കിങ് ജോര്‍ജിന്റെ ലൈബീരിയ

Thumb Image
SHARE

ലൈബീരിയ ആഹ്ളാദ തിമിർപ്പിലാണ്. രാജ്യത്തിന്റെ യെശസുയർത്താൻ പ്രാപ്തനായ ഒരു ഭരണാധികാരിയെ കിട്ടിയിരിക്കുന്നു. എന്നാൽ "കിങ് ജോർജ്" കരയുകയാണ്. ജനങ്ങളുടെ സ്നേഹം വാനോളം ഉയര്‍ന്നപ്പോള്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ നേരിൽ കണ്ട ആ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.ജനാധിപത്യം പൂത്തുലഞ്ഞ രാജ്യമായാണ് ലൈബീരിയ പുതു വർഷത്തെ വരവേറ്റത്. ഫുട്ബോൾ ഇതിഹാസം ജോർജ് വിയയെ ജനങ്ങൾ രാജ്യത്തിന്റെ അമരക്കാരനായി തിരഞ്ഞെടുത്തു. നീണ്ട കാലത്തെ ആഭ്യന്തര സംഘർഷങ്ങള്‍ നടുവൊടിച്ച ഒരു രാജ്യത്തെ വീണ്ടെടുക്കുക എന്ന ഭാരിച്ച ദൗത്യമാണ് വിയക്ക് മുന്നിലുള്ളത്. 

ഗറില്ലാ പോരാട്ടത്തിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മാര്‍ക്ക് ടെയ്‌ലര്‍ എന്ന ചോരക്കൊതിയനായ ഭരണാധികാരിയുടെ കീഴിലായിരുന്നു 1997 മുതല്‍ 2003 വരെ ലൈബീരിയ. കൊലപാതകം  വിനോദമാക്കിയടെയ്‌ലര്‍ രസത്തിനു വേണ്ടി മാത്രം കൊന്നുതള്ളിയത് പതിനായിരങ്ങളെയാണ്. 1999 മുതല്‍ 2003 വരെ  നീണ്ട ആഭ്യന്തര യുദ്ധത്തില്‍ സമാനതകളില്ലാത്ത ഭരണകൂട ക്രൂരതകള്‍ക്കാണ് ലൈബീരിയ സാക്ഷ്യം വഹിച്ചത്. കുട്ടിപട്ടാളത്തെ ഉപയോഗിച്ചുള്ള ടെയ്‌ലറിന്റെ അഴിഞ്ഞാട്ടമായിരുന്നു ഏറ്റവും നീചം. 15 വയസ് പോലും തികയാത്ത കുട്ടികളെ തോക്കുമായി തെരുവിലറിക്കി.  കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചിട് കുട്ടുികള്‍ ലൈബീരിയന്‍ തെരുവുകളെ ചോരക്കളമാക്കി. 

യുദ്ധം കീറിമുറിച്ച രാജ്യത്ത് ദൈവപുത്രനെപോലെയായിരുന്നു ജോർജ് വിയയുടെ ഉദയം. ഫുട്ബോള്‍ ജീവശ്വാസമാക്കിയ ജനത വിയ എന്ന കാല്‍പ്പന്തുകളിയിലെ രാജാവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു 1996ൽ എ.സി.മിലാ​​െൻറ ചുവന്ന കുപ്പായത്തിൽ വെറോണക്കെതിര അടിച്ച വണ്ടർ ഗോള്‍, വിയയെന്ന ഫുട്ബോളറെ ലോകം തിരിച്ചറിഞ്ഞനിമിഷം. പുരസ്കാരപ്പെരുമഴയാണ് ഫുട്ബോള്‍ ലോകത്ത് വിയയെ തേടിയെത്തിയത്.  ഫിഫ ലോക ഫുട്‌ബോളർ പദവി, മൂന്നു തവണ ആഫ്രിക്കയിലെ മികച്ച താരം.1998ൽ ആഫ്രിക്കൻ വൻകരയിലെ നൂറ്റാണ്ടിലെ താരം. 95ൽ യൂറോപ്പിലെ മികച്ച താരം ഇങ്ങനെ പോകുന്നു അംഗീകാരങ്ങള്‍.  പുരസ്ക്കാരനിറവിലും ഫുട്ബോളില്‍ ജോര്‍ജ് വിയ മറക്കാത്തൊരു പേരുണ്ട് തന്റെ ഗുരുവായ കോച്ച് ആര്‍സീന്‍ വെംഗര്‍. 

ഏറെക്കാലം എസി മിലാന്റെ സ്റ്റാർ പ്ലയെർ ആയിരുന്നു അദ്ദേഹം.   മൊണാക്കോയിലും പി.എസ്.ജിയിലും ബൂട്ടകെട്ടി. ഇതിനിടയില്‍ വിയ മനസില്‍ താലോലിച്ച ഒരു സ്വപ്നമുണ്ട്.  ലൈബീരിയക്കായി ഒരു ലോകകപ്പ്. എന്നാല്‍ ആഭ്യന്തരയുദ്ധത്തിന്റെ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന രാജ്യത്തിന് അത് സങ്കല്‍പ്പിക്കാന്‍ പോലുമുള്ള സാധ്യതയില്ലായിരുന്നു.  ഫുട്ബോളിലൂടെ രാജ്യത്തോട് സംസാരിച്ചുകൊണ്ടാണ് വിയ ജനങ്ങൾക്കിടയിൽ വളര്‍ന്നത്. ടെയ്്്ലറിലെ ഏകാധിപതി ജനങ്ങള്‍ക്ക് ഭയം സമ്മാനിച്ചപ്പോള്‍ ജോര്‍ജ് വിയ ഫുട്ബോളിലൂടെ രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തി. കൈവിട്ടുപോയ രാജ്യസ്നേഹം തിരിച്ചുപിടിക്കാന്‍ ജനങ്ങളെ വിയ പ്രേരിപ്പിച്ചു. 

വിയയുടെ വളര്‍ച്ച ടെയ്‌ലറെ വിറളിപിടിപ്പിച്ചു. വിയയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനിറങ്ങിയ ടെയ്്്ലര്‍ ആദ്യം ലക്ഷ്യമിട്ടത് അദ്ദേഹത്തിന്‍റെ കുടുംബത്തെയായിരുന്നു. . മോണ്‍റോവിയയിലെ വിയയുടെ വീട്ടിലെത്തിയ  പട്ടാളം  സ്ത്രീകളെ മാനഭംഗപ്പെടുത്തി, പുരുഷന്‍മാരെ കൊന്നുതള്ളി. വീട് അഗ്നിക്കിരയാക്കിയതോടെ വിയയ്ക്ക് നാടുവിടേണ്ടി വന്നു. പക്ഷേ 2000ത്തില്‍ വര്‍ധിത വീര്യത്തോടെ അദ്ദേഹം ജന്മനാട്ടില്‍ തിരുിച്ചെത്തി. ഏകാധിപത്യത്തില്‍ തകര്‍ന്ന രാജ്യത്ത്  വിയ സമാധാനത്തിന്റെ വിത്തുകൾ പാകി. ടെയ്്ലറുടെ ക്രൂരതകള്‍ക്കെതിരെ രാജ്യാന്തരസമൂഹത്തെ അണിനിരത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ആൾകൂട്ടം മാത്രമായിരുന്ന രാജ്യത്തേ ഫുട്ബോൾ ടീമിനെ സ്വന്തം ചെലവിൽ വിയ ഏറ്റെടുത്തു. പട്ടിണി പാവങ്ങളെ അകമഴിഞ്ഞ് സഹായിച്ചു. ടെയ്‌ലറുടെ പട്ടാളം പിച്ചിച്ചീന്തിയ പെൺകുട്ടികളെ പുനരധിവസിപ്പിച്ചു. സ്ത്രീശാക്തീകരണത്തിന് നിരവധി നടപ്പാക്കി. 

18 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറിനോട് 2003ല്‍ വിയ വിടപറഞ്ഞു. തുടര്‍ന്നായിരുന്നു സജീവ രാഷ്ട്രീയ പ്രവേശനം. 'കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച്' എന്ന പാര്‍ട്ടി രൂപീകരിച്ച് 2005ല്‍ തിര‍ഞ്ഞെടുപ്പിന് ഇറങ്ങിയെങ്കിലും ആദ്യ വനിതാപ്രസിഡന്റ് എലന്‍ജോണ്‍സന്‍ സര്‍ലീഫിനോട് പരാജയപ്പെട്ടു.  പൊതുപ്രവര്‍ത്തനം സജീവമാക്കിയെങ്കിലും 2011ലും വിയ തോല്‍വി അറിഞ്ഞു.2014ല്‍ പ്രസിഡന്റ് സര്‍ലീഫിന്റെ മകനെ പരാജയപ്പെടുത്തി സെനറ്റിലെത്തി. വികസനവും ജനാധിപത്യവുമായിരുന്നു പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിയയുടെ മുദ്രാവാക്യം. ജോസഫ് ബൊക്കായിക്കെതിരെ 61.5 ശതമാനം വോട്ടുകള്‍ക്കായിരുന്നു ജയം. ഫുട്ബോള്‍ നക്ഷത്രം  വിയയുടെ പ്രസിഡന്‍റ് പദവിയെ ഏറെ പ്രതീക്ഷയോടെയാണ് ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനത കാത്തിരിക്കുന്നത്. 

MORE IN LOKA KARYAM
SHOW MORE