E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

എന്ത് കടപ്പാടിന്റെ പേരിലാണ് ഇവരെ വിട്ടയക്കുന്നത് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളാജനത പൂര്‍ണവിശ്വാസത്തോടെ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഇടതുസര്‍ക്കാരിന് സുതാര്യതയോട് ഇത്ര പേടിയെന്തിനാണ്? ശിക്ഷാഇളവ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് ആര്‍ക്കൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എന്തിനാണീ മടി? വിവാദം ചൂടുപിടിക്കുമ്പോള്‍ വസ്തുതാപരമായ, കൃത്യമായ ഉത്തരം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ആര്‍ജവമില്ലാത്തത് എന്തുകൊണ്ടാണ്? ഒരു വാക്കുകൊണ്ടു പോലും വിവാദങ്ങള്‍ ശരിയല്ലെന്ന് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ്? ജനങ്ങളുടെ അറിയാനുള്ള അവകാശത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യമര്യാദ തന്നെയാണ് നിഷേധിക്കുന്നത്. 

ഇന്നോ ഇന്നലെയോ ഉയര്‍ന്നതല്ല. ഒന്നരമാസത്തോളമായി ശക്തമായി ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യമാണ്. ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളികളെ, മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പുറത്തുവിടാന്‍ ഇടതുസര്‍ക്കാര്‍ ശ്രമം നടത്തിയോ? ചോദ്യം ആദ്യം ഉയര്‍ത്തിയത് കേരളാ ഗവര്‍ണര്‍ തന്നെ.. ആ ചോദ്യത്തോടാണ് സര്‍ക്കാര്‍ ആദ്യമായി പ്രതികരിച്ചതും. 

പക്ഷേ ലിസ്റ്റിനെന്തായിരുന്നു പ്രശ്നമെന്ന് അന്നും മുഖ്യമന്ത്രി പറഞ്ഞില്ല. ഇന്നും പറയുന്നില്ല. ആകെ പറഞ്ഞത് നിയമസഭയിലാണ്. അതാണെങ്കില്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടനല്‍കുന്നതുമാണ്. 

മുഖ്യമന്ത്രിയോട് പ്രതിപക്ഷം അന്ന് സഭയില്‍ രേഖാമൂലം ചോദിച്ചത് ടി.പി.കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നാണ്. ആ ചോദ്യത്തിന് മുഖ്യമന്ത്രി അന്ന് നല്‍കിയ ഉത്തരം ഇതാണ്. ഒന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കി. ‍ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സ്വാഭാവികമായി ശിക്ഷാഇളവ് പരിഗണിക്കാന്‍ പോലും കഴിയില്ലെന്നുറപ്പിച്ചു പറഞ്ഞു. 

എങ്കില്‍ ഇപ്പോള്‍ നടന്നുകഴിഞ്ഞിരിക്കുന്നതെന്താണെന്നു കൂടി മുഖ്യമന്ത്രി വിശദീകരിക്കണം. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നതനുസരിച്ച് മുഖ്യമന്ത്രി നേരിട്ടാണ് ശിക്ഷാഇളവിനുള്ള പട്ടിക തിരുത്തിയത്. ടി.പി.കേസിലെ രണ്ടു പ്രതികളുടെ പേര് പട്ടികയില്‍ നിന്നൊഴിവാക്കിയതും ഗുരുതരമായ പാളിച്ചകള്‍ ഒഴിവാക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. അപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അസത്യമാണോ? പട്ടികയെക്കുറിച്ചറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്തിനാണ്·? ടി.പി.കേസിലെ പ്രതികള്‍ ശിക്ഷാഇളവിന് പരിഗണിക്കപ്പെടാന്‍ പോലുമായിട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയതെന്തിനാണ്? 

പുതിയ ന്യായീകരണങ്ങള്‍ അനുസരിച്ച് കൊടിസുനി, കിര്‍മാണി മനോജ് എന്നീ ടി.പി.കേസ് പ്രതികളുടെ പേരുകള്‍ പട്ടികയില്‍ നിന്നൊഴിവാക്കിയത് മുഖ്യമന്ത്രിയാണ്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്‍റെ പേര് വെട്ടിയതും മുഖ്യമന്ത്രിയാണ്. അതിനു ശേഷമാണ് 1850 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കപ്പെട്ടത്. എങ്കില്‍ മുഖ്യമന്ത്രിക്ക് ശിക്ഷായിളവിന്റെ പട്ടികയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. നിയമസഭയില്‍ ആശയക്കുഴപ്പം മാത്രം അവശേഷിപ്പിച്ച മറുപടി പറയുന്നതിനു മുന്‍പേ തന്നെ. 

എന്നിട്ടും ഈ ഒഴിഞ്ഞു മാറല്‍ എന്തിനുവേണ്ടിയായിരുന്നു? ടി.പി.കേസിലെ 11 പ്രതികളില്‍ പേരു വെട്ടിമാറ്റിയ രണ്ടു പേരൊഴിച്ച് 9 പേര്‍ക്കും ശിക്ഷാഇളവ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാതിരിക്കാനല്ലാതെ മറ്റെന്തിനാണ്? ഇപ്പോള്‍ വിവരാവകാശരേഖ പ്രകാരം പുറത്തു വന്നിരിക്കുന്ന രേഖകള്‍ അനുസരിച്ച് ജയില്‍വകുപ്പ് ടി.പി.കേസിലെ എല്ലാ പ്രതികളെയും ശിക്ഷാ ഇളവിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി രണ്ടുപേരുടെ പേരുകള്‍ ഒഴിവാക്കിയെന്നു മുഖ്യമന്ത്രിയുെട ഓഫിസും പറയുന്നു. സ്വാഭാവികമായും കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ അടക്കം 9 പേര്‍ക്കും ശിക്ഷാഇളവ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ന്യായീകരിക്കുന്നവര്‍ക്കു പോലും സമ്മതിക്കേണ്ടി വരുന്നു 

പിന്നെന്തിനാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ലിസ്റ്റ് ഓര്‍മയില്ലെന്ന് പറഞ്ഞ് താങ്കള്‍ ഒഴിഞ്ഞുമാറിയത്. സാങ്കേതികമായി ശരിയെന്നു തലകുത്തിനിന്ന് ന്യായീകരിച്ചാലും രാഷ്ട്രീയമായ ശരിയല്ലെന്ന് ഉത്തമബോധ്യമുണ്ട്. അല്ലേ? ടി.പി.ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് 14 വര്‍ഷം കഴിഞ്ഞ് കിട്ടാവുന്ന ഇളവാണ് ഇപ്പോഴേ കൊടുക്കുന്നതെന്ന് നിയമസഭയില്‍ പറഞ്ഞുനില്‍ക്കാനാവില്ലെന്നും തിരിച്ചറിവുണ്ടെന്നര്‍ഥം. അര്‍ധസത്യങ്ങള്‍ പാതിയില്‍ നിര്‍ത്തി രക്ഷപ്പെടുന്നതിനെയാണോ ഇടതുപക്ഷം രാഷ്ട്രീയസുതാര്യതയെന്നു വിളിക്കുന്നത്? അതാണോ വിശ്വാസമര്‍പ്പിച്ച ജനത ഈ ഭരണകൂടത്തില്‍ നിന്നും ഇടതുരാഷ്ട്രീയത്തില്‍ നിന്നും അര്‍ഹിക്കുന്നത്? 

പറഞ്ഞുനില്‍ക്കാന്‍ ഇനിയും ന്യായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ സി.പി.എമ്മിന്റെ ന്യായീകരണസംവിധാനങ്ങള്‍ക്ക് പുതിയ പോയന്റുകള്‍ അങ്ങോട്ടു നല്‍കാം. യു.ഡി.എഫും ടി.പി.കേസ് പ്രതികളുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു. യു.ഡി.എഫ് പട്ടികകള്‍ അതേപടി നടപ്പാക്കണമെന്നാണോ 10 മാസം മുന്‍പ് കേരളജനത വിധിയെഴുതിയതെന്നു ചോദിക്കരുത്. താല്‍പര്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്, ടി.പി.കേസിലൊക്കെ രണ്ടു മുന്നണികളും അതിയാദൃശ്ചികമായി കൂട്ടിമുട്ടിയെന്നിരിക്കും. നിയമത്തില്‍ അതിനുള്ള പഴുതുകളുണ്ടല്ലോ എന്ന് ഒറ്റശബ്ദത്തില്‍ മറുപടിയുമാവാം. 

അപ്പോള്‍ അടുത്ത ചോദ്യം വരും. വാടകക്കൊലയാളികള്‍ക്ക് ശിക്ഷാഇളവ് പാടില്ലെന്നു നിയമത്തിലുണ്ടല്ലോ. ടി.പി.വധക്കേസിലെ വിധിന്യായം നന്നായി പരതിയാല്‍ അതിനും പഴുതുണ്ട്. വാടകക്കൊലയാളികള്‍ എന്നല്ല, സി.പി.എം. നേതാക്കളുടെ രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള രാഷ്ട്രീയഉപകരണങ്ങളായി പ്രവര്‍ത്തിച്ചുവെന്നാണ് കൊലയാളികളെക്കുറിച്ച് വിധിന്യായത്തിലുള്ളത്. അപ്പോള്‍ രാഷ്ട്രീയകൊലപാതകമാണോ ടി.പി.കേസ് എന്നൊക്കെ ചോദിച്ച് കുഴപ്പിക്കുമെന്നറിയാവുന്നതുകൊണ്ടുതന്നെയാണ് സര്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിച്ചത്. 

ടി.പി.കേസിലെ പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളില്ലേ, അവര്‍ക്കും ഇളവുകള്‍ കൊടുത്തുകൂടേ എന്നാണ് ചോദ്യമെങ്കില്‍ മറുപടിയുമുണ്ട്. സര്‍ക്കാരിനു തന്നെ തുറന്നു സമ്മതിക്കാന്‍ കഴിയാത്ത തരം ശരികേടുണ്ട് ഈ നടപടിയില്‍. ഹൈക്കോടതിയില്‍ അപ്പീല്‍ പോലും തീര്‍പ്പാക്കിയിട്ടില്ലാത്ത കേസില്‍, ഇത്രയും തിടുക്കപ്പെട്ട് 14 കൊല്ലം കഴിഞ്ഞ് കിട്ടിയേക്കാവുന്ന ഇളവ് സംഭാവന ചെയ്തുറപ്പിക്കുന്നത് ഏതു കടപ്പാടിന്റെ പേരിലാണ്? ഏത് സാമൂഹ്യനീതിയുടെ പേരിലാണ്? തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല എന്നാണ് നമ്മുടെ സര്‍ക്കാര്‍ നമ്മളോടു പറയുന്നത്. 

രാഷ്ട്രീയമായ ശരികേടുകള്‍ മാത്രമെന്നു നിശബ്ദതയില്‍ ഒളിക്കാനാകില്ല സര്‍ക്കാരിന്. ജയിലിലെത്തിയ ശേഷം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയ കൊടിസുനിയും കിര്‍മാണി മനോജും എങ്ങനെയാണ് ജയില്‍വകുപ്പിന്റെ നല്ല നടപ്പുകാരുടെ പട്ടികയിലെത്തിയത്? ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് മൂന്നു മാസം പോലും തികയുന്നതിനു മുന്‍പ് നിഷാം എന്ന ശതകോടീശ്വരന്‍ ശിക്ഷാ ഇളവിനുള്ള ശുപാര്‍ശ നേടിയെടുത്തതെങ്ങനെയാണ്·? കാപ്പ ചുമത്തപ്പെട്ട ഓംപ്രകാശ് എന്ന ഗുണ്ടാനേതാവും ഇളവര്‍ഹിക്കുന്നുവെന്നു കണ്ടെത്തിയതാരാണ്.ഇവര്‍ക്കൊക്കെ ശിക്ഷാഇളവ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ നടപടി അര്‍ഹിക്കുന്നില്ലേ? ഈ വീഴ്ചകള്‍ കാണാതെ പോയ നിരീക്ഷണസമിതി വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരല്ലേ? സര്‍ക്കാര്‍ തിരുത്തി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച പട്ടികയില്‍ ആരൊക്കെയുണ്ടെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? അതോ അതും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവരഹസ്യമാണോ? 

ജയില്‍ വകുപ്പ് സ്വയംഭരണാധികാരമുള്ള പ്രത്യേക സ്ഥാപനമൊന്നുമല്ല. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ പ്രവര‍്ത്തിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ തീരുമാനമെടുത്തത് സര്‍ക്കാരാണ്. മുഖ്യമന്ത്രി വെട്ടിത്തിരുത്തി ശരിയാക്കിയെന്നു പറയുന്ന പട്ടികയില്‍ നിന്ന് ടി.പി.കേസിലെ രണ്ട് പ്രതികള്‍ ഒഴിവായിപ്പോയത് അദ്ദേഹത്തിന്റെ നീതിബോധത്തിന്‍റെ മഹത്വം കൊണ്ടല്ല. ജയിലില്‍ അടിയുണ്ടാക്കിയതുകൊണ്ട് നല്ലനടപ്പുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരു നിര്‍വാഹവുമില്ലാത്തതുകൊണ്ടാണ്. ന്യായീകരിച്ച് ന്യായീകരിച്ച് ഒടുവില്‍ പിണറായി വിജയന്‍ നേരിട്ട് തിരുത്തിയ പട്ടികയാണ് ഗവര്‍ണര്‍ക്കു നല്‍കിയതെന്ന് പറഞ്ഞുവയ്ക്കുമ്പോള്‍ വിഴുങ്ങാനാകാത്ത ചോദ്യങ്ങളിലേക്കു തന്നെയാണ് തിരിച്ചെത്തുന്നതെന്ന് തിരിച്ചറിയണം സര്‍ക്കാര്‍ 

വിവരാവകാശ നിയമത്തെ നിര്‍ജീവമാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നതിന്റെ പശ്ചാത്തലം കൂടി വ്യക്തമാക്കുന്നുണ്ട് ഉരുണ്ടുകളിക്കുന്ന വിശദീകരണങ്ങള്‍. സര്‍ക്കാരിന്റെ വീഴ്ചകള്‍ തിരുത്തുമെന്നു പാര്‍ട്ടി തീരുമാനിക്കുന്ന അതേ നാളുകളിലാണ് മറുപടി പറയാന്‍ ആരുമില്ലാതെ ശിക്ഷാഇളവിലെ അശരീരി ന്യായീകരണങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നത്. എത്ര പ്രസ് സെക്രട്ടറിമാരെ കൂടുതല്‍ നിയമിച്ചാലും സുതാര്യമായ തീരുമാനങ്ങളും സമീപനവുമില്ലാതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാകില്ല. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍, നടന്ന കുറ്റങ്ങളില്‍ നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് പതിനഞ്ചിലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ഒരൊറ്റ മാസത്തിനിടെ 

നടപടി നേരിടേണ്ടി വന്നത്. ആഭ്യന്തരവകുപ്പിന്റെ പോക്കെങ്ങോട്ടെന്ന് നേരിട്ടു ചോദിക്കാനാകാത്ത പാര്‍ട്ടിയുെട പ്രതിസന്ധി ജനതയ്ക്കില്ലെന്നും ഓര്‍മിക്കുന്നത് നല്ലതാണ്. സുതാര്യതയിലും ഒളിച്ചുകളിയെന്തിനെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ പാര്‍ട്ടിക്കു മാത്രമേ പേടിയുണ്ടാകൂ. 

എന്തുകൊണ്ടെന്നാല്‍ സുതാര്യത ജനങ്ങളുടെ അവകാശമാണ്. ‍ഞങ്ങളുടെ പാര്‍ട്ടി, ‍ ഞങ്ങളുടെ കാര്യം എന്ന ധാര്‍ഷ്ട്യം ജനങ്ങളോട് നടക്കില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുണ്ടായ ആവേശം എന്തുകൊണ്ട് പൊലീസിങിലുണ്ടാകുന്നില്ലെന്ന് മാത്രമല്ല ചോദ്യം. ആര്‍ക്കു വേണ്ടി നിലകൊള്ളുന്നതാണ് നീതിയെന്ന ചോദ്യത്തിനും ഈ സര്‍ക്കാര്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രി മറുപടി നല്‍കുക തന്നെ വേണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :