ചാണക്യതന്ത്രവുമായി ആബെ

SHARE

ഉത്തരകൊറിയന്‍ മിസൈലുകള്‍ തലയ്ക്കു മുകളിലൂടെ പറക്കുമ്പോള്‍, ലാന്‍ചുഴലിക്കാറ്റ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാഷ്ട്രീയ ചൂതാട്ടത്തിനിറങ്ങിയത്. ഒരു വര്‍ഷം കാലാവധി ബാക്കി നില്‍ക്കെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട ആബെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബ്രിട്ടനിലെ തെരെസ മെയപ്പോലെ അതിബുദ്ധി ആബെയെ ആപത്തില്‍ ചാടിച്ചില്ല. പ്രതിപക്ഷം ദുര്‍ബലമായതോടെ ആബെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി

.'ബൻസായ്! ബൻസായ് വിളികളോടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അംഗങ്ങള് സ്വീകരിച്ചത്.  ഇംഗ്ലിഷില്‍ ചിയേഴ്സ് പറയുന്നതിന് തുല്യമാണ് ബന്‍സായ്. ഉത്തരകൊറിയ മിസൈല്‍ പറത്തി പേടിപ്പിക്കുമ്പോള്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്നായിരുന്നു പാര്‍ലമെന്‍റ് പിരിച്ചുവിടുന്നതിന് കാരണമായി ഷിന്‍സോ ആബെ പറഞ്ഞത്. എന്നാല്‍ യഥാര്‍ഥ കാരണം അതല്ല. ടോക്കിയോ ഗവർണർ യൂറികോ കൊയ്കെയുടെ പുതിയ പാര്‍ട്ടി വന്‍ ജനപ്രീതി നേടുന്നുവെന്ന തോന്നലാണ് അടുത്ത അ‍ഞ്ചുവര്‍ഷത്തേക്കു കൂടി അധികാരമുറപ്പിക്കാന്‍ ആബെയെ പ്രേരിപ്പിച്ചത്. മുൻ ടിവി അവതാരകകൂടിയായ യൂറികോ കൊയ്കെയുടെ പാര്‍ട്ടി രൂപീകരണം ആവേശമുണര്‍ത്തിയെങ്കിലും പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം അവര്‍ പ്രതീക്ഷിച്ചില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താനില്ലെന്ന് യൂറികോ പ്രഖ്യാപിച്ചതോടെ ആവേശം ആറി തണുത്തു. പ്രതിപക്ഷത്തിന് തയാറാടെുക്കാന്‍ അവസരം നല്‍കാതിരിക്കുക എന്ന ആബേ തന്ത്രം ഫലം കണ്ടു.

ജൂലൈയില്‍ നടന്ന ടോക്കിയോ അസംബ്ലി തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടയാണ് ആബെ അപകടം മണത്തത്. 127 അംഗ സഭയിൽ 57 സീറ്റുണ്ടായിരുന്ന എൽഡിപി 23 സീറ്റിലൊതുങ്ങിയപ്പോള്‍  യുറീകോ കൊയീകെയുടെ ടോക്കിയോ സിറ്റിസൻസ് ഫസ്റ്റ് പാർട്ടിയും സഖ്യകക്ഷികളും കൂടി 79 സീറ്റുകളോടെ ഭൂരിപക്ഷം ഉറപ്പിച്ചു. അഴിമതിയാരോപണങ്ങളാണ് ആബെയുടെ ജനപ്രീതി ഇടിച്ചത്. അടുത്ത വര്‍ഷം നടക്കുന്നെ തിരഞ്ഞെടുപ്പില്‍ ഭരണംെ കൈവിട്ടുപോകുമെനന്ുറപ്പായ ഘട്ടത്തിലാണ് ഉര്‍വശീ ശാപം ഉപകാരം എന്ന മട്ടില്‍ ഉത്തരകൊറിയയുടെ മിസൈല്‍ വന്നത്. ഉത്തരകൊറിയന്‍ വെല്ലുവിളിയെ ആബെ നേരിടുന്ന രീതിയോട് ജനങ്ങള്‍ക്ക് വലിയ വിശ്വാസമില്ല, പക്ഷേ യുദ്ധഭീഷണി ഉയര്‍ത്തിയ ദേശീയവികാരം മുതലെടുക്കാന്‍ ആബെയ്ക്കായി. രക്ഷകന്‍റെ റോളില്‍ അവതരിച്ച ആബെയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി. 

പ്രതിപക്ഷത്തെ ഭിന്നതയാണ് ആബെയുടെ വിജയത്തെ സഹായിച്ച മറ്റൊരു ഘടകം. യൂറികോ കൊയ്കെ എന്ന കരുത്തയായ നേതാവിന് കീഴില്‍ ഒറ്റക്കെട്ടായി അണിനിരക്കാനായിരുന്നു ആദ്യം പ്രതിപക്ഷത്തിന്‍റെ പദ്ധതി. മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഉപാധികളില്ലാതെ യൂറികോയുടെ പാര്‍ട്ടിയോട് സഹകരിച്ച് മല്‍സരിക്കാന്‍ സന്നദ്ധമായി. എന്നാല്‍ നേതൃത്വത്തിന്‍റെ ഗര്‍വികള്‍ കൊയ്കെ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ചതോടെ സഖ്യസാധ്യതകള്‍ മങ്ങി. പ്രതിപക്ഷത്ത് രണ്ട് പുതിയ പാര്‍ട്ടികള്‍ രൂപപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപം കൊണ്ട പാര്‍ട്ടികള്‍ക്ക് ജനങ്ങളിലേക്കെത്താനായില്ല.  യുദ്ധാനന്തര ജപ്പാനില്‍ എക്കാലത്തും സജീവ സാന്നിധ്യമായ എല്‍ഡിപിക്ക് അധികാരം നിലനിര്‍ത്താന്‍ ഇതിലൂടെ കഴിഞ്ഞു. യുദ്ധഭീഷണി നിലനില്‍ക്കുമ്പോള്‍ അനുഭവസമ്പത്തും സ്ഥിരതയുമുള്ള ഭരണമാണാവശ്യം എന്ന ആബെയുടെ വാദം ജനം ചെവിക്കൊണ്ടു. 

ഈ ജയത്തോടെ ജപ്പാനില്‍ പാര്‍ലമെന്‍ററി ജനാധിപത്യം നിലവില്‍ വന്നതിനുശേഷം ഏറ്റവും കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാവകയാണ് ഷിന്‍സോ ആബെ.  സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുമെന്നും യുദ്ധവിരുദ്ധ ഭരണഘടന തിരുത്തുമെന്നും വാഗ്ദാനം ചെയ്താണ് അദ്ദേഹം  അധികാരമേറ്റത്. അധികാരം അരക്കിട്ടുറപ്പിച്ചതോടെ തന്‍റെ നയങ്ങള്‍ പ്രായോഗികമാക്കാന്‍ ആബെയ്ക്ക് കഴിഞ്ഞേക്കും

ഭരണഘടനാ ഭേദഗതിയാണ് ആബെയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തിന് ശേഷം 1947 ലാണ് ആധുനിക ജപ്പാന്‍റെ ഭരണഘടന തയാറാക്കിയത്.  അമേരിക്കയടക്കമുള്ള വന്‍ ശക്തികളുടെ  നിര്‍ബന്ധത്തില്‍ എഴുതി ചേര്‍ത്ത ആര്‍ട്ടിക്കിള്‍ 9  ജപ്പാനെ യുദ്ധവിരുദ്ധ രാജ്യമായി പ്രഖാപിച്ചു. ജപ്പാന് യുദ്ധാവശ്യങ്ങള്‍ക്കായി സൈന്യം അനുവദനീയമല്ല. കര, നാവിക , വ്യോമ സേനകവ്‍ ജപ്പാന് അന്യമാണ്.  ആകെയുള്ളത് പൊലീസിന്‍റെ അല്‍പം വിപുലീകരിച്ച രൂപമായ സ്വയം പ്രതിരോധ സേന മാത്രം.  ഹിരോഷിമയും നാഗസാക്കിയുമേല്‍പ്പിച്ച ആഘാതം ഇന്നും വിട്ടുമാറാത്ത ജനങ്ങളില്‍ ഒരു വിഭാഗം ആര്‍ട്ടിക്കിള്‍ 9നെ പവിത്രമായി കണക്കാക്കുന്നു. എന്നാല്‍ ദേശീയവാദികള്‍ക്ക് ആര്‍ട്ടിക്കിള്‍ 9 അപമാനമാണ്. രാജ്യത്തിന്‍റെ പരമാധികാരത്തിനുമേലുള്ള വെല്ലുവിളിയായി കണക്കാക്കുന്ന അനുച്ഛേദം ഭേദഗതി ചെയ്യണമെന്ന് അവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നു.  മാറിയ ലോക സാഹചര്യത്തില്‍ സര്‍വസജ്ജരായ സൈന്യം ആവശ്യമാണെന്നു തന്നെയാണ് ഷിന്‍സോ ആബെയുടെയുംപക്ഷം. എന്നാല്‍ ഭരണഘടനാ ഭേദഗതിക്ക് ജനങ്ങളുടെ അംഗീകാരവും പാര്‍ലമെന്‍റിന്‍റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. ഏറെ അവധാനതയോടെ മാത്രമേ ഭരണഘടനാ ഭേദഗതിയിലേക്ക് അദ്ദേഹത്തിന് കടക്കാനാവൂ. 

സാമ്പത്തിക വളര്‍ച്ചയാണ് ആബെണോമിക്സ് എന്ന് വിളിക്കുന്ന പുത്തന്‍ സാമ്പത്തിക നയത്തിലൂെടെ പ്രധാനമന്ത്രിയുടെ മറ്റൊരു ലക്ഷ്യം. വില്‍പന നികുതി വര്‍ധന വഴി ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുക എന്നതാണ് ഇതില്‍ മുഖ്യം. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരിക്കുന്ന കാലത്ത് നികുതി വര്‍ധനയോട് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ല. പക്ഷേ ദിവസവേതനക്കാരന്‍റെ ജീവിത്തില്‍ ഇത് മാറ്റങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. 2020ലെ ടോക്യോ ഒളിംപിക്സിന് മുമ്പ് സാമ്പത്തിക രംഗത്ത് വീണ്ടും മുന്നേറ്റമുണ്ടാക്കുകയാണ് ആബെയുടെ ലക്ഷ്യം. പക്ഷേ ജാപ്പനീസ് സമ്പദ്്്വ്യവസ്ഥയെ പിന്നോട്ടടിക്കുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണ്ടേതുണ്ട്.. സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോഴും തുടരുന്ന കുറഞ്ഞവേതനനിരക്കും നാണ്യപ്പെരുപ്പവും സമ്പദ്ഘടനയ്ക്ക വെല്ലുവിളിയാണ്. ആബെ ഭരണത്തില്‍ തൊഴിലവസരങ്ങള്‍ കൂടി. പക്ഷെ ഇതില്‍ നല്ല ശതമാനവും പാര്‍ട് ടൈം ജീവനക്കാരാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യം കുറവായതിനാല്‍ പരുഷന്‍മാര്‍ര്‍ ശമ്പളവര്‍ധന ആഗ്രഹിക്കുന്നു. പ്രായമായവരുടെ എണ്ണത്തിലുള്ള വര്‍ധന മനുഷ്യവിഭവശേഷിയെയും ബാധിക്കുന്നുണ്ട്. തൊഴിലാളികളുടെ എണ്ണക്കുറവും വേതനവര്‍ധനയും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും.  മുന്നോട്ടുള്ള പാത ദുര്‍ഘടമാണെങ്കിലും  സ്വതവെ ദുര്‍ബലരും ഇപ്പോള്‍ പരസ്പര ശത്രുക്കളുമായ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ ഭയക്കേണ്ട എന്നതാണ് ആബെയ്ക്ക് പ്രതീക്ഷ നല്‍കുന്ന വസ്തുത.

MORE IN Loka Karyam
SHOW MORE