സുവർണജൂബിലി നിറവിൽ യുഎഇ; പ്രഖ്യാപിക്കാനൊരുങ്ങി 50 പദ്ധതികൾ

Gulf-This-Week
SHARE

യുഎഇ അൻപതിൻറെ നിറവിലാണ്. രാജ്യം രൂപീകരിച്ചതിൻറെ അൻപതാം വാർഷികത്തിൽ അൻപതു പദ്ധതികൾ. ഒൻപതു വർഷം കൊണ്ടു ലക്ഷ്യമിടുന്നത് 55,000 കോടി ദിർഹത്തിൻറെ നിക്ഷേപം. അൻപതു വർഷം പിന്നിടുമ്പോൾ അടുത്ത അൻപതു വർഷത്തേക്കുള്ള കർമപദ്ധതികൾ തയ്യാർ. പുതിയ വീസ സംവിധാനങ്ങളടക്കം പ്രഖ്യാപിച്ച് യുഎഇ കോവിഡാനന്തര ലോകത്തിന് മികവിൻറെ മാതൃകയാവുകയാണ്.

യുഎഇക്ക് എന്നും മുൻപേ നടന്നാണ് ശീലം. സാങ്കേതികവിദ്യകളുടേയും സൌകര്യങ്ങളുടേയും കാര്യത്തിൽ ഏറ്റവും മികച്ചതെന്ന ലക്ഷ്യമാണ് ഭരണാധികാരികൾ എന്നും സ്വീകരിക്കുന്ന നയം. 1971 ൽ രാജ്യം രൂപീകൃതമായി അൻപതു വർഷത്തിലെത്തുമ്പോൾ വിവിധമേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികളാണ് യുഎഇ പ്രഖ്യാപിക്കുന്നത്. 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് അടുത്ത 50 വർഷത്തേക്കുള്ള കർമപരിപാടികൾ. ഓരോ പദ്ധതികളും ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യും. 50 പദ്ധതികളിൽ ആദ്യ പദ്ധതിയിൽ തന്നെ നിക്ഷേപകരേയും സംരംഭകരേയുമൊക്കെ ആകർഷിക്കാനുള്ള വകയുണ്ട്. യുഎഇയിൽ ഗ്രീൻ വീസയും ഫ്രീലാൻസ് വീസയും അനുവദിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനങ്ങളിലൊന്ന്. മുതിർന്ന പൗരന്മാർക്കും സംരംഭകർക്കും മറ്റ് പ്രഫഷണലുകൾക്കുമാണ് ഗ്രീൻ വീസ അനുവധിക്കുന്നത്. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസു വരെയുള്ളആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. വീസ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വീസ പുതുക്കാൻ സമയം അനുവധിക്കും. ഗ്രീൻ വീസയെ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്. സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണു ഫ്രീലാന്‍സ് വീസ നല്കുന്നത്. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ടവര്ക്കും വീസ നല്കുമെന്ന് പ്രഖ്യപിചിട്ടുണ്ട്.

നിക്ഷേപകരെയും സംരംഭകരേയും ആകർഷിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഒൻപതുവർഷം കൊണ്ട് 55,000 കോടി ദിർഹത്തിൻറെ നിക്ഷേപപദ്ധതികളാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി അടുത്തവർഷം ആദ്യം രാജ്യാന്തര നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കും. നിക്ഷേപകർ, മികച്ച ആശയങ്ങളുള്ളവർ, വിദ്യാഭ്യാസ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവർക്ക് അവസരമൊരുക്കുക, നേരിട്ടുള്ള വിദേശനിക്ഷേപം ഇരട്ടിയാക്കുക, യുഎഇയിലെ അവസരങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുകയാണ് എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. 

ഭാവിയിലെ വികസനത്തിൻറെ അടിസ്ഥാനം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നതിനാൽ ആ മേഖലയിൽ കൂടുതൽ അവസരങ്ങളൊരുക്കാനുള്ള പദ്ധതികളും യുഎഇ ആവിഷ്കരിക്കുന്നുണ്ട്. ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലെല്ലാം ഡിജിറ്റൈസേഷൻ വിപ്ളവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി അഞ്ചു വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്ക് തുടക്കം കുറിക്കുന്നതിനുള്ള വൻപദ്ധതിയും ഇതിൻറെ ഭാഗമാണ്. പ്രതിദിനം 100 വീതം കോഡേഴ്സിനെ യുഎഇയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഈ മേഖലയിലെ പ്രതിഭകളെ ആകർഷിക്കാൻ ഒരുവക്ഷം ഗോൾഡൻ വീസകൾ അനുവദിക്കും. അഭിരുചിയുള്ളവരെ കണ്ടെത്തി 'കോഡിങ്' വിദഗ്ധരാക്കാനും നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനുള്ള കർമപരിപാടികളുമാണ് വിഭാവനം ചെയ്യുന്നത്. കോഡിങ്ങ് മേഖലയിൽ വൈദഗ്ധ്യം നേടിയ യുവനിരയുടെ നേതൃത്വത്തിൽ സാമൂഹികം, ജീവകാരുണ്യം തുടങ്ങി 10 മേഖലകളിൽ സംരംഭങ്ങൾക്കു തുടക്കം കുറിക്കും.

ഇതിനൊപ്പം പ്രഖ്യാപിച്ച മറ്റൊരു നിയമഭേഗഗതിയും മലയാളികളടക്കം പ്രവാസികൾക്ക് സഹായകരമാണ്. ജോലി നഷ്ടപ്പെട്ട ശേഷം പരമാവധി 180 ദിവസം വരെ രാജ്യത്ത് തുടരാമെന്നതാണ് പുതിയ തീരുമാനം. നേരത്തേ ഇത് 30 ദിവസം വരെയായിരുന്നു. ജോലി നഷ്ടപ്പെട്ടശേഷം പുതിയ തൊഴിൽ കണ്ടെത്തുന്നതിന് ഇത് ഗുണകരമാകും. ഇത്തരത്തിൽ മാറുന്ന ലോകക്രമത്തിൽ മികവോടെ മുന്നേറാനുള്ള പദ്ധതികളാണ് യുഎഇ ആവിഷ്കരിക്കുന്നത്. രാജ്യാന്തരതലത്തിലെ വെല്ലുവിളികളെ മികവുറ്റ പദ്ധതകളും പ്രവർത്തികളും കൊണ്ടു മറികടക്കാനൊരുങ്ങുന്ന യുഎഇയുടെ തീരുമാനങ്ങൾ മലയാളികളടക്കമുള്ളവർക്ക് പ്രതീക്ഷയാണ്. കോവിഡ് കാരണമുണ്ടായ താൽക്കാലിക തിരിച്ചടികളെ മറികടന്ന് വീണ്ടും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ യുഎഇ വേദിയാകുന്നുവെന്ന പ്രതീക്ഷ.

*******************************

സൗദിയുടെ സാമൂഹ്യാവസ്ഥയിൽ വനിതകൾക്ക് മുന്നേറാനുള്ള തടസങ്ങൾ ഓരോന്നായി ഒഴിവാക്കപ്പെടുകയാണ്. സൗദിയുടെ ചരിത്രത്തിലാദ്യമായി വനിതകൾ സായുധസേനയുടെ ഭാഗമായിരിക്കുന്നു. തീവ്രപരിശീലനം പൂർത്തിയാക്കിയാണ് ആദ്യബാച്ച് വനിതകൾ സേനയിൽ ചേർന്നത്.

സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്, കോടതികളിൽ വനിത ജഡ്ജിമാരെ നിയമിക്കുന്നു, പുരുഷരക്ഷിതാവിൻറെ സമ്മതമില്ലാതെ വനിതകൾക്ക് പേര് മാറ്റാൻ അനുമതി, വ്യോമഗതാഗതം നിയന്ത്രിക്കാനും ട്രാഫിക് പൊലീസിലും വനിതകൾ. ഇങ്ങനെ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള വിപ്ളവാത്മകമായ നടപടികൾക്കാണ് സൗദി സാക്ഷിയാകുന്നത്. അതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് സായുധസേനയിലേക്കുള്ള വനിതകളുടെ വരവ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ൻറെ ഭാഗമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള നടപടികൾ. 

പ്രതിരോധമന്ത്രാലയത്തിൻറെ കീഴിലുള്ള വനിതാ പരിശീലനകേന്ദ്രത്തിൽ കഴിഞ്ഞ മേയ് 30 ന് തുടങ്ങിയ പരിശീലനം പൂർത്തിയാക്കിയാണ് വനിതകൾ സായുധസേനയുടെ ഭാഗമായത്. 14 ആഴ്ചകൾ നീണ്ട തീവ്രപരിശീലനം പൂർത്തിയാക്കിയ വനിതകളെ പ്രത്യേകചടങ്ങിൽ സേനയിലേക്ക് സ്വീകരിച്ചു. മികവുപുലർത്തിയവർക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.

പ്രാഥമിക തലം മുതൽ ഉയർന്ന പദവികളിൽ വരെ രാജ്യത്തിൻറെ വിവിധ സായുധസേനാ വിഭാഗങ്ങളിലായി ഈ വനിതകൾ ജോലി ചെയ്യും. കര, നാവിക, വ്യോമസേനകൾ, മിസൈൽ ഫോഴ്സ്, മെഡിക്കൽ ഫോഴ്സ് എന്നീ അഞ്ച് പ്രധാന സായുധസൈനിക വിഭാഗങ്ങളിലായി വനിതാ സൈനികരെ വിന്യസിപ്പിക്കും. റിയാദിലെ സായുധസേനാ വനിതാ കേഡർ പരിശീലന കേന്ദ്രത്തിൽ രാജ്യാന്തരനിലവാരമനുസരിച്ചായിരുന്നു പരിശീലനപദ്ധതിയെന്ന് മേജർ ജനറൽ ആദിൽ അൽ ബലാവി പറഞ്ഞു. കൂടുതൽ വനിതകൾ ഈരംഗത്തേക്ക് വരുന്നതായും പുതിയ റിക്രൂട്മെൻറുകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. 21 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. വരുംകാലങ്ങളിൽ സൈനികരംഗത്തേക്കും ഒപ്പം മികവ് അടയാളപ്പെടുത്തുന്ന മറ്റുമേഖലകളിലേക്കും ചുവടുവയ്ക്കുമെന്ന പ്രതീക്ഷയാണ് സൌദിയിലെ വനിതകൾ പങ്കുവയ്ക്കുന്നത്.

**********************************

അബുദാബിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അഞ്ചുവയസുകാരിയുടെ പേരിലുള്ളത് 10 റെക്കോർഡുകളാണ്. ഭരതനാട്യത്തിലെ മുദ്രകൾ വേഗത്തിലവതരിപ്പിച്ചതു മുതൽ ശാസ്ത്രജ്ഞരെ തിരിച്ചറിയുന്നതടക്കം റെക്കോർഡുകൾ. ആ കുഞ്ഞുമിടുക്കിയുടെ വിസ്മയിപ്പിക്കുന്ന വിശേഷങ്ങളാണ് ഇനി കാണുന്നത്.

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ അഞ്ചുവയസുകാരി മഹാലക്ഷ്മിയുടെ വീട്ടിലേക്ക് സന്ദർശകരെ വരവേൽക്കുന്നത് റെക്കോർഡുകളുടെ സർട്ടിഫിക്കറ്റുകളും ട്രോഫികളുമൊക്കെയാണ്. അഞ്ചുവയസിനിടെ ഈ കുഞ്ഞുമിടുക്കി സ്വന്തമാക്കിയത് ഒൻപതുറെക്കോർഡുകളാണ്. ലോകപ്രശസ്ത ശാസ്ത്രജ്ഞരേയും അവരുടെ കണ്ടുപിടുത്തങ്ങളും സംഭാവനകളുമൊക്കെ ഏറ്റവും കുറഞ്ഞസമയത്തിനുള്ളിൽ അവതരിപ്പിച്ചാണ് റെക്കോർഡിലേക്ക് ചുവടുവച്ചത്. ഒരു മിനിറ്റിനുള്ളിൽ 44 ശാസ്ത്രജ്ഞരെ തിരിച്ചറിഞ്ഞ് സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോർഡുകളും ഒരു ദേശീയ റെക്കോർഡും. ഇൻറർനാഷണൽ ബുക് ഓഫ് റെക്കോർഡ്സ്, ബ്രിട്ടിഷ് വേൾഡ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നിവയ്ക്കൊപ്പം ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സും ഈ ഇനത്തിൽ മഹാലക്ഷ്മി സ്വന്തമാക്കി. 

55 ഭരതനാട്യ മുദ്രകൾ ഏറ്റവും വേഗത്തിൽ അവതരിപ്പിച്ച പ്രായം കുറഞ്ഞ ബാലികയെന്ന റെക്കോർ‍ഡും മഹാലക്ഷ്മിക്കു സ്വന്തം. കലാമണ്ഡലം അമൃത ദീപക്കൻറെ ശിക്ഷണത്തിലാണ് മഹാലക്ഷ്മിയുടെ ഭരതനാട്യ പഠനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും ഈ മിടുക്കിക്ക് മനഃപാഠമാണ്.  അബുദാബി സൺറൈസ് സ്‌കൂളിലെ കെജി ടു വിദ്യർത്ഥിനിയായ മഹാലക്ഷി പഠിത്തത്തിലും മികവോടെയാണ് ചുവടുവയ്ക്കുന്നത്. കൊല്ലം ശൂരനാട് സ്വദേശികളും അബുദാബിയിൽ എൻജിനിയർമാരുമായ ആനന്ദ് കുമാർ  നീന ദമ്പതികളുടെ ഏക മകളായ മഹാലക്ഷ്മി മുന്നോട്ടുള്ള വഴികളിലും കൂടുതൽ മികവോടെ നീങ്ങട്ടെയെന്ന പ്രാർഥനയിലും പ്രതീക്ഷയിലുമാണ് മാതാപിതാക്കളും പ്രിയപ്പെട്ടവരും.

*************************************

അറബ് ജനതയുടെ ജീവിതത്തോട് അടുത്തുനിൽക്കുന്നവയാണ് ഫാൽക്കൺ പക്ഷികൾ. ഖത്തറിൻറെ സാംസ്‌കാരിക ഗ്രാമമായ കത്താറയില്‍ നടക്കുന്ന വേട്ട  ഫാല്‍ക്കണ്‍ പ്രദര്‍ശനം അറബ് ജനതയുടെ ജീവിതത്തിലെ കൌതുകക്കാഴ്ചകൾ കൂടിയാണ്. ഫാൽക്കണുകളും വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങളുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്ന കാഴ്ചകളാണ് ഇനി കാണുന്നത്.

ഫാൽക്കൺ പക്ഷികൾ അറബികളുടെ പൗരാണികതയുടെ ഭാഗമാണ്. ഇണക്കി വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്താണ് ഫാൽക്കണുകൾ അറബ് ജനതയുടെ ജീവിതത്തിൻറെ ഭാഗമായത്. ഫാൽക്കണുകൾക്ക് പരിശീലനം നൽകി വേട്ടയാടുന്നതിന് അറബ് ജനതയ്ക്ക് ഇന്നും താൽപര്യമുണ്ട്. മേഖലയിലെ ഏറ്റവും വലിയ  വേട്ട, ഫാൽക്കൺ പ്രദർശനത്തിനാണ് ഖത്തറിലെ കത്താറ വേദിയാകുന്നത്. രാജ്യത്തിൻറെ പൈതൃകത്തിൻറെ ഭാഗമായ ഫാല്‍ക്കണുകളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയാനും വ്യത്യസ്ത ഇനം ഫാല്‍ക്കണുകളെക്കുറിച്ച് മനസ്സിലാക്കാനുമുള്ള അവസരം. പൂര്‍വികരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പുതുതലമുറയ്ക്ക് രാജ്യത്തിൻറെ പൈതൃകമൂല്യം പകര്‍ന്ന് നല്‍കുന്നതിനുമുള്ള വേദിയാണ് കത്താറയിലെ വേട്ട ഫാൽക്കൺ പ്രദർശനം. വ്യത്യസ്ത ഇനങ്ങളിലുള്ള ഫാൽക്കണുകൾ മുതൽ വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങളും ആയുധങ്ങളും വരെ പ്രദർശനത്തിലുണ്ട്.

ഫാൽക്കൺ പ്രദർശനം, ഫാൽക്കൺ ലേലം, വേട്ടയ്ക്കുള്ള നൂതന ആയുധങ്ങളും ഉപകരണങ്ങളും, ഫാൽക്കണുകളുടെ പുറംചട്ടകളും അനുബന്ധ സാമഗ്രികളും തുടങ്ങി വേട്ട, ഫാൽക്കൺ മേഖലയിലെ നൂതനവും അത്യാധുനികവുമായ ഉൽപന്നങ്ങളാണ് ഇവിടെ കാണാനാകുക. തോക്കുകളും കത്തിയും ചരടുമടക്കം വേട്ടയ്ക്കുപയോഗിക്കുന്ന വാഹനങ്ങൾ വരെ കാണാനും പരിചയപ്പെടാനുമുള്ള അവസരം. അറബ് ജീവിതത്തിൻറെ ഭാഗമായ പരമ്പരാഗത വേട്ടയാടൽ മാർഗങ്ങൾ നേരിട്ടുകാണാം. 

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടക്കുന്ന പ്രദർശനത്തിൽ 19 രാജ്യങ്ങളിൽ നിന്നായി 160ഓളം കമ്പനികളാണ് അണിനിരക്കുന്നത്. സൗദി അറേബ്യ, കുവൈത്ത്, ജർമനി, ബ്രിട്ടൻ, അമേരിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളുണ്ട്. മലയാളികളടക്കം ആയിരങ്ങളാണ് പ്രദർശനത്തിൻറെ ഭാഗമാകുന്നത്. ഏറ്റവും മികച്ച പവലിയൻ, ഏറ്റവും മനോഹരമായ ഫാൽക്കൺ എന്നീ വിഭാഗങ്ങളിൽ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച പവലിയന് 20,000 ഖത്തർ റിയാലും മനോഹരമായ ഫാൽക്കണ് 3000 റിയാലുമാണ് സമ്മാനം. പ്രദർശനത്തോടനുബന്ധിച്ച് പരമ്പരാഗത ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. വാക്സീൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനാനുമതി. പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതിനൊപ്പം കൂട്ടായ്മയുടെ സന്തോഷം പങ്കുവച്ചാണ് അഞ്ചാമത് രാജ്യാന്തര വേട്ട,ഫാൽക്കൺ  പ്രദർശനത്തിന് തിരശീല വീഴുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...