വൈകല്യത്തെ മനക്കരുത്തുകൊണ്ട് നേരിട്ട് ജെസ്ഫര്‍

Thumb Image
SHARE

നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമായ ഒരു കലാകാരനെ പരിചയപ്പെടാം. കാലം കരുതിവച്ച വൈകല്യത്തെ മനക്കരുത്തുകൊണ്ട് നേരിട്ട് ജീവിതം തിരിച്ചുപിടിച്ച ജെസ്ഫര്‍. മലപ്പുറം കോട്ടക്കലില്‍നിന്ന് ദുബായിലെ ആക്സസ് എബിലിറ്റീസ് എക്സ്പോയ്ക്ക് എത്തിയ ജെസ്ഫറിന്‍റെ ജീവിതത്തിലെ നിറമുള്ള കാഴ്ചകളിലേക്ക്.

ജെസ്ഫർ ഒരു പോരാളിയാണ്... തോറ്റു കൊടുക്കാത്ത മനസുമായി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന തളരാത്ത പോരാളി. ജീവിതം തന്നെയാണ് ജെസ്ഫറിൻറെ പോരാട്ടം. കൈകാലുകൾ തളർന്നു പോയെങ്കിലും തളരാത്ത മനസാണ് ഇദ്ദേഹത്തിൻറെ കരുത്ത്. ആ കരുത്താണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ ജെസ്ഫറിനെ നാലാളറിയുന്ന ചിത്രകാരനാക്കിയതും.

മസ്കുലാർ ഡിസ്ട്രോഫി എന്ന മസിലുകളുടെ ശക്തി ക്ഷയിക്കുന്ന രോഗമാണ് ചിത്രകാരനാകാൻ മോഹിച്ച കൊച്ചു ജെസ്ഫറിൻറെ ജീവിതത്തിൽ വില്ലനായത്. കൈകാലുകളുടെ ശക്തി ക്ഷയിച്ചതോടെ ആറാം ക്ലാസിൽ സ്കൂളിൽ പോകുന്നത് അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ വീട്ടിലിരുന്നായി പഠനം. ജീവിതം വീൽചയറിലേക്ക് പറിച്ച് നട്ടപ്പപ്പോളും ചിത്രകാരനാവുക എന്ന സ്വപ്നം ജെസ്ഫർ കൈവെടിഞ്ഞില്ല. കൈകൾ കൊണ്ട് ചെയ്യാൻ സാധിക്കാത്തത് വായ് ഉപയോഗിച്ച് ചെയ്യാനായി ശ്രമം. കഠിന പരിശ്രമത്തിൻറെ നാളുകളായിരുന്നു അത്. ഒടുവിൽ അക്ഷരങ്ങളും അതിനു പിന്നാലെ വർണങ്ങളും ജെസ്ഫറിൻറെ വഴിയെ വന്നു.

വായിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ജെസ്ഫറിൻറെ ചിത്രരചന. കാണാനാഗ്രഹിക്കുന്ന കാഴ്ചകളാണ് ജെസ്ഫർ തൻറെ കാൻവാസിലേക്ക് പകർത്തുന്നത്. ഇതിനകം മുന്നൂറോളം ചിത്രങ്ങൾ വരച്ചു കഴിഞ്ഞു. പ്രമുഖ ചിത്രകാരൻമാരിൽ പലരും പിന്തുണയും ഉപദേശങ്ങളുമായി ജെസ്ഫറിനൊപ്പമുണ്ട്. പോർട്രെയിറ്റുകളും പ്രകൃതി ദൃശ്യങ്ങളുമെല്ലാം വരയ്ക്കും ജെസ്ഫർ. മദർ തെരേസയും എപിജെ അബ്ദുൽ കലാമും ഒക്കെ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ഈ കാൻവാസിലേക്കെത്തി. 

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെയും ചിത്രങ്ങളാണ് ജെസ്ഫറിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. നാലു മാസമെടുത്താണ് 15 ചതുരശ്ര അടി വലിപ്പമുള്ള ചിത്രം വരച്ചത്.  ജീവന്‍ തുടിക്കുന്ന ഈ എണ്ണച്ചായ ചിത്രം ക്യാന്‍വാസിലേക്കു പകര്‍ത്തുന്ന വീഡിയോ യൂടൂബില്‍ വൈറലായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് ഈ രാജ്യവും ഭരണാധികാരികളും നല്‍കുന്ന പരിഗണനയാണ് ഈ നേതാക്കളുടെ ചിത്രം തിരഞ്ഞെടുക്കാന്‍ കാരണമെന്നും ജെസ്ഫര്‍ വ്യക്തമാക്കി.

ഭിന്നശേഷിക്കാരായ ചിത്രകാരൻമാരുടെ കൂട്ടായ്മയായ മൌത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് അസോസിയേഷനിൽ അംഗമാണ് ജെസ്ഫർ. 78 രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറോളം അംഗങ്ങൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഈ സംഘടനയിലുണ്ട്. ജെസ്ഫര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും ഈ കൂട്ടായ്മയാണ്.

ഭാര്യ ഫാത്തിമ ദൊഫാറാണ് ജെസ്ഫറിൻറെ ഏറ്റവും വലിയ കരുത്തും പിന്തുണയും. ജെസ്ഫറിൻറെ നിഴലെന്ന പോലെ ഫാത്തിമ എപ്പോഴുമുണ്ടാകും. ഗ്രീന്‍ പാലിയേറ്റീവ് എന്ന പരിസ്ഥിതി സംഘടനയിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. പരിചയം പിന്നെ സൌഹൃദത്തിലേക്കും, സൌഹൃദം പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും എത്തി.

2005ലും 2007ലും കോഴിക്കോട് ലളിത കലാ അക്കാദമയിൽ ജെസ്ഫറിൻറെ ചിത്രപ്രദർശനം നടത്തിയുണ്ട്. അഞ്ചു കൊല്ലം മുന്പ് സിംഗപ്പൂരിലായിരുന്നു ആദ്യ രാജ്യാന്തര ചിത്രപ്രദർശനം. കഴിഞ്ഞ വാരം ദുബായിൽ നടന്ന ആക്സസ് എബിലിറ്റീസ് എക്സ്പോയിലും ജെസഫ്റിൻറെ ചിത്രങ്ങളുണ്ടായിരുന്നു. ദുബായിൽ ഒരു സന്പൂർണ ചിത്രപ്രദർശനം നടത്തുകയാണ് ജെസ്ഫറിൻറെ അടുത്ത ലക്ഷ്യം.

ബഹുമുഖ പ്രതിഭ എന്നാണ് ജെസ്ഫറെന്ന പേരിൻറെ അർഥം. പേര് പോലെ തന്നെ പ്രതിഭാ സന്പന്നമായ ജീവിതയാത്രയാണിത്. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ തളരാത്ത മനസുമാത്രം മതിയെന്നാണ് ജെസ്ഫറിൻറെ ജീവിതം നമ്മളോട് പറയുന്നത്. 

MORE IN GULF THIS WEEK
SHOW MORE