റാസൽഖൈമയിലെ ആശാന്റെ കട; യു.എ.ഇയിലെ കേരളരുചി

kanji-kada2
SHARE

ലോകത്തെ ഏറ്റവും വിലകൂടിയ ബ്രാൻഡഡ് ഭക്ഷണങ്ങൾ ഗൾഫ് നാടുകളിലെ സജീവ കാഴ്ചയാണ്. അത്തരമൊരിടത്താണ് കേരളീയരുടെ പ്രിയപ്പെട്ട വിഭവമായ കഞ്ഞി സജീവമാകുന്നത്. മൂന്നുമാസങ്ങൾക്കു മുൻപു മാത്രമാണ് റാസൽ ഖൈമയിൽ കഞ്ഞിക്കട തുടങ്ങിയത്. വിവിധതരം കഞ്ഞികളിലടെ ഒരേ സമയം ഓർമകളും ആരോഗ്യവും വീണ്ടെടുക്കാനവസരം.

പൊരിച്ച ചിക്കനും മട്ടനും കബാബുമൊക്കെ കഴിച്ചു നാടിൻറെ രുചിക്കൂട്ടുകൾ മറന്ന പ്രവാസിയുടെ നാവിലേക്കാണ് കഞ്ഞിയുടെ രുചിയുമായി റാസൽ ഖൈമയിലെ ആശാൻറെ കട വിരുന്നെത്തുന്നത്. 

റാസൽ ഖൈമയിൽ ഓൾഡ് ഇത്തിസലാത്ത് റോഡിൽ ഗൾഫ് സിനിമാസിനു സമീപമാണ് കൊച്ചിൻ കഫ്റ്റീരിയ എന്ന പേരിലെ കഞ്ഞിക്കട. നല്ല പച്ചമുളകും അച്ചാറും മോരും ചമ്മന്തിയും ചേർന്ന പഴങ്കഞ്ഞി. നാടിൻറെ, പഴമയുടെ രുചി പകരുകയാണിവിടം. നാടൻ കഞ്ഞി, പൊടിയരിക്കഞ്ഞി, ഗോതമ്പു കഞ്ഞി, പാൽ കഞ്ഞി, പയർ കഞ്ഞി, ജീരക കഞ്ഞി തുടങ്ങി എട്ടോളം കഞ്ഞികളാണ് ഇവിടെ വിതരണം ചെയ്യുന്നത്.

കഞ്ഞി വിഭവങ്ങൾക്കൊപ്പം നാടൻ കപ്പയും ബീഫും പൊറോട്ടയും ഇവിടെ ലഭിക്കും. മലയാളികൾ കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണങ്ങൾ, നാടുമാറിയെങ്കിലും രുചി മാറാതെ പകരുകയാണ് ഈ കഞ്ഞിക്കടയുടെ ലക്ഷ്യം. 

ഒട്ടും കൃതൃമത്വങ്ങളില്ലാതെ നാടൻ രുചികളാസ്വദിക്കാൻ മലയാളികളടക്കമുള്ളവർ ഇവിടെയെത്തുന്നുണ്ട്. രുചിയുടെ മാഹാത്മ്യം കേട്ടെറിഞ്ഞെത്തിയവരാണ് അധികവും.

തൃശൂർ സ്വദേശികളായ സുഹൃത്തുക്കളുടെ കൂട്ടായപരിശ്രമമാണ് കഞ്ഞിക്കട. നല്ല ഭക്ഷണങ്ങളോടുള്ള പ്രണയം, നല്ല ഭക്ഷണം പങ്കുവയ്ക്കണമെന്ന ചിന്തയായി പരിണമിച്ചതാണ് ഈ ഉദ്യമം.യു.എ.ഇയിൽ ചൂടു തുടങ്ങിയതോടെ നാട്ടിലെ ചൂടുകാലത്തെ പ്രിയപാനീയങ്ങളായ നന്നാരി സർബത്ത്, ഉപ്പു സോഡ, ഇഞ്ചി മോര് തുടങ്ങിയവയും ഇവിടെയുണ്ട്, നാട്ടിലെ അതേരുചിക്കൂട്ടുകളുമായി.

നാട്ടിലെ പഴമപകരുന്ന രുചിയേറിയ വിഭവങ്ങൾ അതേ തനിമയോടെ ഏറ്റവും വിലക്കുറവിൽ നൽകുന്നിടത്താണ് കൊച്ചിൻ കഫ്റ്റീരിയയുടെ വിജയം. യുഎഇയിൽ ഉച്ചഭക്ഷണത്തിനു ചിലവഴിക്കുന്നതിലും പകുതിയോളം തുകമതിയാകും നാടൻ രുചിയുള്ള കഞ്ഞി കുടിക്കാൻ. ഡിസംബറിൽ തുടങ്ങിയ കഞ്ഞിക്കട മൂന്നുമാസം പിന്നിടുമ്പോൾ മറ്റു എമിറേറ്റുകളിൽ നിന്നു പോലും മലയാളികൾ വിവിധതരം കഞ്ഞി ആസ്വദിക്കാൻ ഇവിടെയെത്തുന്നുണ്ട്.

MORE IN GULF THIS WEEK
SHOW MORE