തീര്‍ഥാടനത്തിന് ഒരുങ്ങി വിശുദ്ധ നഗരങ്ങള്‍; പ്രവാസി ലോകത്തെ പെരുന്നാള്‍ കാഴ്ചകള്‍

Gulf-This-Week
SHARE

ബലിപെരുന്നാളിലേക്ക് കടക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. ഗൾഫ് നാടുകളിൽ നിയന്ത്രണങ്ങളോടെയാണ് ഹജ് തീർഥാടനത്തിനും പള്ളികളിലെ പ്രാർഥനയ്ക്കും അനുമതിയുള്ളത്. വലിയപെരുന്നാൾ കാലത്തെ വിശേഷങ്ങളും ഗൾഫിലെ മറ്റു കാഴ്ചകളും വാർത്തകളുമൊക്കെയായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് കടക്കുന്നു. 

മഹാമാരി പിടിമുറുക്കിയ ശേഷമുള്ള രണ്ടാമത്തെ ബലിപെരുന്നാളിലേക്ക് കടക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഹജ് തീർഥാടനം. തീർഥാടകർക്കായി മക്കയും മദീനയും ഒരുങ്ങിക്കഴിഞ്ഞു. വലിയപെരുന്നാൾ, ഹജ് ഒരുക്കങ്ങളുടെ വിശേഷങ്ങളാണ് കാണുന്നത്.

ബലിപെരുന്നാൾ സ്മരണയിലേക്ക് കടക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. അല്ലാഹുവിനായി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാൻ പ്രവാചകൻ ഇബ്രാഹിം നബി ഒരുങ്ങിയതിൻറെ ഓർമകൾ. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്. മകനായ ഇസ്മാഈലിനു പകരം ആടിനെ ബലികൊടുക്കുന്ന സംഭവത്തിൻറെ ഓർമയോടെയാണ് ഇസ്ലാം മത വിശ്വാസികൾ ബക്രിദ് ആഘോഷിക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷവും നിയന്ത്രണങ്ങളോടെയാണ് ഹജ് തീർഥാടനം. സൌദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 60,000 പേർക്കുമാത്രമാണ് തീർഥാടനത്തിന് അനുമതി. എഴുപതോളം മലയാളികളടക്കം വിവിധ ദേശക്കാരായ വിശ്വാസികൾ ലോകത്തെ എല്ലാ ഇസ്ലാം മത വിശ്വാസികളേയും പ്രതിനിധീകരിച്ച് ഹജ്ജിനൊരുങ്ങുകയാണ്. പ്രാർഥനയോടെ പ്രതീക്ഷയോടെ.

വാക്സീൻ സ്വീകരിച്ചവർക്കും മുൻപ് ഹജ് കർമം അനുഷ്ടിച്ചിട്ടില്ലാത്തവർക്കും മുൻഗണന നൽകിയാണ് ഹജ് ഉംറ മന്ത്രാലയം 60,000 തീർഥാടകരുടെ പട്ടിക തയ്യാറാക്കിയത്. മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് തീർഥാടനത്തിനൊരുങ്ങുന്നത്. നാല് കേന്ദ്രങ്ങളിലായി സ്വീകരിച്ച് ബസുകളിലായിരിക്കും വിശ്വാസികളെ മക്കയിലെത്തിക്കുന്നത്. ഇതിനായി 1,700 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. 

മക്കയിലെത്തുന്ന വിശ്വാസികൾ കഅ്ബാ പ്രദക്ഷിണശേഷം ഹജ് കർമങ്ങൾക്കായി തമ്പുകളുടെ നഗരമായ മിനായിലേക്ക് പോകും. മിനായിൽ രാത്രി തങ്ങിയ ശേഷം 19ന് പുലർച്ചെ അറഫാ സംഗമത്തിനായി അറഫയിലേക്ക് നീങ്ങും. സന്ധ്യയോടെ അറഫയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലേക്ക്. ജംറയില്‍ സാത്താന്‍റെ പ്രതീകമായ സ്തൂപങ്ങളെ എറിയാനുള്ള തല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക്. ഹജ്ജിന്‍റെ മൂന്നാം ദിവസമാണ് മിനായില്‍  സാത്താന്‍റെ പ്രതീകത്തിനുനേരെയുള്ള കല്ലേറ് കര്‍മം. ബലിയറുക്കല്‍, തലമുണ്ഡനം എന്നിവയ്ക്കുശേഷം മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ മര്‍വ മലകൾക്കിടയിലെ പ്രയാണവും നിര്‍വഹിക്കും. പിന്നീട് തീര്‍ഥാടകര്‍ക്ക് സാധാരണ വേഷത്തിലേക്ക് മടങ്ങാം. ദുല്‍ഹജ് പതിമൂന്നിന് കഅബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും.

വിവിധമന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മക്കയിലും മദീനയിലും ഒരുക്കങ്ങൾ. കോവിഡിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഹജ് തീർഥാടനത്തിനെത്തിയ തീർഥാടകരിൽ ആരും കോവിഡ് ബാധിതരായില്ല എന്നത് ആരോഗ്യസുരക്ഷാക്രമീകരണങ്ങളുടെ വിജയമായിരുന്നു. ഇത്തവണയും പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റെഡ് ക്രസൻറിൻറെ നേതൃത്വത്തിൽ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 51 ആംബുലൻസ് കേന്ദ്രങ്ങളുണ്ടാകും. വ്യക്തിവിവരങ്ങളും ആരോഗ്യവിവരങ്ങളും അടങ്ങിയ സ്മാർ്ട് കാർഡുകൾ എല്ലാ തീർഥാടകർക്കും കൈമാറും. വഴിയറിയുന്നതിനും ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനും സ്മാർട് കാർഡ് ഉപയോഗിക്കാനാകും.

അതേസമയം, സാധാരണ വലിയപെരുന്നാൾ അവധികളിൽ നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് ഓടിയെത്താറുള്ള  പ്രവാസിമലയാളികളിൽ ഭൂരിപക്ഷവും ഇത്തവണ ഗൾഫ്  നാടുകളിൽ തന്നെയാണ് പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുന്നത്. വിമാനസർവീസിലെ അനിശ്ചിതത്വം തുടരുന്നതിനാൽ നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം മാറ്റിവയ്ക്കുകയാണിവർ. 

ഒമാൻ ഒഴികെ അഞ്ച് ഗൾഫ് രാജ്യങ്ങളിലും സജീവമായി പള്ളികളിൽ പ്രാർഥനകളും നിയന്ത്രണങ്ങളോടെ കൂട്ടായ്മകളുമുണ്ടാകും. ഒമാനിൽ വലിയ പെരുന്നാൾ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത പെരുന്നാളിനെങ്കിലും മുൻവർഷങ്ങളിലേതുപോലെ ഏല്ലാവരോടുമൊന്നിച്ച് പ്രാർഥനയോടെ ആഘോഷങ്ങളോടെ പെരുന്നാളിൻറെ ഭാഗമാകാമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാ് വിശ്വാസികൾ.

****************************************

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിച്ചാൽ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളത്തിലെത്താം. അറുപതുമീറ്ററിലേറെ ആഴത്തിൽ ഡൈവ് ചെയ്യാനാകുന്ന ദുബായ് ഡീപ് ഡൈവ് സന്ദർശകർക്കായ് തുറന്നിരിക്കുന്നു. ഡീപ് ഡൈവിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

വിസ്മയങ്ങളുടെ നഗരമെന്ന വിളിപ്പേരിനെ അന്വർഥമാക്കുന്ന കാഴ്ചകളാണ് ദുബായിൽ കാണുന്നത്. ഏറ്റവും പുതുമയേറിയത്, ഏറ്റവും വലുത് അങ്ങനെ റെക്കോഡുകളാൽ സമ്പന്നമാണ് ദുബായ് നഗരം. ആ വിസ്മയങ്ങൾക്കിടയിലേക്കാണ് ഏറ്റവും ആഴമേറിയ മറ്റൊരു കാഴ്ച തുറക്കുന്നത്. ദുബായ് നാദ് അൽഷെബയിലാണ് ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം ഒരുക്കിയിരിക്കുന്നത്. 60 മീറ്ററിലധികം ആഴം. 14 ദശലക്ഷം വെള്ളം ഉൾക്കൊള്ളാനാകും. ആറ് ഒളിംപിക്സ് നീന്തൽകുളങ്ങളുടെ വലുപ്പത്തിന് തുല്യമാണ് ദുബായിലെ ഈ വിസ്മയക്കാഴ്ച.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഡീപ് ഡൈവ് ദുബായ് എന്ന ഈ നീന്തൽകുളം സന്ദർശകർക്കായി അവതരിപ്പിച്ചത്. മുങ്ങിയ ഒരു നഗരത്തിൻറെ എല്ലാ മനോഹാരിതയോടുംകൂടിയാണ് ഈ പൂൾ നിർമിച്ചിരിക്കുന്നത്. മുത്തുച്ചിപ്പിയുടെ മാതൃകയിൽ 1,500 ചതുരശ്ര മീറ്ററിലാണ് ദുബായ് ഡീപ് ഡൈവ് എന്ന നീന്തൽകുളം. രണ്ടു ഡ്രൈ ചേംബറുകള്‍, പൂളിന്‍റെ എല്ലാ വശങ്ങളും കാണാനാകുന്ന 56 അണ്ടർ വാട്ടർ ക്യാമറകൾ, 164 വ്യത്യസ്ത പ്രകാശസംവിധാനങ്ങൾ, വീഡിയോ വാള്‍ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഫിലിം സ്റ്റുഡിയോ. ഒപ്പം 100 പേർക്കു വരെ ഒത്തുകൂടാനുള്ള സൌകര്യവും ഭക്ഷണംനൽകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഡൈവേഴ്‌സ്, അത്‌ലറ്റുകൾ വരെയുള്ള, 10 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരുമായ എല്ലാവർക്കും ഇവിടെയെത്തി ഡൈവ് ചെയ്യാൻ അവസരമുണ്ട്. ഫ്രീ ഡൈവിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവ പരിശീലിപ്പിക്കാൻ ഡൈവിങ് പ്രൊഫഷണലുകളുമുണ്ട്. വർഷം മുഴുവൻ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകും. പൂര്‍ണ്ണ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് നീന്തല്‍ ആസ്വദിക്കാനുള്ള അവസരം. ഡിസ്കവർ, ഡൈവ്, ഡവലപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സൌകര്യമൊരുക്കിയിരിക്കുന്നത്. ഒരു ഡൈവ് മാത്രം ചെയ്യാനാഗ്രഹമുള്ളവർക്കാണ് ഡിസ്കവർ. പരിശീലനം സിദ്ധിച്ചിട്ടുള്ളവർക്കായി ഡൈവ്. പരിശീലനത്തിലൂടെ സർട്ടിഫിക്കറ്റ് നേടാൻ താൽപര്യമുള്ളവർക്കായി ഡവലപ്. സന്ദർശകർക്ക് താൽപര്യവും കഴിവുമനുസരിച്ച് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. 

അതേസമയം, മറ്റൊരു നിർദേശംകൂടി അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. ഡീപ് ഡൈവ് സന്ദർശിച്ച് 24 മണിക്കൂർ കഴിയാതെ ബുർജ് ഖലീഫയുടെ ഉയരങ്ങളിലേക്ക് പോകരുത്. ഡീപ് ഡൈവിന് ശേഷം ആയിരം അടിയിൽ ഉയരത്തിലേക്ക് പോകുന്നത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നതിനാലാണ് ഇത്തരമൊരു നിർദേശം. 

****************************************

യുഎഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസിലേക്കാണ് യാത്ര. രാജ്യത്തിൻറെ ചരിത്രത്തിൻറെ ഭാഗമായ കൊട്ടാരം സന്ദർശകർക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചകളാണ് ഇനി കാണുന്നത്.

ലോകഭൂപടത്തിലെ മികവിൻറെ അടയാളമായി മാറിയ യുഎഇയുടെ ചരിത്രം ആഘോഷിക്കപ്പെടുന്നതിനും ഓർമിക്കപ്പെടുന്നതിനുമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കപ്പെട്ട കൊട്ടാരമാണ് അബുദാബിയിലെ ഖസ്ർ അൽ വത്ൻ പ്രസിഡൻഷ്യൽ കൊട്ടാരം. അറബ് വാസ്തുവിദ്യയുടേയും കലയുടേയും സമ്മേളനമാണ് അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ കാഴ്ചക്കാർക്കായി കരുതിവച്ചിരിക്കുന്നത്. കൊട്ടാരക്കെട്ടുകളുടെ രൂപഭംഗിയും നിര്‍മാണ ഘടനകളും വിസ്മയിപ്പിക്കുന്നതാണ്. യുഎഇയുടെ പ്രധാനഭരണസിരാകേന്ദ്രം കൂടിയായ ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തലവൻമാരടക്കം വിശിഷ്ട വ്യക്തികളുടെ സ്വീകരണച്ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ഈ കൊട്ടാരത്തിലാണ്. 

150 ഹെക്ടറിലാണ് കൊട്ടാരവും  അനുബന്ധ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്. 1,60,000 സ്‌ക്വയര്‍ മീറ്ററാണ് കൊട്ടാരത്തിൻറെ വിസ്തീര്‍ണം. മന്ത്രിമാരുടെ ഓഫീസ്, പള്ളി, ഭക്ഷണശാല, കോമണ്‍ ഏരിയ, എന്‍ട്രന്‍സ് ഹാള്‍, മെയിന്‍ ഹാള്‍, മീഡിയ ഹാള്‍, പ്രസ് സെന്റര്‍ എന്നിവയാണ് കൊട്ടാരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍. രണ്ടു ഭാഗങ്ങളോടുകൂടിയ താഴികക്കുടമാണ് നഗരത്തിൽ തലയുയർത്തി നിൽക്കുന്നത്. 

ചരിത്രവും ആധുനികതയും ഒന്നുചേർന്ന ലൈബ്രറിയാണ് മറ്റൊരു പ്രധാനകാഴ്ച. യുഎഇയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രം ആലേഖനം ചെയ്ത അൻപതിനായിരത്തിലധികം പുസ്തകങ്ങളാണ് വിജ്ഞാനത്തിൻറെ ആലയമെന്ന ഭാഗത്തുള്ളത്.  വിവിധ രാജ്യങ്ങളുടെ ഭരണാധിപൻമാരും പ്രശസ്ത വ്യക്തികളും യുഎഇ സന്ദർശനത്തിനിടെ  സമ്മാനിച്ച വൈവിധ്യമാർന്ന സമ്മാനങ്ങളും ഇവിടെ കാണാം. വാളും തോക്കും മുതൽ കൌതുകമുണർത്തുന്ന വസ്തുക്കൾ വരെ.

2019 ജനുവരിയിൽ അബുദാബിയിലെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വീകരിച്ചതും പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനത്തോട് കൂടിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നരേന്ദ്രമോദിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ രാജകീയ സ്വീകരണമൊരുക്കിയത് ശ്രദ്ധേയമായിരുന്നു. .

അബുദാബിയിൽ എമിറേറ്റ്സ് പാലസിനോട് ചേർന്ന് കടൽക്കരയിലാണ്  കൊട്ടാരം സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്സ് പാലസിന്റെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെയും നിർമ്മിതികളോട് സാമ്യതയുള്ള 16,17,18 നൂറ്റാണ്ടുകളിലെ മുഗൾ ശില്പകലാ രീതികളാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. 

കൊട്ടാരമുറ്റത്തെ മനോഹരമായ പൂന്തോട്ടവും അത്ഭുത കാഴ്ചയാണ്. കൂടുതല്‍ വശ്യത നല്‍കുന്ന ലൈറ്റ് ആൻഡ്സൗ ണ്ട് ഷോ സന്ദര്‍ശകര്‍ക്ക് മനോഹരമായൊരു സായ്ഹാന്നം  ഉറപ്പാക്കും. മലയാളികളടക്കം സന്ദർശകരുടേയും പ്രവാസികളുടേയും പ്രധാനപ്പെട്ട സന്ദർശകഇടമായി മാറിയിരിക്കുകയാണ് പ്രസിഡൻഷ്യൽ കൊട്ടാരം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...