കേരളത്തിലെങ്കിലും ഒരാളും രൂപത്തിന്‍റെ, ജാതിയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് തീരുമാനിക്കാനുള്ള ഇച്ഛാശക്തിയുണ്ടോ എന്നതാണ് ഇടതുസര്‍ക്കാരിനോടുള്ള രാഷ്ട്രീയചോദ്യം. മനുഷ്യന്റെ അന്തസ് എന്ന ചോദ്യത്തിനു മുന്നില്‍ പതറിപ്പോകരുത് നമ്മുടെ രാഷ്ട്രീയബോധം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :