ആരുഷി തല്‍വാര്‍: ചുരുളഴിയാത്ത പാതിരാ കൊലപാതകത്തിന്‍റെ കഥ

arushi-talwar
SHARE

ആരുഷി തല്‍വാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുപത്തിരണ്ട് വയസ് പിന്നിട്ടുണ്ടാകും. ഒന്‍പത് വര്‍ഷം മുന്‍പാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആരുഷിയും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ടത്. ഏറെകോളിളക്കം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നു. ആരാണ് ആരുഷിയുടെയും ഹേംരാജിന്‍റെയും കൊലയാളി? എന്തായിരുന്നു കൊലയുടെ കാരണം?

2008 മേയ് 16നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആരുഷിയെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15 ന് രാത്രിയിലായിരുന്നു ആ ദാരുണകൊലപാതകം.  ആരുഷിയുടെ പിറന്നാള്‍ മാതാപിതാക്കള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തം. സംശയത്തിന്‍റെ മുന നീണ്ടത് വീട്ടുജോലിക്കാരനായ ഹേംരാജിനുനേരെ. എന്നാല്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ പിന്നേറ്റാള്‍ , അതായത് 17 ന് വീടിന്‍റെ ടെറസില്‍ ഹേംരാജിന്‍റെ മൃതദേഹം കണ്ടെത്തി.

നാലുപേര്‍ മാത്രമുള്ള വീട്. അതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ജീവനോടെയുണ്ട് . പുറത്തുനിന്നും ആരും വന്നിട്ടുമില്ല. ആരും പുറത്തേയ്ക്ക് പോയിട്ടുമില്ല.

ആരുഷിയുടേത് മതാപിതാക്കള്‍ നടത്തിയ ദുരഭിമാനക്കൊലയാണെന്നാണ് സിബിെഎയുടെ കണ്ടെത്തല്‍.   .  ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. ആരുഷിയെയും  ഹേംരാജിനെയും അരുതാത്ത സാഹചര്യത്തില്‍ തല്‍വാര്‍ ദന്പതികള്‍ കണ്ടുവെന്ന് സിബിെഎ പറയുന്നു. ദന്തഡോക്ടര്‍മാരുടെ കത്തിയുപയോഗിച്ച് ആരുഷിയെ കഴുത്തുമുറിച്ചും  ഗോള്‍ഫ് സ്റ്റിക്കുകൊണ്ട് ഹേംരാജിനെ തലക്കടിച്ചും കൊലപ്പെടുത്തി. കൊലപാതകം നടന്ന ദിവസം വീട്ടില്‍ തല്‍വാര്‍ ദന്പതികളും ആരുഷിയും ഹേംരാജും മാത്രമേ ഉണ്ടായിരുന്നുവെന്നത് സിബിെഎ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികളാരുമില്ല. ആരുഷിയുടെ മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതായും പുറത്തുനിന്നാരും വീട്ടിലെത്തിയിട്ടില്ലെന്നും സുരക്ഷാ ജീവനക്കാരന്‍ തീര്‍ത്തുപറയുന്നു.

ഒരമ്മ മകളെ കൊല്ലുമോയെന്നായിരുന്നു നൂപുറിന്‍റെ ചോദ്യം. രാജേഷ് തല്‍വാറാണ് ആരുഷിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച യുപി പൊലീസിന്‍റെ നിഗമനം. സിബിെഎയുടെ രണ്ട് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ആദ്യം അന്വേഷിച്ച സംഘം തല്‍വാര്‍ ദന്പതികളുടെ ക്ലിനിക്കില്‍ കോംപൗണ്ടറായ കൃഷ്ണ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തെങ്കിലും കേസില്‍ പങ്കില്ലെന്നു കണ്ടു പിന്നീട് വിട്ടയച്ചു. തെളിവില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ സിബിെഎ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. തുടര്‍ന്ന്  മറ്റൊരുസംഘം  കേസ് അന്വേഷിക്കുകയായിരുന്നു.  ദൃക്സാക്ഷികളൊന്നുമില്ലാത്ത, സാഹചര്യത്തെളിവുകളുടെ പൊട്ടുംപൊടിയും മാത്രം പിന്‍ബലമായുള്ള കേസില്‍ 2013 നവംബര്‍ 26 നാണ് തല്‍വാര്‍ ദന്പതിമാരെ സിബിെഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി തല്‍വാര്‍ ദന്പതികളെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കുന്പോള്‍ ആ പാതിരാകൊലപാതകത്തിന്‍റെ ചുരുകളുകള്‍ ഇരുട്ടില്‍ അവശേഷിക്കുന്നു. ചോദ്യങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ കഴുത്തുമുറുക്കുന്നു. 

ആരുഷി തല്‍വാറും ഹേം രാജും കൊല്ലപ്പെട്ടുവെന്നത് സത്യം. സംശയത്തിന്‍റെ ആനുകൂല്യം തല്‍വാര്‍ ദന്പതികളെ തുണച്ചു. ആര്, എപ്പോള്‍, എവിടെവെച്ച്, എന്തിന് കൊലപ്പെടുത്തി. ചോദ്യങ്ങള്‍ കടങ്കഥപോലെ അവശേഷിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ പരാജയം തന്നെയാണ് ആരുഷിയുടെ ആത്മാവിനെ നീതി നിഷേധത്തിന്‍റെ പെരുവഴിയില്‍ ഇപ്പോഴും നിര്‍ത്തുന്നത്. 

ഒരു മധ്യവര്‍ഗ കുടുംബത്തിനകത്ത് നടന്ന സംഭവം.  ശരിതെറ്റുകളുടെ കറുപ്പുംവെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിലുള്ളത് അച്ഛന്‍ , അമ്മ, മകള്‍.  ഇന്ത്യന്‍ സാമൂഹിക സങ്കല്‍പത്തില്‍ ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന കുടുംബമാണ് വേദി. ഒപ്പം ഏതുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും  വഴിവെയ്ക്കാവുന്ന തരത്തില്‍ വീട്ടുജോലിക്കാരന്‍റെ ദുരൂഹമരണം. അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും  കൈമുതലാക്കിയ യുപി പൊലീസ് നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടുത്തി. കൊലയാളിയുടെ വിരലടയാളം ഉള്‍പ്പെടെ.അടുത്ത ഊഴം മാധ്യമങ്ങളുടേതായിരുന്നു. വസ്തുതകള്‍ക്കപ്പുറം  വികാരങ്ങള്‍കൊണ്ട് റേറ്റിങ് ഉയര്‍ത്താനുള്ള സ്റ്റുഡിയോ വിചാരണകള്‍. വിധിപ്രസ്താവങ്ങള്‍ . രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള അന്വേഷണ ഏജന്‍സിയായ  സിബിെഎ നേരറിയാതെ കുഴങ്ങി. ഒരു തലയിണയില്‍ വീണ രക്തക്കറ മനുഷ്യന്‍റേതാണോയെന്ന് പോലും കൃത്യമായി കണ്ടെത്താനാകാത്ത  ഫൊറന്‍സിക് വൈദഗ്ധ്യം. അന്വേഷിച്ച് ഒരുവഴിക്കാക്കി ഉത്തരമില്ലാത്ത ഒരായിരം കേസുകെട്ടുകളുടെ കൂട്ടത്തിലേക്ക് നടതള്ളാന്‍ സിബിെഎ ആദ്യം ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോള്‍ , തട്ടിക്കൂട്ടിയ കേസുമായി കോടതിയിലെത്തി. ഒരു സാഹചര്യം ചിന്തിച്ചുനോക്കൂ, സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കോടതി വെറുതവിട്ട തല്‍വാര്‍ ദന്പതികള്‍ ശരിക്കും നിരപരാധികളാണെങ്കിലോ? എങ്കില്‍ അവരനുഭവിച്ച ജയില്‍വാസത്തിനും അപമാനത്തിനും എന്തുമറുപടിയുണ്ട്. ഒരുപക്ഷെ ഒരുപാട് നിരപരാധികള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങുന്ന രാജ്യത്ത് അത് പുതുമയല്ലായിരിക്കാം.മറിച്ച് അവര്‍ കുറ്റവാളികളാണെങ്കില്‍ നമ്മുടെ അന്വേഷണ സംവിധാനം  നോക്കുകുത്തിയായി. നമ്മുടെ വ്യവസ്ഥിതിക്ക്  ഒരു പുനര്‍വിചിന്തനത്തിനുള്ള ഇടമാണ് ആരുഷി കേസ്. അങ്ങിനെ ചെയ്ത് ശീലമില്ലെങ്കിലും.

MORE IN INDIA BLACK AND WHITE
SHOW MORE