മോദിയുടെ നാവും പ്രധാനമന്ത്രി പദത്തിന്‍റെ അന്തസും

Thumb Image
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ചൊരു പ്രാസംഗികനാണ്. ഒരു സംശയവുമില്ല. ഹിറ്റ്്ലറും മികച്ച പ്രസാംഗികനാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മോദിയെ ഹിറ്റ്ലുമായി ഉപമിക്കുകയല്ല. പക്ഷെ, വിവേക രഹിതമായ വാക്കുകളുണ്ടാക്കുന്ന മുറിവുകളും വിഭജനങ്ങളും അടയാളപ്പെടുത്താനാണ് ശ്രമിച്ചത്. നരേന്ദ്ര മോദിയുടെ നാവ്  പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് കളയുന്നുണ്ടോയെന്ന് ആശങ്കകള്‍ ശക്തമാണ്. 

വികസനം മുതല്‍ വിശ്വാസം വരെ എല്ലാ ആയുധങ്ങളും ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും പയറ്റി. പക്ഷെ, അഭിമാനപ്പോരാട്ടത്തില്‍ കാലിടറുമെന്ന് തോന്നിയപ്പോള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാക്പയറ്റുകളാണ് പ്രചാരണത്തിന്‍റെ വഴിതിരിച്ചുവിട്ടത്. കോണ്‍ഗ്രസിനെയും പാക്കിസ്ഥാനെയും പരോക്ഷമായി മുസ്്ലിം സ്വത്വത്തെയും ചേര്‍ത്തുവെച്ചുകൊണ്ട് മോദി നടത്തിയ പരാമര്‍ശം എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പാക്കിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന സംശയമാണ് പലന്‍പൂരില്‍ മോദി പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ പാക്കിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിരുന്നു നല്‍കി. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ഇതില്‍ പങ്കെടുത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഈ വിരുന്നില്‍ ചര്‍ച്ചയായെന്നാണ് മോദിയുടെ ആരോപണം. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് സൈന്യത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മോദി പറഞ്ഞുവെച്ചു. എന്നാല്‍ ഗുജറാത്ത് വിഷയം മണിശങ്കര്‍ അയ്യരുടെ വിരുന്നില്‍ ചര്‍ച്ചയായില്ലെന്ന് അതില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി.

ഗുജറാത്തില്‍ പിഴുതെറിയപ്പെടുമെന്ന ആശങ്കയിലാണ് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ആരോപണങ്ങള്‍ നിഷേധിച്ച് മന്‍മോഹന്‍ സിങ് പ്രതികരിച്ചു. മോദി പ്രധാനമന്ത്രിയുടെ ഒാഫീസിന്‍റെ വിശ്വാസ്യതയും അന്തസുമാണ് സംശയത്തിന്‍റെ നിഴലിലാക്കിയതെന്ന വിമര്‍ശനവും മന്‍മോഹന്‍ സിങ് ഉയര്‍ത്തി. മന്‍മോഹന്‍ സിങിന്‍റെ വിമര്‍ശനത്തെ പ്രതിപക്ഷത്തിന്‍റെ കേവലം ആരോപണമായി തള്ളിക്കളയാനാകില്ല. ഇന്ത്യയുടെ മണ്ണിലെ ജനാധിപത്യപ്രക്രിയയെ ശത്രുപരിവേഷം നല്‍കിയിട്ടുള്ള അയല്‍രാജ്യം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള ചോദ്യമുനകൂടിയാണ്. ആരോപണം ഉന്നയിക്കുന്നത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാകുന്പോള്‍ അതിന്‍റെ ആഴവും ഗൗരവവും വര്‍ധിക്കുന്നു.  ബിജെപിനേതാവിന്‍റെയും ആര്‍എസ്എസ് പ്രചാരകന്‍റെയും റോളില്‍ നിന്ന് ഒരുപാട് ദൂരവും ഉത്തരവാദിത്വവുമുണ്ട് പ്രധാനമന്ത്രിയുടെ റോളിലേക്ക്. നാവന്തസ് ഇവിടെ  പ്രധാനഘടകം കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ആനുകൂല്യമല്ല. പക്വമായ ജനാധിപത്യത്തില്‍ ഏത് പോരാട്ടത്തിലും അന്തസാര്‍ന്ന ചില കളിനിയമങ്ങളുണ്ട്. പാക്കിസ്ഥാനിലുള്ള ചിലര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്കായി രാജ്യതലസ്ഥാനത്തെത്തിയിട്ടുണ്ടെങ്കില്‍ ബിജെപി ഭരണത്തിന് കീഴിലുള്ള വിദേശകാര്യമന്ത്രാലയം തന്നെയാണ് ആദ്യം തലതാഴ്ത്തിനില്‍ക്കേണ്ടത്. 

പാക്കിസ്ഥാനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഇതേ മോദി തന്നെയാണ് നവാസ് ഷെരീഫിന്‍റെ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പാക്കിസ്ഥാന്‍ പരാമര്‍ശം ബിജെപി നടത്തിയിരുന്നു. ബിജെപി തോറ്റാല്‍ പാക്കിസ്ഥാനിലാകും പടക്കംപൊട്ടുകയെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. അഹമ്മദ് പട്ടേലിനെയും പാക്കിസ്ഥാനെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള മോദിയുടെ പരാമര്‍ശം കൃത്യമായ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ ഒളിയന്പാണ്. മുസ്്്ലിം വിരുദ്ധത പച്ചയ്ക്ക് പറയുന്ന സംഘപരിവാര്‍ നേതാക്കളുടെ വാക്കുകളില്‍ നിന്ന് അതിന് വലിയ അന്തരമൊന്നുമില്ല. ഹിന്ദുക്കളും മുസ്്ലിംകളും തമ്മിലടിക്കാതെ പട്ടിണിക്കെതിരെ ഒരുമിച്ച് പട പൊരുതണമെന്ന് പറഞ്ഞുവെച്ച അതേ നാവുകൊണ്ടുതന്നെയാണ് മോദി ഇതും പറയുന്നത്. ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തിയാലും അടിപതറി വീണാലും വിഭാഗീയതയുടെ വാക്കുകളുണ്ടാക്കിയ വിള്ളലുകള്‍ ഇന്ത്യയുടെ മനസില്‍ പിന്നെയും ബാക്കികിടക്കും.

കശ്മീരില്‍ സമാധാനത്തിന്‍റെ ചുവടുവയ്പ്പുകള്‍

ഇന്ത്യയുടെ ഇനിയുമുണങ്ങാത്ത മുറിവാണ് കശ്മീര്‍. സംഘര്‍ഷങ്ങളുടെ അശാന്തയില്‍ പുകയുന്ന താഴ്്വാരം. മായാത്ത ചോരപ്പാടുകള്‍. മാറ്റത്തിനായുള്ള, സമാധാനത്തിനായുള്ള ചില ചുവടുവെയ്പ്പുകള്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. കല്ലേറുകേസുകളില്‍പ്പെട്ട യുവാക്കളെ നിയമക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാനുള്ള നീക്കം അതിന്‍റെ ഭാഗമായാണ്.

ഇവള്‍ അഫ്ഷാന്‍ ആഷിഖ്. വയസ് 21. ജമ്മുകശ്മീരിന്‍റെ ആദ്യ വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ . അശാന്തമായ താഴ്്വരയിലെ കലങ്ങിമറിഞ്ഞ യൗവനങ്ങളുടെ പ്രതീകമായിരുന്നു അഫ്ഷാന്‍ കുറച്ച് നാള്‍ മുന്‍പ്. കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞ വിദ്യാര്‍ഥികളുടെ മുന്‍നിരയില്‍ നീലക്കുപ്പായം ധരിച്ച് മുഖം മറച്ച് നിന്നിരുന്ന അഫ്ഷാന്‍റെ ചിത്രം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള കല്ലേറ് കശ്മിരില്‍ ഏറെക്കുറെ പതിവാണ്. ഏപ്രില്‍ 15 ന്. അന്നേ ദിവസം താഴ്വരയില്‍ ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അഫ്ഷാന്‍റെ ചിത്രമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞത്. യുവ ഫുട്ബോള്‍ താരം കല്ലേറിന് നേതൃത്വം നല്‍കുന്നുവെന്ന അടിക്കുറുപ്പോടെ. കൈവിട്ടുപോയ കല്ലിനൊപ്പം കൈവിടാന്‍ തുടങ്ങിയ ജീവിതത്തെ പിന്നീട് അഫ്ഷാന്‍ തിരിച്ചുപിടിച്ചു. കളിക്കളത്തിലേക്ക് മടങ്ങിയെത്തി. അന്നത്തെ പ്രതിഷേധത്തിന്‍റെ പ്രതീകം ഇന്ന് പ്രത്യാശയുടേതാണ്. കശ്മീരിലെ കലഹിക്കുന്ന യൗവനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെ പ്രതീകം. അന്ന് കല്ലെറിഞ്ഞ അതേ കൈകള്‍കൊണ്ട് അഫ്ഷാന്‍ കശ്മീരിന്‍റെ ഗോള്‍വല കാക്കുന്നു. അഫ്ഷാനും കൂട്ടുകാരികളും ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങിനെ കണ്ടു. ഒരു പിന്തുണയും കിട്ടാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും മൈതാനത്ത് മടങ്ങിയെത്തിയതിന്‍റെ കഥകള്‍ പറഞ്ഞു. കശ്മീരിലെ കായികരംഗം അനുഭവിക്കുന്ന പരാധീനതകള്‍ പങ്കുവെച്ചു. താഴ്്വരയിലെ സംഘര്‍ഷങ്ങളുടെ കനലുകള്‍ കെടുത്താന്‍ കായികരംഗത്തിന് കഴിയുമെന്ന് തിരിച്ചറിഞ്ഞ രാജ്്നാഥ് സിങ് താരങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കിക്കൊടുക്കാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് നിര്‍ദേശിച്ചു. പിരിയാന്‍ നേരം അഫ്ഷാന്‍ പറഞ്ഞു. ജീവിതത്തെ നേട്ടങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തണം. മുറിവുകള്‍ ഉണക്കണം. ജമ്മുകശ്മീരിനും അതിലേറെ ഇന്ത്യയ്ക്കും പേരും പുകളും നല്‍കുന്ന വ്യക്തിയായി മാറണം.

 

കല്ലേറ് മതിയാക്കി കളിക്കളത്തിലേക്ക്

താഴ്്വരയിലെ ഇനിയും ഉണങ്ങാത്ത ചോരപ്പാടുകള്‍ക്കു മേല്‍ പ്രതീക്ഷകളുടെ മഴവില്ലു വിരിയാന്‍ തുടങ്ങിയിട്ടുണ്ട്. ജമ്മുകശ്മീര്‍ പൊലീസ് തന്‍റെ ടീം അംഗങ്ങളോട് അപമര്യാദയായി പെരുമാറിയപ്പോഴാണ് പ്രതിഷേധിക്കാന്‍ കല്ലെടുത്തതെന്ന് അഫ്ഷാന്‍ പറയുന്നു. ഏതായാലും, കല്ലേറുകൊണ്ട് ജീവിതത്തിലുണ്ടായ കുപ്രസിദ്ധി അഫ്ഷാന്‍ കളിമികവിലൂടെ മായ്ച്ചുകളഞ്ഞു. കശ്മീരിന്‍റെ കലങ്ങിമറിയലുകള്‍ക്ക് സാക്ഷിയായ ഝലം നദിയുടെ കരയില്‍വെച്ച് മുഖ്യമന്ത്രിയോട് ക്ഷമചോദിച്ചു. കശ്മീരിലെ പുതിയമാറ്റങ്ങളുടെ മുഖമാണ് അഫ്ഷാന്‍. 2016 ജൂലൈ 8ന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതോടെയാണ് കശ്മീര്‍ കത്തിയമരാന്‍ തുടങ്ങിയത്. പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ സര്‍ക്കാരിനായില്ല. വിഘടനവാദം ഏറ്റവും ശക്തമായ തൊണ്ണൂറുകളിലെ ഭീതിതമായ അവസ്ഥ. കല്ലുകളുമായി യുവാക്കള്‍ തെരുവില്‍. നിശാനിയമത്തിന്‍റെ ഇരുട്ടറയില്‍ രാപകലുകള്‍. സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പെല്ലറ്റ് തോക്കുകൊണ്ട് ആഴത്തില്‍ കീറിമുറിഞ്ഞ മുഖങ്ങളും ശരീരങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ, കശ്മീരിന്‍റെ നിലനില്‍പ്പിന് നേരെ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടിരുന്നു. ഉരുക്കുമുഷ്ടിക്കൊണ്ട് നേരിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഭരണകൂടം  പഴയ പോംവഴിയിലേക്ക് തിരിച്ചുപോയി. ഇന്‍സാനിയത്ത്! ജമൂറിയത്ത്! മനുഷ്യത്വം! ജനാധിപത്യം!

കല്ലേറില്‍ ഉള്‍പ്പെട്ട യുവാക്കള്‍ക്കെതിരായ കേസുകള്‍പിന്‍വലിക്കാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 744 കേസുകളില്‍ ഉള്‍പ്പെട്ട 4327 യുവാക്കള്‍ക്കാണ് നിയമനടപടികളുടെ നൂലമാലകളില്‍ നിന്ന് തടവറകളില്‍ നിന്ന്  മോചനം കിട്ടുക. സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015 മുതല്‍ 2017വരെയുള്ള കേസുകളാണ് പരിഗണിച്ചത്. കല്ലേറ് കേസുകളില്‍ ആദ്യമായി ഉള്‍പ്പെടുന്നവര്‍ക്കാണ് ഇളവില്‍ മുന്‍ഗണന നല്‍കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മ്മയുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ താഴ്വരയില്‍ ശാന്തിയുടെ ദിനങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ മെഹ്ബൂബ തുടങ്ങിക്കഴിഞ്ഞു.  2008 മുതല്‍ 2014വരെ യുവാക്കള്‍ക്കെടുത്ത കേസുകള്‍ പുന:പരിശോധിക്കാനും മെഹ്ബൂബ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.  അപായസാധ്യതകളുണ്ടെങ്കിലും സമാധാനം പുനസ്ഥാപിക്കാന്‍ കേസുകള്‍ പിന്‍വലിക്കേണ്ടതുണ്ടെന്ന് ഭരണകക്ഷിയായ ബിജെപിയും സമ്മതിക്കുന്നു. കളിക്കളങ്ങളും ക്യാംപസുകളും സജീവമാക്കി നല്ല നാളെകള്‍ക്കുള്ള ഒരുക്കങ്ങള്‍ . വെടിവെയ്പ്പും ഭീകാരാക്രമണങ്ങളുമല്ലാതെ കശ്മീരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ക്കായി കാതോര്‍ക്കാം. 

ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണം അര്‍ഥവത്താകും വിധം കശ്മീര്‍ താഴ്വരയില്‍ ശാന്തിയും സമാധാനവും പുലരട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ജയാ ജയ്റ്റ്ലിയുടെ വെളിപ്പെടുത്തലുകളും ദനാ മാഞ്ചിയുടെ ജീവിതത്തിലെ മാറ്റങ്ങളും കാണാം ഇടവേളയ്ക്ക് ശേഷം. 

 

വിവാദങ്ങള്‍ തുറന്നുപറഞ്ഞ് ആത്മകഥ

വാജ്പേയി സര്‍ക്കാരിെന പിടിച്ചുലച്ചതായിരുന്നു തെഹല്‍ക്ക നടത്തിയ ഒാപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന ഒളിക്യാമറ അന്വേഷണം. അന്വേഷണാത്മ മാധ്യമപ്രവര്‍ത്തനത്തിലെ നിര്‍ണായകമായ ഒരേട്. അന്നത്തെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ജയ ജയ്്റ്റ്ലി രാഷ്ട്രീയ ഉപശാലകളിലെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ചില സംഭവ പരന്പരകള്‍ വിവരിക്കുകയാണ് തന്‍റെ ആത്മകഥയിലൂടെ. ജയാ ജയ്റ്റ്ലി  രാഷ്ട്രീയവും ജീവിതവും പറയുന്നു.

ജയാ ജയ്റ്റ്ലി. അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് വാര്‍ത്തകളിലെയും വിവാദങ്ങളിലെയും നിറ സാന്നിധ്യം. തെഹല്‍ക്ക നടത്തിയ 'ഒാപ്പറേഷന്‍ വെസ്റ്റ് എന്‍ഡ്' ഒളിക്യാമറ അന്വേഷണത്തില്‍ കുടുങ്ങി രാഷ്ട്രീയ ജീവിതം കലങ്ങിമറിഞ്ഞു. ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായിരുന്ന സമത പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്ന ജയ ജയ്റ്റ്ലി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ജപ്പാനില്‍ ഇന്ത്യയുടെ മുന്‍ അംബാസിഡറും മലയാളിയുമായ കെ കെ ചേറ്റൂരിന്‍റെ മകള്‍. കോണ്‍ഗ്രസ് പാരന്പര്യമുള്ള കുടുംബം.ജയിന്‍റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസുമായി ഏറെ അടുത്ത ബന്ധം. മകള്‍ അദിതിയെ വിവാഹം ചെയ്തത് ക്രിക്കറ്റ് താരമായിരുന്ന അജയ് ജഡേജ. തിളച്ചുമറിഞ്ഞ രാഷ്ട്രീയ വഴികള്‍ക്കൊപ്പം പരന്പരാഗത കരകൗശല രീതികളെക്കുറിച്ച് പഠിച്ചും അവ പ്രോല്‍സാഹിപ്പിച്ചും വേറിട്ടൊരിടം ജയ ജീവിതത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒളിക്യാമറാ വിവദങ്ങളെക്കുറിച്ച് ജയ പറയാനുള്ളത് ഇതാണ്. തെഹല്‍ക്കയുടെ സാന്പത്തിക സ്രോതസിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധി ഇടപെട്ടെന്ന് ജയ അരോപിക്കുന്നു. അപ്രതീക്ഷമായി സമതാ പാര്‍ട്ടിയുെട ദേശീയ അധ്യക്ഷയായ ജയയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നത് വാജ്പേയിയുടെ സമ്മര്‍ദത്തിന് വഴങ്ങി.

ജോര്‍ജ് ഫെര്‍ണാണ്ടസുമായുള്ള വ്യക്തി ബന്ധം ഏറെ വിവാദങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവെച്ചു. ഒാര്‍മ്മകളുടെ കണ്ണികള്‍ പൊട്ടി ജീവിതത്തിന്‍റെ സായന്തനം മുന്നോട്ടുകൊണ്ടുപോകുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ ജയ ജയ്റ്റ്ലി സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്‍റെ ഭാര്യ ലൈല കബീര്‍ വിലക്കിയിരുന്നു. 

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തില്‍ ജനിച്ച ജയ  കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലെത്തിയത് സിഖ് വിരുദ്ധ കലാപത്തിന് ശേഷമാണ്. വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന ചോദ്യത്തിന് ഇതാണ് ജയയുടെ മറുപടി

ഇനിയുമുണ്ട് അറിയാതെപോകുന്ന മാഞ്ചിമാര്‍

ദാന മാഞ്ചി നമ്മളെ ചുട്ടുപൊള്ളിച്ചതാണ്. ഉള്ളുരുക്കിയതാണ്. ഡിജറ്റല്‍ സ്വപ്നങ്ങള്‍ കാണുന്ന ഒരു രാജ്യത്തിന്‍റെ കാണാതെ പോകുന്ന അരികുജീവിതങ്ങളുടെ പ്രതീകമായിരുന്നു മാഞ്ചി. പക്ഷെ ആ മാഞ്ചി ഇന്ന് ഒരുപാട് മാറി.

രാജ്യം മറിന്നിട്ടില്ല ആ അന്ത്യയാത്ര. കരഞ്ഞുകലങ്ങിയ പെണ്‍കുട്ടിയുടെ മുഖം. ആംബുലന്‍സ് വിളിക്കാന്‍  പണമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നുപോകുന്ന ദാന മാഞ്ചിയുടെ ദൃശ്യം. ഒഡീഷയിെല കാലഹന്ദിയില്‍‍. കഴിഞ്ഞ വര്‍ഷമാണ് ക്ഷയ രോഗം ബാധിച്ചു മരിച്ച ഭാര്യ അമാംഗ് ദേയിയുടെ മൃതദേഹം തോളിേലറ്റി ദാന മാഞ്ചി പത്തു കിലോമീറ്റര്‍ ദൂരം നടന്ന് വീട്ടിലേക്ക് പോയത്. ദാരിദ്രം ഇരുട്ടുവീഴ്ത്തിയ ആദിവാസി ഉൗരുകളിലെ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയായിരുന്നു ഭാര്യയുടെ മൃതദേഹവും പേറിയുള്ള മാഞ്ചിയുടെ മകളുടെയും നടത്തം. 

മാഞ്ചിയുടെ രണ്ടാം ഭാര്യയായിരുന്നു അമാംഗ് ദേയ്. പണമില്ലാത്തതുകൊണ്ട് ഭവാനിപത്നായിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു. ഭാര്യയുടെ മരവിച്ച മൃതദേഹവും തോളിലേറ്റി ദാരിദ്രത്തിനും മരണത്തിനും ഇടയിലൂടെ  നടന്ന മാഞ്ചിയു‍െട ദൃശ്യം ലോകം മുഴുവന്‍ പ്രചരിച്ചു. ബെഹ്റിന്‍ ഭരണാധികാരിയുള്‍പ്പെടെ ധാരാളം പേര്‍ സാന്പത്തിക സഹായുമായെത്തി. മാഞ്ചിക്ക് ഇപ്പോള്‍ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപമുണ്ട്. മൂന്നാമതും വിവാഹം കഴിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ പാര്‍പ്പിട പദ്ധതിയിലൂടെ പുതിയ വീടു കിട്ടി. കുട്ടികള്‍ അല്ലലില്ലാതെ സ്കൂളില്‍ പോകുന്നു. 65,000 രൂപ വിലയുള്ള പുതിയ ബൈക്ക് വാങ്ങിയതോടെയാണ് ദാന മാഞ്ചി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. തന്‍റെ ബൈക്കിന്‍റെ പിറകിലിരുന്ന് മാഞ്ചി ഒരു യാത്രപോയി. ഭാര്യയുടെ മൃതദേഹം പേറി നടന്ന അതേ പത്തുകിലേമീറ്റര്‍ ദൂരം.

മാഞ്ചിയുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. നല്ല മാറ്റങ്ങള്‍. പക്ഷെ ഒരു ജീവന്‍ ബലിയാകേണ്ടിവന്നു ഈ മാറ്റങ്ങള്‍ക്ക് വിലയായി. നമ്മള്‍ അറിയാതെ പോകുന്ന ഒരുപാട് മാഞ്ചിമാര്‍. അവരുടെ ജീവിതത്തിലേക്ക് നല്ല മാറ്റങ്ങള്‍ എന്നുവരുമെന്ന ചോദ്യം ബാക്കിയാകുന്നു. 

MORE IN INDIA BLACK AND WHITE
SHOW MORE