സമാധാനം സിറിയയിലേക്ക് മടങ്ങുന്നു

Thumb Image
SHARE

സിറിയൻ ആഭ്യന്തര യുദ്ധം അവസാനിച്ചോ ? ആറു വർഷം നീണ്ട, 4 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ കലാപം അവസാനിക്കുകയാണെന്ന് പ്രഖ്യാപിച്ചത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനാണ്. റഷ്യൻ സൈന്യം സിറിയയിൽ നിന്ന് മടങ്ങാനൊരുങ്ങുന്നു. അമേരിക്കൻ സഖ്യസേന ഇപ്പോഴും മേഖലയിൽ തുടരുമ്പോഴാണ് പുടിന്റെ പ്രഖ്യാപനം.

ഖമെമിം എയർബേസിൽ വ്ലാഡിമിർ പുടിന്റെ സന്ദർശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഉറ്റ സുഹൃത്തിനെ സ്വീകരിക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് നേരിട്ടെത്തി . സന്ദർശനത്തെക്കാൾ അസദുമായും സൈനിക നേതൃത്വവുമായുമുള്ള ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് നടത്തിയ പ്രഖ്യാപനമാണ് ലോക രാജ്യങ്ങളെ ,പ്രത്യേകിച്ചും പാശ്ചാത്യരെ ഞെട്ടിച്ചത്. സിറിയൻ ആഭ്യന്തര യുദ്ധം അവസാനിക്കുന്നു. സിറിയയുടെ പരമാധികാരം വീണ്ടെടുത്തു നൽകുക എന്ന വലിയ ദൗത്യം പൂർത്തിയാക്കിയ റഷ്യൻ സൈന്യത്തിന് ഇനി മടങ്ങാം.

രക്തരൂക്ഷിതമായ ആഭ്യന്തരകലാപത്തില്‍ 2014ലാണ്  അമേരിക്കൻ സഖ്യസേന ഇടപെട്ടത്. ഒരു വശത്ത് ഇസ്്ലാമി്ക് സ്റ്റേറ്റ് ഭീകരരും മറുവശത്ത് അമേരിക്കന്‍ പിന്തുണയുള്ള വിമതരും പ്രസിഡന്‍റിനെ വെല്ലുവിളിച്ചു.  തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പോരാടുമ്പോഴും അസദ് വിരുദ്ധ വിമതർക്ക് അമേരിക്ക പിന്തുണ നൽകി. നിലനില്‍പ് അരകടത്തിലായ ബഷാര്‍ അല്‍ അസദ് സർക്കാരിന് പിന്തുണയുമായി 2015 ലാണ് റഷ്യ എത്തിയത്. അസദിനെ പുറത്താക്കുക, യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യുക എന്ന അമേരിക്കൻ നിലപാടിനെതിരെയായിരുന്നു റഷ്യയുടെ ഇടപെടല്‍. ഇറാനും ലബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും പിന്തുണയേകിയതോടെ അസദിന് കരുത്തേറി. വിമത മേഖലകളിൽ എല്ലാ യുദ്ധ നിയമങ്ങളെയും ലംഘിച്ച് രാസായുധ പ്രയോഗങ്ങൾ പോലും നടന്നു.

രാസായുധ പ്രയോഗം സംബന്ധിച്ച യുഎന്‍ അന്വേഷണ നീക്കങ്ങളെ വീറ്റോ ചെയ്ത് അസദിനെ റഷ്യ സംരക്ഷിച്ചു. ഡോണൾഡ് ട്ര oപ് അധികാരത്തിലേറിയപ്പോൾ സിറിയൻ വിഷയത്തിൽ റഷ്യയുമായി കൈകോർക്കുവെന്ന് കരുതപ്പെട്ടിരുന്നു.  എന്നാൽ ഖാൻ ഷെയ്ഖൂനിലെ രാസായുധ പ്രയോഗത്തെ തുടർന്ന് സിറിയൻ വ്യോമതാവളം ആക്രമിക്കാൻ ട്രംപ് ഉത്തരവിട്ടു. അസദിനെ പിന്തുണക്കുന്ന പുടിനെ വിമർശിക്കാനും അന്ന് ട്രംപ് മടിച്ചില്ല

സഖ്യസേന ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമ്പോൾ വിമത മേഖലകളിൽ റഷ്യൻ സഹായത്തോടെ അസദ് തേരോട്ടം നടത്തി. ഫലത്തിൽ രാജ്യത്തിന്റെ 90 ശതമാനവും തിരികെ അസദ് ഭരണത്തിൻ കീഴിലായി. ഇപ്പോൾ അമേരിക്കയാണ് ആശയക്കുഴപ്പത്തിലായത്. അസദ് മുക്ത സിറിയ എന്ന ലക്ഷ്യം അസാധ്യമാണെന്ന് വാഷിങ്ങ്ടൺ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്ക ചെല്ലും ചെലവും കൊടുത്ത അസദ് വിരുദ്ധരെന്ന വിമതർ തമ്മിൽത്തല്ലി ചിന്നഭിന്നമായി. 2011 മുതൽ സർക്കാർ വിരുദ്ധ പോരാട്ടം നടത്തുന്ന വിമതർക്ക് 6 വർഷത്തിനിപ്പുറവും കരുത്തുള്ള നേതൃത്വമില്ല. ഈ ബലഹീനത തിരിച്ചറിഞ്ഞ് തന്നെയാണ് പുട്ടിന്റെ വിജയപ്രഖ്യാപനവും. ഡമാസ്കസ്, ഹമാ, ഹോംസ് എന്തിന് വിമതരുടെ ഈറ്റില്ലമായിരുന്ന അലെപ്പോ പോലും സർക്കാർ പിടിച്ചെടുത്തു കഴിഞ്ഞു . അര നൂറ്റാണ്ടിലധികമായി രാജ്യം ഭരിക്കുന്ന അസദ് കുടുംബത്തെ മാറ്റി നിർത്തൽ ഇപ്പോൾ അസാധ്യമാണെന്ന് ട്രം പ് സർക്കാർ തിരിച്ചറിയുന്നുണ്ട്.  സദ്ദാം ഹുസൈനെപ്പോലെ അസദിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ റഷ്യ ശക്തമായി ചെറുക്കും. അസദിനെ പുറത്താക്കണം എന്ന വിമത ആവശ്യം ഇപ്പോൾ ആരും പരിഗണിക്കുന്നു കൂടിയില്ല. സിറിയയിൽ സൈനിക നടപടികൊണ്ടു പ്രയോജനമില്ലെന്നും രാഷ്ട്രീയ പരിഹാരമാണു വേണ്ടതെന്നുമുള്ള നിലപാടു വിയറ്റ്നാമിൽ നടന്ന ഏഷ്യ പസഫിക് ഉച്ചകോടിക്കിടെ പ്രസിഡന്‍റ് ട്രംപിന് അംഗീകരിക്കേണ്ടിയും വന്നു. ജനാധിപത്യസ്ഥാപനത്തിനെന്ന പേരില്‍ സിറിയയിൽ ഒഴുക്കിയ കോടിക്കണക്കിന് ഡോളർ അമേരിക്കയ്ക്ക് നഷ്ടമായതു മിച്ചം. 

സിറിയയിലെ വിജയപ്രഖ്യാപനത്തിലൂടെ മധ്യപൂർവ ദേശത്തെ തന്റെ സ്വാധീനം ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് പുടിൻ ചെയ്തത്. മേഖലയിൽ അമേരിക്കൻ മേൽക്കൈ ഇല്ലാതാക്കുക എന്ന തന്ത്രം. ജറൂസലേം വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങൾ ട്രംപിനോട് തെറ്റിയ സമയത്ത് തന്നെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധിക്കുക. മേഖലയിലെ പഴയ സോവിയറ്റ് സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണ് വ്ലാഡിമിര്‍ പുടിന്‍ നടത്തുന്നത്. 

സിറിയയുടെ പരമാധികാരം വീണ്ടെടുത്തു നൽകാൻ റഷ്യക്കായി എന്ന പ്രഖ്യാപനത്തിന് വലിയ മാനങ്ങളുണ്ട്. മധ്യ പൂർവ ദേശത്തെ അമേരിക്കൻ ഇടപെടലുകളിൽ അസ്വസ്ഥരായ തുർക്കിയും ഇറാനും ഉൾപ്പെടെയുള്ളവരെ സന്തോഷിപ്പിക്കാം.  .പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിന് തുർക്കിക്ക് വൻ സാമ്പത്തിക സഹായമാണു റഷ്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈജിപ്തിൽ വ്യോമതാവളമുണ്ടാക്കാനൊരുങ്ങുകയാണ് റഷ്യ . 2015ലെ സീനായ് വിമാന ആക്രമണത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഈജിപ്തിന്റ വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് പുത്തൻ ഉണർവേകും . സിറിയൻ സമാധാന ചർച്ചകളിൽ റഷ്യൻ മധ്യസ്ഥതയാണ് ഉചിതമെന്ന് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൊണ്ട് പറയിക്കാനും നീക്കങ്ങൾ നടത്തുന്നു.  സിറിയയുടെ പുനർനിർമാണത്തിന് റഷ്യ മുൻകൈയടുക്കുമെന്ന് അസദ് സർക്കാരിന് മോസ്കോ വാഗ്ദാനം നൽകി കഴിഞ്ഞു. തന്ത്രപ്രധാനമായ മധ്യപൂര്‍വദേശത്ത്  സ്വാധീനം വര്‍ധിപ്പിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന ബോധ്യം പുടിനുണ്ട്. നയതന്ത്രബന്ധങ്ങളില്‍ പരാജയമായ ഡോണള്‍ഡ് ട്രംപ് അമേരിക്ക ഭരിക്കുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ എളുപ്പമാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. 

അലബാമയില്‍ അടിപതറി ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഈ ക്രിസ്മസ്കാലം അത്ര നല്ലതല്ല. ഭരണത്തിലേറിയ ശേഷം അദ്ദേഹത്തിനേറ്റ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായി അലബാമയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂറിന്‍റെ പരാജയം. ഡെമോക്രാറ്റ് പാർട്ടിയുടെ ഡഗ് ജോൺസാണ്  സെനറ്റ് ഉപതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ കോട്ടയായ അലബാമ പിടിച്ചെടുത്തത്. ട്രംപ് ഭരണത്തിന്‍റെ വിലയിരുത്തലെന്ന് വിശേഷിപ്പിക്കപ്പെച്ച തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നേരിയതായി. അന്തസും ആഭിജാത്യവും ആയിരുന്നു, നിയമവാഴ്ച ഉറപ്പാക്കല്‍ ആയിരുന്നു ഈ തിരഞ്ഞെടുപ്പിലെ വിഷയം. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഡഗ് ജോണ്‍സിന്‍റെ ഒാരോ വാക്കും പ്രസിഡന്‍റ് ട്രംപിനെക്കൂടി ലക്ഷ്യം വച്ചുള്ളതായിരുന്നു. റിപ്പബ്ലിക്കന്‍മാര്‍  25 വർഷം ഭദ്രമായി കാത്തുസൂക്ഷിച്ച അലബാമ സീറ്റാണ് ജോണ്‍സ് പിടിച്ചെടുത്തത്. ജെഫ് സെഷൻസ് യുഎസ് അറ്റോണി ജനറലായി നിയമിതനായതിനെത്തുടർന്ന് ഫെബ്രുവരിയിൽ സെനറ്റ് അംഗത്വം രാജിവച്ചതോടെയാണ് അലബാമയിൽ പ്രത്യേക തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.  വാശിയേറിയ പോരാട്ടത്തില്‍ വംശവെറിയും ലൈംഗികാപവാദങ്ങളുമാണ് പ്രചാരണത്തില്‍ നിറഞഞുനിന്നത്. ഇഞ്ചോടിഞ്ചുപോരാട്ടത്തിൽ,ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഡഗ്  ജോൺസിനു 49.92 % വോട്ടുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ എതിരാളി റോയ് മൂറിന് 48.38% വോട്ടുകളേ നേടാനായുള്ളൂ

പരാജയം സമ്മതിക്കാൻ മനസ്സില്ലാതിരുന്ന റോയ് മൂറിന്‍റെ  എതിർവാദങ്ങള്‍ പക്ഷേ വനരോദനമായി.  ലൈംഗികാപവാദങ്ങളാണ് ചുവപ്പന്‍ സംസ്ഥാനത്ത് റോയ് മൂറിനെ അടി തെറ്റിച്ചത്. മൂർ വർഷങ്ങൾക്കു മുൻപു കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം അലബാമ തിരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധ നേടിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് ദിനപ്പത്രം പുറത്തുവിട്ട ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ മൂറിനുള്ള പരസ്യപിന്തുണ പിന്‍വലിച്ചു.  കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തെത്തിയെങ്കിലും  മൂറിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് ഒപ്പം നിന്നു. പ്രസ്താവനകളിലും ട്വീറ്റുകളിലും പ്രസിഡന്‍റിന്‍റെ പിന്തുണ മൂറിന് ലഭിച്ചു.  പ്രസിഡന്‍റിനെതിരെയും ലൈംഗികാരോപണങ്ങള്‍ വന്നതോടെ വൈറ്റ് ഹൗസ് പരാതിക്കാരായ സ്ത്രീകളെ പരമാവധി മോശക്കാരാക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  മൂറിനെ മനപൂര്‍വം അവഹേളിക്കുകയാണെന്ന് പ്രചരിപ്പിച്ചു.  പക്ഷേ ലൈംഗികചൂഷണത്തിനെതിരായ  മി ടൂ ക്യാെപെയന്‍ പകര്‍ന്ന ആവേശം കൂടിയായപ്പോള്‍ സ്ത്രീവിരുദ്ധനെതിരായ ജനവിധിയ്ക്ക് ആക്കം കൂടി. 

മുൻ ന്യായാധിപനും യാഥാസ്ഥിതിക നേതാവുമായ റോയ് മൂറിന് ഉറച്ചവോട്ടുകള്‍ ഏറെയുണ്ടെങ്കിലും സ്വവര്‍ഗവിവാഹം, മുസ്്ലിങ്ങളോടും കറുത്തവര്‍ഗക്കാരോചുമുള്ള  നിലപാട് തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട് അഭിപ്രായ ഭിന്നതയുള്ള റിപ്പബ്ലിക്കന്‍മാരും കുറവല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും വലിയ പോളിങ് ശതമാനമാണ് അലബാമ ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്.  പ്രത്യേകിച്ചും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ വലിയ പങ്കാളിത്തമാണ് ഡെമോക്രാറ്റുകള്‍ക്ക് തുണയായത്. ഇതില്‍ നല്ല പങ്കും ഡോണള്‍ഡ് ട്രംപിനോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ വോട്ട് ചെയ്തവരാണ്. അലബാമ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അത് വ്യക്തമാക്കിയിരുന്നു. 41 ശതമാനം വോട്ടര്‍മാര്‍ പ്രസിഡന്‍റിനോട് ശക്തമായി വിയോജിക്കുനന്ു എന്ന് പറഞ്ഞവരാണ്.  പരമ്പരാഗതമായി വംശീയവിദ്വേഷം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത് ഒന്നു കൂടി തെളിയിക്കുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം. 95 ശതമാനം ആഫ്രോ അമേരിക്കന്‍ വംശജന്‍ ഡഗ് ജോണ്‍സിന് വോട്ട് ചെയ്തപ്പോള്‍ വെളുത്തവര്‍ഗക്കാരുടെ 27 ശതമാനം വോട്ടുമാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഉന്നതവിദ്യാഭ്യാസം നേടിയ വെളുത്തവര്‍ഗക്കാരായ ചെറുപ്പക്കാരും ജോണ്‍സിന് ഒപ്പം നിന്നു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രവലതുപക്ഷത്തിനേറ്റ തിരിച്ചടി കൂടിയാണ് മൂറിന്‍റെ പരാജയം. പ്രത്യേകിച്ചും പ്രസിഡന്‍‌റിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്. പാര്‍ട്ടിക്കുള്ളില്‍ പാളയത്തില്‍ പടയ്ക്കൊരുങ്ങിയ ബാനനും കൂട്ടരും തല്‍ക്കാലം പിന്‍വാങ്ങും.നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങിയെന്നത് ട്രംപിന് വെല്ലുവിളിയാണ്.  അടുത്തവര്‍ഷമെ ഡഗ് ജോണ്‍സ് സ്ഥാനമേല്‍ക്കൂ എന്നത് സര്‍ക്കാരിന് ആശ്വാസമാണ്. സുപ്രധാന നികുതി പരിഷ്കാരങ്ങളും ബജറ്റ് നിര്‍ദേശങ്ങളുമെല്ലാം അതിന് മുമ്പ് സെനറ്റില്‍ പാസാക്കിയെടുക്കാം. പക്ഷേ അടുത്ത വർഷം കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് പക്ഷെ കടുത്തതാകും.  അലബാമ പോലെ ഉറച്ച റിപ്പബ്ലിക്കന്‍ കോട്ടയില്‍ നേടിയ വിജയം ഡമോക്രാറ്റുകളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  

ഈ വര്‍ഷം തന്നെ വെർജീനിയയിലും ന്യൂജഴ്സിയിലും ഗവർണർ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് പാർട്ടിക്ക് ജയം നേടാനായിരുന്നു. ഭരണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് മുമ്പ് തന്നെ തുടരെത്തുടരെ തിരിച്ചടിയേറ്റുവാങ്ങുന്നത് ട്രംപ് ക്യാംപിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. 

പ്ലാസ്റ്റിക് സമുദ്രങ്ങൾ

സമുദ്രങ്ങള്‍ മരിക്കുകയാണ്.  കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുന്നു.  യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്‍റെ  നെയ്റോബി സമ്മേളനം സമാനതകളില്ലാത്ത ഈ പരിസ്ഥിതി ദുരന്തമാണ് ചര്‍ച്ച ചെയ്തത്. 200 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുമെന്ന പ്രതിജ്ഞയെടുത്തു. ലോകം ഒറ്റക്കെട്ടായി പ്രായോഗികമാക്കണ്ട പ്രതിജ്ഞ.

ഓസ്‌ട്രേലിയയുടെ കിഴക്ക് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞൻ ദ്വീപ് ലോർഡ് ഹൗവ. സുന്ദരമായ കടല്‍ത്തീരവും സമുദ്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അതിമനോഹരമായ കുന്നുകളും.. ഇടതൂര്‍ന്ന വനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം ഭൂമിയിലെ കുഞ്ഞുസ്വര്‍ഗമാണ്. എന്നാല്‍ ഈ ദ്വീപിന്റെ യഥാര്‍ഥ അവകാശികള്‍ മനുഷ്യരല്ല. ഏഴാം കടലും താണ്ടി പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്ന് ദ്വീപിലെത്തുന്ന ദേശാടനക്കിളികളാണ്. ഭൂഖണ്ഡങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ കരയും കടലും താണ്ടി വരുന്ന ഈ പറവകളെ കുറിച്ച് പഠിക്കാൻ ജീവിതം മാറ്റിവച്ചിരിക്കുകയാണ് സമുദ്ര ഗവേഷകയായ ഡോക്ടര്‍ ജെന്നിഫര്‍ ലാവേഴ്സ്. ദേശാടന പറവകളുടെ സഞ്ചാരവും ആഹാര രീതികളുമെല്ലാം പഠനവിഷയമാക്കിയ ജെന്നിഫർ കുറച്ചു കാലം മുമ്പ് ഒരു ഞെട്ടിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. ദ്വീപിലേക്ക് ചേക്കേറുന്ന പറവകൾ കൂട്ടത്തോടെ ചാവുന്നു.  ഇതിന്റെ പിന്നിലുള്ള കാരണം തേടിയപ്പോഴാണ് മനസിലായത് മനുഷ്യന്‍ വിതച്ച മഹാവിപത്തിന്റെ രക്തസാക്ഷികളാണ് ഈ പറവകളെന്ന്  ഭക്ഷണം തേടി കടലില്‍ ഉൗളിയിടുന്ന ഈ പക്ഷികള്‍ ആഹാരമാക്കിയതത്രയും പ്ലാസ്റ്റിക്കാണ്. കുപ്പിയുടെ അടപ്പ്, ബലൂണ്‍ കഷ്ണങ്ങള്‍ തുടങ്ങി ചത്ത പക്ഷികളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്  ചെറുതും വലുമായ പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍.  വ്യത്യസ്ത രാജ്യങ്ങളില്‍ നിര്‍മിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍.

ലോർഡ് ഹൗവെയില്‍ ചത്തുവീഴുന്ന പറവകൾ മാത്രമല്ല. വൈവിധ്യങ്ങളിടെ കലവറയായ സമുദ്രത്തിലെ കോടിക്കണക്കിനു വരുന്ന ജീവജാലങ്ങൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരകളാണ് .UNEP യുടെ കണക്കു പ്രകാരം നദികളിലൂടെയും അല്ലാതെയും കുപ്പികളും കവറുകളുമടക്കം എട്ട് മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഒരു വർഷം സമുദ്രത്തിൽ വന്നടിയുന്നത്. ഈ സ്ഥിതി തുടർന്നാൽ 2050ഓടെ  സമുദ്രത്തില്‍  മൽസ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കായിരിക്കും. സ്വയം നശിക്കാത്ത ഇവ ഭൂഗോളത്തെ പൂർണമായും നശിപ്പിക്കും. 

ഒരു സമുദ്രവും പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് മുക്തമല്ല. നാം വലിച്ചെറിയുന്ന ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ നിന്ന് സമുദ്രങ്ങളിലേക്ക് ഒഴുകുന്നു. ഭൂമിക്കാകെത്തന്നെ അപകടകരമായി അവ മാറുന്നതും അങ്ങിനെ തന്നെ. ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്'. ഉത്തര പസഫിക് സമുദ്രത്തിലെ മഹാമാലിന്യ കൂമ്പാരം. സമുദ്രത്തിലേക്ക എറിയുന്ന മാലിന്യങ്ങള്‍ ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് വന്നടിയുന്നത് ഇവിടെയാണ്. ടെക്സസ് നഗരത്തിന്റെ രണ്ട് മടങ്ങ് വലുപ്പം വരും  ഈ മാലിന്യലോകത്തിന്.  ഏറിയ പങ്കും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇവിടെ നിന്ന്  ഇവ ഭൂമിയുടെ പല ഭാഗങ്ങളിലേക്ക് ഒഴുകുന്നു. ലൊസാഞ്ചലസില്‍ ഈയിടെ നടന്ന കണക്കെടുപ്പില്‍ തെളിഞ്ഞത് 10 മെട്രിക് ടണ്‍ പ്ലാസ്റ്റിക്ക് തീരത്തുമാത്രം അടിഞ്ഞെന്നാണ്.  പ്രതിവർഷം 80 ലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രങ്ങളിൽ എത്തിച്ചേരുന്നുവെന്നു യുഎൻ എൻവയൺമെന്റ് പ്രോഗ്രാം പഠനറിപ്പോർട്ട് പറയുന്നു. സമുദ്രത്തിലെ ഓരോ ചതുരശ്ര മൈലിലും 46,000 പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഒഴുകി നടക്കുന്നു. നാശമില്ലാതെ കടലിൽ ചുറ്റിത്തിരിയുന്ന പ്ലാസ്റ്റിക്, കടലിലെ ആവാസവ്യസ്ഥയ്ക്കും പവിഴപ്പുറ്റുകൾക്കും ഭീഷണി തന്നെ. ഭക്ഷണമെന്നു കരുതി പ്ലാസ്റ്റിക് വിഴുങ്ങുന്നതു കടൽപക്ഷികളുടെയും കടൽജീവികളുടെയും വൻതോതിലുള്ള നാശത്തിനു ം വഴിയൊരുക്കും. കടലിൽ അടിയുന്ന പ്ലാസ്റ്റിക് മാലിന്യം നമ്മുടെ മൽസ്യസമ്പത്തിനെയാണു ഗുരുതരമായി ബാധിക്കുന്നത്. മൽസ്യങ്ങളുടെ ഉള്ളിലും പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ അംശങ്ങൾ കണ്ടെത്തിയത് ഇതിന്റെ വിപത്തിലേക്കു വിരൽ ചൂണ്ടുന്നു.വലുതായിക്കൊണ്ടിരിക്കുന്ന ഈ ദുരന്തത്തെ നേരിടാനാണ് ലോകരാജ്യങ്ങള്‍ ഒടുവില്‍ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിരിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ നാം ഒരോരുത്തരും വിചാരിക്കണം. 

ലോകം ക്രിസ്മസ് ലഹരിയില്‍

ക്രിസ്മസ് കാലമാണ് , ലോകമെങ്ങും വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. വൈറ്റ്ഹൗസിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗൃഹനാഥ മെലാനിയ ട്രംപാണ്. കാലം ആദരിച്ച പാരമ്പര്യം എന്ന പ്രമേയം അടിസ്ഥാനമാക്കി മെലാനിയ തന്നെയാണ് വൈറ്റ് ഹൗസ് അലങ്കാരങ്ങള്‍ ഡിസൈന്‍ ചെയ്തത്.  ഡിക്കന്‍സ് നോവല്‍ ക്രിസ്മസ് കരോളും സൈനികരോടുള്ള ആദരവ് സൂചിപ്പിക്കുന്ന ക്രിസ്മസ് ട്രീയുമെല്ലാം വൈറ്റ് ഹൗസിനെ വര്‍ണാഭമാക്കി. ആന്‍ഡ്രൂസ് സൈനികത്താവളത്തിലെ കുട്ടികളും ആഘോ·ഷങ്ങളില്‍ പങ്കുചേര്‍ന്നുപ്രസിദ്ധീകരിച്ച് ഒന്നേമുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ക്രിസ്‌മസ് സന്ദേശം ശക്‌തമായി പ്രതിഫലിപ്പിച്ച ചാള്‍സ് ഡിക്കന്‍സ് നോവല്‍ ക്രിസ്മസ് കാരള്‍ വേദിയില്‍ അവതിരിപ്പിക്കാനൊരുങ്ങുകയാണ് ഈ കലാകാരന്‍മാര്‍. ബ്രിട്ടിഷ് രാജ്ഞിയുടെ വസതിയ വിന്‍സര്‍ കാസില്‍ കൊട്ടാരമാണ് വേദി. ഗ്വാട്ടിമാലക്കാര്‍ക്ക് ക്രിസ്മസ് വര്‍ത്തമാനത്തിന്‍റെ പാപങ്ങള്‍ കത്തിച്ചുകളഞ്ഞ് പുതുജീവിതത്തിലേക്കുള്ള പ്രവേശനമാണ്. ഈ കത്തിക്കുന്നത് പാപത്തിന്‍റെ അവതാരമായ പിശ്ചിനെ. നടി ലിലി റോസിന്‍റെ നേതൃത്വത്തിലാണ് പാരിസിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയത്

സാന്താക്ലോസ് വേഷധാരികളുടെ കൂട്ടയോട്ടമാണ് ബെര്‍ലിനില്‍ കണ്ടത്. ചുവന്ന കുപ്പായവും സാന്താക്ലോസ് തൊപ്പിയുമുള്ളവരെല്ലാം പ്രായഭേദമെന്യേ ഒാടി പേരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്

ലണ്ടന്‍ നഗരത്തിലെ മറ്റൊരു ക്രിസ്മസ് കാഴ്ച. കുതിരവേഷധാരികളുടെ  ഒാട്ടം ബ്രിട്ടിഷുകാരുടെ കുതിരപ്രേമം വിളിച്ചോതുന്നതാണ്

 ജര്‍മനിയിലെ പ്രശസ്തമായ ഷ്രീറ്റ്്സെല്‍മാര്‍ക്കറ്റ്. 1434 മുതലുള്ള ചരിത്രമുണ്ട് ഈ ക്രിസ്മസ് ചന്തയ്ക്ക്. ബെര്‍ലിന്‍ ആക്രമണത്തിന് ശേഷം കനത്ത സുരക്ഷയിലാണ് ക്രിസ്മസ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 13 ലെ സെന്‍റ് ലൂസിയ ഡേയാണ് കോപ്പന്‍ഹേഗനിലെ മുഖ്യ ആഘോഷം. സെന്‍റ് ലൂസിയയുടെ വേഷവിധാനങ്ങണിച്ച കുട്ടികള്‍ നഗരവീഥിയില്‍ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാനപരിപാടി. വ്യത്യസ്ത തരത്തിലുള്ള പുല്‍ക്കൂടുകളൊരുക്കിയാണ് ഫ്രഞ്ച് ഗ്രാമം ലൂസെരാമിലെ ജനങ്ങള്‍ ക്രിസ്മസിനെ വരവേറ്റത്.

അലങ്കാരവിളക്കുകളും നക്ഷത്രങ്ങളും ക്രിസ്മസ് മരങ്ങളും കാരള്‍സംഘങ്ങളും ലോകമെങ്ങും ക്രിസ്മസ് ലഹരിയിലായിക്കഴിഞ്ഞു. 

MORE IN LOKA KARYAM
SHOW MORE