ചേരാനെല്ലൂർ സെൻറ് മേരീസ് യു പി സ്ക്കൂളിലെ കൂട്ടുകാരുടെ കൃഷിമുറ്റം. സ്ക്കൂളിനോട് ചേർന്നു കാടുപിടിച്ചുകിടന്നിരുന്ന സ്ഥലത്ത് ഇന്നു എല്ലാ പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. കരനെല്ല് വരെ ഇവിടെയുണ്ട്. വെറും കൃഷിയല്ല ഇവരുടേത്. മത്സരകൃഷിയാണ് നടത്തിവരുന്നത്. വലിയകൃഷിയിടത്തെ രണ്ടായി ഭാഗിച്ച് ഓരോ ഭാഗവും കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നു ഒരു ഗ്രൂപ്പിനു നൽകി. ഈ ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതും അത് പരിപാലിക്കുന്നതും വിളവെടുക്കുന്നതുമെല്ലാം. വാശിയോടെ നോക്കിവരുന്ന തോട്ടത്തിൽ പച്ചക്കറികൾക്ക് മികച്ച വിളവാണ് കിട്ടുന്നത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽവച്ച് കാഴ്ചപരിമിധിയുള്ള വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്ന സ്ക്കൂളാണ് കോഴിക്കോട് ചെറുവണ്ണൂർ ജിവിഎച്ച്എസ്സ്. കോഴിക്കോട് ചെറുവണ്ണൂർ ജിവിഎച്ച്എസ്സിലെ കൂട്ടുകാർ അവരുടെ സഹപാഠികളെയാണ് സഹായിച്ചുവരുന്നത്. കാഴ്ചാ പരിമിധിയുള്ള കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇവർ ചെയ്യുന്നത്.