പതാകയിൽ നെയ്യുന്ന ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദം

Thumb Image
SHARE

യുഎഇ ദേശീയ ദിനം ആഘോഷിക്കുന്പോൾ തിരക്കേറുന്നത് ഒരു ഇന്ത്യ പാക്കിസ്ഥാൻ കൂട്ടുകെട്ടിനാണ്... യുഎഇയിലെ വിവിധ ഭാഗങ്ങളിലേക്ക് പതാകകൾ തയാറാക്കി നൽകുന്നത് തൃശൂർക്കാരൻ കമറുദ്ദീനും പാക്കിസ്ഥാനിൽ നിന്നുള്ള നദീം ചേർന്ന് നടത്തുന്ന സ്ഥാപനമാണ്.

യുഎഇയുടെ പതാകയിൽ നെയ്യുന്ന ഇന്ത്യ പാക്കിസ്ഥാൻ സൌഹൃദത്തിൻറെ കഥയാണിത്. ഗുരുവായൂർ സ്വദേശി കമറുദ്ദീനും പാക്കിസ്ഥനിലെ പഞ്ചാബിൽ നിന്നുള്ള മുഹമ്മദ് നദീമും തമ്മിലുള്ള സൌഹൃദത്തിൻറെ കഥ. ഇഴയടുപ്പമുള്ള ഈ സൗഹൃദത്തിൽ നിന്ന് പിറക്കുന്നതാകാട്ടെ യുഎഇയുടെ ദേശീയ പതാകകളും.

അബുദാബി മദീനത് സായിദിലെ ഖമർ അൽ ദീൻ എന്ന തയ്യൽകടയാണ് ഈ കഥയുടെ കേന്ദ്രം. 32 വർഷം മുന്പ് ഒരു ദേശീയ ദിനത്തിലാണ് കമറുദ്ദീനും നദീമും ചേർന്ന് ഈ തയ്യൽകട തുറക്കുന്നത്. ഇന്ന് അബുദാബിയിൽ, യുഎഇയുടെ പതാകകൾ ഏറ്റവും അധികം തയാറാക്കുന്ന സ്ഥാപനമാണ് ഈ ഇന്തോ പാക് സൗഹൃദ സംരഭം. 

ദേശീയ ദിനമായതോടെ പതാകകൾ ഒരുക്കുന്നതിൻറെ തിരക്കിലാണ് ഇവരെല്ലാം. നൂറുകണക്കിന് പതാകകളാണ് ദിവസവും ഇവിടെ തയാറാക്കി നൽകുന്നത്. ചെറിയ കൊടി മുതൽ വീടുകളും ബഹുനില കെട്ടിടങ്ങളും മുഴുവനായി പൊതിയുന്ന പതാകകൾ വരെ ഇവിടെ തയാറാക്കുന്നു. തുണിയുടെ ഗുണനിലവാരവും പ്രിൻറിങ്ങും ഉൾപ്പെടെ പതാക നിർമാണത്തിന് കൃത്യമായ മാർഗ നിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. 

പല വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലേക്കും ഇവിടെ നിന്നാണ് പതാക നിർമിച്ച് നൽകുന്നത്. കമറുദ്ദീൻറെയും നദീമിൻറെയും നേതൃത്വത്തിൽ തയാറാക്കിയ പതാക ബുർജ് ഖലീഫയുടെ പെരുമയ്ക്കൊപ്പവും ചേർത്തു വച്ചിട്ടുണ്ട്. ഏറെ ആദരം നേടിത്തരുന്ന തൊഴിലായാണ് ഈ ജോലിയെ ഇവർ കാണുന്നത്. അതേ ആദരം ഈ തൊഴിലിനോടും അവർ പുലർത്തുന്നു.

MORE IN GULF THIS WEEK
SHOW MORE