പിന്നിട്ട് പോയ കലാലയ കാലം തിരിച്ചു പിടിച്ച് പ്രവാസികൾ

Thumb Image
SHARE

കലാലയകാലം. ഓരോരുത്തരുടെയും മനസിലെ ഏറ്റവും ദീപ്തമായ ഓർമകളാണ്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ഒരു ദിവസം പഴയ കലാലയ കാലത്തിലേക്ക് തിരികെ പോയി ഒരു പറ്റം പ്രവാസികൾ. മലയാള മനോരമയും കേരള കോളജ് ഫ്രണ്ട്സും ചേർന്ന് ദുബായിലൊരുക്കിയ കോളജ് ഡേയിലായിരുന്നു തുറന്നു പറച്ചിൽ.

പിന്നിട്ട് പോയ കലാലയ കാലത്തിന്റെ തിരിച്ചു പിടിക്കലായിരുന്നു മലയാള മനോരമ ഒരുക്കിയ കോളജ് ഡേ. കലാലയങ്ങളോട് വിട പറഞ്ഞ് ജീവിതത്തിൽ സൂപ്പർ സീനിയേഴ്സ് ആയവർ ഒരിക്കൽ കൂടി തങ്ങളുടെ കോളജ് കാലത്തിലേക്ക് മടങ്ങിയ ദിനം. ആരവങ്ങളും ആവേശവും നിറഞ്ഞ ഒരു കലാലയദിനം. പ്രവാസത്തിൻറെ തിരക്കുകൾക്കിടയിലും കലാലയ സൌഹൃദങ്ങളും കൂട്ടായ്മകളും ഓരോരുത്തരും ചേർത്തുവയ്ക്കുന്നതിന്റെ കാഴ്ചകളും ഈ ആഘോഷത്തിലുണ്ടായിരുന്നു.

ഒരു കോളജ് ദിനാഘോഷത്തിന്റെ എല്ലാ തികവോടെയുമായിരുന്നു മലയാള മനോരമ കോളജ് ഡേ ഒരുക്കിയത്. കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവ വിദ്യാർഥി സംഘടനകളുമായി സഹകരിച്ചായിരുന്നു ആഘോഷങ്ങൾ. തിരുവാതിരകളിയുടെ ചുവടുകളും ശീലുകളുമായാണ് ആഘോഷങ്ങളുടെ അരങ്ങുണർന്നത്. 

പതിനാലു ടീമുകൾ പങ്കെടുത്ത വാശിയേറിയ തിരുവാതിര മൽസരത്തിൽ തൃശൂർ വിമലാ കോളജിലെ രേണുക എസ്.കുട്ടിയും സംഘവുമാണ് ഒന്നാം സമ്മാനം നേടിയത്.കലാലയ കാലത്തിൻറെ ആവേശച്ചുവടുകൾ നിറഞ്ഞതായിരുന്നു സിനിമാറ്റിക് ഡാൻസ് മൽസരം. ഇത്തിരിവട്ടത്തില്‍ ഒത്തിരിപ്പൂക്കാലം തീര്‍ക്കുന്ന പൂക്കളങ്ങളും കോളജ് ഡേയിലുണ്ടായിരുന്നു. കേരളത്തിന്‍റെ അങ്ങളോമിങ്ങോളമുള്ള സംസ്കാരിക വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍കൂടിയായിരുന്നു ഈ പൂക്കളങ്ങള്‍. 

കൊച്ചുകുട്ടികളുടെ ചിത്രരചനാ മല്‍സരം അക്ഷരാര്‍ഥത്തില്‍കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. കൊച്ചു കുട്ടികൾ പൂന്പാറ്റകൾക്ക് വർണങ്ങൾ നൽകിയപ്പോൾ മുതിർന്ന കുട്ടികൾ നന്മയുടെ വർഷത്തിൻറെ വലിയ ആശങ്ങൾക്ക് ചായം പകർന്നു.ഇടയ്ക്ക് നല്ല തനി നാടൻ സദ്യയും.

സദ്യയുടെ ആലസ്യം മാറ്റിയത് നാടന കളികളായിരുന്നു. തലയിണയടിയും കലമുടയ്ക്കലും ചാക്കോട്ടവും എല്ലാം ആവശവും രസനിമിഷങ്ങളും സമ്മാനിച്ചു.ഇടയ്ക്ക് മങ്കമാരുടെ വാശിയേറിയ വടം വലിയും.ഒടുവിൽ കൊട്ടിക്കലാശമായി ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പാരന്പര്യങ്ങൾ വിളിച്ചോതി ഗംഭീര ഘോഷയാത്ര. തെയ്യവും തിറയും ചെണ്ടയുമെല്ലാം നിറഞ്ഞ ഘോഷയാത്ര ആസ്വാദകരെ ആവേശത്തിൻറെ പുതിയ തലത്തിലെത്തിച്ചു. 

നഷ്ടമായ കലാലയകാലം ഒരു ദിവസത്തേക്കെങ്കിലും തിരികെ നേടിയ ആത്മസംതൃപ്തിയോടെയാണ് ഒരോ പ്രവാസിയും ഷബാബ് അൽ അഹ്ലി ക്ലബ്ബിൽ നിന്ന് വീണ്ടും പ്രവാസത്തിരക്കുകളിലേക്ക് മടങ്ങിയത്. 

MORE IN GULF THIS WEEK
SHOW MORE