പുട്ടിന് മണികെട്ടുമോ നവല്‍നി?

putin-navalny-1
SHARE

നാലാംവട്ടവും റഷ്യന്‍ പ്രസിഡന്‍റാവാനൊരുങ്ങുന്ന വ്ലാഡിമിര്‍ പുടിനെതിരായ പോരാട്ടം ശക്തമാക്കി അഴിമതി വിരുദ്ധ പോരാളി അലക്‌സി നവൽനി. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത നവല്‍നിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്രെംലിന്‍റെ ഭീഷണികള്‍ക്കൊന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ യുവനേതാവ് പറയുന്നു. ലോകത്തെ അതിശക്തരുടെ പട്ടികയില്‍ ഒന്നാമനായ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനോടാണ് നവല്‍നിയുടെ പോരാട്ടം. അനുയായികളുടെ യോഗം വിളിക്കാനാവില്ല, പ്രാദേശികമാധ്യമങ്ങളില്‍ സംസാരിക്കാനാവില്ല, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല ഇതൊന്നും നവല്‍നിയിലെ വിപ്ലവവീര്യം ഇല്ലാതാക്കുന്നില്ല.  അഴിമതിവിരുദ്ധതയാണ് ഈ 41കാരന്‍റെ മുദ്രാവാക്യം. പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിന്‍റെ അഴിമതി തെളിയിക്കുന്ന രേഖകളാണ് ഏറ്റവുമൊടുവില്‍ നവല്‍നി പുറത്തുവിട്ടത.് 2 കോടി 30 ലക്ഷം റഷ്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുമ്പോള്‍ കോടികള്‍ വിലവരുന്ന  ഭൂമിയും ഹോട്ടലുകളും ആഡംബരനൗകകളും പ്രധാനമന്ത്രി സ്വന്തമാക്കിയെന്ന് ഈ രേഖകള്‍ പറയുന്നു.

18 വര്‍ഷം നീണ്ട പുടിന്‍ ഭരണത്തില്‍ റഷ്യ അഴിമതിയില്‍ മുങ്ങിത്താണെന്ന നവല്‍നിയുടെ വാദം ശരിവയ്ക്കുന്നതാണ് ഈ രേഖകള്‍. സമ്പത്തും അധികാരവും ഏതാനും പേരിലേയ്ക്ക് കേന്ദ്രീകരിക്കുന്ന ക്രംലിന്‍ മോഡലിനെ പരാജയപ്പെടുത്തണം എന്ന ആഹ്വാനവുമായാണ് നവാല്‍നിയും അനുകൂലികളും നിരത്തിലിറങ്ങിയ്ത്. രാജ്യത്ത് 80 ശതമാനം ജനങ്ങളും പുടിന്‍ ഭരണത്തെ അനുകൂലിക്കുന്നന്ന് സര്‍വെകള്‍ പറയുമ്പോള്‍ ക്രെംലിന്‍ കൊട്ടാരത്തിന് തൊട്ടടുത്ത് നടന്ന പ്രകടനത്തിലേക്ക് ആയിരങ്ങളെത്തിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. ഏറെയും യുവാക്കള്‍.സര്‍ക്കാര്‍നിയന്ത്രിത വാര്‍ത്താചാനലിന് യുവാക്കള്‍ വിലകല്‍പ്പിക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനത്തിലെ ചെറുപ്പക്കാരുടെ പങ്കാളിത്തം. രാജ്യത്തെ ഏതാണ്ട് എല്ലാ പ്രവിശ്യകളിലും ചെറുതും വലുതുമായ പുടിന്‍ വിരുദ്ധപ്രക്ഷോഭം നടന്നു എന്നതും മോസ്കോയ്ക്ക് തിരിച്ചടിയായി.

അലക്സി നവല്‍നിക്ക് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണ്. ദേശീയത ഉയര്‍ത്തിക്കാട്ടിയാണ് വ്ലാഡിമിര്‍ പുടിന്‍ ജനങ്ങളെ കൂടെനിര്‍ത്തുന്നത്. ഒരുപക്ഷേ അഴിമതിയും കെടുകാര്യസ്ഥതയും ദേശീയതയില്‍ പൊതിഞ്ഞ് മറയ്ക്കുന്നു എന്ന് പറയാം. സാമ്പത്തിക അസ്ഥിരതയും ഉപരോധങ്ങളും നേരിടുമ്പോഴും വ്ലാഡിമിര്‍ പുടിന്‍ റഷ്യയുടെ പഴയപ്രതാപം വീണ്ടെടുക്കാന്‍ പോന്ന നേതാവാണെന്ന് കരുതുന്നവരാണ് നല്ല ശതമാനം ജനങ്ങളും. അഴിമതിവിരുദ്ധതയും ദേശീയതയും ബലാബലം നടത്തുമ്പോള്‍ ഏതിനാവും ജനങ്ങള്‍ മുന്‍ഗണന നല്‍കുക എന്നതാണ് ചോദ്യം .

  ആരാണ് റഷ്യന്‍ ജനതയ്ക്ക് വ്ലാഡിമിര്‍ പുടിന്‍ ? ശീതയുദ്ധം അവസാനിച്ചശേഷം റഷ്യയും പാശ്‌ചാത്യലോകവും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ യുക്രെയ്‌നിലെ ക്രൈമിയ പ്രവിശ്യ പിടിച്ചെടുത്ത കരുത്തന്‍, രാജ്യാന്തര ഉപരോധങ്ങള്‍ക്ക് പുല്ലുവില. അമേരിക്കന്‍ സഖ്യസേനയെ വെല്ലുവിളിച്ച് സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ പിന്തുണച്ച ധീരന്‍.  കരാട്ടെയും കുതിരസവാരിയും നായാട്ടും വിനോദമാക്കിയ പ്രസിഡന്‍റിന് ജനങ്ങള്‍ക്കിടയില്‍ ഹീറോ പരിവേഷമാണ്. ഘട്ടംഘട്ടമായാണ് ഭരണത്തെ പൂര്‍ണമായും പുടിന്‍ വരുതിയിലാക്കിയത്. ഇന്നിപ്പോ തിരുവായ്ക്ക് എതിര്‍വായില്ല. തിരഞ്ഞെടുപ്പില്‍ ആരൊക്കെ മല്‍സരിക്കണം എന്നുപോലും ക്രെംലിന്‍ തീരുമാനിക്കും.  

ആദ്യം അധികാരത്തിലെത്തിയപ്പോള്‍ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിന്‍ ഭയന്ന  മിഖായിൽ കൊഡർക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച്  തടവിലാക്കിയത് 10 വർഷമാണ്.മുൻ ലോക ചെസ് ചാംപ്യനും  പുടിന്റെ വിമർശകനുമായ ഗാരി കാസ്‌പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽനിന്ന് പലായനം ചെയ്‌തുമുന്‍ സുഹൃത്തും പിന്നീട് പുടിന്‍റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനിൽ രാഷ്‌ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 'സോവിയറ്റ് റഷ്യാനന്തര കാലത്തെ റാസ്‌പുട്ടിൻ' എന്നാണ് ബെറെസോവ്‌സ്‌കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്.  വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്‌സോവ് 2015 ഫെബ്രുവരി 27നു ക്രെംലിന്‍ പാലത്തിലൂടെ  വീട്ടിലേക്കു നടന്നുപോകുമ്പോള്‍ വെടിയേറ്റു മരിച്ചതാണ് ഏറ്റവുമൊടുവിലുണ്ടായത്. 

ഉപരോധങ്ങളുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയുടെ പിന്തുണയും പുടിനുണ്ടെന്നത് അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുന്നു. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് അലക്സി നവല്‍നി പുടിന്‍ വിരുദ്ധ, അഴിമതി വിരുദ്ധ പോരാട്ടത്തിനിറങ്ങുന്നത്. വ്ലാാഡിമുര്‍ പുടില്‍ വീണ്ടും റഷ്യന്‍ പ്രസിഡന്‍റാവും എന്നതില്‍ ഈ ദിവസം വരെ സംശയമില്ല. എന്നാല്‍ നവല്‍നി നേതൃത്വം നല്‍കുന്ന നവവിപ്ളവം കരുത്താര്‍ജിച്ചാല്‍ ക്രെംലിന്‍ കൊട്ടാരത്തിലേക്കുള്ള പുടിന്‍റെ നാലാംവരവ് അത്ര സുഗമമാവില്ല. 

MORE IN LOKA KARYAM
SHOW MORE