E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഒളിച്ചുകടത്തുന്നത് ആർഎസ്എസ് അജൻഡയോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നുകാലികശാപ്പ് നിയന്ത്രിച്ചത് മൃഗങ്ങളോടുള്ള ക്രൂരത തടയാനാണെന്ന ന്യായീകരണം ആരെയാണ് ചിരിപ്പിക്കാത്തത്.? തിരിച്ച് ഒരൊറ്റ ചോദ്യം മാത്രം. മൃഗങ്ങളുടെ പേരില്‍ മനുഷ്യന്‍ നേരിടുന്ന ക്രൂരത തടയാന്‍ മോദി സര്‍ക്കാര്‍ തയാറാണോ? പശുവിന്റെയും പോത്തിന്‍റെയും കാളയുടെയും ജീവന്റെ വിലയില്ലേ ഭാരതീയന്റെ ജീവന്?· രാജ്യമാകെ ഗോവധനിരോധനം ഒളിച്ചുകടത്തുന്ന ബി.ജെ.പി. സര്‍ക്കാര്‍ മനസിലാക്കേണ്ട ഒരു രാഷ്ട്രീയമര്യാദയുണ്ട്. എന്തുകൊണ്ട് ഒരു തീരുമാനമെടുക്കുന്നുവെന്ന് ജനങ്ങളോട് സത്യം പറയാനുള്ള ധൈര്യം പോലും നിങ്ങള്‍ക്കില്ലെന്ന് സ്വയം സമ്മതിക്കണം. കള്ളം പറഞ്ഞ് ജനങ്ങളെ നേരിടേണ്ടി വരുന്ന രാഷ്ട്രീയനാണക്കേട് ഈ സര്‍ക്കാരിനും ബി.ജെ.പിക്കും അവകാശപ്പെട്ടതാണെന്ന് സ്വയം സമ്മതിക്കണം.

അതിനു മാത്രം എന്തു സംഭവിച്ചുവെന്നാണ് ചോദ്യം. കന്നുകാലികളുെട കശാപ്പിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. കര്‍ഷകര്‍ക്കു വേണ്ടിയല്ലേ, കാലികള്‍ക്കു വേണ്ടിയല്ലേ, ക്രൂരത തടയാനല്ലേ, നല്ല മാംസം ഉറപ്പുവരുത്താനല്ലേയെന്നൊക്കെ വിലാപങ്ങളാണ് ന്യായീകരണത്തിനുള്ളതും.

കന്നുകാലിവളര്‍ത്തലും വ്യാപാരവും കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള നടപടിയെന്ന വിശദീകരണത്തില്‍ ത‍ൃപ്തിപ്പെടാന്‍ തോന്നുമ്പോള്‍ ഇതുകൂടിയൊന്നു കേള്‍ക്കുക. അതായത് ആര്‍.എസ്.എസ്. ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ഗോവധനിരോധനത്തിലേക്കുള്ള ശക്തമായ ചവിട്ടുപടി തന്നെ കൊണ്ടിടുമ്പോഴും കള്ളം പറയാന്‍ ഒരു മടിയുമില്ല ഈ കേന്ദ്രസര്‍ക്കാരിന് എന്നു മനസിലാക്കാന്‍ ഇതു കൂടി കേള്‍ക്കുക.

അതായത് സുഹൃത്തുക്കളെ, സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്. ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത് പൂര്‍ണഗോവധനിരോധനമാണെന്നതും കേന്ദ്രം കാര്‍ഷികമേഖലയുടെ പേരിലെടുക്കുന്ന തീരുമാനവും ഫലത്തില്‍ ഒന്നാകുന്നത് തികച്ചും യാദൃശ്ചികം മാത്രം. ഇങ്ങനെ ജനങ്ങളോട് മുഖത്തു നോക്കി കള്ളം പറഞ്ഞ് നിവര്‍ന്നുനില്‍ക്കാന്‍ മടിയില്ലാത്ത രാഷ്ട്രീയപാര്‍ട്ടി വേറെയുണ്ടോ? സത്യസന്ധതയില്ലാത്ത രാഷ്ട്രീയം അര്‍ഹിക്കുന്ന സ്ഥാനം എവിടെയാണ്?

നടപ്പാക്കുന്നത് ഗോവധനിരോധനം തന്നെ. നാട്ടിലാകെ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും മാട്ടിറച്ചിയുടെ പേരില്‍തന്നെ.ആള്‍ക്കൂട്ടങ്ങള്‍ നടപ്പാക്കുന്ന നീതി ഗോവധനിരോധനരാഷ്ട്രീയം ഒരു മറയുമില്ലാതെ പുറത്തുകൊണ്ടുവരുന്നു. നിയമം മൂലം ഗോവധം നിരോധിച്ച സംസ്ഥാനങ്ങളിലും നിയമം കൈയിലെടുത്ത് ആക്രമണം അഴിച്ചുവിടുന്നത് സംഘപരിവാറുകാരാണ്. നിരോധിക്കാത്തിടങ്ങളിലാകട്ടെ അത് രാഷ്ട്രീയഅവകാശമായി കണ്ട് കൊല്ലും കൊലയും നടത്തുന്നു പരിവാരം. കഴിഞ്ഞയാഴ്ച പോലും ഉത്തരേന്ത്യയില്‍ നിന്ന് ബീഫിന്റെ പേരിലുള്ള കൊലയും അക്രമവും രാജ്യത്തിന്റെ തല കുനിപ്പിച്ചതാണ്. അമ്മട്ടില്‍ വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഒരു തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ മൃഗസ്നേഹം പ്രഖ്യാപിക്കുന്നത്. ഈ ധ്രുവീകരണരാഷ്ട്രീയത്തെ ചെറുത്തുനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലും അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിക്കൊടുത്തിട്ട് മൃഗസംരക്ഷണം മാത്രമെന്ന് നിഷ്ക്കളങ്കത നടിക്കുന്നത്. ഗോവധനിരോധനത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു തന്നെ ഏയ് ഇത് അതല്ലെന്ന് ന്യായീകരിക്കാനുള്ള തൊലിക്കട്ടി കാണിക്കുന്നത്. ഈ കാപട്യത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തുന്നത് അനേകം ആശങ്കകളിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയാണെന്ന് മറക്കാതിരിക്കേണ്ടത് ജനാധിപത്യസമൂഹമാണ്.

‍മൃഗസംരക്ഷണം മാത്രമേയുള്ളൂ രാഷ്ട്രീയമില്ലെന്ന് ഇനിയും മേനി നടിക്കാനാണ് ഭാവമെങ്കില്‍ ഒരൊറ്റ തവണ വിശദീകരിക്കാനാകുമോ സര്‍ക്കാരിന്? നിയമവിധേയമായി തയാറാക്കപ്പെടുന്ന മാട്ടിറച്ചി കഴിക്കുന്നത് കുറ്റമല്ലെന്ന്. അത് നമ്മുടെ സംസ്കാരത്തിന്റെ വൈവിധ്യത്തിന്റെ ഭാഗമാണെന്ന്്. നിയമം കയ്യിലെടുത്ത് ഗോസംരക്ഷകരായി കൊല്ലും മര്‍ദനവും നടപ്പാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന്. കഴിയില്ല. ഇതുവരെ തുനിഞ്ഞിട്ടുമില്ല. കാരണം ഈ രാഷ്ട്രീയത്തില്‍ ഭാരതീയന്റെ ജീവനേക്കാള്‍ വിലയുണ്ട് പശുവിന്റെയും പോത്തിന്റെയും ജീവന്. ഭാരതീയന്റെ ജീവനും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനല്ല സംഘപരിവാര്‍ ഈ കഠിനാധ്വാനം നടത്തുന്നത്. മനുഷ്യരെ സാമുദായികമായി വിഭജിച്ച് അപകടകരമായ ധ്രുവീകരണത്തിന്റെ ചിറകിലേറി അധികാരം ഉറപ്പിക്കാനാണ്. ലോകത്തിലെ ഏറ്റവും വൈവിധ്യമേറിയ മനോഹരമായ സംസ്കാരം പുലര്‍ത്തിപ്പോന്നിരുന്ന നമ്മുടെ മതേതരരാജ്യത്തെ ചിലരുടേത് മാത്രമാക്കാനുള്ള അപകടകരമായ രാഷ്ട്രീയം മാത്രമാണത്.

മൃഗസംരക്ഷണത്തിനായി ഒരു നിയമമുണ്ടാക്കുന്നു. അത് നടപ്പാക്കുന്നു എന്താണ് തെറ്റെന്ന് ചോദിച്ചു വരുന്ന നിഷ്ക്കളങ്കസംഘബുദ്ധികളോടുമുള്ളത് ഒറ്റച്ചോദ്യമാണ്. നിങ്ങളുെട വിശ്വാസത്തിന് സൗകര്യമാകുന്ന മൃഗങ്ങളെ മാത്രം സംരക്ഷിച്ചാല്‍ മതിയോ? ഉല്‍സവങ്ങള്‍ക്ക് മനുഷ്യന്റെ വിനോദത്തിനു വേണ്ടി മാത്രം ദ്രോഹിക്കുന്ന ആനകളോട് ഈ സ്നേഹമില്ലാത്തെന്താണ്? ആനകളെ ദ്രോഹിക്കരുതെന്ന് പറയാന്‍ ധൈര്യമുണ്ടോ ബി.ജെ.പി. സര്‍ക്കാരിന്? വിശ്വാസം മാത്രം, മൃഗസ്നേഹം രാഷ്ട്രീയത്തിന് എന്നല്ലാതെ ഒരു മറുപടി കൈയിലുണ്ടോ? കര്‍ഷകരും മൃഗസ്നേഹികളുമൊക്കെ അമ്പരന്നു പോകുന്ന സ്നേഹമാണ് ഈ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന് പറയാതെ വയ്യ.

കശാപ്പിന് മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ല, അഥവാ വില്‍ക്കാന്‍ തുനിഞ്ഞാല്‍ ആണവകരാറിനേക്കാള്‍ സങ്കീര്‍ണമായ നടപടികള്‍ സ്വീകരിക്കണെന്നാണല്ലോ ഈ ഉത്തരവിന്റെ കാതല്‍. കര്‍ഷകസ്നേഹമെന്ന വിശദീകരണം പുറത്തെടുക്കാന്‍ വരട്ടെ, ഇത് കര്‍ഷകവിരുദ്ധം കൂടിയാണ് . അല്ലെങ്കില്‍ തന്നെ കാര്‍ഷികവൃത്തിയുടെ പേരില്‍ നട്ടെല്ലൊടിഞ്ഞു നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തിയില്ലാത്ത കര്‍ഷകര്‍ ഇനി വാര്‍ധക്യം ബാധിച്ച കാലികളുടെ പരിചരണം കൂടി ഏറ്റെടുക്കണമത്രേ. കാര്‍ഷികവൃത്തിക്കുപകരിക്കുന്ന ആരോഗ്യമുള്ള കാലികളെ വാങ്ങാനുള്ള പണം സ്വരൂപിക്കാന്‍ കൂടിയാണ് കര്‍ഷകര്‍ വാര്‍ധക്യം ബാധിച്ച കാലികളെ വില്‍ക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി മാത്രം, ഇത്ര നാള്‍ സുഗമമായി നടന്നു പോയിക്കൊണ്ടിരുന്ന ഒരു മേഖലയെ ആകെ തകിടം മറിക്കാനുള്ള കുടിലബുദ്ധി കാണിക്കാന്‍ ഈ സര്‍ക്കാരിനു മാത്രമേ കഴിയൂ. കാലികളെ ഉപദ്രവിക്കുന്നത് തടയാനെങ്കില്‍, ഡിജിറ്റല്‍ ഇന്ത്യയില്‍ കാര്‍ഷികയന്ത്രവല്‍ക്കരണം വേഗത്തിലാക്കാനോ പാട്? ക്ഷീരാവശ്യത്തിനൊഴികെ കാലികളെ വളര്‍ത്തുന്നതും ശാരീരികചൂഷണം നടത്തുന്നതും ഒഴിവാക്കാന്‍ ഇത്രയും സങ്കടപ്പെടേണ്ടതില്ല. അതോ ഡിജിറ്റല്‍ ഇന്ത്യയൊക്കെ വെറും വീരവാദം മാത്രമാണെന്ന് സമ്മതിക്കുമോ സംഘപരിവാരം?

ചൂടും എരിവുമുള്ള ഒരു ബീഫ് കറിയേക്കാള്‍ ത്രസിപ്പിക്കുന്ന ന്യായീകരണങ്ങള്‍ കണ്ടു പൊട്ടിച്ചിരിക്കാനുള്ള അവസരവുമൊരുക്കുന്നുണ്ട് ഈ കശാപ്പ് നിയന്ത്രണം. ആഗോളതാപനം നിയന്ത്രിക്കാനാണെന്നു വരെ പറഞ്ഞു തടിരക്ഷിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ ബി.ജെ.പി.നേതാക്കള്‍. മാട്ടിറച്ചിയില്ലാതെ ജീവിക്കാനാകാത്ത കേരളീയര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് കേരളത്തിലെ ബി.ജെ.പി അഖിലേന്ത്യാ ബീഫ് നിരോധന ആഘോഷകമ്മിറ്റിയില്‍ നിന്നും നേരത്തേ പിന്‍വാങ്ങിയതായി അറിയിക്കുന്നു.

ഇതാണ് കേരളത്തിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍റെ ന്യായീകരണം. കാലിസമ്പത്തിന്റെ നാശം ആഗോളതാപനത്തിനു വരെ കാരണമാകുമെന്ന് എല്ലാവരും മനസിലാക്കണം. എവിടെയാണ് നാശമുണ്ടായതെന്നോ ഏതു കണക്ക് കണ്ട് പേടിച്ചിട്ടാണ് ഈ കാലിസമ്പത്ത് വേവലാതിയെന്നോ ചോദിക്കരുത്. അല്ലെങ്കിലും വസ്തുതകള്‍ വച്ച് മറുപടി പറയാന്‍ കഴിയുന്ന ഏതു തീരുമാനം വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ബി.ജെ.പിക്ക് അവസരം നല്‍കിയിട്ടുള്ളത്? നോട്ട് നിരോധനത്തിനു ശേഷം കണക്കു ചോദിച്ചപ്പോള്‍ ഓടിയ ഓട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തതിനാല്‍ ബീഫ് കശാപ്പ് നിരോധനത്തിന്റെ വസ്തുതകള്‍ ചോദിച്ച് ദയവായി ബി.ജെ.പി നേതാക്കളെ ആരും ബുദ്ധിമുട്ടിക്കരുത്. ഇതുപോലൊരു സന്നിഗ്ധാവസ്ഥ ശത്രുക്കള്‍ക്കു പോലുമുണ്ടാകരുതെന്ന് ആരും ആഗ്രഹിച്ചുപോകും.

കേരളത്തില്‍ ജനിച്ചു ജീവിക്കുന്നുവെന്നതില്‍ എന്തുകൊണ്ട് അഭിമാനിക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നുണ്ട് ഈ കുടിലതീരുമാനം. കേരളത്തിന് ഈ തീരുമാനത്തിന്റെ രാഷ്ട്രീയം മനസിലാകും. കേരളം പ്രതിഷേധിക്കും, പ്രതിരോധിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം കൂടി നിലനിര്‍ത്താന്‍ വേണ്ടിയാണ് മലയാളികള്‍ കൃത്യമായ രാഷ്ട്രീയനിലപാടുകളെടുക്കുന്നതെന്ന് തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണ് ബി.ജെ.പി കേരളത്തില്‍ മാത്രം വേവലാതിപ്പെടുന്നത്. ബീഫിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ കൊച്ചുകേരളത്തിന്റെ ശബ്ദം കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നമുക്ക് ഓരോരുത്തര്‍ക്കുമുള്ളതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :