മനോരമ നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ ഇന്നതെ ടാസ്ക് എന്തെന്ന് നോക്കാം. തദ്ദേശമന്ത്രികെ.ടി. ജലീലാണ് ഇന്നത്തെ ടാസ്ക് നിര്‍ദേശിക്കുന്നത്. ലോകത്തെ മറ്റേതു സ്ഥലത്തെക്കാളും സുന്ദരമാണ് നമ്മുടെ കേരളം. ആ സൗന്ദര്യവും പച്ചപ്പുമെല്ലാം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്. ഇന്നത്തെ നിങ്ങളുടെ ടാസ്ക് അതുമായി ബന്ധപ്പെട്ടതാണ്.
ഇന്ന് സ്കൂളിലെത്തിയാൽ നിങ്ങൾ ഓരോരുത്തരും കൂട്ടുകാരുമായി നാട്ടിലെ ഒരു മാലിന്യപ്രശ്നം ചർച്ച ചെയ്യണം. നിങ്ങൾ നേരിട്ടു കാണുകയോ പറഞ്ഞു കേൾക്കുകയോ ചെയ്ത കാര്യം.
റോഡിൽ മാലിന്യം കൂമ്പാരമായി കിടക്കുന്നതോ, പുഴയിലേക്കോ തോടുകളിലേക്കോ പാടങ്ങളിലേക്കോ മാലിന്യങ്ങൾ തള്ളുന്നതോ തുടങ്ങിയ ഏതു പ്രശ്നവുമാവാം. ക്ലാസിൽ ഇതു ചർച്ച ചെയ്ത ശേഷം, എല്ലാവരും പറഞ്ഞ കാര്യങ്ങൾ വ്യക്തമായി എഴുതി ഒരു കത്തു തയാറാക്കണം. ഈ കത്ത് നിങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപറേഷൻ എന്നിവയുടെ അധികാരികൾക്ക് അയച്ചു കൊടുക്കണം. അധ്യാപകരുടെ കൂടി അനുമതി വാങ്ങിയ ശേഷം വേണം കത്തയയ്ക്കാൻ. ഒരു ക്ലാസിൽനിന്ന് ഒരു കത്തു മതി. നിങ്ങൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നം പരിഹരിക്കാൻ എന്തു ചെയ്യാനാകുമെന്നു പരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരോട് മന്ത്രി കെ.ടി.ജലീല്‍ തന്നെ ആവശ്യപ്പെടുന്നതാണ്.