പാട്ടിന്റെ ഞാറ്റുവേല

gw-njattuvela-t
SHARE

നാടൻ പാട്ടിന്റെ ഈണവും താളവും പ്രവാസിക്ക് സമ്മാനിക്കുന്ന ഒരു സംഘം കലാകാരൻമാരുണ്ട് മസ്കത്തിൽ. അവരുടെ നാടൻ പാട്ടു വിശേഷങ്ങൾ കാണാം...

പ്രവാസത്തിന്റെ മരുഭൂമിയിൽ ഓർമത്തുരുത്തുകളായി ചില നാട്ടുപച്ചകളുണ്ടാകും. സ്വന്തം നാടിന്റെ നല്ലോർമകളുടെ കുളിരേകുന്ന നാട്ടുപച്ചകൾ. അത്തരമൊരു നാട്ടു പച്ചയാണ് ഞാറ്റുവേല എന്ന നാടൻ പാട്ടുസംഘം. ഒമാനിലെ മസ്കത്തിലാണ് ഈ ഞാറ്റുവേല ഓർമകളുടെ വിത്തെറിയുന്നത്. പേരുപോലെ തന്നെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവരാണ് ഈ ഞാറ്റുവേല കൂട്ടവും.

മൂന്നു വർഷം മുന്പാണ് ഈ കൂട്ടായ്മയുടെ പിറവി. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം പേരടങ്ങുന്നതാണ് ഞാറ്റുവേല നാടൻപാട്ട് സംഘം. പക്ഷേ വെറുമൊരു പാട്ട് കൂട്ടം മാത്രമല്ല ഞാറ്റുവേല. തെയ്യവും സർപ്പം തുള്ളലുമടക്കം വടക്കൻ കേരളത്തിന്റെ തനത് കലാരൂപങ്ങളും ഇവർ വേദിയിൽ അവതരിപ്പിക്കുന്നു. 

നാടൻപാട്ടിനെയും നാടിന്റെ കലകളെയും സ്‌നേഹിക്കുന്ന പാട്ടുകാരെ തേടി കണ്ടെത്തി ഞാറ്റുവേല കൂട്ടത്തിലേക്ക് ക്ഷണിച്ചു ചേർക്കുന്നു. ഒട്ടേറെ വീട്ടമ്മമാരും ഈ പാട്ടുകൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം. 

വാരാന്ത്യങ്ങളിലാണ് ഞാറ്റുവേലയുടെ നാടൻപാട്ട് പരിശീലനം. അടച്ചിട്ട മുറികളില്ല, പ്രകൃതിയുടെ മടിത്തട്ടിലാണ് ഇവർ പാടി പരിശീലിക്കുക. മലയുടെ താഴ്വാരവും കടൽത്തീരവുമെല്ലാം ഞാറ്റുവേലയുടെ പരിശീലനക്കളരികളാണ്. ജോലി കഴിഞ്ഞെത്തി എല്ലാ ദിവസവും പരിശീലനം നടത്തുന്നവരും ഈ സംഘത്തിലുണ്ട്. 

ഒമാനിലെ കലാഭൂമിയിൽ ഇവർ ഇന്ന് സജീവസാന്നിധ്യമാണ്. മുക്കാൽ മണിക്കൂറോളം നീളുന്ന ഞാറ്റുവേലയുടെ പാട്ടുകൾ പ്രവാസികൾക്ക് സമ്മാനിക്കുക നിറയെ ഗൃഹാതുരത്വം ആണ്. അങ്ങനെ ഞാറ്റുവേലയിൽ പാട്ടിന്റെ നാടൊരുക്കുകയാണ് ഈ കലാകാരൻമാർ

MORE IN GULF THIS WEEK
SHOW MORE