വട്ടവടയുടെ ഹൃദയവും മണ്ണും തൊട്ട ക്യാരറ്റ് വസന്തം; ജൈവം സുരക്ഷിതം

vattavada-carrot-nattupacha
SHARE

ഇടുക്കി ജില്ലയിലെ സമ്പൂർണ്ണ കാർഷികഗ്രാമമായ വട്ടവടയിലെ പ്രധാന കൃഷികളിൽ ഒന്നാണ് ക്യാരറ്റ് . ഒട്ടുമിക്ക കർഷകരും വർഷത്തിൽ ഒന്നോരണ്ടോ തവണ ക്യാരറ്റ് ഇവിടെ കൃഷി ചെയ്യും. ശീതകാല പച്ചക്കറിയാണ് ക്യാരറ്റ് എങ്കിലും ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ വേനൽകാലത്തും വട്ടവടയിൽ ക്യാരറ്റ് കൃഷി ചെയ്യുന്നുണ്ട്.  തണുപ്പ് കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങൾ ആണ് ക്യാരറ്റ് കൃഷിക്ക് അനുയോജ്യം.

വട്ടവടയുടെ കുന്നിൻചെരിവുകളായ ഭൂമിയെ തട്ടുതട്ടായി തിരിച്ചും പാടത്ത് ബെഡ്  ഒരുക്കിയുമാണ്  ക്യാരറ്റ് കൃഷി ഇവിടെ ചെയ്യുന്നത്. മഴക്കാലത്ത് ബെഡ് ഒരുക്കുമ്പോൾ ബെഡിന് കൂടുതൽ ഉയരം നൽകും . മഴവെള്ളം കയറി ക്യാരറ്റ് ചീഞ്ഞ് പോകാതിരിക്കാനാണിത്. കാരറ്റിന്റെ കൃഷിയിടത്തിൽ വെള്ളം ഒഴുകി പോകുന്ന വിധമായിരിക്കണം ചാലുകൾ ക്രമീകരിക്കേണ്ടത്. മണ്ണിൽ വെള്ളം കെട്ടിനിൽക്കാതെ ചെറിയ നനവ് മാത്രം ഉണ്ടായിരിക്കുന്നത് ക്യാരറ്റിന് നല്ലതാണ്. 

മറ്റു പച്ചക്കറി കൃഷികൾ പോലെതന്നെ,  ചാണകം ഇട്ട് മണ്ണ് കിളച്ചിളക്കി വേണം കൃഷിയുടെ ഒരുക്കം തുടങ്ങാൻ . ഇളക്കിയ മണ്ണ് 15 ദിവസത്തോളം ഒന്നുംചെയ്യാതെ ഇടും. തുടർന്ന്  ബെഡ് ഒരുക്കലാണ് അടുത്തഘട്ടം.  ബെഡിൽ ക്യാരറ്റിന്റെ അരികളാണ് വിതയ്ക്കുന്നത്. പൂനയിൽ നിന്നും വിദേശത്തുനിന്നും ഒക്കെ വരുത്തുന്ന ക്യാരറ്റ് വിത്തുകളാണ് ഇവിടെ കൃഷിക്കുപയോഗിക്കുന്നത് . വളരെ ചെറിയ അരികളാണ് ക്യാരറ്റിന്റെ വിത്ത് . വിതച്ച് പന്ത്രണ്ട് ദിവസംകൊണ്ട് ചെടികൾ കിളിർത്ത് വരും.  ഇരുപത് ദിവസംകൊണ്ട് രണ്ട് ഇഞ്ചോളം വലിപ്പം ആകും ഈ തൈകൾ. 

ക്യാരറ്റിന്റെ രണ്ടു തൈകൾ തമ്മിൽ 5 ഇഞ്ച് എങ്കിലും അകലം ആവശ്യമാണ് . അതു കൊണ്ട് 20 ദിവസത്തെ വളർച്ചയെത്തുമ്പോൾ കൂടുതൽ അടുത്തുള്ള തൈകൾ പറിച്ചു മാറ്റും. മണ്ണിൽ നനവ് ഉണ്ടാകുമ്പോൾ സ്വാഭാവികമായും കളകളും അതുപോലെ വർദ്ധിക്കും. അതുകൊണ്ട് 20 ദിവസം പ്രായമാകുമ്പോൾ തൊട്ട് ഇടയ്ക്കിടെ കളകൾ പറിച്ചു മാറ്റണം. അടിവളമായി ചാണകം നൽകി കഴിഞ്ഞ്  ഇവിടുത്തെ കർഷകർ 35 ദിവസമാക്കുമ്പോൾ വീണ്ടും ഒരു വളപ്രയോഗം കൂടി ചെയ്യാറുണ്ട്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ ഒരു മിക്സ്ചർ ചെടികൾക്ക്  35 ദിവസമാകുമ്പോൾ ഇട്ടുനൽകും. 

ക്യാരറ്റ് ചെടികൾക്ക് 70 ദിവസം വളർച്ച എത്തുന്നതുവരെ മഴയില്ലെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം നനച്ചുകൊടുക്കണം വെള്ളം അധികമായി കെട്ടിനിൽക്കാതെ വേണം ജലസേചനം 70 ദിവസങ്ങൾക്കുശേഷം ജലസേചനത്തിന്റെ തോത് ഒന്ന് ഇടവിട്ട ദിവസമായി മാറ്റും. കാരണം ഈ സമയത്താണ് ക്യാരറ്റ് കിഴങ്ങ് കൂടുതൽ വളർച്ച നേടുന്നത് വണ്ണവും നീളവും നിറവും കിഴങ്ങിന് കൂടുതലായി വക്കുന്നത് ഈ ദിവസങ്ങളിലാണ്. 90 ദിവസം ആകുമ്പോൾ ക്യാരറ്റ് വിളവെടുക്കാം.

 ഇലകൾ പച്ചനിറത്തിൽ നിന്ന് നേരിയ മഞ്ഞനിറത്തിൽ മാറുമ്പോൾ തിരിച്ചറിയാൻ കഴിയും ക്യാരറ്റ് മൂപ്പ് ആയിട്ടുണ്ട് എന്നുള്ളത് . കിഴങ്ങുകൾ പൊട്ടാതെ ശ്രദ്ധയോടെ വേണം പറിച്ചെടുക്കാൻ . 90 ദിവസം ആകുമ്പോൾ തന്നെ ക്യാരറ്റ് പറിച്ചെടുത്ത് അന്നുതന്നെ വിപണിയിൽ എത്തിക്കണം കൂടുതൽ ദിവസം നിലനിർത്തിയാൽ കിഴങ്ങ് ചെയ്യാനും പൊട്ടിപ്പോകാനും സാധ്യത കൂടുതലാണ് വാട്ട് രോഗങ്ങളും ഇല കരച്ചിലും ഒക്കെയാണ് ക്യാരറ്റ് നേരിടുന്ന പ്രധാന രോഗങ്ങൾ എന്നാൽ അതിലേറെ കർഷകർ നേരിടുന്ന ദുരിതം എലികളുടെയും വന്യമൃഗങ്ങളുടെയും ശല്യമാണ്. 

വട്ടവടയിൽ കൃഷി ചെയ്യുന്ന കാരറ്റ് സുരക്ഷിതമായി കഴിക്കാവുന്നതാണ് എന്ന് ലാബ് പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നിരവധി കർഷകർ ജൈവ മാർഗങ്ങളിലൂടെയാണ് ക്യാരറ്റ് അടക്കമുള്ള പച്ചക്കറികളുടെ കൃഷിചെയ്യുന്നത്. പച്ചക്കറികൾക്ക് മികച്ച വിളവ് ലഭിക്കുന്ന മണ്ണാണ് വട്ടവടയിലേത്.  ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കേരളത്തിലേക്കാൾ കൂടുതൽ തമിഴ്നാട്ടിലേക്കണ് കയറി പോകുന്നത്. അവിടെനിന്നും പല കൈകൾ മറിഞ്ഞ് വീണ്ടും കേരളത്തിലെ വിപണികളിലേക്ക് ഈ പച്ചക്കറി എത്തും . കിലോയ്ക്ക് പത്തുരൂപ കർഷകന്  ക്യാരറ്റിന് വില  ലഭിക്കുമ്പോൾ  ഉപഭോക്താവ് നൽകുന്നത്  50 രൂപയ്ക്ക് മുകളിലാണ് വില.  ഇടനിലക്കാരുടെ ചൂഷണം ആണ് ഇവിടെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം . 

കേരളത്തിലെ പച്ചക്കറി മൊത്ത വ്യാപാരികൾക്ക് ഇവിടെനിന്ന് പച്ചക്കറി വാങ്ങാൻ  താൽപര്യം വളരെ കുറവാണ്. വിഎഫ്പിസികെ പോലുള്ള സർക്കാർ സംഭരണ സംവിധാനങ്ങൾക്ക് ആകട്ടെ കർഷകനെ ചൂഷണത്തിൽനിന്നും രക്ഷിക്കുവാനും , ന്യായമായ വില ഉറപ്പാക്കുവാനും ,  ഇടപെടലുകൾ നടത്താനും ഇതുവരെ   കഴിഞ്ഞിട്ടില്ല. അൽപമെങ്കിലും വില ലഭിക്കുന്നത് തമിഴ്നാട്ടിലെ മധുര മാർക്കറ്റിലാണ് - അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള നല്ല പച്ചക്കറികൾ നമ്മുടെ നാടിന് ലഭിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറി പോകുകയാണ്.

കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് ആവശ്യമായ അത്രയും പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ വട്ടവടയിലെ കർഷകർക്ക് കഴിയും . അതിന് വേണ്ടത് കർഷകർക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകണം. നൂതന കാർഷിക മുറകൾ അവരെ പരിശീലിപ്പിക്കണം . കേന്ദ്രീകൃത സംഭരണ സംവിധാനങ്ങൾ ഉണ്ടാകണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മികച്ച വില ഉറപ്പാക്കാൻ കഴിയണം. വട്ടവട പച്ചക്കറികൾ എന്നപേരിൽ ബ്രാൻഡ് ചെയ്യാൻ സാധിക്കണം . എങ്കിൽ കേരളത്തിൻ്റെ  അഭിമാനമാകും വട്ടവട . ദുരിത കയങ്ങളിൽ നിന്ന് രക്ഷപ്പെടും ഇവിടുത്തെ കർഷകർ.

MORE IN NATTUPACHA
SHOW MORE