തലപൊക്കുന്ന താലിബാന്‍

taliban
SHARE

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം എന്താണ് ചെയ്യുന്നത് ? ഒരിടവേളയ്ക്ക് ശേഷം താലിബാന്‍ അതിശക്തമായി തലപൊക്കുന്നതിനാലാണ് ഇത് ചോദിക്കുന്നത്. പോയ ആഴ്ച മാത്രം നൂറിലധികം നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു മാസത്തിനിടെ കാബൂള്‍ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ഹോട്ടല്‍, ബ്രിട്ടിഷ് സന്നദ്ധസംഘടനാ ഒാഫീസ്, ഷിയാ കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ താലിബാന്‍ ആക്രമണമുണ്ടായി. 

പോരാട്ടം തുടരുക, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. സ്ഥാനമേറ്റയുടന്‍ പ്രസിഡന്‍റ് ട്രംപ് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരോട് പറഞ്ഞതാണിത്. പക്ഷേ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് വ്യക്തം. രാജ്യത്തിന്‍റെ ഏതാണ്ട് 40 ശതമാനം മേഖലകളിലും ഭീകരസംഘടന തിരിച്ചെതത്ിയിരിക്കുന്നു .ഏഴായിരം സുരക്ഷാ സൈനികരാണ് പോയ വര്‍ഷം കൊല്ലപ്പെട്ടത്. മൂവായിരത്തോളം സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായി. 2001ല്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷമുള്ള താലിബാന്‍റെ ഏറ്റവും ശക്മായ തിരിച്ചുവരവാണ് 2017ലുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട ട്രംപ് പ്രസിഡന്‍റായപ്പോള്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. 

ആഗോളഭീകരവാദത്തെ നേരിടാന്‍ അഫ്ഗാനിലെ അമേരിക്കന്‍ സാന്നിധ്യത്തിന്‍റെ അനിവാര്യത അപ്പോഴേയ്ക്കും അദ്ദേഹത്തിന് ബോധ്യമായിരുന്നു. അമേരിക്ക നേരിട്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണം, സെപ്റ്റംബര്‍ പതിനൊന്നിന്‍റെ ബുദ്ധികേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആയിരുന്നു എന്നതാണ് അഫ്ഗാന്‍ നയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഡോണള്‍ഡ് ട്രംപിനുപോലും കഴിയാത്തിനുകാരണം. പക്ഷേ ഈ പോരാട്ടത്തില്‍ അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ എത്രയുണ്ട്? സഖ്യകക്ഷികളുടെയെല്ലാം കൂടി 3000 സൈനികരില്‍ താഴെയെ ഈ വന്‍ദൗത്യത്തില്‍ ഭാഗഭാക്കാകുന്നുള്ളൂ. 

2011ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ ഒരു ലക്ഷത്തി മുപ്പതിനായിരം സൈനികരുണ്ടായിരുന്നെന്ന് ഒാർക്കുക. ഞങ്ങള്‍ക്കൊപ്പമോ തീവ്രവാദികള്‍ക്കൊപ്പമോ എന്ന് ഇപ്പോള്‍ പറയണം എന്ന ജോര്‍ജ് ബുഷിന്‍റെ ചോദ്യം  ആഞ്ഞുപതിച്ചത് പാക്കിസ്ഥാന്‍ ഭരണത്തലവന്‍ ജനറല്‍ പര്‍വേസ് മുഷറഫിന്‍റെ ചെവികളിലായിരുന്നു. അന്നുമുതല്‍ പാക് മണ്ണില്‍ നിന്ന് അമേരിക്ക താലിബാന്‍ വിരുദ്ധപോരാട്ടം തുടങ്ങി. എന്നാല്‍ ആ ബന്ധത്തിന് ഇപ്പോള്‍ വിള്ളലേറ്റിരിക്കുന്നു . പാക്കിസ്ഥാനുള്ള ധനസഹായനിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയും തീവ്രവാദികളെ പ്രകോപിപ്പിച്ചു. 

അഫ്ഗാനിസ്ഥാനിലെ ദുര്‍ബലഭരണകൂടമാണ് താലിബാനെ വളര്‍ത്തുന്ന മറ്റൊരു ഘടകം. തമ്മിലടിയും അഴിമതിയുമാണ് അഷ്റഫ് ഖനി സര്‍ക്കാരിന്‍റെ മുഖമുദ്രകള്‍. ഇതും തീവ്രവാദികള്‍ക്ക് പ്രാദേശിക പിന്തുണലഭിക്കാന്‍ കാരണമാകുന്നു. തീവ്രവാദികളുടെ പ്രധാനസാമ്പത്തികസ്രോതസായ മയക്കുമരുന്ന് കടത്ത് തടയാനാവാത്തതുള്‍പ്പെടെ തന്ത്രപരമായ നിരവധി പാളിച്ചകള്‍ യുഎസ് സൈന്യത്തിനുണ്ട.് 2001 മുതല്‍ 2017വരെ 8300 കോടി അമേരിക്കന്‍ ഡോളറാണ് അഫ്ഗാനിസ്ഥാനില്‍ ചിലവിട്ടത.് പക്ഷേ രാജ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ അമേരിക്ക പരാജയത്തിന്‍റെ വക്കിലാണെന്ന് നിരീക്ഷകര്‍ കരുതുന്നു. വിയറ്റ്്നാം യുദ്ധകാലത്തേതുപോലെ പരാജയം അംഗീകരിക്കാനുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ മടി മാത്രമാണ് യുഎസ് സൈന്യം ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ കാരണമെന്ന് കരുതുന്നവരുമുണ്ട്. 

MORE IN LOKA KARYAM
SHOW MORE