പാക് വാതിലടച്ച് ട്രംപ്, ഇനിയെന്ത്..?

Thumb Image
SHARE

പറയാനുള്ളത് എന്തും, അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂസലില്ലാതെ പറയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനെക്കുറിച്ച് പറഞ്ഞതും അങ്ങനെ തന്നെ. കോടിക്കണക്കിന് ഡോളര്‍ മേടിച്ചെടുത്തിട്ട് തിരിച്ച് നുണയും വിശ്വാസവഞ്ചനയും മാത്രം നല്‍കുന്ന ഇസ്്ലമാബാദിനോട് പ്രസിഡന്‍റ് പറഞ്ഞു,ഇനി ഈ പണി നടക്കില്ല. തൊട്ടുപിന്നാലെ 25.5 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായം അമേരിക്ക തടഞ്ഞു.  അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന ഹഖാനി ഗ്രൂപ്പിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയാണ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്. 

തീവ്രവാദവിരുദ്ധപോരാട്ടത്തിന് നല്‍കുന്ന പിന്തുണ അനുസരിച്ചായിരിക്കും ഇസ്്ലമാബാദുമായുള്ള ബന്ധമെന്ന് ട്രംപ് ഭരണകൂടം തുടക്കത്തിലെ വ്യക്തമാക്കിയതാണ്. പക്ഷേ വാഷിങ്ടണെ തൃപ്തിപ്പെടുത്തുന്നതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അഫ്ഗാന്‍ താലിബാനും ഹഖാനി ഗ്രൂപ്പിനും പാക്കിസ്ഥാന്‍ ഒളിഞ്ഞും തളിഞ്ഞും നല്‍കുന്ന പിന്തുണ പരിധിവിട്ടതോടെയാണ് പ്രസിഡന്‍റ് കര്‍ശനനിലപാട് പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യന്‍ നയപ്രഖ്യാപനത്തിനിടെ മുമ്പും ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്SOT. തീവ്രവാദവിരുദ്ധ പോരാട്ടത്തിന് കോടികള്‍ സഹായം നല്‍കുന്ന അതേ രാജ്യത്തു നിന്നാണ് അമേരിക്കയുടെ  കൊടുംഭീകരപട്ടികയിലെ ഒന്നാമന്‍, ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത്. ഒബാമ ഭരണകൂടവും പാക്കിസ്ഥാനെ വിശ്വാസത്തിലെടുത്തിരുനന്നില്ല എന്നതിന്‍റെ തെളിവായിരുന്നു ഇസ്്ലമബാദിനെ അറിയിക്കാതെ അബോട്ടബാദില്‍ അമേരിക്കന്‍ നേവി സീലുകള്‍ നടത്തിയ ഒാപ്പറേഷന്‍.മറ്റൊരു രാഷ്ട്രത്തിന്‍റെ പരമാധികാരത്തിനുമേല്‍ നടത്തിയ കടന്നു കയറ്റമാണെന്ന വിമര്‍ശനമൊന്നും അന്ന് അമേരിക്ക കണക്കിലെടുത്തില്ല. താലിബാനെയും അല്‍ഖയിദയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വച്ചതെല്ലാം പാക് രഹസ്യാന്വേഷണസംഘടന ഐഎസ്ഐ ആണെന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം. പാക്കിസ്ഥാനുമായുള്ള സഹകരണം തുടരണണോ വേണ്ടയോ എന്ന ചോദ്യം ദശകങ്ങളായി അമേരിക്കന്‍ സര്‍ക്കാരിനെ അലട്ടുന്നതാണ്. 

ദക്ഷിണേഷ്യയില്‍ സമാധാനം പുലരുന്നതിനും തീവ്രവാദവിരുദ്ധപോരാട്ടത്തിനും ഭൂമിശാസ്ത്രപരമായും നയതന്ത്രപരമായും പാക്കിസ്ഥാന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇസ്്ലമാബാദിന്‍റെ പലനിലപാടുകള്‍ക്കും നേരെ യുഎസ് കണ്ണടച്ചത്. ഒരുകാലത്ത് അമേരിക്ക ഏറ്റവുമധികം ധനസഹായം നല്‍കുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനമായിരുന്നു പാക്കിസ്ഥാന്. . വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഭീകരവാദവിരുദ്ധപോരാട്ടത്തിന് കോടിക്കണക്കിന് ഡോളറാണ് പാക്കിസ്ഥാന്‍ നേടുന്നത്. എന്നാല്‍ ധനസഹായം വാങ്ങുകയും സഖ്യരാജ്യങ്ങളെ വഞ്ചിക്കുകയുമാണ് ഇസ്്ലമാബാദിന്‍റെ പതിവ്. ബിന്‍ ലാദനെ ഒളിപ്പിച്ചത് അതിന്‍റെ പ്രകടമായ ഉദാഹരണമായിരുന്നു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ്, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ തുടങ്ങി 20 ഭീകരസംഘടനകളുടെ പട്ടികയാണ് രണ്ട് മാസം മുമ്പ് യുഎസ് പാക്കിസ്ഥാന് കൈമാറിയത്. ദക്ഷിണേഷ്യയിലെ ഏറ്റവും സജീവമായ ഭീകരസംഘടന ഹാഫിസ് സയിദ് തുടക്കമിട്ട ലഷ്കറെ തയിബയാണ്. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണവും ആസൂത്രണം ചെയ്തു നടപ്പാക്കിയതു ലഷ്കറാണ് . എന്നിട്ടും ഹാഫിസ് സയിനദിനെ അഴിച്ചുവിട്ടത് തീവ്രവാദത്തോട് പാക്കിസ്ഥാന്‍റെ  നിലപാട് വ്യക്തമാക്കി.  ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിരിക്കുന്നുവെന്ന് അമേരിക്കന്‍  വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹഖാനി ഗ്രൂപ്പ് തട്ടിയെടുത്ത കനേഡിയന്‍ പൗരനെയും അമേരിക്കക്കാരി ഭാര്യയെും രക്ഷപെടുത്തിയപ്പോള്‍ പാക് സൈന്യം പിടി കൂടിയ ഭീകരനെ കൈമാറുന്നവിഷയത്തിലായിരുന്നു ഒടുവിലത്തെ തര്‍ക്കം. വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്ന ഭീകരനെ അമേരിക്കക് ്കൈമാറാന്‍ പാക്കിസ്ഥാന്‍ തയാറായില്ലപാക്കിസ്ഥാനുള്ള ധനസഹായം വെട്ടിക്കുറച്ചേക്കുമെന്ന് ന്യൂയോര്‍ക്് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ ട്വീറ്റ്. 

ട്രംപിന്‍റെ ട്വിറ്റര്‍ നയതന്ത്രം വലിയ ഗുണം ചെയ്യില്ലെന്ന് ഉത്തരകൊറിയയുടെ കാര്യത്തില്‍ വ്യക്തമായതാണ്. മാത്രമല്ല ഇപ്പോള്‍ ചൈന പാക്കിസ്ഥാന്‍റെ രക്ഷകരായി അവതരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളാണ് ഭീകരവാദത്തിന്‍റെ ഏറ്റവും വലിയ ഇര, അപ്പോള്‍ ഞങ്ങളെങ്ങനെ ഭീകരരെ സഹായിക്കും ? പാക്കിസ്ഥാന്‍റെ പതിവ് ചോദ്യമാണിത്. ഈ പല്ലവി ഏറ്റുപാടാന്‍ ഇപ്പോള്‍ ചൈനയും രംഗത്തുണ്ട്. ഭീകരവിരുദ്ധപോരാട്ടത്തില്‍ പാകിസ്ഥാന്റെ സംഭാവനകളും അവര്‍ അനുഭവിച്ച ത്യാഗങ്ങളും രാജ്യാന്തരസമൂഹം അംഗീകരിക്കണമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെങ് ഷുവാങ് ആവശ്യപ്പെട്ടു.  ചൈനയുമായി പാക്കിസ്ഥാന്‍റെ ബന്ധം മെച്ചപ്പെടുന്നതാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത് എന്ന വിലയിരുത്തലുകളുമുണ്ട്. വലിയ തോതിലുള്ള ചൈനീസ് നിക്ഷേപത്തിന് അനുമതി നല്‍കുക വഴി അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനീസ് ആധിപത്യം വര്‍ധിക്കുമെന്ന് വാഷിങ്ടണ് ആശങ്കയുണ്ട്.  ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഇന്ത്യയും എതിര്‍ക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും പാകിസ്ഥാനെ വഞ്ചകരെന്നുവിളിച്ച  ട്രംപിന്റെ നടപടി രാഷ്ട്രീയ അഭ്യാസം മാത്രമെന്ന് പാക് സര്‍ക്കാരിന്‍റെ നിലാപട്. അഫ്ഗാനിസ്ഥാനില്‍ തോല്‍ക്കുന്നതിന് പാക്കിസ്ഥാന്‍റെ മേല്‍ കുതിര കയറേണ്ടെന്ന്   പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പരിഹസിച്ചു.എന്നാല്‍ പാക്കിസ്ഥാനെ അനുസരിപ്പിക്കാന്‍ അറിയാമെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. വരുംദിവസങ്ങളില്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നും അമേരിക്ക അവകാശപ്പെടുന്നു. അമേരിക്കയുടെ കാശ് വേണ്ടെന്ന് ഇസ്്ലമബാദ്  വീമ്പുപറയുന്നുണ്ടെങ്കിലും ഈ സമ്മര്‍ദതന്ത്രം വിജയിച്ചാല്‍ അത് അഫ്ഗാനിസ്ഥാന് മാത്രമല്ല ഇന്ത്യയ്ക്കും ആശ്വാസംപകരും. 

MORE IN LOKA KARYAM
SHOW MORE