ഫിഫ ലോകകപ്പ് അവിസ്മരണീയമാക്കാന്‍ ഖത്തര്‍; കാത്തിരിപ്പിൽ കായികപ്രേമികള്‍

gulf-this-week
SHARE

ടോക്കിയോ ഒളിംപിക്സിന് കൊടിയിറങ്ങി. ലോകം കാത്തിരിക്കുന്ന അടുത്ത കായികമാമാങ്കങ്ങളിലൊന്നാണ് അടുത്തവർഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ. ലോകകപ്പിനായി വിസ്മയിപ്പിക്കുന്ന ഒരുക്കങ്ങളാണ് ഖത്തറിൽ പുരോഗമിക്കുന്നത്. ഗൾഫിൽ ആദ്യമായെത്തുന്ന ലോകകപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ഖത്തർ. ആ കാഴ്ചകളാണ് ആദ്യം കാണുന്നത്.

വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ. എന്നാൽ വികസനത്തിൻറേയും വിസ്മയങ്ങളുടേയും കാര്യത്തിൽ മുന്നിലാണ്. അറബ് ലോകത്തേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ്  അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഒരുവർഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോകകപ്പ് മൽസരങ്ങൾക്കായി പുതിയ സ്റ്റേഡിയങ്ങൾ നിർമിച്ചും രാജ്യത്തിൻറെ മുഖഛായതന്നെ മാറ്റിയുമാണ് കാൽപ്പന്തുകളിയുടെ ആവേശത്തിലേക്ക് ഖത്തർ നടന്നടുക്കുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ശീതകാലത്തിൻറെ മനോഹാരിതയിലാണ് മഹാമാമാങ്കത്തിന് വേദിയാകുന്നത്. മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പിന് കൂടിയാണ് ഖത്തർ ഒരുങ്ങുന്നത്. 32 ടീമുകൾ 65 മൽസരങ്ങളിൽ മാറ്റുരയ്ക്കും.

എട്ടു മൈതാനങ്ങളിലായാണ് ലോകകപ്പ് മൽസരങ്ങൾ. അല്‍ഖോറിലെ അല്‍ ബെയ്ത്, ദോഹ കോര്‍ണിഷിനോടു ചേര്‍ന്നുള്ള റാസ് അബു അബൗദ്, ദോഹ നഗരത്തിന് സമീപമുള്ള അൽ തുമാമ എന്നീ സ്റ്റേഡിയങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കും. പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അല്‍ ഷാറിന്റെ മാതൃകയില്‍ നിര്‍മിച്ച അല്‍ ബെയ്ത് സ്റ്റേഡിയം ദോഹ നഗരത്തിൽ നിന്നും 46 കി.മീറ്ററകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അറബ് രാജ്യങ്ങളിലെ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് അൽ തുമാമയുടെ നിർമാണം. ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ലുസെയ്ൽ സ്റ്റേഡിയമായിരിക്കും അവസാനം അവതരിപ്പിക്കുന്നത്.  

ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകുന്ന എല്ലാ സ്റ്റേഡിയങ്ങളും വെറും 50 കിലോമീറ്റർ ചുറ്റളവിനുള്ളിലാണെന്നത് കളിക്കാർക്കും സംഘാടകർക്കും കാണികൾക്കും സൌകര്യപ്രദമാണ്. കഴിഞ്ഞ പത്തു വർഷമായി ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ഖത്തർ. കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കുമെല്ലാം മൽസരങ്ങൾക്കിടെ താമസയിടം മാറേണ്ടതില്ലെന്നത് അപൂർവമായി ലഭിക്കുന്ന സൌകര്യമായിരിക്കും. അഭിമാനത്തോടെയാണ് രാജ്യം ഈ മഹാമേളയ്ക്കൊരുങ്ങുന്നതെന്ന് ടൂർണമെൻറ് സി.ഇ.ഒ നാസർ അൽ ഖാദർ വ്യക്തമാക്കുന്നു.  ഏറ്റവും മികവോടെയുള്ള സുരക്ഷയും സൌകര്യങ്ങളുമാണ് ഖത്തർ മുന്നോട്ടുവയ്ക്കുന്നത്.

നാനാദിക്കിൽ നിന്നും കളികാണാനെത്തുന്നവർക്കായി 10 ലക്ഷം കോവിഡ് വാക്സീനുകൾ കരുതുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രഥമപരിഗണന. വാക്സിനേഷൻ അതിവേഗം പുരോഗമിക്കുന്നതും ജനം നിയന്ത്രണങ്ങളോട് സഹകരിക്കുന്നതും മഹാമാരിയിൽ നിന്നുള്ള അതിജീവനം വേഗത്തിൽ സാധ്യമാക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, ലോകകപ്പിന് കൃത്യം ഒരുവർഷം മുൻപ് സൌകര്യങ്ങളുടെ മികവളക്കാനെന്നവണ്ണം ഫിഫ അറബ് കപ്പ് മൽസരങ്ങൾക്ക് ഡിസംബറിൽ ഖത്തർ വേദിയാകും. ലോകകപ്പ് മൈതാനങ്ങളിലായിരിക്കും അറബ് രാജ്യങ്ങളിലെ കളിക്കാർ പന്തുതട്ടാനൊരുങ്ങുന്നത്. 

ദോഹ മെട്രോയും ട്രാം സർവീസും അടക്കം മികവുറ്റ ഗതാഗത സംവിധാനങ്ങളാണ് കാണികൾക്കായി കാത്തിരിക്കുന്നത്. ഭിന്നശേഷിക്കാരെയടക്കം പരിഗണിച്ചാണ് സൌകര്യങ്ങൾ. ഹോട്ടലുകൾക്കും വില്ലകൾക്കുമൊപ്പം ആഡംബര കപ്പലുകളിലും പരമ്പരാഗത അറബ് കൂടാരങ്ങളിലുമൊക്കെയായി താമസിക്കുന്നതിന് സൌകര്യമുണ്ടാകും. രാജ്യത്തിൻറെ സംസ്കാരത്തനിമ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദികൂടിയായിരിക്കും ലോകകപ്പ്. അതിനുള്ള ഒരുക്കങ്ങളാണ് പരോഗമിക്കുന്നത്. 10 വർഷം മുൻപ് ലോകകപ്പിന് വേദിയാകാനുള്ള അവസരമൊരുക്കിയപ്പോൾ മുതലുള്ള ഈ കൊച്ചുരാജ്യത്തിൻറെ സ്വപ്നമാണ് ലോകജനതയ്ക്ക് മുൻപിൽ വിസ്മയങ്ങളോടെ അവതരിപ്പിക്കാനൊരുങ്ങുന്നത്. അതിന് സാക്ഷികളായും ഒരുക്കങ്ങളുടെ ഭാഗമായും ഖത്തറിൽ താമസിക്കുന്ന പ്രവാസിമലയാളികളടക്കമുള്ളവർ ഏറെ പ്രതീക്ഷയിലാണ്.

വിവിധയിടങ്ങളിലായി പുരോഗമിക്കുന്ന യോഗ്യതാ റൌണ്ട് മൽസരങ്ങൾ തീരുന്നതോടെ ആരൊക്കെ ഏതൊക്കെ വേദികളിൽ പോരാട്ടത്തിനിറങ്ങുമെന്ന് സ്ഥിരീകരണമാകും. ഇതുവരെ കണ്ട ലോകകപ്പ് ചരിത്രത്തിൽ നിന്നും വ്യത്യസ്തമായൊരു കാഴ്ചയാകും ഖത്തർ അവതരിപ്പിക്കുന്നതെന്നുറപ്പാണ്. ജനുവരിയോടെ ടിക്കറ്റ് വിതരണം തുടങ്ങും. ഇന്ത്യയിൽ നിന്നടക്കം കാണികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ജൂൺ മാസങ്ങളിലാണ് ലോകകപ്പ് മൽസരങ്ങൾ സംഘടിപ്പിക്കാറുള്ളത്. ആസമയത്ത് ഖത്തറിൽ ചൂടായിരിക്കുമെന്നതിനാലാണ് വർഷാവസാനത്തേക്ക് നീട്ടിയത്. കാലവും സമയവും മാറി പെയ്യാനൊരുങ്ങുന്ന മനോഹരമായൊരു മഴപോലെ ഖത്തറിൻറെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുകയാണ് കാൽപ്പന്തുകളിയുടെ സർവആവേശങ്ങളും.

************************************************

മഹാമാരിക്കാലത്തെ തിരക്കുകൾക്കിടയിൽ പ്രതീക്ഷയുടെ സന്ദേശം പങ്കുവച്ച് കുവൈത്തിലെ ഇന്ത്യൻ ഡോക്ടർമാർ. മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ ഒപ്പനയും ദഫ്മുട്ടുമാണ് മരുഭൂമിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആ കാഴ്ചകളാണ് ഇനി നാം കാണുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് വ്യക്തിജീവിതത്തിലെ ആവശ്യങ്ങളും ആഘോഷങ്ങളുമൊക്കെ മാറ്റിവച്ച് ജോലിത്തിരക്കുകളുമായി മുന്നോട്ടുനീങ്ങുന്നവരാണ് ഡോക്ടർമാകും നഴ്സുമാരുമടക്കം ആരോഗ്യമേഖലയിലുള്ളവർ. ഗൾഫിലാകമാനമെന്നതുപോലെ കുവൈത്തിലും കോവിഡ് പ്രതിരോധത്തിൻറെ മുന്നണിപ്പോരാളികളായിരുന്നു മലയാളികളടക്കം ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും. അനിശ്ചിതമായി നീളുന്ന മഹാമാരിയുടെ വിപത്തുകൾ മനുഷ്യജീവിതങ്ങളിൽ നിരാശപടർത്തുന്ന കാലത്ത് പ്രതീക്ഷയുടെ സന്ദേശവുമായാണ് കുവൈത്തിലെ ഒരുകൂട്ടം ഡോക്ടർമാർ കലാരൂപങ്ങളവതരിപ്പിച്ചത്.

ആയിരം കാതമകലെയാണെങ്കിലും മായതെ മക്ക മനസിൽ നിൽപ്പൂ എന്ന ഗാനത്തോടെയാണ് ദഫ് മുട്ട് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണത്തിനായി ഡോ.ആൻറണിയാണ്  ഗാനമാലപിച്ചത്. കേരളത്തിൽ നിന്ന് ഒരുപറ്റം തീർഥാടകർ മക്കയിലേക്ക് തീർഥയാത്ര പോകുന്ന പ്രമേയത്തിലായിരുന്നു ചിത്രീകരണം. കുവൈത്തിലെ സൃഷ്ടി സ്കൂൾ ഓഫ് ഡാൻസിലെ വിനിത പ്രദീഷിൻറെ നേതൃത്വത്തിലാണ് ഒപ്പനയുടെ ദൃശ്യാവിഷ്കാരം ഒരുക്കിയത്. ഡോക്ടർമാർ ഒപ്പനയ്ക്കും ചുവടുവച്ചു.

കുവൈത്തിലെ മരുഭൂമിയിൽ സാമൂഹിക അകലം ഉറപ്പാക്കിയായിരുന്നു ചിത്രീകരണം. ഓസ്കാർ മീഡിയ പ്രൊഡക്ഷൻസാണ് ചിത്രീകരണമൊരുക്കിയത്. കടുത്ത ചൂടുകാലത്ത് രാത്രിയിലും പുലർച്ചെയുമൊക്കെയായിട്ടായിരുന്നു ദഫ് മുട്ടും ഒപ്പനയും അവതരിപ്പിച്ചത്.

കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുവൈത്തിൽ ജോലി ചെയ്യുന്ന അഞ്ഞൂറോളം ഡോക്ടർമാരുടെ കൂട്ടായ്മയാണ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം. ആരോഗ്യപ്രവർത്തകർ പോലും ആശങ്കകളോടെ ജോലി ചെയ്യുന്ന ദുരിതകാലത്ത് സന്തോഷത്തിൻറെ, പ്രതീക്ഷയുടെ സ്പന്ദനമൊരുക്കിയാണ് ഇവർ ദഫ്മുട്ടും ഒപ്പനയും അണിയിച്ചൊരുക്കിയത്. 

*************************************************

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളിൽ എമിറേറ്റ്സ് എയർലൈൻസിൻറ പരസ്യചിത്രീകരണം. യാത്രാസർവീസുകൾ പുനരാരംഭിച്ചതിൻറെ ഭാഗമായി നടത്തിയ പരസ്യ ചിത്രീകരണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എങ്ങനെയായിരുന്നു ഈ പരസ്യചിത്രീകരണം. ആ കാഴ്ചയാണ് ഇനി കാണുന്നത്.

കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന, ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചതിൻറെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ മനുഷ്യനിർമിതിയിൽ എമിറേറ്റ്സ് പരസ്യം ചിത്രീകരിച്ചത്. ഫ്ളൈ എമിറേറ്റ്സ്, ഫ്ളൈ ബെറ്റർ എന്ന പ്ളക്കാർഡുകളുമേന്തിയാണ് കാബിൻ ക്രൂ വേഷത്തിൽ സ്കൈ ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത് ലുഡ്വിക്ക് അഭിനയിച്ചത്. 

പരസ്യചിത്രത്തിൽ അഭിനയിക്കാനായി എമിറേറ്റ്‌സ്, ജീവനക്കാർക്കിടയിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ചിലർ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രൊഫഷണൽ സ്‌കൈ ഡൈവിങ് ഇൻസ്ട്രക്ടറായ നിക്കോളാണ് ഒടുവിൽ സാഹസികമായ ആ വേഷമണിഞ്ഞത്.

പരസ്യചിത്രം പുറത്തുവന്നതോടെ ഇത് എഡിറ്റിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുക്കിയതാണോയെന്ന സംശയമുയർന്നിരുന്നു. തുടർന്നാണ് ചിത്രീകരണത്തിൻറെ വിഡിയോ എമിറേറ്റ്സ് പുറത്തുവിട്ടത്. സൂരോദ്യയത്തിന് തൊട്ടുമുൻപ്, ഒരു മണിക്കൂർ 15 മിനിറ്റ് സമയമെടുത്താണ് ഹെലികോപ്റ്ററിൽ നിക്കോളിനെ 828 മീറ്റർ നീളമേറിയ കെട്ടിടത്തിൻറെ മുകളിലെത്തിച്ചത്. ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു അഞ്ചുമണിക്കൂറോളം നീണ്ട ചിത്രീകരണം.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഹോളിവുഡ് താരം ടോം ക്രൂസ് തുടങ്ങിയവരും ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ, ഇതിന് മുൻപ് കയറിയിട്ടുണ്ട്.

*************************************************

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിച്ചാൽ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളത്തിലെത്താം. അറുപതുമീറ്ററിലേറെ ആഴത്തിൽ ഡൈവ് ചെയ്യാനാകുന്ന ദുബായ് ഡീപ് ഡൈവ് സന്ദർശകർക്കായ് തുറന്നിരിക്കുന്നു. ഡീപ് ഡൈവിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

വിസ്മയങ്ങളുടെ നഗരമെന്ന വിളിപ്പേരിനെ അന്വർഥമാക്കുന്ന കാഴ്ചകളാണ് ദുബായിൽ കാണുന്നത്. ഏറ്റവും പുതുമയേറിയത്, ഏറ്റവും വലുത് അങ്ങനെ റെക്കോഡുകളാൽ സമ്പന്നമാണ് ദുബായ് നഗരം. ആ വിസ്മയങ്ങൾക്കിടയിലേക്കാണ് ഏറ്റവും ആഴമേറിയ മറ്റൊരു കാഴ്ച തുറക്കുന്നത്. ദുബായ് നാദ് അൽഷെബയിലാണ് ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം ഒരുക്കിയിരിക്കുന്നത്. 60 മീറ്ററിലധികം ആഴം. 14 ദശലക്ഷം വെള്ളം ഉൾക്കൊള്ളാനാകും. ആറ് ഒളിംപിക്സ് നീന്തൽകുളങ്ങളുടെ വലുപ്പത്തിന് തുല്യമാണ് ദുബായിലെ ഈ വിസ്മയക്കാഴ്ച.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഡീപ് ഡൈവ് ദുബായ് എന്ന ഈ നീന്തൽകുളം സന്ദർശകർക്കായി അവതരിപ്പിച്ചത്. മുങ്ങിയ ഒരു നഗരത്തിൻറെ എല്ലാ മനോഹാരിതയോടുംകൂടിയാണ് ഈ പൂൾ നിർമിച്ചിരിക്കുന്നത്. മുത്തുച്ചിപ്പിയുടെ മാതൃകയിൽ 1,500 ചതുരശ്ര മീറ്ററിലാണ് ദുബായ് ഡീപ് ഡൈവ് എന്ന നീന്തൽകുളം. രണ്ടു ഡ്രൈ ചേംബറുകള്‍, പൂളിന്‍റെ എല്ലാ വശങ്ങളും കാണാനാകുന്ന 56 അണ്ടർ വാട്ടർ ക്യാമറകൾ, 164 വ്യത്യസ്ത പ്രകാശസംവിധാനങ്ങൾ, വീഡിയോ വാള്‍ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഫിലിം സ്റ്റുഡിയോ. ഒപ്പം 100 പേർക്കു വരെ ഒത്തുകൂടാനുള്ള സൌകര്യവും ഭക്ഷണംനൽകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഡൈവേഴ്‌സ്, അത്‌ലറ്റുകൾ വരെയുള്ള, 10 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരുമായ എല്ലാവർക്കും ഇവിടെയെത്തി ഡൈവ് ചെയ്യാൻ അവസരമുണ്ട്. ഫ്രീ ഡൈവിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവ പരിശീലിപ്പിക്കാൻ ഡൈവിങ് പ്രൊഫഷണലുകളുമുണ്ട്. വർഷം മുഴുവൻ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകും. പൂര്‍ണ്ണ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് നീന്തല്‍ ആസ്വദിക്കാനുള്ള അവസരം. ഡിസ്കവർ, ഡൈവ്, ഡവലപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സൌകര്യമൊരുക്കിയിരിക്കുന്നത്. ഒരു ഡൈവ് മാത്രം ചെയ്യാനാഗ്രഹമുള്ളവർക്കാണ് ഡിസ്കവർ. പരിശീലനം സിദ്ധിച്ചിട്ടുള്ളവർക്കായി ഡൈവ്. പരിശീലനത്തിലൂടെ സർട്ടിഫിക്കറ്റ് നേടാൻ താൽപര്യമുള്ളവർക്കായി ഡവലപ്. സന്ദർശകർക്ക് താൽപര്യവും കഴിവുമനുസരിച്ച് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. 

അതേസമയം, മറ്റൊരു നിർദേശംകൂടി അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. ഡീപ് ഡൈവ് സന്ദർശിച്ച് 24 മണിക്കൂർ കഴിയാതെ ബുർജ് ഖലീഫയുടെ ഉയരങ്ങളിലേക്ക് പോകരുത്. ഡീപ് ഡൈവിന് ശേഷം ആയിരം അടിയിൽ ഉയരത്തിലേക്ക് പോകുന്നത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നതിനാലാണ് ഇത്തരമൊരു നിർദേശം. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...