ഗുജറാത്ത് ഉള്ളില്‍ കരുതിയതെന്ത്..?

Thumb Image
SHARE

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാണ് യാഥാർഥ ഹിന്ദു എന്നതാണ് മുഖ്യ പ്രചാരണ വിഷയം, അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളോ വികസനമോ ചർച്ചയാകുന്നില്ല. രാഹുൽഗാന്ധി ക്ഷേത്രങ്ങളിൽ കയറിയിറങ്ങി ഭക്തി പ്രകടമാക്കുമ്പോൾ രാമനെയാണ് പ്രധാനമന്ത്രി കൂട്ടുപിടിക്കുന്നത്.

രാഹുല്‍ ഗാന്ധി സോമ്നാഥ് കഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ തുടങ്ങിയ ഹിന്ദുവികാരം മൂടല്‍മഞ്ഞുപോലെ വന്നുപൊതിയുന്നതാണ് അവസാന ഘട്ടത്തില്‍ കണ്ടത്. നോട്ട് ബന്ദിയും ജി.എസ്.ടിയും സാധാരണ മനുഷ്യരുടെ ജീവല്‍പ്രശ്നങ്ങളും വികസനവുമെല്ലാം മൂടല്‍മഞ്ഞില്‍ മാഞ്ഞു. കാരണം ആറുകോടിയിലേറെവരുന്ന ജനങ്ങളില്‍ 89 ശതമാനംപേരും ഹിന്ദുമതവിശ്വാസികളാണ് എന്നതുതന്നെയാണ്.

പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഉയര്‍ന്നുവരുന്ന രാമനും അയോദ്ധ്യയും വീണ്ടും വീണ്ടും ഉയര്‍ന്നുവരാനും കാരണം മറ്റൊന്നല്ല.182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ സൗരാഷ്ട്ര, കച്ച്, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങള്‍ വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞു. ഇനി മധ്യ വടക്ക് ഗുജറാത്ത് മേഖലകളിലെ 93 മണ്ഡലങ്ങളിലാണ് ഇനി ജനവിധി. ഭൂരിപക്ഷത്തെ ഒപ്പംനിര്‍ത്താന്‍ എളുപ്പവഴിയാണല്ലോ മതം. 

ഗുജറാത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനം മുസ്്ലിംകളാണ്. പക്ഷെ വെറും 9.7 ശതമാനം മാത്രം. അതുംചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുമാത്രവും. അഹമദാബാദ് ജില്ലയിലെ 21 മണ്ഡലങ്ങളില്‍ മുസ്്ലിംങ്ങളുടെ വികാരം ചലനങ്ങള്‍ സൃഷ്ടിക്കും. അത്തരമൊരുപ്രദേശമാണ് ജുഹാപുര മേഖല. ഇന്ത്യയിലെ ഏറ്റവും വലിയ മുസലിം കോളനിണിത്. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് ഹൈവേ യോട് ചേർന്നു കിടക്കുന്ന ജു ഹാപുര. നാലു ലക്ഷത്തിലേറെയാണ് ഇവിടുത്തെ മുസ്ലിം ജനസംഖ്യ.നഗരത്തിന്റെ മറ്റൊരുമുഖം. ഭാരതത്തിന്റെ സ്വച്ഛമല്ലാത്ത ഒരുഭാഗം. 'റേഷന്റെ പേരുപോലും പറയേണ്ടകാര്യമില്ല. ഞങ്ങള്‍ക്ക് ഒന്നുംകിട്ടുന്നില്ല. വോട്ടര്‍പട്ടികയില്‍ പോലും പേര് വെട്ടിമാറ്റുന്നു.' ഇവിടുത്തെ ജനത പറയുന്നു. വെള്ളമില്ല, കിട്ടുന്ന ജലം മലിനമാണ്.  അതുകൊണ്ട് ഞങ്ങളുടെ കുട്ടികൾ രോഗികളാകുന്നു- വേറൊരാള്‍ പറയുന്നു.  

വെയ്ജൽപുർ നിയസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഹമ്മദാബാദ് നഗരസഭയിലെ വക്തംപുര്‍ എന്ന വാര്‍ഡ്.  ഈ വാര്‍ഡിന്റെ കൗണ്‍സിലര്‍കൂടിയായ മിർസ ഹാജി അഡ് രാർ ബെയ്ഗിന് നിയമസഭയില്‍ മല്‍സരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ സീറ്റുകിട്ടിയില്ല. എങ്കിലും പ്രവര്‍ത്തനം ഉഷാര്‍. വെയ്ജല്‍പുരില്‍ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചുകഴിഞ്ഞു. മിഹിര്‍സാ പഠാനാണ് സ്ഥാനാര്‍ഥി. എനിക്കും മല്‍സരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ സീറ്റ് കിട്ടിയില്ല. എങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയത്തിന് വേണ്ടി കഠിനമായി പരിശ്രമിക്കും- അദ്ദേഹത്തിന്‍റെ വാക്കുകള്‍. വെയ്ജൽപുരിൽ നിലവിൽ ബി.ജെ.പിയുടെ കിശോർ സിങ് ചൗഹാനാണ് എം.എല്‍.എ. അദ്ദേഹത്തോട് ജനങ്ങളുടെ പരാതിയെക്കുറിച്ച് ചോദിച്ചു. മറുപടി ഇങ്ങനെ: 'പണ്ട് ജുഹാപുര മേഖലയില്‍  മഴപെയ്താല്‍ മൂന്ന് നാലടി വെളളം പൊങ്ങുമായിരുന്നു വീടുകളില്‍. നല്ല ഡ്രയ്നേജ് സംവിധാനം സ്ഥാപിച്ചതുകൊണ്ട് എത്രവലിയ മഴപെയ്താലും ഒന്നുരണ്ടുമണിക്കൂറിനകം വെളളം ഇറങ്ങിപ്പോകും.' എന്നാല്‍ ഈ മേഖലയിലെ ജനങ്ങള്‍ രോഷാകുലരാണ്. കലാപങ്ങള്‍ തീര്‍ത്ത മുറിവുകള്‍പ്പുറമാണ് ഈ മനുഷ്യര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന തോന്നല്‍.

ശക്തമായ രാഷ്ട്രീയ നിലപാടോടെയാണ് ഗുജറാത്തിലെ മലയാളികൾ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. വാപി മുതൽ പോർബന്ദർ വരെ പതിമൂന്നു ലക്ഷത്തിലേറെയാണ് മലയാളി ജനസംഖ്യ. സംഘടതി വോട്ടുബാങ്ക് ഒന്നുമല്ലെങ്കിലും ചെറിയ ഭൂരിപക്ഷത്തില്‍ ജയുപരാജയങ്ങള്‍ നിശ്ചയിക്കുന്ന മണ്ഡലങ്ങളില്‍ മലയാളിവോട്ടും പ്രധാനമാണ്. വിശേഷിച്ച് അഹമ്മദാബാദ് പട്ടണത്തിന്റെ ചുറ്റുവട്ടമുള്ള മണ്ഡലങ്ങളില്‍. ഇത്  അഹമ്മദാബാദ് കേരള സമാജത്തിന്റ ആസ്ഥാനം. മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞതവണ ജയിച്ച നാരായണ്‍പുര മണ്ഡലത്തിലാണിത്. 73 വർഷം മുമ്പ് സ്ഥാപിതമായ കേരള സമാജത്തിൽ ഏഴായിരത്തിലേറെ കുടുംബങ്ങൾ അംഗങ്ങളാണ് 40 കിലോമീറ്റർ ചുറ്റളവിൽ 15 വാർഡുകളിലായാണ് പ്രവർത്തനം.ഭൂരിഭാഗം പേർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. 

എന്നാല്‍  പ്രദേശം മാറുന്നതിനനനുസരിച്ച് നിലപാടുകളും മാറുന്നു. ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയുടെ മണ്ഡലമായ വട് വ യാണിത്.ഏറെ വ്യവസായങ്ങളുള്ള ഇവിടെ വൈകന്നേരം ഒരു മലയാളി കൂട്ടായ്മ. ബി.ജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ തയാറെടുക്കുകയാണ് ഇവർ.  മധ്യവര്‍ഗ മലയാളികളായ വ്യവസായികൾക്കും ഇതേ നിലപാട് തന്നെ.  എന്നാല്‍ ജി.എസ്.ടിയും നോട്ടുനിരോധനവും കോണ്‍ഗ്രസ്സിന്റെ പുതിയ സഖ്യവും ബി.ജെ.പിക്ക് കടുത്തവെല്ലുവിളിയാകുമെന്ന വിലയിരുത്തലും ഇവര്‍ക്കുണ്ട്. ആദ്യഘട്ടത്തിലെ സൂറത്ത് ,വഡോദര മേഖലകളിലെയും രണ്ടാംഘട്ടത്തില്‍  അഹമ്മദാബാദ് ജില്ലയിലെ നാരായണ്‍പുര, വെയ്ജല്‍പുര്‍, മണിനഗര്‍, വട്്്വ, എലീസ് ബ്രിഡ്ജ്  തുടങ്ങിയ മണ്ഡലങ്ങളിലും മലയാളികളുടെ വോട്ട് ആര്‍ക്കും അവഗണിക്കാനാകില്ല.

ഒരിക്കല്‍ ഒരഴുക്കുചാലായിരുന്ന സബര്‍മതി ഇന്ന് ഏറെ മാറിയിരിക്കുന്നു. നദീതീരം ഇന്ന് അഹമദാബാദിലെ പ്രധാന വിനോദകേന്ദ്രമായി എലീസ് പാലം മാറി. ഇരുതീരങ്ങളിലും നടപ്പാത, പൂന്തോട്ടം, കളിസ്ഥലങ്ങള്‍, കലാസാംസ്കാരിക പരിപാടികള്‍ക്കുള്ള വേദികള്‍.  ഗുജറാത്തിന്റെ കിഴക് പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ചിരുന്ന പഴയ ഇരുമ്പുപാലം മധ്യത്തില്‍ അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ എത്രപേര്‍ക്കുവേണമെങ്കിലും ഇവിടെയെത്തി സബര്‍മതിയുടെ കാറ്റുകൊള്ളാം. ഇത് സ്വച്ഛമായ ഭാരതത്തിന്റെ ഭാഗം. നഗരമേഖലകളിലെ ഇത്തരംവികസനങ്ങള്‍ നേട്ടമാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി.

രാഹുല്‍ തന്നെ കരുത്ത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍  ഗുജറാത്താലങ്ങോളമിങ്ങോളം അവിശ്രമം പ്രചാരണത്തിനിറങ്ങിയ രാഹുല്‍ ഗാന്ധിതന്നെയാണ് കോണ്‍ഗ്രസിന്റെ കരുത്ത്. ഛിന്നഭിന്നമായി കിടന്ന പാര്‍ട്ടിയന്ത്രത്തിന് കുതിരശക്തിപകര്‍ന്ന് മുന്നോട്ടുകൊണ്ടുപോകാന്‍ രാഹുലിനായി. ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കുര്‍ എന്നീ യുവാക്കളെ ഒപ്പംചേര്‍ത്തതിന് പിന്നിലും രാഹുലിന്റെ നയതന്ത്രം തന്നെയാണ്. ഹാര്‍ദിക് പട്ടേലിന്റെ വരവോടെ ജനസംഖ്യയില്‍ 16 ശതമാനത്തിലേറെ വരുന്ന പട്ടേല്‍ സമുദായത്തിലെ ഭൂരിഭാഗംപേരുടെയും പിന്തുണകിട്ടുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. 'യുയുവാക്കള്‍ ഇന്ന് കൂടുതല്‍ കോണ്‍ഗ്രസിനൊപ്പമാണ്. അവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നു. എല്ലായിടത്തും കോണ്‍ഗ്രസിന് വന്‍പിന്തുണയാണ് ലഭിക്കുന്നത്.' ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി പറയുന്നു. 'വികസനമെന്ന പദം മോദി ഇപ്പോള്‍ റാലികളില്‍ പറയുന്നേയില്ല. പകരം ചരിത്രമാണ് പറയുന്നത്. അതൊന്നും ഇപ്പോള്‍ പ്രസക്തവുമല്ല.'  കോണ്‍ഗ്രസ് സംസ്ഥാന വക്താവ് അമി ബെന്‍ യാജ്ഞിക് പറയുന്നു. 

നാലുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കിയുടെ മകന്‍ ഭരത് സിങ് കൂടുതല്‍ ആത്മവിശ്വസത്തിലാണ്. 2004 ലും 2009 ലും ആനന്ദ് ലോക്സഭാമണ്ഡലത്തില്‍ നിന്ന് ജയിച്ച ഭരത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു.  2014 ല്‍ മോദി തരംഗത്തില്‍ പരാജയം രുചിച്ച ഭരത് പുതിയ സാഹചര്യങ്ങളില്‍ ഉല്‍സാഹത്തിലാണ്. 'ഉത്തരഗുജറാത്തില്‍ , കച്ചില്‍, സൗരാഷ്ട്രയില്‍ എല്ലായിടത്തും ബിജെപിക്ക് എതിരായ വികാരം ശക്തിപ്രാപിച്ചുവരികയാണ്. ബിജെപി ഭരണത്തില്‍ എല്ലാ ജനങ്ങള്‍ക്കും കടുത്ത പ്രതിഷേധമാണ്. കോണ്‍ഗ്രസ് വന്‍തിരിച്ചുവരവ് നടത്തും' സോളഹ്കി ആവര്‍ത്തിക്കുന്നു. ദലിത് ന്യൂനപക്ഷ മേഖലകളിലെ അതൃപ്തിയും ജനങ്ങള്‍ നേരിട്ട അവഗണനയും വന്‍തോതില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 

എന്നാല്‍ ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്. ഇരുപത്തിരണ്ടുവര്‍ഷം ഭരണത്തില്‍ നിന്ന് അകന്നുകഴിയേണ്ടിവന്നതിന്റെ എല്ലാ പ്രയാസങ്ങളും താഴെതട്ടില്‍ കോണ്‍ഗ്രസ് അനുഭവിക്കുന്നുവെന്നതും വസ്തുതയാണ്. മുഖ്യമന്ത്രി വിജയ് രൂപാണി മല്‍സരിക്കുന്ന രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രചാരണം അത് വ്യക്തമാക്കുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇന്ദ്രനീല്‍ രാജ്ഗുരുവിന്റെ പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇല്ല. 141 കോടിരൂപയുടെ ആസ്തി പ്രഖ്യാപിച്ച ഇന്ദ്രനീല്‍ സ്വന്തംനിലയിലാണ് മുന്നോട്ടുപോകുന്നത്. രാജ്കോട്ട് ഈസ്റ്റില്‍ നിലവിലെ എം.എല്‍.എ ആയ ഇന്ദ്രനീല്‍ കരുതിക്കൂട്ടിയാണ് മണ്ഡലം മാറിയത്. 'തെറ്റായ ആളാണ് നേതൃസ്ഥാനത്ത് വന്നിരിക്കുന്നത്. അതും ഒരുസംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തില്‍. അദ്ദേഹത്തെ ഞാന്‍ അടുത്തറിയും. രാജ്കോടിലെ എല്ലാവര്‍ക്കും അറിയാം. അത്തരത്തിലൊരാള്‍ ഇനി ആ സ്ഥാനത്ത് വരാന്‍ പാടില്ല. സംസ്ഥാനത്തെ നശിപ്പിക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ മണ്ഡലംമാറി ഇവിടെ മല്‍സരിക്കുന്നത്-ഇന്ദ്രനീലിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം. 

മോദിയില്‍ തന്നെ വിശ്വാസം

മാതൃഭാഷയില്‍ ജനങ്ങളോട് വോട്ടുചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് ബിജെപിയുടെ എല്ലാ വിശ്വാസവും. എങ്ങും മോദി മാത്രം. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം പോയത് ബി.ജെ.പിയെ ചില്ലറയൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതുചെറുക്കാന്‍ ബിജെപി മികച്ച പ്രചാരകരെത്തന്നെ ഗുജറാത്തില്‍ എത്തിച്ചു. 'അഹമ്മദാബാദ് മേഖലയില്‍ 16 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ദാലിലിമ്ഡയും ദരിയാപുരും ഞങ്ങളുടെ കയ്യിലില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ വളരെ മാറി. ഞാന്‍ വളരെ വിനയത്തോടെ പറയുന്നു,  ഈ പതിനാറുമണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കും. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും ഭരണ വിരുദ്ധവികാരം അല്‍പംപോലുമില്ല'-  ഡോ. കിറിത് സോളങ്കി എം.പി പറയുന്നു.  പുതിയ സംഖ്യങ്ങള്‍ കോണ്‍ഗ്രസ്സിന് ഒട്ടുകരുത്തുപകരുന്നില്ലെന്ന് വിശ്വസിക്കാനാണ് ബിജെപിക്ക് ഇഷ്ടം.  

ബൂത്ത് തലങ്ങളില്‍ ബി.ജെ.പിയുടെ അടിത്തറ ആര്‍ക്കും നിഷേധിക്കാനാകില്ല. ചിട്ടയായ പ്രചാരണവും പ്രവര്‍ത്തനവുമായി അവര്‍ മുന്നോട്ടുപോകുന്നു. ഉറച്ച മണ്ഡലങ്ങളില്‍പോലും അമിത ആത്മവിശ്വാസം കാട്ടേണ്ടന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ കര്‍ശന നിര്‍ദ്ദേശം. 'പത്രങ്ങളിലും ചാനലുകളിലുമൊക്കെ വരുന്നുണ്ട് ബിജെപി അധികാരത്തില്‍ പോകുമെന്നും കോണ്‍ഗ്രസ് വരുമെന്നും. എന്നാല്‍ അതൊക്കെ തെറ്റാണ്. എന്തിനാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത്. ജാതിവാദവും മതവാദവും അഴിമതിവാദവുമൊക്കെയാണ് അവര്‍ക്ക് എടുത്തുകാട്ടാനുള്ളത്'-  മണിനഗറില്‍ സ്ഥാനാര്‍ഥിയായ സുരേഷ് പട്ടേല്‍ പറയുന്നു.  

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ ഉഴുതുമറിച്ചുകഴി‍ഞ്ഞു. ഗുജറാത്തിന്റെ തിരഞ്ഞെടുപ്പ് പാടങ്ങളെ. വിതയ്ക്കുന്നവര്‍ പലരാണ്. കൊയ്യുന്നതാരെന്ന് ഉറപ്പിച്ചുപറയാന്‍ ഇപ്പോള്‍ കഴിയില്ല. പക്ഷേ മല്‍സരചിത്രം മുന്‍പത്തെക്കാള്‍ വളരെ വ്യക്തം, വ്യത്യസ്തം. ഒരുസംസ്ഥാനം സര്‍ക്കാരിനെ തിരഞ്ഞെടുപ്പമ്പോള്‍ നയിക്കുന്നത് ആരെന്ന് അറിയാന്‍ സ്വാഭാവികമായും ജനങ്ങള്‍ ആഗ്രഹിക്കും. പക്ഷേ അതിനുത്തരം കോണ്‍ഗ്രസ്സും ബി.ജെ.പിയും നല്‍കുന്നില്ല. ഉത്തര്‍ പ്രദേശിലേതുപോലെ ഇവിടെയും മോദി രാഹുല്‍ മല്‍സരത്തിന്റെ തനിയാവര്‍ത്തനം.  

MORE IN INDIA BLACK AND WHITE
SHOW MORE