ചൈനയില്‍ ഷി യുഗം

SHARE

ചൈനീസ് ചരിത്രത്തില്‍ പുതുയുഗപ്പിറവി പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് സമാപനം. ബെയ്‌ജിങ്ങിലെ 'ജനങ്ങളുടെ ഗ്രേറ്റ് ഹാളിൽ' ഏഴുദിവസമായി നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം ദേശീയ കോൺഗ്രസ് ഷീ ചിൻപിങ്ങിനെ പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. പാർട്ടിക്കൊപ്പം രാജ്യത്തെയും ഷീ ചിൻപിങ് അടുത്ത അഞ്ചു വർഷം നയിക്കും.   ഷി ചിന്‍പിങ്ങ് എന്ന ആധുനിക മാവോയുടെ ഉദയമാണ് പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. ചൈനയില പരമോന്നത നേതാവ് ഷീയെന്ന് വീണ്ടും സംശയലേശമെന്യെ പ്രഖ്യാപിച്ചു പാര്‍ട്ടി. മാവോ സെദുങ് കാലത്തെ വ്യക്തിപൂജയിലേക്കുള്ള മടക്കമാണ് ഷി ഭരണകാലത്തും സംഭവിക്കുന്നത്. 

ജനസംഖ്യയിലും സൈനികശേഷിയിലും ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യത്തെ അടുത്ത അഞ്ചുവര്‍ഷം കൂടി ഷി ചിന്‍പിങ് നയിക്കുംം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന് പാർട്ടിജനറൽ സെക്രട്ടറിയുടെ പദവിയിലേക്ക്  ഷിയല്ലാതെ മറ്റൊരു പേരില്ലായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ആകെത്തന്നെ ഷി മയം. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടി അഞ്ചാം തലമുറയിലെ ഏറ്റവും കരുത്തനായ നേതാവാണ് ഫൂജിയാൻ പ്രവിശ്യയിൽ നിന്നുള്ള ഷി ചിൻപിങ് .വിപ്ലവാനന്തര ചൈനയുടെ ആദ്യ ഉപപ്രധാനമന്ത്രി ഷീ ഷോങ്‌സൂണിന്റെ മകന്‍. സാംസ്‌കാരിക വിപ്ലവകാലത്ത് ചെയർമാൻ മാവോ സെദുങ് 'വെട്ടിനിരത്തിയ'  നേതാവ് ഷോങ്സൂണിന്‍റെ മകന്‍ ഇന്ന് പാര്‍ട്ടിയില്‍ മാവോയ്ക്ക് തുല്യന്‍.  അധികാരവഴികളില്‍ അപൂര്‍വ തന്ത്രജ്ഞതയുടെ ആളാണ് ഷി. 2007ൽ 17ാം പാർട്ടി കോൺഗ്രസിൽ സിപിസിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിലെത്തിയ ഷീ  2008ല്‍ ചൈനയുടെ വൈസ് പ്രസിഡന്റായി. ഹു ജിന്‍റാവോയുടെ പിന്‍ഗാമിയായി ഷിയുടെ ആ കടന്നു വരവ് തന്നെ ഏവരെയും അദ്ഭുതപ്പെടുത്തി. ഹുവിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് അന്ന്  കടുത്ത പരിഷ്കരണ വാദിയായ ഷി വൈസ് പ്രസിഡന്‍റായത്. 2012 നവംബറൽ 18ാം കോൺഗ്രസിൽ പാര്‍ട്ടി ജനറല്‍സെക്രട്ടറിയും പിറ്റേ വർഷം മാർ‍ച്ചിൽ ചൈനീസ്  പ്രസിഡന്‍റും. 

അധികാരക്കസേരയില്‍ വെല്ലുവിളിയാകുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല ഷി ഡാഡ എന്ന് പാര്‍ട്ടിക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷി ചിന്‍പിങ്. അഴിമതി വിരുദ്ധ പോരാട്ടമാണ് പ്രധാന മുദ്രാവാക്യം. എന്നാല്‍ ഈ അഴിമതി വിരുദ്ധത എതിരാളികളെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടിക്കുള്ളിലെ വെട്ടിനിരത്തലുകളില്‍ തെല്ലും മയമില്ല ജനറല്‍ സെക്രട്ടറിക്ക്. പാര്‍ട്ടി അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ല എന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടപ്രയോഗമാണ്.  അധികാരത്തിലെത്തിയതുമുതൽ പൊതുസമൂഹത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണു നയം. എഴുത്തുകാർ, പത്രപ്രവർത്തകർ‌, മനുഷ്യാവകാശ പ്രവർത്തകർ, ഷിയുടെ ഭരണത്തിന്‍ കീഴില്‍ നിശബ്ദരാക്കപ്പെട്ടവര്‍ നിരവധി. നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലിയു സിയാവോബോ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് അറുപത്തിയൊന്നാം വയസില്‍ അന്തരിച്ചതും ഷി ഭരണകാലത്ത് തന്നെ.  

 ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈനയെ വളര്‍ത്തിയതില്‍ ഷി ചിന്‍പിങ്ങിന്‍റെ പങ്ക് വലുതാണ്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ ലോകത്ത് ഏറ്റവും കരുത്തനായ നേതാവെന്ന പദവിയും ഷി സ്വന്തമാക്കി. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട വാക്കും ഷി ചിന്‍പിങ്ങെന്നാണ്. സര്‍വത്ര ഷി മയം. ഷിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിന്റെ മൂലതത്വങ്ങൾ ഭരണഘടനയില്‍ എഴുതി ചേര്‍ക്കുക കൂടി ചെയ്താല്‍ എല്ലാ അര്‍ഥത്തിലും മാവോയ്ക്ക് സമശീര്‍ഷനാകും അദ്ദേഹം. അധികാരമോഹിയും കാര്‍ക്കശ്യക്കാരനുമെങ്കിലും ഷിയുടെ ഭരണത്തില്‍ പാര്‍ട്ടി തൃപ്തമാണെന്ന് ചുരുക്കം. ഒരു പക്ഷേ മുന്‍ പ്രസിഡന്‍റ് ഡെങ് സിയാവോപിങ് പറഞ്ഞതുപോലെ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്നാവും കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത്. കൂട്ടുനേത്ത്വത്തില്‍ നിന്ന് ഏക നേതൃത്വത്തിലേക്കുള്ള വഴിയില്‍ തല്‍ക്കാലം അദ്ദേഹത്തിന് എതിരാവഓികളില്ല . പക്ഷേ 2022നു ശേഷം അധികാരത്തില്‍ തുടരാന്‍ വളഞ്ഞവഴികള്‍ തേടിയാല്‍ പാര്‍ട്ടിയുടെ മറ്റൊരു മുഖമാവും ഷി കാണുക. ചരിത്രം പറയുന്നത് അതാണ്.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈനയുടെ സമ്പൂര്‍ണവളര്‍ച്ചയാണ് ലക്ഷ്യമെന്ന് ഷി ചിന്‍പിങ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കി. 2050 ല്‍ ലോകത്തിന്‍റെ നെറുകയില്‍ രാജ്യം, അതാണ് മധുര മനോജ്ഞ ചൈനയെക്കുറിച്ച് ഷിയുടെ സ്വപ്നം.  ചൈനീസ് ഡ്രാഗണ്‍ ലോകത്തിനു മേല്‍ പറക്കുമോ ?സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലടക്കം ഷി യുടെ അവകാശവാദങ്ങള്‍ എത്രകണ്ട് വാസ്തവമാണ്? പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന അഴിമതിയും രാജ്യത്ത് വിവിധയിടങ്ങളില്‍ തലപൊക്കുന്ന വിഘടനവാദവും  അവഗണിച്ച് സ്വപ്നപാതയിലൂടെയുള്ള യാത്ര അദ്ദേഹത്തിന് സാധ്യമാണോ ?

ചൈനയിൽ മൂന്നു വർഷത്തിനിടയിൽ അഴിമതിയുടെ പേരിൽ നടപടിക്കു വിധേയരായത് 14  ലക്ഷം  പാർട്ടി പ്രവർത്തകരാണ്. വിവിധ പദവികളിലുള്ള 250ലേറെ പേർക്കെതിരെ കേസുണ്ടായി. പണക്കൊതിയന്‍മാരായ കമ്യൂണിസ്റ്റ് നേതാക്കളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. രാഷ്ട്രീയത്തില്‍ മാത്രമല്ല 23 ലക്ഷം സജീവ ഭടന്മാരുള്ള, ലോകത്തെ ഏറ്റവും വലിയ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ  കാര്യവും വ്യത്യസ്തമല്ല. ഹെലികോപ്‍ടറുകള്‍ പോലും മറിച്ചുവില്‍ക്കുന്നവരാണ് സൈനിക ഉദ്യോഗസ്ഥര്‍.  ഷി ചിന്‍പിങ് അഴിമതിവിരുദ്ധപോരാട്ടം മുഖ്യഅജന്‍ഡയാക്കാനുള്ള കാരണവും ഇതു തന്നെ  കാര്യശേഷിയിലും ചൈനീസ് പട്ടാളം വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. ആധുനിക യുദ്ധതന്ത്രങ്ങളൊന്നും ഇതുവരെ കാര്യമായി പരിചയപ്പെട്ടിട്ടില്ല പിഎല്‍എ. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ സൈനിക താവളത്തിന് പുറമെ പാക്കിസ്ഥാൻ അടക്കം തന്ത്രപ്രധാന രാജ്യങ്ങളിൽ   സൈനികത്താവളങ്ങൾ നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി.  പിടിച്ചടക്കലല്ല ലക്ഷ്യമെന്നുപറയുമ്പോഴും അന്യരാജ്യങ്ങളില സൈനികവിന്യാസത്തിൽ ഉള്ളടങ്ങുന്ന ശാക്തിക തന്ത്രം ശ്രദ്ധേയമാണ്.  എങ്കിലും ഇന്ത്യന്‍ സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതിവിദ്യയില്‍ ഇനിയുമേറെ മുന്നോട്ട് പോകേണ്ടിയിരുക്കുന്നു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പ്രസിഡന്‍റും പാര്‍ട്ടിക്കാരും അഭിമാനം കൊള്ളുമ്പോഴും ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ക്ക് അത്ര ആത്മവിശ്വാസമില്ല. വര്‍ധിച്ചുവരുന്ന ദേശീയകടം വെല്ലുവിളിയാണെന്ന് അദ്ദേഹം കരുതുന്നു. ചൈനീസ് ഉല്‍പ്പനങ്ങള്‍ ലോകവിപണി കീഴടക്കിയെന്ന് പറയുമ്പോഴും ഗുണനിലവാരക്കുറവു മൂലം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ചില യൂറോപ്യൻരാജ്യങ്ങളിലെ കടകളിൽ, ഉൽപന്നങ്ങൾ ചൈനീസ് നിർമ്മിതമല്ല എന്ന ബോർഡുകൾപോലും ഇടംപിടിച്ചുകഴിഞ്ഞു.ചൈനീസ് ഉല്‍പന്നങ്ങളുടെ അമിത കടന്നുവരവ് തടയാന്‍ ജര്‍മനി നീക്കം തുടങ്ങിയിരിക്കുന്നു. 

ഡോണള്‍ഡ് ട്രംപിന്‍റെ, 'അമേരിക്ക ആദ്യം" വാദം ാജ്യാന്തര വിപണിയില്‍ മല്‍സരം കടുത്തതാക്കും. അതേസമയം ചൈനയിലെ  നിര്‍മാണ മേഖലയില്‍ വന്‍ ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.് 

 സോഷ്യലിസ്റ്റ് രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറി വരുന്നതായി പാര്‍ട്ടി തന്നെ ഇപ്പോൾ സമ്മതിക്കുന്നു. ഇല്ലാത്തവനെ കൈപിടിച്ചുയർത്താനുള്ള പല പദ്ധതികളും ഇത്തവണ ചൈനീസ് സ്വഭാവമുള്ള സോഷ്യലിസമാ് തങ്ങളുടേതെന്നു ന്യായീകരിക്കുന്ന പാർട്ടി പ്രഖ്യാപിച്ചിട്ടുമുണ്ട്

 അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്‍മാരുള്ള രാജ്യമാണ് കമ്യൂണിസ്റ്റ് ചൈനയെന്ന് 2012ൽ ഒാർമ്മപ്പെടുത്തിയത് മറ്റാരുമല്ല, ഇന്ത്യയിലെ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഫിജി മുതല്‍ അസ്മാനിയ വരെ ഷി ചിന്‍പിങ് സന്ദര്‍ശിക്കാത്ത രാജ്യങ്ങള്‍ കുറവാണ്. ലോകനേതാവായി ഉയരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനങ്ങളെല്ലാം. ലോകം ആണവയുദ്ധത്തിന്‍റെ ഭീതിയില്‍ കഴിയുമ്പോള്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ ഉറച്ച നിലപാടെടുക്കേണ്ടതുണ്ട് ചൈനയ്ക്ക്. ആധുനിക ചൈനയുടെ ശിൽപി ഡെങ് സിയാവോ പിങ്ങിന്‍റെ താല്‍പര്യങ്ങള്‍ ആ രാജ്യത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാല്‍ ഷി ചിന്‍ പിങ്ങിന്‍റെ ലക്ഷ്യം ലോകനേതാവാകുക എന്നതാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആക്രോശങ്ങളോടുള്ള സഹിഷ്ണുത ഷിക്ക് പക്വതയുള്ള നേതാവെന്ന പ്രതിച്ഛായ നല്‍കി.  പ്രത്യേകിച്ചും ഉത്തരകൊറിയയുടെ കാര്യത്തില്‍ എങ്ങും തൊടാത്ത നിലപാടുമായി അധികകാലം മുന്നോട്ട് പോകാനാവില്ല. ഉത്തരകൊറിയന്‍ ആണവപദ്ധതിയാണ് വലിയ വെല്ലുവിളി. പ്യോങ്യാങ്ങുമായി ഉൗഷ്മള ബന്ധം തുടരുമെന്ന് പാര്‍ട്ടികോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും ഉത്തര, ദക്ഷിണ കൊറിയകള്‍ മാറിയും മറിഞ്ഞും ചൈനയെ കുറ്റപ്പെടുത്തുന്നു. ഏഷ്യയില്‍ മാത്രമല്ല ആഫ്രിക്ക, യൂറോപ്പ് , സൗത്ത് അമേരിക്ക തുടങ്ങിയിടങ്ങളിലെല്ലാം ചൈനീസ് സ്വാധീനം ശക്തമാക്കാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞു. പക്ഷേ ചൈനീസ് നയങ്ങളോട്  വിവിധ രാജ്യങ്ങള്‍ക്ക് അസഹിഷ്ണുത തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ബെയ്ജിങ്ങ് നീക്കത്തെ ഒാസ്ട്രേലിയ ശക്തമായി താക്കീത് ചെയ്തുകഴിഞ്ഞു. ചൈനീസ് വിപണതന്ത്രങ്ങള്‍ യൂറോപ്പിനെ അസ്വസ്ഥമാക്കുന്നുുണ്ട്. മാത്രമല്ല ചെറുരാജ്യങ്ങളായ ഹംഗറിയെയും ഗ്രീസിനെയുമെല്ലാം തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ബെയ്ജിങ് തന്ത്രങ്ങള്‍ യൂറോപ്പിനെ ഭിന്നിക്കുമെന്ന് ചില നേതാക്കളെങ്കിലും ആശങ്കപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനയുടെ കോളനിവല്‍ക്കരണത്തോടെ വിയോജിപ്പുകളുയര്‍ന്നു തുടങ്ങിയിരിക്കുന്നു.  ഇന്ത്യയുമായും ജപ്പാനുമായും നല്ല ബന്ധമല്ല ഇപ്പോഴുള്ളത്. ഒരു മേഖല ഒരു പാത പദ്ധതിയിലൂടെ ലോകം കൈപ്പിടിയിലൊതുക്കാമെന്ന് ചൈന കരുതുന്നു. ഇന്ത്യയെ ചുറ്റിവരിഞ്ഞ് സാമ്പത്തികമേഖല തീർക്കാനുള്ള   ഈ വൻ നിക്ഷേപപദ്ധതിയോട് ന്യൂഡല്‍ഹി ശക്തമായ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.  ദോക്്ലാം അതിര്‍ത്തി തര്‍ക്കവും ബന്ധം വഷളാക്കി

 ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ അവകാശവാദം ഫലപ്രദമായാൽ അത് ഏറെക്കുറെ ചൈനയുടെ മാത്രം കടലാവും. ഇത് ചുറ്റുമുള്ള ചെറു രാജ്യങ്ങളും അമേരിക്കയും അംഗീകരിക്കാനിടയില്ല.  തായ്്്വാനിലെയും ഹോങ്കോങ്ങിലെയും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന് വെല്ലുവിളി തന്നെയാണ് . സിന്‍ജിയാങ് പ്രവിശ്യയിലെ വംശീയ കലാപവും ബെയ്ജിങിന് തലവേദനയാകുന്നുണ്ട്. മ്യാന്‍മര്‍, മലേഷ്യ തായ്ലന്‍ഡ്, തുടങ്ങിയ രാജ്യങ്ങളുമായെല്ലാം നല്ല ബന്ധമുണ്ടാക്കാന്‍ ഷി ചിന്‍പിങ്ങിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ റൊഹിഗ്യന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ മ്യാന്‍മറിലെ ഒാങ് സാന്‍ സുകിയെ പിന്തുണച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.  വിയറ്റ്്നാമിലും ഫിലിപ്പൈന്‍സിലും അമേരിക്കക്ക് നഷ്ടമായ സ്വാധീനം ശരിയായി മുതലെടുക്കാന്‍ ചൈനക്കായിട്ടില്ല.

ചുരുക്കത്തില്‍ ലോകത്തിന്‍റെ നെറുകയിലെത്താന്‍ ആഭ്യന്തരവും രാജ്യാന്തരവുമായ നിരവധി പ്രതിസന്ധികളെ തരണം ചെയ്യണം ചൈനീസ് നേതൃത്വത്തിന്

MORE IN Loka Karyam
SHOW MORE