ഉപകാരസ്മരണിയില്‍ അമേരിക്ക

Thumb Image
SHARE

കലണ്ടര്‍ വര്‍ഷത്തിന്റെ കണക്കെടുപ്പുകള്‍ക്ക് തുടക്കമിട്ട് യു.എസ്.ജനത താങ്ക്സ് ഗിവിങ് ഡേ ആഘോഷിച്ചു. വേര്‍തിരിവുകളേതുമില്ലാത്ത മാനവസാഹോദര്യത്തിന്റെ സന്ദേശമുയര്‍ത്തിയാണ് ഉപകാരസ്മരണദിനം എന്ന ഈ ദേശീയദിനം യു.എസ് .താങ്ക്സ് ഗിവിങ് ഡേ. ഉപകാരസ്മരണദിനം. യു.എസ് ജനത അവരുടെ ദേശീയ ഉല്‍സവങ്ങളിലൊന്നിനെ അടയാളപ്പെടുത്തുന്നത് നന്ദിപൂര്‍വമാണ്. സാധാരണമായ പൊതു അവധിദിനങ്ങള്‍ക്കപ്പുറം ചരിത്രപരമായ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ഉല്‍സവദിനം.പിന്നെയത് ഒരു ജീവിതശൈലിയായി മാറി. നവംബറിലെ നാലാമത്തെ ചൊവ്വാഴ്ചകളെ ഉപകാരസ്മരണദിനമായി ആഘോഷിച്ച് പാരമ്പര്യത്തിന്റെ ആ കണ്ണിയെ മുറിയാതെ നിലനിര്‍ത്തുന്നു യു.എസ്.ജനത. വംശീയപ്രശ്നങ്ങളും സാമ്പത്തിക അസമത്വങ്ങളും രാഷ്ട്രീയവും മതപരവുമായ വൈജാത്യങ്ങളുമെല്ലാം തീര്‍ക്കുന്ന വിഭജനരേഖകളെ മായ്ചുകളയുന്ന ആഘോഷനാള്‍. സ്വഭാവസ്വരൂപങ്ങളില്‍ നമ്മുടെ തിരുവോണനാളിന്റെ ഒരമേരിക്കന്‍ പതിപ്പ്.

വിപണിയെയും വീടുകളെയും ജീവിതങ്ങളെയും ഇളക്കിമറിച്ചാണ് ഉപകാരസ്മരണനാള്‍ കടന്നുപോവുക. വിപണിസമ്പദ്ഘടനയില്‍ ലോകത്തിന് മാതൃകതീര്‍ത്ത യു.എസിലെ സാമ്പ്രദായിക വിപണിക്കാഴ്ചകള്‍ കാണാത്ത ഒരുദിനം. ഷോപ്പിങ് മോളുകളും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ തനത് ഷോറൂമുകളും മാത്രമല്ല, നമ്മുടെ ജനത്തിരക്കേറിയ നഗരക്കാഴ്‍ചപോലെ വഴിയോരക്കച്ചവടക്കാരുടെയും കൊയ്ത്തുകാലമാണ് ഉപകാരസ്മരണദിനനാള്‍. സാമ്പത്തികനിലയ്ക്കനുസരിച്ച് ആഘോഷങ്ങളുടെ ചേരുവ തിരഞ്ഞെടുക്കാവുന്നവിധം ക്രമീകരിച്ചിരിക്കുന്ന വിപണി. 

ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് അമേരിക്കയില്‍ താമസിച്ചിരുന്ന ഇംഗ്ലിഷുകാര്‍ നല്ല താമസവും സൗകര്യവും ഒരുക്കിയതിന് തദ്ദേശീയ ജനങ്ങളോട് നന്ദിപ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്ത ദിനമായിട്ടാണ് ഉപകാരസ്മരണദിനത്തിന്റെ തുടക്കം. പിന്നീടത് അമേരിക്കയുടെ വിളവെടുപ്പുല്‍സവമായി. നല്ലവിളവിന് നന്ദിപറഞ്ഞുള്ള ആഘോഷം. പാവങ്ങള്‍ക്ക് വ്യക്തികളും കുടുംബങ്ങളും സംഘടനകളും ചേര്‍ന്ന് നല്ല ഭക്ഷണവും വസ്ത്രവും നല്‍കി ആ ആഘോഷത്തിന് മാനവികതയുടെ നിറപ്പകിട്ടും കൈവന്നു.1939 ല്‍ അന്നത്തെ യു.എസ്.പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റാണ്  നവംബറിലെ നാലാം ചൊവ്വാഴ്ച ഉപകാരസ്മരണാദിനമായി ആഘോഷിക്കാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനു ശേഷം യു.എസ്.കോണ്‍ഗ്രസിന്റെ അംഗീകാരവും ലഭിച്ചതോടെ അലംഘനീയമായ നിയമങ്ങളുടെ ഗണത്തിലേക്ക് സവിശേഷമായ തലയെടുപ്പോടെ ഈ ആഘോഷവും ഇടംനേടി. യു.എസിനൊപ്പം  ഫിലിപ്പിന്‍സ്, സാന്‍റ് ലൂസിയ, ലൈബേരിയ നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇതേദിവസം ഉപകാരസ്മരണനാളായി ആഘോഷിക്കുന്നു. പുതുവല്‍സരത്തിന്റെയും തണുപ്പുകാലത്തിന്റെയും വരവറിയിക്കുന്ന ആഘോഷനാളായാണ് ജനങ്ങളുടെ മനസില്‍ ഈ ദിനം ഇന്ന് അടയാളപ്പെടുത്തപ്പെടുന്നത്

ഉപകാരസ്മരണ ആഘോഷത്തില്‍ രാത്രിഭക്ഷണമാണ് താരം. യു.എസിലെ തനത് രുചിക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഡിന്നറും  ടര്‍ക്കി കോഴികളുടെ റോസ്റ്റ് ചെയ്ത ഇറച്ചിയുമാണ് പ്രധാന വിഭവങ്ങള്‍. അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ റോസ്റ്റഡ് ടര്‍ക്കി  ഇറച്ചിക്ക് ഏറ്റവുമധികം പ്രാധാന്യം കൈവരുന്നതും ഈ ഉല്‍സവനാളിലാണ്. താങ്സ് ഗിവിങ് ഡേയുടെ മറ്റൊരു ആകര്‍ഷണമാണ് ആഘോഷങ്ങള്‍ വിളിച്ചോതുന്ന പരേഡ്. ജനപ്രിയമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വൈവിധ്യമാര്‍ന്ന പ്ലോട്ടുകളും അണിനിരക്കുന്ന  വര്‍ണാഭമായ ഘോഷയാത്രയാണത്. 1924 മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയാണ്  ഉപകാരസ്മരണദിന പരേഡിന്റെ കേന്ദ്രം. ഇന്ന് പതിനായിരങ്ങളാണ് വര്‍ണങ്ങള്‍ വാരിവിതറുന്ന ആ പരേഡില്‍ അണിരക്കുന്നത്. പരേഡുകളുടെ പരമ്പരയ്ക്ക് തുടക്കമായത് ഫിലഡാല്‍ഫിയയിലാണ്.

അപ്രക്ഷീതവും നാടകീയവുമായ ഒട്ടേറെ ഭരണനടപടികളുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം മുന്നേറുന്നതിനിടെയാണ് ഈവര്‍ഷം ഉപകാരസ്മരണദിനം എത്തിയത്. മുന്‍ഗാമികളുടെ പതിവുതെറ്റിക്കാതെ വൈറ്റ് ഹൗസില്‍ നടന്ന ആഘോഷപരിപാടികളില്‍ ട്രംപ് പങ്കെടുത്തു. തൊട്ടുപിന്നാലെ ഫ്ലോറിഡയിലെ തന്റെ സ്വകാര്യ ഒഴിവുകേന്ദ്രത്തിലെത്തിയ പ്രസിഡന്റ് അവിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൈന്യത്തിന് ദേശീയാഘോഷത്തിന്റെ ആശംസകളറിയിച്ചു. ചിന്തകളെ ട്വിറ്ററില്‍ അപ്പപ്പോള്‍ പങ്കുവയ്ക്കുന്ന ട്രംപ് ഉപകാരസ്മരണനാളിലും ഒട്ടേറെ ട്വീറ്റുകള്‍ ചെയ്തു. മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്നവയായിരുന്നു പലതും. ദേശീയാവധിദിനത്തിലും കുറ്റപ്പെടുത്തലുകള്‍ക്ക് ട്രംപ് അവധിനല്‍കിയില്ല.

MORE IN LOKA KARYAM
SHOW MORE