ഇനി ജനാധിപത്യം പൂക്കട്ടെ

Thumb Image
SHARE

മുപ്പത്തി ഏഴു വര്‍ഷത്തെ മുഗാബെ കാലത്തിന് സിംബാബ്വെയില്‍ അന്ത്യം. ജനകീയപ്രതിഷേധത്തിനും പട്ടാള അട്ടിമറിക്കുമൊടുവില്‍ ഏകാധിപത്യത്തിലൂടെ രാജ്യത്തെ വറുതിയില്‍ നിര്‍ത്തിയ തൊണ്ണൂറ്റിമൂന്നുകാരനായ ഭരണാധികാരി സ്വയം വിട്ടൊഴിഞ്ഞു. മുഗാബെയുടെ അധികാരവെറി സിംബാബ്‌വെയുടെ അസ്ഥിവാരം തോണ്ടി. 

മുഗാബെയുടെ മുഖം മാറുന്നതായിരുന്നു പിന്നീട് രാജ്യവും ലോകവും കണ്ടത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണാധികാരി തികഞ്ഞ ഏകാധിപതിയായി മാറുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ച. എതിര്‍ശബ്ദങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്തി. അധികാരത്തിലെത്തിയപ്പോള്‍ കറുത്തവര്‍ഗക്കാരായവരെ കൂടെനിര്‍ത്താന്‍ നിരവധി പ്രഖ്യപാനങ്ങള്‍ നടത്തിയ മുഗബെ അതെല്ലാം മറന്നു. പാര്‍ട്ടിയിലും പുറത്തും ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങളെ അദ്ദേഹം അടിച്ചമര്‍ത്തി 

ലോകം സിംബാബ്‌‌വെയിലേക്ക് നോക്കുകയാണ്. രാജ്യത്തിന് വേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാരാണ്. തകര്‍ന്നുകിടക്കുന്ന ഒരു രാജ്യത്തെ കരകയറ്റാന്‍ പ്രാപ്തനായ ഒരു ഭരണാധികാരിയാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ തകര്‍ന്ന സൗഹൃദം തിരിച്ചുപിടിക്കണം. ഈ വെല്ലുവിളികളെ അതിജീവിക്കല്‍ വലിയ വെല്ലുവിളിയാണ് ഈ ചെറുരാജ്യത്തിന്.

പാർലമെന്റിന്റെ സംയുക്തസമ്മേളനം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് സിംബാബ്‍വെ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവച്ചു. സ്വച്ഛമായ അധികാരമാറ്റത്തിനു സ്വമേധയാ രാജിവയ്ക്കുകയാണെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജിവാർത്ത സംയുക്ത പാർലമെന്റിൽ സ്പീക്കർ ജേക്കബ് മുഡെൻഡ പ്രഖ്യാപിച്ചു. സിംബാബ്‍വെ സ്വതന്ത്രമായ 1980 മുതലുള്ള മുഗാബെ ഭരണത്തിന് ഇതോടെ അന്ത്യമായി.

ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ. മുഗാബെയുടെ രാജിവാർത്തയറിഞ്ഞതോടെ ജനക്കൂട്ടം തെരുവീഥികളിൽ ആഹ്ലാദനൃത്തമാടി. മുഗാബെ സ്വമേധയാ രാജിവച്ചൊഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന–പിഎഫ് പാർട്ടി ചീഫ് വിപ് ലവ്മോർ മടുകെ പറഞ്ഞു. സന–പിഎഫ് പാർട്ടിയുടെ പുതിയ തലവനും പ്രവാസിയുമായ എമേഴ്സൻ നൻഗഗ്വ പുതിയ ഐക്യ സർക്കാരിനെ നയിച്ചേക്കും. വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ പുറത്താക്കി ഭാര്യ ഗ്രെയ്സിനെ പിന്തുടർച്ചാവകാശിയാക്കാനുള്ള മുഗാബെയുടെ ശ്രമമാണ് ഇപ്പോഴത്തെ രാഷ്ട്രീയമാറ്റങ്ങളിലേക്കു നയിച്ചത്.

സന–പിഎഫ് പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നു നീക്കിയിട്ടും പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയാതെ ചെറുത്തുനിന്ന മുഗാബെയ്ക്കെതിരെ സിംബാബ‍്‍വെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ആരംഭിച്ച ഇംപീച്ച്മെന്റ് നടപടിയെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച സൈന്യം അധികാരം പിടിച്ചതിനുശേഷം മുഗാബെ ഇന്നലെ വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ അഞ്ചു മന്ത്രിമാർ മാത്രമാണു പങ്കെടുത്തത്. 17 പേർ വിട്ടുനിന്നു.

സിംബാബ്‍വെയിലെ ഭരണപ്രതിസന്ധിക്കു പരിഹാരം കാണാൻ ചർച്ചകൾക്കായി ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജേക്കബ് സുമയും അംഗോള പ്രസിഡന്റ് ജൊവാവോ ലൂറെങ്കോയും ഇന്നു ഹരാരെയിലെത്താനിരിക്കെയാണു നാടകീയമായ രാജി പ്രഖ്യാപനം. മുഗാബെയുടെ രാജിക്കായി ഇന്നലെയും നഗരത്തിൽ കൂറ്റൻ പ്രകടനം നടന്നിരുന്നു. രാജിയോടെ പ്രതിഷേധപ്രകടനം ആഹ്ലാദപ്രകടനമായി മാറി.


MORE IN LOKA KARYAM
SHOW MORE