നമോ ഒമാൻ

modi-oman
SHARE

എല്ലാക്കാലത്തും ഗൾഫ് മേഖലയിലെ ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്താണ് ഒമാൻ. ഒമാനുമായുള്ള സൗഹൃദത്തിന് നയതന്ത്ര രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയിലും വലിയ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രധാനമന്ത്രിമാർ കൃത്യമായ ഇടവേളകളിൽ ഒമാനിലെത്താറുണ്ട്. മോദിയും പതിവ് തെറ്റിച്ചില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാനിലെ പ്രഥമ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ സഹായിച്ചുവെന്നതില്‍ തര്‍ക്കമില്ല. പരമ്പരാഗത സഹകരണം ഊട്ടിയുറപ്പിച്ചതിന് അപ്പുറം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും സാധിച്ചു. പ്രധാനമന്ത്രിക്ക് ഒമാനില്‍ ലഭിച്ച സ്വീകരണം ഇന്ത്യയുമായുള്ള അടുപ്പവും കെട്ടുറപ്പും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദുമായി ബെയ്ത് അല്‍ ബറക കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടതുല്‍ ശക്തിപകര്‍ന്നു.

സഹകരണത്തിന്‍റെ പുതിയ പാത വെട്ടിത്തുറക്കുന്നതായിരുന്നു ഉപപ്രധാനമന്ത്രിമാരായ സയ്യിദ് അസാദ് ബിന്‍ താരിഖ് അല്‍ സെയ്ദ്, സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരുമായുള്ള കൂടിക്കാഴ്ച. പ്രതിരോധം, വ്യാപാരം, ആരോഗ്യം, ടൂറിസം തുടങ്ങി എട്ടു തന്ത്രപ്രധാന മേഖലകളിൽ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതും നേട്ടമായി. ദുഖം തുറമുഖത്തെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് അനുമതി നേടിയെടുത്തതും ഇന്ത്യയുടെ വിജയമായി കണക്കാക്കണം.

ഒമാനി നിക്ഷേപകർക്കായി ഇന്ത്യയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മോദിയുടെ പ്രഖ്യാപനം സ്വദേശി നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഒമാനിലെ വാണിജ്യ, വ്യാപാര മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യാ ഒമാന്‍ ബിസിനസ് മീറ്റിലായിരുന്നു മോദിയുടെ പ്രഖ്യാപനം. നിക്ഷേപത്തിന് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞ മോദി നടപടിക്രമങ്ങള്‍ ലഘൂകരിച്ചും സ്വദേശി ബിസിനസുകാരുടെ കൈയടി നേടി.  ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം ആകര്‍ഷിക്കാനും ഇതുവഴി സാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്.

ഭീകരവാദത്തിനും കള്ളപ്പണത്തിനും സൈബര്‍ കുറ്റകൃത്യത്തിനുമെതിരെ യോജിച്ച പോരാട്ടവും ശ്രദ്ധേയമാണ്.  മേഖലയുടെയും ലോകത്തിന്‍റെയും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്.  കള്ളക്കടത്ത്, ലഹരിമരുന്ന്, മനുഷ്യക്കടത്ത്, നുഴഞ്ഞുകയറ്റം, ആസൂത്രിത കുറ്റകൃത്യം എന്നിവയ്ക്കെതിരെയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും കുറ്റകൃത്യം തടയാന്‍ സഹായിക്കും.

സൈനിക സഹകരണം, തീരസുരക്ഷ കര, നാവിക, വ്യോമ മേഖലയില്‍ സംയുക്ത സൈനിക പരിശീലനം എന്നിവയെല്ലാം ഇരുരാജ്യത്തിനും ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ്. ഊര്‍ജ സുരക്ഷ, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസുരക്ഷ, മൈനിങ് എന്നീ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതില്‍ പ്രധാനമന്ത്രിവഹിച്ച പങ്ക് ചെറുതല്ലെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ മോദിയെ കാണാന്‍ മസ്കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലെത്തിയ പ്രവാസി ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹം കരുതി വച്ചത് പതിവു തന്ത്രം മാത്രമായിരുന്നു. മുന്‍ സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച മോദി തന്‍റെ സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് കൈയടിനേടുകയും മോദി വിളിയില്‍ ആനന്ദിക്കുകയും ചെയ്തു.

ആധുനിക ഇന്ത്യയുടെ നിർമാണത്തിൽ പ്രവാസികൾ പ്രധാന പങ്കാളികളായിരിക്കുമെന്ന പ്രസ്താവനയില്‍ തൃപ്തിപ്പെടേണ്ടിവന്നു ഇവിടെ എത്തിയ ആയിരങ്ങള്‍ക്ക്. ഒമാനിലെ എട്ടു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി എന്തുചെയ്തുവെന്ന ചോദ്യം ബാക്കിയാവുകയാണ്. മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള  ശിവക്ഷേത്രത്തിലും  സന്ദർശനം നടത്തി മോദി ചരിത്രത്തില്‍ ഇടംപിടിച്ചാണ് മടങ്ങിയത്.

MORE IN GULF THIS WEEK
SHOW MORE