വിസ്മയങ്ങളുടെ പൂക്കാലമൊരുക്കി ദുബായ് മിറക്കിൾ ഗാർഡൻ

Thumb Image
SHARE

പുതിയ കാഴ്ചകളും വിസ്മയങ്ങളും സമ്മാനിച്ച് ദുബായ് മിറക്കിൾ ഗാർഡൻറെ ആറാം പതിപ്പിന് തുടക്കമായി. വ്യത്സ്ത തരത്തിലുള്ള സൂര്യകാന്തിപ്പൂക്കളാണ് ഇത്തവണ മിറക്കിൾ ഗാർഡനിലെ പ്രധാന ആകർഷണം. മിറക്കിൾ ഗാർഡൻ. ആ പേരിൽ തന്നെ എല്ലാമുണ്ട്. അത്ഭുതമാണ് ഈ ഉദ്യാനം. സഞ്ചാരികൾക്കായി കാഴ്ചയുടെ, വിസ്മയങ്ങളുടെ ഒരു പൂക്കാലമൊരുക്കുകയാണ് ദുബായ് മിറക്കിൾ ഗാർഡൻ. 

സൂര്യാകാന്തിപ്പൂക്കളുടെ ശോഭയാണ് ഇത്തവണ ദുബായുടെ വിസ്മയ ഉദ്യാനത്തിന്. എല്ലായിടത്തും സൂര്യപ്രഭയോടെ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ. ഒപ്പം പെറ്റൂനിയ, മാരിഗോൾഡ്, സ്നാപ് ഡ്രാഗൺ തുടങ്ങിയ പൂക്കളും...പന്ത്രണ്ട് മീറ്റർ ഉയരമുള്ള ടെഡി ബെയറാണ് ഇക്കുറി മിറക്കിൾ ഗാർഡനിലെ താരം. വിവിധ തരത്തിലുള്ള ചെടികളും പൂക്കളും ഉപയോഗിച്ച് തീർത്തിരിക്കുന്ന ഈ കാഴ്ചയിൽ സ്വയം മറന്നു നിൽക്കുകയാണ് സന്ദർശകർ

ഒന്നാം ഗേറ്റിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ ആമയും സന്ദർശകരെ വരവേൽക്കാനെന്നോണം നടവഴിയുടെ ഇരുഭാഗത്തുമായി നിൽക്കുന്ന അരയനങ്ങളുമൊക്കെ ഇത്തവണത്തെ പുതു കാഴ്ചകളാണ്. പഞ്ചവര്‍ണ തത്തകളെ പ്രമേയമാക്കി നിര്‍മിച്ചിരിക്കുന്ന പാരറ്റ് നെസ്റ്റും മിറക്കിള്‍ ഗാര്‍ഡനിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 

എമിറേറ്റ്സിൻറെ എയർബസ് വിമാനത്തിൻറെ പുഷ്പമാതൃക ഇക്കുറിയുമുണ്ട്. കൂടുതൽ മികവോടെയും മനോഹാരിതയോടെയും പൂക്കള്‍ കൊണ്ട് കുടില്‍ മുതല്‍ കൊട്ടാരം വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. ഒപ്പം വിവിധ തരത്തിലുള്ള ശില്‍പങ്ങളും പുഷ്പാലങ്കാരങ്ങളും.

നൂറുകണക്കിന് സന്ദര്‍ശകരാണ് ഓരോദിവസവും ഇവിടേക്കെത്തുന്നത്. ഇവിടെ എത്തിയാല്‍ പിന്നെ ഫോട്ടോ എടുക്കുന്നതിന്‍റെ തിരക്കിലാകും എല്ലാവരും. ഈ പൂക്കള്‍ക്കിടയില്‍ നിന്ന് എത്രതവണ ചിത്രങ്ങള്‍ പകര്‍ത്തിയാലും മതിവരില്ല ആര്‍ക്കും.

അഞ്ചു വര്‍ഷം മുന്പാമ് മിറക്കിള്‍ ഗാര്‍ഡന്‍ ദുബായില്‍ തുറന്നത്. ഇന്ന് യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. മിറക്കിള്‍ ഗാര്‍ഡനോട് ചേര്‍ന്ന് മനോഹരമായ ഒരു ശലഭോദ്യാനവും ഒരുക്കിയിരിക്കുന്നു. ഈ പൂക്കാഴ്ചകള്‍ കണ്ട്, ഈ പൂക്കുടിലുകളില്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഒരല്‍പനേരം. ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷങ്ങളില്‍ ഒന്നായിരിക്കും അതെന്ന് ഉറപ്പ്.

MORE IN GULF THIS WEEK
SHOW MORE