കാണാമറയത്ത് കെന്നഡി ഫയലുകള്‍

Thumb Image
SHARE

ഒരു കാത്തിരിപ്പുകൂടി വ്യർത്ഥമായി. അമേഷിക്കയുടെ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരണത്തിന്റെ ചുരുളഴിയാൻ ഇനിയും കാത്തിരിക്കണം. കെന്നഡി വധത്തിന്റെ മുഴുവൻ ഫയലുകളും പുറത്തുവിടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം പൊള്ളത്തരമായിരുന്നു. പുറത്തുവിട്ട ഫയലുകളിൽ ഉള്ളത് അന്നത്തെ അഭ്യൂഹങ്ങളും ഗോസിപ്പുകളും മാത്രം. നിർണായക വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ പതിവുകാരണങ്ങൾ തന്നെ. രാജ്യസുരക്ഷയും രാജ്യാന്തരബന്ധങ്ങളും.

1963 

നവംബര്‍ 22

ഡാലസ്, ടെക്സസ്

അമേരിക്ക വിറങ്ങലിച്ച നിമിഷം... ലോകം സ്തംഭിച്ച ദിവസം.... അമേരിക്കയുടെം‌ മുപ്പത്തഞ്ചാമത്തെ പ്രസിഡന്റ് ‍ജോണ്‍ എഫ് കെന്ന‍ഡി വെടിയേറ്റു മരിച്ചു. ജനപ്രീതിയിലും താരമൂല്ല്യത്തിലും സമാനതകളില്ലാത്ത നേതാവിനെ ഒരു നിമിഷം കൊണ്ടാണ് അമേരിക്കയ്ക്ക് നഷ്ടമായത്. അതിന്റെ ആഘാതം വളരെ വലുതായിരുന്നു. സംശയങ്ങളും അഭ്യൂഹങ്ങളും ഗൂഢാലോചനാ വാദങ്ങളും എല്ലാ അതിരുകളും കടന്ന് പ്രചരിച്ചു. റഷ്യയും ക്യൂബയും ഉള്‍പ്പെടെ അന്നത്തെ അമേരിക്കയുടെ പ്രഖ്യാപിത എതിരാളികളൊക്കെ സംശയത്തിന്റെ നിഴലിലായി. വന്‍ശക്തികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധമുണ്ടാകുമോയെന്നുപോലും പലരും ആശങ്കപ്പെട്ടു. ആ ഭയം തീര്‍ത്തും അസ്ഥാനത്തായിരുന്നുമില്ല. 

കെന്നഡി വധിക്കപ്പെട്ട് ഒന്നര മണിക്കൂറിനകം ഘാതകന്‍ ലീ ഹാര്‍വി ഒാസ്്‌വാള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡ‍ന്റിന്റെ വാഹനവ്യൂഹം കടന്നുപോയ ഡാലസിലെ ഡീലി പ്ലാസയിലുള്ള സ്്ക്കൂള്‍ ബുക്ക് ഡെപ്പസിറ്ററിക്കിന് മുകളില്‍ നിന്നാണ് ഒാസ്‌വാള്‍ഡ് കെന്നഡിക്കുനേരെ വെടിയുതിര്‍ത്തത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥനേയും ഓസ്‍വാള്‍ഡ് വെടിവച്ചുകൊന്നു. എന്നാല്‍ രണ്ട് കൊലപാതകങ്ങളും ഓസ്‍വാള്‍ഡ് നിഷേധിച്ചു.എന്നാല്‍ ഒാസ്‌വാള്‍ഡിനെയും കാത്തിരുന്നത് കെന്നഡിയുടെ അതെ ദുരന്തമായിരുന്നു. പിടിയിലായി രണ്ടാം ദിവസം ഡാലസിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് കൗണ്ടി ‍ജയിലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു അത്. കെന്നഡി കൊല്ലപ്പെട്ട് 48 മണിക്കൂര്‍ പിന്നിടുമ്പോള്‍. പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റ ഒാസ്‌വാള്‍ഡ് 2 മണിക്കൂറിനകം പാര്‍ക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഡാലസില്‍ നൈറ്റ് ക്ലബ് ഉടമയായിരുന്ന ജേക്കബ് റൂബസ്റ്റന്‍ എന്ന ജാക്ക് റൂബിയാണ് ഒാസ്‌വാള്‍ഡിനെ കൊലപ്പെടുത്തിയത്. കെന്നഡിയുടെ മരണം ഉണ്ടാക്കിയ മാനസികാഘാതമാണ് ഒാസ്‌വാള്‍ഡിനെ കൊല്ലാന്‍ കാരണമെന്നായിരുന്നു ജാക്ക് റൂബിയുടെ മൊഴി. 1964ല്‍ റൂബിയെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ്  ഈ വിധി റദ്ദാക്കി. പുതിയ വിചാരണ കാത്തിരിക്കേ റൂബി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 

ഓസ്‍വാള്‍‍ഡ് കൊല്ലപ്പെട്ടതോടെയാണ് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ആഴവും പരപ്പവും വര്‍ധിച്ചത്. ഓസ്‍വാള്‍ഡ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു കെന്നഡി വധം അന്വേഷിച്ച വാറന്‍ കമ്മിഷന്റെ നിലപാട്. എന്നാല്‍ ഇതംഗീകരിക്കാന്‍ അമേരിക്കന്‍ ജനത തയാറായില്ല. അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏള്‍ വാറന്‍ അധ്യക്ഷനായ കമ്മിഷന്‍ കെന്നഡി വധവും ഘാതകന്റെ വധവും ഒരുമിച്ചാണ് അന്വേഷിച്ചത്. എഫ്ബിഐ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളുടെ പാളിച്ചകള്‍ പലതും ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഓസ്‍വാള്‍ഡിപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാന്‍ കമ്മിഷന് കഴിഞ്ഞില്ല. തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ സിലക്ട്് കമ്മിറ്റി ഓണ്‍ അസാസിനേഷന്‍സും അന്വേഷണം നടത്തി. ഡാലസ് പൊലീസും എഫ്ബിഐയും 1968 ലെ റാംസേ ക്ലാര്‍ക്ക് പാനലും 1975 ല്‍ നിയോഗിക്കപ്പെട്ട റോക്ക് ഫെല്ലര്‍ കമ്മിഷനും ഫ്രാങ്ക് ചര്‍ച്ച് കമ്മിറ്റിയുമെല്ലാം പല ഘട്ടങ്ങളിലായി കെന്നഡിയുടെ മരണത്തിനിടയാക്കിയ സാഹചര്യവും സുരക്ഷാവീഴ്ചകളും പാളിച്ചകളും പരിശോധിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരാമം കുറിയ്ക്കാന്‍ ഇവയ്ക്കൊന്നും കഴിഞ്ഞില്ല. ഇതാണ് 51 വര്‍ഷം കഴിഞ്ഞിട്ടും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ശക്തി വര്‍ധിക്കാന്‍ കാരണം. ജോണ്‍ എഫ്.കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പുറത്തുവിടുമെന്ന് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പലതവണ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. കുറേയൊക്കെ പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവയില്‍ അധികവും കേട്ടുകേള്‍വികളും അഭ്യൂഹങ്ങളുമായിരുന്നു. അതുകൊണ്ടാണ് പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത്. 

MORE IN LOKA KARYAM
SHOW MORE