ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍

SHARE

പി.സി.ജോര്‍ജ് എം.എല്‍.എ യുമായുള്ള നേരേ ചൊവ്വേയുടെ പൂര്‍ണവീഡിയോ കാണാം.

എം.എല്‍.എ. ഹോസ്റ്റല്‍ ജീവനക്കാരനെ മര്‍ദിക്കാം, തോട്ടം തൊഴിലാളിക്കുനേരെ തോക്കെടുക്കാം, ഇപ്പോള്‍ നടിയെ ആക്രമിച്ചകേസില്‍ സ്ത്രീവിരുദ്ധ നിലപാട്, പേര് പി.സി.ജോര്‍ജ് എന്നായാല്‍ എന്തുംആകാമെന്നാണോ?

നമ്മുടെ കേരള മാധ്യമരംഗത്തെ ഏറ്റവും സീനിയറായ പത്രപ്രവര്‍ത്തകനാണ് ജോണി ലൂക്കോസ്, ഞാന്‍ ചിരിച്ചെങ്കിലും ജോണി ലൂക്കോസ് ഇങ്ങനെ ചോദിക്കുമ്പോള്‍ എനിക്ക് മനസ്സില്‍ ഒരുവേദനയാണ്. എന്താണ് സത്യം ഞാന്‍ എം.എല്‍.എ. ഹോസ്റ്റല്‍ കന്‍റീന്‍ ജീവനക്കാരനെ തല്ലിയിട്ടില്ല. ആ സത്യം എം.എല്‍.എമാര്‍ക്ക് മുഴുവന്‍ അറിയാം, അവനറിയാം. മാണി ഗ്രൂപ്പുണ്ടാക്കിയ ഒരു കള്ളക്കച്ചവടം. രണ്ട്, എസ്റ്റേറ്റ് തൊഴിലാളികളുടെമേല്‍ തോക്കെടുത്തില്ല ഞാന്‍, എസ്റ്റേറ്റിലെ പാവപ്പെട്ട 58 കുടുംബങ്ങള്‍ ആ കുടുംബങ്ങളിലെ സ്ത്രീകളെ ആക്രമിക്കുന്ന ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍ എന്നെ ആക്രമിക്കാന്‍ വന്നു. എന്‍റെ കൈയില്‍ തോക്കില്ലായിരുന്നുവെങ്കില്‍ അവന്‍മാര്‍ ആക്രമിക്കുമായിരുന്നു. അതുകൊണ്ട് ഞാന്‍ തോക്കെടുത്തു. ഓള്‍ ഇന്ത്യ ലൈസന്‍സുള്ള ചെക്കോസ്ലോവാക്യന്‍ തോക്കാണ് എന്‍റെ കൈയിലിരിക്കുന്നത്. 

ഇപ്പോള്‍ ഈ ദിലീപിന്‍റെ കേസിലേക്കുവന്നാല്‍ താങ്കളുടെ മണ്ഡലമല്ല അത്, താങ്കള്‍ ദിലീപിന്‍റെ സുഹൃത്തുമല്ല പിന്നെ എന്തിനാണ് താങ്കള്‍ ഈ കേസില്‍ കേറികളിക്കുന്നത്?

ഞാന്‍ കോവളം കൊട്ടാരം വിറ്റത് തെറ്റെന്ന് പറഞ്ഞ പൂഞ്ഞാറിലാണോ കോവളം കൊട്ടാരം, ചക്കിട്ടപ്പാറ കച്ചവടം ചെയ്തപ്പോള്‍ അതിനെതിരെ സമരം ചെയ്തത് പൂഞ്ഞാറിലാണോ, അത് കോഴിക്കോടാണ്, ഇവിടുത്തെ പാവപ്പെട്ട പട്ടികജാതിക്കാര്‍ ചെങ്ങറ സമരം നടക്കുന്നു. അപ്പോള്‍ ഞാന്‍ അവിടെ പോയി, പൂഞ്ഞാറിലാണോ ചെങ്ങറ. 

അപ്പോള്‍ എല്ലാപ്രശ്നങ്ങളിലും താങ്കള്‍ക്കിടപ്പെടാം, പക്ഷെ ഇക്കാര്യത്തിലുള്ള പ്രത്യേകതാല്‍പ്പര്യം എന്താണ്? ഒരു ഇടപാട് താങ്കള്‍ക്ക് ദിലീപുമായിട്ടുണ്ടോ? അല്ലെങ്കില്‍ കടപ്പാടുണ്ടോ?

ഒരു പ്രത്യേകതാല്‍പ്പര്യവുമില്ല, എനിക്ക് ദിലീപുമായിട്ടെന്നല്ല, സിനിമാലോകത്തെ ആരുമായിട്ടും ഒരു കടപ്പാടുമില്ല. യാതൊരു ബന്ധവുമില്ല. ദിലീപിനെ ജീവിതത്തില്‍ ഒരുപ്രാവശ്യമെ കണ്ടിട്ടുള്ളു. അത് കണ്ടതും ഒരുസെക്കന്‍ഡ്. ഒരു സിനിമാലൊക്കേഷനില്‍ ഒരു സെക്കന്‍്ഡ് കണ്ടു. ഒരു ഹായ് പറഞ്ഞതല്ലാതെ ജീവിതത്തില്‍ മിണ്ടിയിട്ടുപോലുമില്ല.

ഒരു കേസില്‍ പ്രതിയാകുന്നതിനുമുന്‍പ് ദിലീപിന്‍റെ സുഹൃത്തുക്കള്‍ ഒരുപാടുപേരുണ്ട്. പക്ഷേ അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള ആളുകള്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടും താങ്കള്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നതെന്തുകൊണ്ടാണ്?

ഞാന്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നില്ല. പക്ഷേ കേരളത്തിലെ പോലീസ്, എല്ലാത്തിനെയും എനിക്ക് സംശയമുണ്ട്. ഒരു ഉദാഹരണം പറയാം. ഈ കേസിന്‍റെ ആരംഭത്തില്‍ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ചമുന്‍പ് പറഞ്ഞു. ദിലീപ് കേസ് അന്വേഷിക്കുന്ന പൊലീസ് അന്വേഷണസംഘത്തില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നവര്‍ കുറവാണ്. ദിലീപിനെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു സംശയവുംവേണ്ട അതിലെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി സ്ഥലംമാറ്റുമെന്ന് ഞാന്‍ പറഞ്ഞു. ഇന്നലെ പത്രം കണ്ടോ മാറ്റി

ദിലീപിന് എന്തുകൊണ്ട് ജാമ്യംകിട്ടിയില്ല, അങ്കമാലി കോടതി എന്തുകൊണ്ട് ദിലീപിന് ജാമ്യംകൊടുത്തില്ല ? 

പള്ളിക്കൂടത്തില്‍ പോയിട്ടുള്ള ഏതെങ്കിലും ഒരു വക്കീലിനോട് ചോദിക്കണം. അങ്കമാലിയിലെ മജിസ്ട്രേട്ടിന് ദിലീപിന് ജാമ്യംകൊടുക്കാന്‍ പറ്റുമോ, പറ്റില്ല. അതുകഴിഞ്ഞ് ഹൈക്കോടതിയില്‍ പോയി , ഹൈക്കോടതിയുടെ മുന്‍പില്‍ പോയി, എന്താണ് ഹൈക്കോടതിയില്‍ പൊലീസ് പറഞ്ഞത്. നമ്മുടെ ഡല്‍ഹിയിലെ പാവപ്പെട്ട പെണ്‍കുട്ടി ആ പെണ്‍കുട്ടിയെപീഡിപ്പിച്ചതിലും ക്രൂരമായിട്ടാണ് നമ്മുടെ സിനിമാനടിയെ പീഡിപ്പിച്ചത്. അതുകൊണ്ട് അന്വേഷിക്കാന്‍ സമയംവേണം. ജാമ്യം കൊടുക്കരുത്. അതുകൊണ്ട് ദിലീപിന് ജാമ്യം ഹൈക്കോടതി കൊടുത്തെങ്കിലോയെന്ന് പേടിച്ചിട്ട് കോടതിയില്‍ പൊലീസ് കൊടുത്ത മൊഴിയാണ്. 

ദിലീപിനെ ശിക്ഷിക്കുന്നതുവരെ കുറ്റവാളിയല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. പക്ഷേ വിശ്വസിക്കണമെങ്കില്‍ ഒരു എം.എല്‍.എ. പറയണമെങ്കില്‍ അതിനുപിറകില്‍ എന്തെങ്കിലും ഒരു തെളിവുവേണം. താങ്കളുടെ കയ്യില്‍ എന്ത് തെളിവാണുള്ളത്?

ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ പെണ്‍കുട്ടിയെ എന്ന് പൊലീസ് പ്രസ്താവന നല്‍കണം. അതാണ് പൊലീസിലെ ഏറ്റവും വലിയ മര്യാദക്കേട്. നിര്‍ഭയ എന്നാല്‍ ആറോ ഏഴോ കശ്മലന്‍മാര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലാറാക്കി ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞാണ്. അതാണ് നിര്‍ഭയ. ആ കുഞ്ഞിനെക്കാള്‍ ഭീകരമായി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ രണ്ടാംദിവസം ഈ കൊച്ചെങ്ങെനെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.

പീഡനക്കേസ് എന്നുപറഞ്ഞാല്‍ ശരീരമാസകലം പരുക്കുപറ്റി ആശുപത്രിയില്‍ കിടക്കുക എന്നാണോ അര്‍ഥം?

ആ കുട്ടിയോട് ചെയ്തത് എഫ്.ഐ.ആറില്‍ കൊടുത്തിട്ടുണ്ടല്ലോ. അത് ഹൈക്കോടതയില്‍ പറഞ്ഞാല്‍ പോരെ. അതിനുപകരം നിര്‍ഭയയെക്കാള്‍ ഭീകരമായി ആക്രമിച്ചുഎന്ന് പറയുന്നതെന്തിനാണ്. 

പൂര്‍ണമായും സ്ത്രീവിരുദ്ധമായ പ്രസ്താവനയല്ലേയിത്?

അല്ല. നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ പറയരുത്

താങ്കളെ സമ്മതിച്ചിടത്തോളം സ്ത്രീയോടുള്ള ക്രൂരത എന്ന് പറയുന്നത് പിന്നെ എന്താണ്?

സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നതുപോലും തെറ്റാണ്. 

അത് സമ്മതിക്കുന്ന ഒരാള്‍ക്ക് ഇതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത്? 

പൊലീസ് പറയേണ്ടത് നിര്‍ഭയയെക്കാള്‍ ഭീകരമായി പീഡിപ്പിച്ചുവെന്നാണോ. അതാണ് അവിശ്വാസമുണ്ടാക്കുന്നത്. ഞാന്‍ പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. പൊലീസ് കാണിച്ച മര്യാദക്കേട് എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഈ പെണ്‍കുട്ടിയെ ആക്രമിച്ചില്ല എന്ന് ഞാന്‍ പറഞ്ഞില്ല.

ദിലീപ് കുറ്റവാളിയല്ല എന്ന് താങ്കള്‍ വാദിച്ചോളു. പക്ഷേ അതിന്റെയെല്ലാംപേരില്‍ താങ്കള്‍ ബാക്കിയുള്ളവരുടെയെല്ലാംമേലെ ചെളിവാരിയെറിയരുത്. എം.എല്‍.എ. എന്ന നിലയില്‍ അത് മോശമല്ലേ?

ഒരു എം.എല്‍.എ എന്ന നിലയില്‍ ശരിെചയ്യാന്‍ ബാധ്യതപ്പെട്ടവനാണ് ഞാന്‍. ദിലീപിന്‍റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുന്നു. ഒരു കേസ് ജനത്തിനുമുന്നില്‍ വിശ്വാസത്തോടെ പറയാന്‍ സാധിച്ചിട്ടുണ്ടോ. ഒരുതെളിവ് ജനത്തിനുമുന്നില്‍ വച്ചാല്‍ മതി എനിക്ക് ബോധ്യപ്പെട്ടാല്‍ ‍ഞാന്‍ ഈ പ്രശ്നം നിര്‍ത്തിയേക്കാം

തെളിവുകള്‍ ബോധ്യപ്പെടുത്തേണ്ടത് കോടതിയെയാണ്. പി.സി.ജോര്‍ജിനേയല്ല ? 

ഇത് ജനാധിപത്യരാജ്യമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തണം. കോടതിക്ക് ബോധ്യപ്പെട്ടാല്‍ ശിക്ഷ. കോടതി വെറുതെവിടുന്ന കാര്യംപോലും ജനങ്ങളുടെ ജനകീയ കോടതി വെറുതെ വിടുകയില്ല. കുറ്റം ചെയ്താല്‍ ജനകീയകോടതിയില്‍ ശിക്ഷയുണ്ടാകും. 

ദിലീപിന് വേണ്ടി താങ്കള്‍ വാദിച്ചോളു, പക്ഷേ അതിന്‍റെപേരില്‍ എന്തിനാണ് താങ്കള്‍ വീണ്ടും വീണ്ടും നടിയെ കുറ്റപ്പെടുത്തുന്നത്, നടിയെ വേദനിപ്പിക്കുന്നത്? ഇങ്ങനെയൊരു ആക്രമണമുണ്ടായപ്പോള്‍ അത് മറച്ചുവയ്ക്കാതെ പരാതി കൊടുക്കാന്‍ ധൈര്യം കാണിക്കുകയും ജോലിയിലേക്ക് പോകുകയും ചെയ്ത ആ നടിയെ അഭിനന്ദിക്കുകയയല്ലേ വേണ്ടത്?

ആര് വേദനിപ്പിച്ചു.  പിന്നെ സിനിമാനടിമാരെ ആദരിക്കേണ്ട ആവശ്യം എനിക്കില്ല. ആ നടിയെ പറ്റി നല്ലവാക്കുമാത്രമല്ല ‍ഞാന്‍ പറയുന്നത്. ആ നടിയെ എനിക്ക് ഇഷ്ടമാണ്. ഒരു സംശയവും വേണ്ട ആ നടിയെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. ഇവിടെ പുരുഷന്‍മാര്‍  പലകാര്യങ്ങള്‍ക്കും ഇരയാകുന്നു. എം.വിന്‍സന്‍റ് എം.എല്‍.എ. ജയിലില്‍ കിടക്കുന്നതിനും എനിക്ക് ദുഃഖമുണ്ട്. ജോസ് തെറ്റയിലിന് ഇത്തരം അനുഭവം ഉണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് കാത്തിരുന്നു, അറസ്റ്റ് ചെയ്തില്ല, എന്നാല്‍ ആ മര്യാദ പിണറായി കാണിച്ചില്ല. ഇവിടെയുള്ള മനുഷ്യസമൂഹത്തിനും, പരിഷ്കൃത സമൂഹത്തിനും നീതിബോധമുള്ളവര്‍ക്കും മാന്യമായ സ്ത്രീകള്‍ക്കും സഹായകരമായ ഉറച്ചനിലപാടുമായി ഞാന്‍ മുന്‍പോട്ട് പോകും. 

MORE IN Nere Chovve
SHOW MORE