E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

അഴിക്കൂ, ആ അഴിമതിവിരുദ്ധ മേലങ്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാര്‍ട്ടി ബിജെപിയാണ്. അഴിമതിയെന്ന് മിണ്ടിയാല്‍ അപ്പോള്‍ തുടങ്ങും അഴിമതിവിരുദ്ധ ഗിരിപ്രഭാഷണം. അക്കൂട്ടരോട് ആദ്യമേ പറയട്ടെ, അഴിമതിയേക്കാള്‍ വലിയ വിപത്തുകളുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത പരിവാരങ്ങളുടെ കൂടാരമാണ് നിങ്ങളുടേത്. അതുകൊണ്ട്, അതുകൊണ്ടുമാത്രം അഴിമതിയും അനുബന്ധ ചര്‍ച്ചകളും പിന്‍സീറ്റിലേക്കുമാറി എന്നുമാത്രം. ഇപ്പോള്‍ പക്ഷേ അഴിമതിയും കോഴയും ഹവാലയുമൊക്കെ ഒരു പാര്‍ട്ടി പരിപാടിയാണെന്ന് കൂടുതല്‍ തെളിമയോടെ നിങ്ങള്‍ തന്നെ പറഞ്ഞുതന്നിരിക്കുന്നു. ചില നേരത്തെങ്കിലും ബാക്കിയുണ്ടായിരുന്ന അഴിമതിവിരുദ്ധ പ്രതിച്ഛായ അപ്പാടെ വലിച്ചുതാഴെയിടുന്നു പുതിയ വാര്‍ത്തകള്‍. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മറനീക്കുന്ന കുറിമാനങ്ങളും വ്യാജ രസീതുകളും ബിജെപി കെട്ടിപ്പൊക്കിയ കാപട്യത്തിന്റെ ചില്ലുകൊട്ടാരങ്ങളിലേക്ക് കല്ലെറിയുന്നതാണെന്ന് പറയാതെ വയ്യ. അഴിമതിവിരുദ്ധരെന്ന് ഇനി നിങ്ങള്‍ മിണ്ടരുത്. 

അഴിമതിക്കെതിരെ ആകാശംമുട്ടെ വിമര്‍ശനമുന്നയിക്കാന്‍ എന്നും മുന്നിലാണ് നേതാക്കള്‍. കയ്യടിക്കാന്‍ മുന്നില്‍ അനുയായിക്കൂട്ടവുമുണ്ട്. സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പല ബിജെപി ഭരണകൂടങ്ങളും അഴിമതി വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാരില്‍ വലിയ അഴിമതികള്‍ ആരോപിക്കപ്പെട്ടിട്ടില്ല എന്നതുതന്നെയാകും ആ വാക്കുകളുടെ ഊര്‍ജം. മറ്റൊരുപാട് കറകള്‍ എണ്ണിപ്പറയാന്‍ ഉള്ളപ്പോഴും അഴിമതിയുടെ കഥകള്‍ മാത്രം ഉണ്ടായില്ല. പക്ഷേ കേരളത്തിന്റെ ചെറിയ ഇട്ടാവട്ടത്തുനിന്നും പുറപ്പെട്ട പുതിയ വാര്‍ത്ത ഡല്‍ഹിയുടെ രാഷ്ട്രീയ ഭൂമികകളില്‍വരെ വേര് പടര്‍ത്തിയതാണെന്നു തീര്‍ച്ച. അതുകൊണ്ടുതന്നെയാണ് കേവലം പ്രാദേശികനേതാക്കള്‍ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുത്ത് പ്രശ്നം തീര്‍ത്തെന്നുവരുത്താനുള്ള വിഫലശ്രമം. പാര്‍ലമെന്റില്‍ ഉയര്‍ന്ന കനത്ത രോഷപ്രകടനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചതും ആവഴിക്കുതന്നെ ചേര്‍ത്തുവായിക്കണം. 

അതിഗുരുതരമാണ് പാര്‍ട്ടിയുടെ അന്വേഷണകമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍. ഒരു പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയില്‍ ഒതുങ്ങാത്തത്ര വലിയ കോഴയുടെ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതങ്ങളാണ് ആ അന്വേഷണ റിപ്പോര്‍ട്ട് നിറയെ. എന്നിട്ടും രണ്ടുമാസത്തോളം ആ റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. കുമ്മനം രാജശേഖരന് ഉണ്ടെന്ന് അനുയായികളും ചില എതിരാളികളും വാഴ്ത്തുന്ന സത്യസന്ധത എവിടെപ്പോയെന്നാണ് ആദ്യചോദ്യം.? എന്തുകൊണ്ട് ഇത്ര ഗുരുതരമായ ആരോപണങ്ങളെ കുമ്മനം രാജശേഖരന്‍ മറച്ചുപിടിച്ചു.? എന്തുകൊണ്ട് കേന്ദ്ര നേതൃത്വത്തിനെ പോലും ഗുരുതരമായ ഈ സ്ഥിതിവിശേഷം അറിയിച്ചില്ല.? മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വെളിച്ചത്തായപ്പോള്‍ എല്ലാം ഊഹാപോഹങ്ങളെന്ന ഉരുണ്ടുകളി ആരെ രക്ഷിക്കാനായിരുന്നുവെന്നും വിശദീകരിക്കേണ്ടിവരും, തീര്‍ച്ച. 

അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിയുന്നത് ആസൂത്രിതമായ അഴിമതിയുടെ നേര്‍ചിത്രമാണ്. തിരുവനന്തപുരം വര്‍ക്കലയിലെ മെഡിക്കല്‍ കോളേജ് അനുമതിക്കായി ആവശ്യപ്പെട്ടത് 17 കോടി രൂപയാണ്. ഇതില്‍ 5.60 കോടി നല്‍കിയെന്ന് പരാതിക്കാരന്‍ സമ്മതിക്കുന്നു. ഇത് കൈപ്പറ്റിയെന്ന് ആര്‍.എസ്.വിനോദ് സമ്മതിക്കുകയും ചെയ്തു. ഹവാല ഇടപാട് വഴി ഈ പണം ഡല്‍ഹിയില്‍ എത്തിച്ചു. ഇത് ആദ്യഗഡു മാത്രമാണന്നും തലസ്ഥാനത്ത് അഴിമതിക്ക് മധ്യസ്ഥനായ സതീഷ് നായര്‍ മൊഴി നല്‍കി. ചോദ്യങ്ങളൊന്നും ഇവിടെ ഈ റിപ്പോര്‍ട്ടില്‍ തീരാത്തതും അതുകൊണ്ടുതന്നെ. ആരാണ് 17 കോടി ആവശ്യപ്പെട്ടത്.? ഡല്‍ഹിയില്‍, കേന്ദ്രര്‍ക്കാരില്‍, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഒക്കെ കളങ്കത്തിന്റെ മുന ചെന്നെത്തുന്നത് അവിടെയാണ്. 

സംസ്ഥാന ബി.ജെപിയില്‍ കലഹങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും വഴിമരുന്നിട്ട അന്വേഷണ റിപ്പോര്‍ട്ട് ദേശീയ പ്രാധാന്യം അര്‍ഹിക്കുന്നത് അതിന്റെ ഉള്ളടക്കം കൂടുതല്‍ അറിയുമ്പോഴാണ്. അതുകേവലം സംസ്ഥാന ബിജെപിയിലെ ഒരു കോഴക്കഥയില്‍ ഒതുങ്ങുന്നില്ല. രാജ്യത്താകമാനം മെഡിക്കല്‍ കോളേജുകള്‍ക്കും മറ്റും അനുമതി വാങ്ങിനല്‍കുന്ന മാഫിയ സംഘങ്ങളിലേക്ക് കൃത്യമായ വെളിച്ചം വീശുന്നു റിപ്പോര്‍ട്ട്. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട ആളുകള്‍ കോടികള്‍ കോഴ വാങ്ങി അംഗീകാരം നല്‍കുന്നതിനാലാണ് ലോധ കമ്മീഷനെ നിയമിച്ചത്. എന്നിട്ടും ഇത്തരം അഴിമതികള്‍ പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ ആവര്‍ത്തിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടുന്നു പാര്‍ട്ടിയുടെ തന്നെ കമ്മീഷന്‍. കേരളത്തിനകത്തും പുറത്തും പല മെഡിക്കല്‍ കോളേജുകളും വാങ്ങിക്കൊടുത്ത ആളാണ് സതീഷ് നായരെന്ന് പരാതിക്കാരനായ ആര്‍.ഷാജി വെളിപ്പെടുത്തുന്നു. എം.ടി.രമേശ് വഴി 5 കോടി നല്‍കി പാലക്കാട് ചെര്‍പ്ലശേരിയില്‍ തുടങ്ങാനിരിക്കുന്ന മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിയ കാര്യവും പരാമര്‍ശിക്കുന്നു. കുമ്മനം രാജശേഖരനെ സഹായിക്കാന്‍ പാര്‍ട്ടി ഡല്‍ഹിയില്‍ നിയോഗിച്ച രാകേഷ് ശിവരാമനും ഇതേ ദൗത്യം അനൗദ്യോഗികമായി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സതീഷ് നായരും റിപ്പോര്‍ട്ടില്‍ പൂര്‍ണമായും പ്രതിസ്ഥാനത്താണ്. പരാതിയുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ പരാതിക്കാരന് മാത്രമല്ല, മറ്റുപലര്‍ക്കും അത് ബുദ്ധിമുട്ടാകുമെന്ന കമ്മീഷനുമുന്നിലെ സതീഷ് നായരുടെ മുന്നറിയിപ്പ് ഈ പാര്‍ട്ടി ചുമ്മാതങ്ങ് തള്ളിക്കളയുകയാണ് എന്നത് ആശ്ചര്യകരം തന്നെ. മെഡിക്കല്‍ കോഴയ്ക്കുപിന്നില്‍ ശക്തരായ ആരോ ഉണ്ടെന്ന അന്വേഷണ കമ്മീഷന്റെ ഉപസംഹാരവും അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 

ഉറ്റവരെയും സഹചാരികളെയും പ്രതിക്കൂട്ടില്‍ കയറ്റിയ അഴിമതിയെ ഊഹാപോഹമെന്ന് തള്ളിയ പാര്‍ട്ടി അധ്യക്ഷന്റ നിലപാടിന് ഏതായാലും ന്യായീകരണമില്ല. ആദ്യം അന്വേഷണത്തിന് മടിച്ചതും വെള്ളാപ്പള്ളി, അമിത്ഷാ വഴി നടത്തിയ സമ്മര്‍ദത്തിനൊടുവിലാണ് കമ്മീഷനെ നിയമിച്ചതെന്നതും അങ്ങാടിപ്പാട്ടായിക്കഴിഞ്ഞു. എല്ലാത്തിനൊടുവില്‍ തെളി‍ഞ്ഞു കത്തുന്നത് സംസ്ഥാന ബി.ജെപിയിലെ വിഭാഗീയതയാണെന്നത് പരമമായ സത്യം. കേരളത്തില്‍ ബി.ജെ.പിയെ അഴിമതിയുടെ ഇരുട്ടിലേക്ക് തള്ളിനിര്‍ത്തി‌യ സംഭവങ്ങള്‍ക്ക് അതുകൊണ്ടുതന്നെ തുടര്‍ക്കഥകളുണ്ടാകുമെന്ന് ഉറപ്പ്. 

സംസ്ഥാന കോണ്‍ഗ്രസിലുണ്ട് ഗ്രൂപ്പിസത്തിന്റെ പോര്‍വിളി. സിപിഎമ്മിലുമുണ്ട് വിഭാഗീയതയെന്ന പേരില്‍ കൊണ്ടും കൊടുത്തും പോരുന്ന ഇരുപക്ഷങ്ങള്‍. പക്ഷെ അതൊന്നും ഇങ്ങനെ കാപട്യത്തിന്റെ മൂടുപടമിട്ടല്ല അവതരിച്ചത്. പറയേണ്ടത് പറ‍ഞ്ഞും കൊടുക്കേണ്ടത് കൊടുത്തും മുന്നേറുന്ന ഒരു സത്യസന്ധത അതിലെല്ലാം ദൃശ്യം. ബിജെപിയിലാകട്ടെ വിഭാഗീയത പുറത്തുകാട്ടാതെയുള്ള പടയൊരുക്കമാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തൂവെള്ള ചിരിയുമായി അവതരിക്കുന്ന നേതാക്കള്‍ അകമേ പുലര്‍ത്തിയ നെറികെട്ട വെറി കൂടിയാണ് പുതിയ അഴിമതിയിലൂടെയും അനുബന്ധ അന്വേഷണ റിപ്പോര്‍ട്ടിലൂടെയും പുറത്തായത്. 

‌അതുകൊണ്ടുതന്നെ മെഡിക്കല്‍ കോഴയ്ക്ക് തുടരന്‍ പതിപ്പുകള്‍ ഈ പാര്‍ട്ടിയില്‍ പ്രതീക്ഷിക്കാം. കോഴിക്കോട്ട് ആഘോഷപൂര്‍വം ദേശീയ കൗണ്‍സില്‍ പൊടിപൊടിച്ചപ്പോഴത്തെ അടക്കം കഥകള്‍ വന്നുതുടങ്ങിയത് അതിന്റെ ചെറിയ സൂചന മാത്രം. യോഗത്തിനായി വ്യാജരസീതില്‍ പണം പിരിച്ചതില്‍ ദേശീയ സെക്രട്ടറി എച്ച്.രാജ അടക്കമുളള നേതാക്കളില്‍ നിന്ന് കേന്ദ്ര നേതൃത്വം വിശദീകരണം തേടിക്കഴിഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ദേശീയ ജോയിന്റ് സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരും ഇക്കാര്യത്തില്‍ ആരോപണ നിഴലിലാണ്. പണപ്പിരിവ് നടത്തി സ്വന്തം കീശയിലാക്കിയതിന്റെ തെളിവുകള്‍ ലഭ്യമായിച്ചും സംസ്ഥാന നേതൃത്വം മൗനത്തിലായതിന്റെ കാരണവും ഇനി തേടേണ്ടിവരും. പണപ്പിരിന്റെ ഗതിമാറിയുള്ള ഒഴുക്കിന്റെ പാപഭാരം കോഴിക്കോട്ടെ പ്രാദേശിക നേതാക്കളില്‍ ഒതുങ്ങില്ലെന്നുതന്നെയാണ് പാര്‍ട്ടിക്കകത്തും പുറത്തും ഉരുണ്ടുകൂടുന്ന സൂചന. 

ഒരു വാദത്തിനായി സമ്മതിച്ചുതരാം, ബിജെപിക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ട്. അങ്ങനെതന്നെ കരുതുക. പാര്‍ട്ടിയിലും അതുവഴി കേന്ദ്രസര്‍ക്കാരിലും പിടിമുറുക്കിയ അഴിമതി മാഫിയയെ തുറന്നുകാട്ടിയത് മാധ്യമ ലോബികളല്ല, നിങ്ങള്‍ പാര്‍ട്ടിക്കാര്‍ തന്നെയാണ്. അഴിമതി വിരുദ്ധ മേലങ്കി സ്വയമെടുത്ത് അണിയുന്ന നിങ്ങള്‍ എന്നിട്ടെന്തുചെയ്തുവെന്നാണ് ചോദ്യം. മറുപടിയുണ്ടോ കള്ളപ്പണ വിരുദ്ധ മുന്നണിയുടെ അമരക്കാര്‍ക്ക്. മറുപടിയുണ്ടോ നോട്ടുനിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ക്കതിരെ മിന്നലാക്രമണം നടത്തിയ പ്രധാനമന്ത്രിയുടെ പിന്‍മുറക്കാര്‍ക്ക്.? 

കേന്ദ്രസര്‍ക്കാരില്‍ പിടിമുറുക്കിയ അഴിമതി മാഫിയ എന്ന പ്രയോഗത്തില്‍ വിയോജിപ്പുള്ളവര്‍ക്ക് അതും തിരുത്താം, കേന്ദ്ര ആരോഗ്യവകുപ്പില്‍ എന്ന് തല്‍ക്കാലം തിരുത്തിവായിക്കാം. പതിനേഴ് കോടിയുടെ സിംഹഭാഗം ചെന്നെത്തുന്ന ഒരിടം തീര്‍ച്ചയായും വേണമല്ലോ. പാര്‍ട്ടിയുടെ സഹകരണസെല്‍ കണ്‍വീനര്‍ക്കെതിരെ നടപടിയെടുത്ത് അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഫെയ്സ്ബുക്കിലും പുറത്തും ഗീര്‍വാണം പറയുന്ന കെ.സുരേന്ദ്രന്‍ അടക്കമുള്ളവരുടെ നിലപാടിലെ നിരര്‍ത്ഥകതയെക്കുറിച്ചാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അഴിമതി വെറുമൊരു പാര്‍ട്ടി പരിപാടിയാണോ നിങ്ങള്‍ക്ക് എന്നതാണ് പൊതുസമൂഹത്തിന്റെ ചോദ്യം. നിയമത്തിന്റെ മുന്നിലേക്ക് കടത്തിവിടണം ഈ മഹാഅഴിമതിയുടെ കണ്ണികളെ. പ്രതിച്ഛായയുടെ ശീതളിമ തുടരണമെങ്കില്‍ കേന്ദ്ര ഭരണത്തിന്റെ തണല്‍പറ്റി വേരൂന്നുന്ന അഴിമതിയെ വേരോടെ പിഴുതെറിയാനാണ് നടപടി വേണ്ടത്. ഒപ്പം എല്ലാ ശ്രദ്ധയും അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലേക്ക് കേന്ദ്രീകരിക്കുന്നതും ശുദ്ധ കാപട്യമാണ് എന്നുപറയാതെ വയ്യ. അത് പാര്‍ട്ടിയിലെ ആഭ്യന്തരമായ ഭിന്നന്തകളുടെയും വിഴുപ്പലക്കലുകളുടെയും കാര്യം. ഇത്രകാലം നിങ്ങള്‍ മാധ്യമ സൃഷ്ടിയെന്ന് വിശേഷിപ്പിച്ച് നിഷേധിച്ചുകൊണ്ടിരുന്ന സത്യകഥയുടെ സ്വാഭാവികമായ വെളിപ്പെടല്‍. അഥവാ പാര്‍ട്ടിയുടെ സ്വകാര്യം. 

ആ സ്വകാര്യത്തില്‍ കേരളത്തിലെ ജസാമാന്യത്തിന് ഒരു കാര്യവുമില്ലെന്ന് വളരെ വിനയപൂര്‍വം പറയട്ടെ. പാര്‍ട്ടിതന്നെ കണ്ടെത്തിയ തെറ്റുകാരോട്, അനുനിമിഷം പുറത്തുചാടുന്ന പുതിയ അഴിമതി സാക്ഷ്യങ്ങളോട് കേരളത്തിലെയും കേന്ദത്തിലെയും ബിജെപി നേതൃത്വം പുലര്‍ത്തുന്ന തുടര്‍നിലപാടുകളില്‍ മാത്രമാണ് കാര്യം. അതാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ തള്ളിപ്പറയുന്ന പാര്‍ട്ടി നിലപാടും ചുട്ടവിമര്‍ശനം അര്‍ഹിക്കുന്നുണ്ട്. സർക്കാർ വിജിലൻസ് അന്വേഷണം നിക്ഷ്പക്ഷമാകില്ലന്നാണ് വാദം. ഇതും അഴിമതി വിദുദ്ധതയുടെ വിചിത്ര സാക്ഷ്യംതന്നെ. മെഡിക്കല്‍ കോഴയ്ക്ക് പിന്നാലെ കേരളത്തിലെ ഏഴ് പാര്‍ട്ടി ജില്ലാകമ്മിറ്റികള്‍ ആരോപണങ്ങളുടെ നിഴലിലായത് ഒഴുക്കന്‍ മട്ടില്‍ കാണാവുന്നതല്ല. കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തുംനിന്ന് അഴിമതിയുടെയും കള്ളക്കണക്കുകളുടെയും പുതിയ കഥകള്‍ പുറത്തുവരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങിയ സാഹചര്യം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പ്രധാനമന്ത്രിയുമായി വരെയുള്ള അടുപ്പം വ്യക്തമാക്കിയാണ് സതീഷ് നായരെന്ന കുമ്മനത്തിന്റെ ഡല്‍ഹി പി.ആര്‍.ഒ കാര്യസാധ്യം നടത്തിയതെന്നത് കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കുന്നു. 

പുതിയ തലമുറ ബിജെപിക്കാരോട്, ബലികൊടുക്കാത്ത ഒരു തത്വസംഹിതയെക്കുറിച്ച് വാചാലമാകുന്നവരോട് ചിലത് ഓര്‍മപ്പെടുത്തേണ്ടതുണ്ട് ഈ ഘട്ടത്തില്‍. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്, അതായത് അധികാരത്തിന്റെ തണല്‍ ആദ്യമായി പാര്‍ട്ടിയില്‍ വന്നുചേര്‍ന്ന കാലത്തെ അഴിമതി ഗാഥകള്‍ ഒന്നു ഗൂഗിള്‍ ചെയ്ത് നോക്കണം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷമണ്‍ അടക്കം പല പേരുകള്‍ അപ്പോള്‍ തെളിഞ്ഞുവരും. പുതിയ പ്രസംഗങ്ങളും ന്യായങ്ങളും ചമയ്ക്കുമ്പോള്‍ ഈ അഴിമതിക്കഥകള്‍ ഉപകാരപ്പെടും. അങ്ങനെ അല്‍പമെങ്കിലും കപടമുക്തമാകട്ടെ നിങ്ങളുടെ വാചാടോപങ്ങള്‍. 

കേരളത്തില്‍ എന്തുകൊണ്ടാണ് ബി.ജെ.പി വളരാത്തത് എന്ന ചോദ്യത്തിന്റെ ഉത്തരം എന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ.? നാടിന്റെ മതേതര ജീവിതത്തിന് ആ ആശയസംഹിതയും പരിവാരങ്ങളും നിരന്തരം ഏല്‍പ്പിക്കുന്ന കളങ്കങ്ങളെന്നാകും ഉത്തരം. ഇല്ലെന്ന് നൂറായിരം വട്ടം ആവര്‍ത്തിച്ച അഴിമതിയുടെ കറകൂടി പുരളുമ്പോള്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ ഇരുട്ടിലേക്ക് മാറിനില്‍ക്കുന്നു എന്ന് പറയാതെ വയ്യ. വീണ്ടും ആവര്‍ത്തിക്കട്ടെ, ഭരണസ്വാധീനത്തിന്റെ കയ്യൂക്കില്‍ തരപ്പെടുത്തുന്ന കോടികള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ മേലും കറ വീഴ്ത്തുന്നുണ്ട്. എത്രമാറി നിന്നാലും വന്നുവീഴുന്ന അഴിമതിയുടെ മായാക്കറ. ചില്ലറ അഴിമതിയെന്നും പാര്‍ട്ടി നടപടിയെടുത്തുവെന്നും പറഞ്ഞ് തലയുയര്‍ത്താന്‍ പോലും ഇനി ബി.ജെ.പിക്ക് കഴിയില്ല. കാരണം മോദി അഴിമതിക്കെതിരെ എന്തു പറഞ്ഞുവെന്നല്ല, പാര്‍ട്ടി അഴിമതിയെ എങ്ങനെ കാണുന്നുവെന്നാണ് കേരളാഘടകം കാട്ടിത്തന്നത്. ഇനി അഴിമതിയെന്നു പറയുമ്പോള്‍ ബി.ജെ.പിയും നാണിക്കട്ടെ. നാണിക്കണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :