കൗതുകക്കാഴ്ചകളുമായി മാര്‍പ്പാപ്പയുടെ പെറു, ചിലെ സന്ദര്‍ശനം

pope-chile
SHARE

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പെറു, ചിലെ സന്ദര്‍ശനത്തിനിടയിൽ വിമാനത്തില്‍ വിവാഹം ആശിര്‍വദിച്ചതും, കുതിരപ്പുറത്തു നിന്ന് വീണ പൊലീസുകാരിയെ സഹായിച്ചതും കൗതുകക്കാഴ്ചകളായി. എന്നാല്‍ ചിലെയിലെ അദ്ദേഹത്തിന്‍റെ സന്ദര്‍ശനം വിവാദങ്ങളില്‍ മുങ്ങി. ബാലപീഡനത്തില്‍  ആരോപണവിധേയരായവര്‍ക്കെതിരെ മാര്‍പ്പാപ്പ കര്‍ശന നിലപാട് എടുത്തില്ല എന്നാരോപിച്ചാണ് വിശ്വാസികളില്‍ ഒരുവിഭാഗം അദ്ദേഹത്തെ വിമര്‍ശിച്ചത.്

വിശപ്പും  വിപ്ലവവും ഇഴചേര്‍ന്ന ലാറ്റിനമേരിക്കയെ അടുത്തറിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അജപാലനദൗത്യത്തില്‍ ഏരെ പ്രാധാന്യമുണ്ട് പെറു, ചിലി സന്ദര്‍നങ്ങള്‍ക്ക്.  വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് കത്തോലിക്ക സഭയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പ ചിലെയില്‍ വിമാനമിറങ്ങിയത്. ആവേശത്തോടെയാണ്  ചിലെ ലാറ്റിമേരിക്കക്കാരനായ മാര്‍പ്പാപ്പയെ സ്വീകരിച്ചത്

പാവങ്ങളുടെ പാപ്പയെ കണ്ട് ജനം ആര്‍പ്പുവിളിച്ചപ്പോള്‍ പൊലീസ് കുതിരയ്ക്ക് നില തെറ്റി. പുറത്തിരുന്ന പൊലീസുകാരിയെ ഉരുട്ടിയിട്ട കുതിര വിറളി പൂണ്ടു. പൊലീസുകാരി വീഴുന്നത് കണ്ട മാര്‍പ്പാപ്പ വാഹനം നിര്‍ത്തി അവര്‍ക്കരികിലേയ്ക്ക് നടന്നെത്തി. പൊലീസുകാരിയെ ആശുപത്രിയിലേക്ക് മാറ്റിയെന്ന്  ഉറപ്പുവരുത്തിയ ശേ·ഷമാണ് മാര്‍പ്പാപ്പ യാത്ര തുടര്‍ന്നത്. ലോകമെമ്പാടും വിശ്വാസികളും അവിശ്വാസികളുമായ കോടിക്കണക്കിന് ആരാധകരുള്ള ആ വലിയ മനുഷ്യന്‍ തന്‍റെ അടുത്തേയ്ക്ക് നടന്നിറങ്ങി വന്നത് ഒരു സാധാരണ സര്‍ക്കാരുദ്യോഗസ്ഥയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

ഒൗര്‍ ലേഡി ഒഫ് കാര്‍മെന്‍ ബസലിക്കയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത മാര്‍പ്പാപ്പ വിശ്വാസരാഹിത്യത്തിന്‍റെ അപകടങ്ങള്‍ ഒാര്‍മിപ്പിച്ചു.  സാന്‍റിയോഗിയിലെ കത്തോലിക്ക സര്‍വകലാശാലയിലും മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തി. തുറന്ന സംവാദങ്ങളുടെ വേദിയവാണം സര്‍വകലാശാലകളെന്ന് അദ്ദേഹം ഒാര്‍മിപ്പിച്ചു. അതേസമയം, വൈദികര്‍ക്കെതിരായ ബാലപീഡന ആരോപണം ചിലെ സന്ദര്‍ശനത്തിന്‍റെ നിറം കെടുത്തുന്നതായി. ബാലപീഡനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫെര്‍നാന്‍ഡോ കരാഡിമയെ സംരക്ഷിക്കുന്ന ബിഷപ് ജുവാന്‍ ബാരോസിനെതിരെയായിരുന്നു പ്രതിഷേധം. 

കുറ്റക്കാരനെന്ന് കണ്ടെത്തിയ കരാഡിമയില്‍ നിന്ന് 2011 ല്‍ വത്തിക്കാന്‍ നിര്‍ബന്ധിത വിരമിക്കല്‍ വാങ്ങി. എന്നാല്‍  ബിഷപ് ബാരോസ് കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്.  ബാലപീഡനം നടന്നുവെന്ന് വത്തിക്കാനും ചിലിയന്‍ കോടതിയും അംഗീകരിച്ചിട്ടും കുറ്റവാളിയെ സംരക്ഷിച്ച ബിഷപ്പിനെതിരെ മാര്‍പ്പാപ്പ നടപടിയെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പീഡനത്തിന്‍റെ ഇരകളും ബന്ധുക്കളും പറഞ്ഞു.  മാര്‍പ്പാപ്പ കടന്നുപോയ വഴികളില്‍ ബാലാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി

പരിസ്ഥിതി സംരക്ഷണത്തിന്‍റെ വക്താവായ മാര്‍പ്പാപ്പ പെറുവില്‍ ആമസോണ്‍ നഗരമായ പ്യൂര്‍ട്ടോ മല്‍ഡോണാഡോയില്‍ ഗോത്രവര്‍ഗക്കാരുമായി കൂടിക്കാഴ്ച നടത്തി. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന്  ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ വൈദികര്‍ക്കെതിരായ ബാലപീഡന ആരോപണം പെറുവിലും അദ്ദേഹത്തിന് തലവേദനയായി. 

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണമായിരുന്നു ഗോത്രതലവന്‍മാര്‍ മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ വച്ച പ്രധാന ആവശ്യം. നിയമവിരുദ്ധ സ്വര്‍ണഖനനവും  റോഡ് നിര്‍മാണവും നഗരവാസികളുടെ കയ്യേറ്റവും കാടിന് വെല്ലുവിളിയാകുന്നത് എങ്ങനെയെന്ന് അവര്‍ മാര്‍പ്പാപ്പയോട് വിവരിച്ചു. പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ വ്യത്യസ്ത ഗോത്രക്കാര്‍ വലിയ ഇടയന് കൗതുകക്കാഴ്ചയായി.  

എക്കാലവും ഭരണകൂട അവഗണന നേരിടുന്ന ഗോത്രവര്‍ഗക്കാരോടുള്ള തന്‍റെ ആഭിമുഖ്യം ഉറക്കെ പറയുകയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനോദ്ദേശ്യമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കത്തോലിക്ക പുരോഹിതര്‍ക്കെതിരായ ലൈംഗികാരോപണം പെറുവിലും മാര്‍പ്പാപ്പയ്ക്ക് വെല്ലുവിളിയായി.  ലാറ്റിനമേരിക്കയിലെ കരുത്തുറ്റ  സന്യാസിസമൂഹമായ സൊഡാലിഷ്യം സഭയുടെ തലവന്‍ തന്നെയാണ് പ്രതിസ്ഥാനത്ത്. വിമോചനദൈവശാസ്ത്രക്കാര്‍ക്കുള്ള സഭയുടെ മറുപടിയായിരുന്നു എഴുപതുകളില്‍ സൊഡാലിഷ്യം സഭ. 

എന്നാല്‍ സഭാ സ്ഥപകന്‍ ലൂയിസ് ഫെര്‍നാന്‍ഡോ ഫിഗാരിക്കെതിരായ ആരോപണങ്ങള്‍ വത്തിക്കാനെ പിടിച്ചുലച്ചു. ശാരീരികമായും , മാനസികമായും ലൈംഗികമായും ഫിഗാരി പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത് സഭാംഗങ്ങള്‍ തന്നെയാണ്. ഹിറ്റ്്ലര്‍ മോഡല്‍ നേതാവെന്ന് പിന്‍ഗാമികള്‍ വിശേഷിപ്പിച്ച   ഫിഗാരിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.  2010ല്‍  വത്തിക്കാനിലേക്ക് വിളിപ്പിച്ച ഫിഗാരിക്കെതിരെ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ്  അന്വേഷണം പ്രഖ്യാപിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടി വത്തിക്കാന്‍ അവസാനിപ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. 

ഏറെ കലുഷിതമായ അന്തരീക്ഷത്തിലാണ് ആറുദിവസം നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പ്പാപ്പ മടങ്ങിയത്. പൗരോഹിത്യത്തിന്‍റെ കറകളെ മറച്ചുവയ്ക്കുകയല്ല എന്നെന്നേയ്ക്കുമായി മായ്ക്കുന്ന നടപടികളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നീതിക്കു വേണ്ടി പോരാടുന്നവര്‍ പറയുന്നു. 

MORE IN LOKA KARYAM
SHOW MORE