ഇന്ത്യ യുഎഇ ബന്ധം പുതിയ തലത്തിൽ

al-nahyan-modi-1
SHARE

ഇന്ത്യ യുഎഇ ഭായ് ഭായ് എന്നു പറയാം ഇനി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം സഹോദര ബന്ധമെന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. ഇന്ത്യ യുഎഇ ചരിത്രത്തിൽ പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവ്. ഇന്ത്യയും യുഎഇയും... വെറും സുഹൃത്തുക്കളല്ല ഇന്ന് ഈ രാജ്യങ്ങൾ.. സൗഹൃദത്തിനപ്പുറം പുതിയ തലങ്ങളിലേക്ക് വളർന്നിരിക്കുന്നു ഇന്ത്യ യുഎഇ നയതന്ത്ര ബന്ധം. ആ മാറ്റത്തിന്റെ ദൃഷ്ടാന്തമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇയിലേക്കുള്ള രണ്ടാം വരവ്. 

ചരിത്രം വഴിമാറുന്നതായിരുന്നു ഈ രണ്ടാം വരവ്. ചരിത്രത്തിലാദ്യമായി യുഎഇയുടെ എണ്ണ പര്യവേഷണ പദ്ധതിയിൽ ഇന്ത്യയും പങ്കാളികളായി. അഡ്നോകിന്റെ ലോവർ സകൂം എണ്ണ ഖനന പദ്ധതിയിൽ ഇന്ത്യയ്ക്ക് പത്ത് ശതമാനം പങ്കാളിത്തം നൽകാനുള്ള തീരുമാനമാണ് ഈ സന്ദർശനത്തിന്റെ പ്രധാനനേട്ടം. 60 കോടി ഡോളറായിരിക്കും ഇന്ത്യയുടെ നിക്ഷേപം. ഇതുവഴി അടുത്ത 40 വർഷത്തേക്ക് പ്രതിവർഷം 20 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഇവിടെ നിന്ന് ഇന്ത്യക്ക് ലഭിക്കും. മനുഷ്യക്കടത്തും തൊഴിൽ തട്ടിപ്പും തടയുന്നതിനുള്ള സംയോജിത സംവിധാനമുൾപ്പെടെ അഞ്ചു കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. ഇതനുസരിച്ച് തൊഴിൽ കരാറുകൾ സുതാര്യമാക്കുന്നതിന് ഏകീകൃത സംവിധാനം വരും. തൊഴിലാളി ക്ഷേമത്തിനുള്ള നടപടികളും സംയോജിതമായി കൈക്കൊള്ളും.

വ്യാപാര വ്യവസായ മേഖലകളിലും വലിയ നേട്ടങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനം സമ്മാനിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും സാങ്കേതിക വൈദഗ്ധ്യം പങ്കുവയ്ക്കാൻ ധാരണയിലെത്തി. ഡിപി വേൾഡ് അടക്കമുള്ള പ്രമുഖ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഇന്ത്യയിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഒരു പരിധിവരി പരിഹരിക്കാൻ പ്രധാനമന്ത്രിക്കായി. ഏകദേശം 64000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ഈ ചർച്ചകളിലുണ്ടായത്.

യുഎഇ പ്രസിഡന്റിന്റെ അബുദാബിയിലെ പുതിയ കൊട്ടാരത്തിലാണ് നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തിയത്. ഇതാദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തലവന് ഇവിടെ ആതിഥേയത്വമൊരുക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നല്ല ബന്ധം തന്ത്രപ്രധാനമായ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. 

ഇന്ത്യയോടുള്ള സൗഹൃദത്തിന്റെ പ്രതീകമായി ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും ഷെയ്ഖ് സായിദ് പാലവുമെല്ലാം ത്രിവർണമണിഞ്ഞു. യുഎഇ സൈനികരുടെ രക്തസാക്ഷിസ്മാരകമായ വാഹത് അൽ കരാമയിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി യുഎഇയോടുള്ള ഇന്ത്യയുടെ ആദരവ് പ്രടമാക്കുകയും ചെയ്തു.

യുഎഇയിലെ ഇന്ത്യൻ സമൂഹം ഉജ്വല സ്വീകരണമാണ് പ്രധാനമന്ത്രിക്കൊരുക്കിയത്. ദുബായ് ഓപ്പറാ ഹൗസിൽ ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരുമായി പ്രധാനമന്ത്രി സംവദിച്ചു. ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കായിരുന്നു പ്രസംഗത്തിൽ ഊന്നൽ. അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാവരണം ചെയ്തു. ബാപ്സ് സ്വാമി നാരായൺ സൻസ്ഥയാണ് അബുദാബി ദുബായ് അതിർത്തിയിൽ പുതിയ ക്ഷേത്രം നിർമിക്കുന്നത്. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും അബുദാബിയിലെ ക്ഷേത്രവും.

ഇന്ത്യ യുഎഇ സൗഹൃദം ഏത് തലത്തിലാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ദുബായിലെ ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരം. ഇന്ത്യ മുഖ്യ അതിഥി രാഷ്ട്രമായി പങ്കെടുത്ത ഉച്ചകോടി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഊന്നി, സാങ്കേതിക വിദ്യയുടെയും വികസനത്തിന്റെയും ഗുണം ലോകത്ത് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറും, ഷെയ്ഖ് സായിദ് എക്സിബിഷനും പ്രധാനമന്ത്രി കണ്ടു. കസാഖ്സ്ഥാൻ, ഫ്രഞ്ച് പ്രധാനമന്ത്രിമാരുമായും ദുബായിൽ വച്ച് നരേന്ദ്രമോദി ചർച്ചകൾ നടത്തി. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് യുഎഇ എന്ന് ഉറപ്പിച്ചാണ്, പരമ്പരാഗത സുഹൃദ് രാഷ്ട്രമായ ഒമാനിലേക്ക് മോദി വിമാനം കയറിയത്. 

MORE IN GULF THIS WEEK
SHOW MORE