ബാഡ്മിന്റനിൽ മികവുമായി പ്രവാസി വിദ്യാഥികള്‍

Thumb Image
SHARE

സിബിഎസ്ഇ ദേശീയ ചാംപ്യൻഷിപ്പിൽ ബാഡ്മിന്റൻ സ്വർണം ഗൾഫിലെത്തിച്ച പ്രവാസി വിദ്യാഥികളെ പരിചയപ്പെടാം. ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി നിദ നജീബും ഔര്‍ ഓണ്‍ ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരന്‍ നബ്ഹാന്‍ നജീബുമാണ് ഈ മിന്നും താരങ്ങള്‍.

തനിക്ക് സാധിക്കാത്തത് മക്കളിലൂടെ നേടണമെന്ന ആഗ്രഹിക്കുന്ന ഒരു അച്ഛന്‍റെയും രണ്ടു മക്കളയുടെയും കഥയാണിത്. ദങ്കല്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ കഥയില്‍ ഗുസ്തിക്ക് പകരം ബാഡ്മിന്‍റനാണെന്ന വ്യത്യാസം മാത്രം. രാജസ്ഥാന്‍ ആല്‍വാറില്‍ നടന്ന സിബിഎസ്ഇ ദേശീയ ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിലാണ് ഇരുവരും പ്രവാസി ഇന്ത്യക്കാരുടെ അഭിമാനം കാത്തത്.  കായികപ്രേമിയായ അച്ഛന്‍ നജീബിന്‍റെ സ്വപ്നക്കോര്‍ട്ടില്‍ റാക്കറ്റേന്തിയ മക്കള്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ വലയിലാക്കി. 

അണ്ടര്‍ 19 മിക്സഡ് ഡബിള്‍സില്‍ രാജസ്ഥാന്‍ സെന്‍ട്രല്‍ അക്കാദമിയിലെ ആരുഷ് ചാപ്ലോട്ടായിരുന്നു നിദയുടെ പങ്കാളി. ഉത്തരാഖണ്ഡിലെ അപൂര്‍വ-പൂജ സംഘത്തിനെതിരെ തകര്‍പ്പന്‍ സ്മാഷുകള്‍ പായിച്ച ഇവര്‍ കളി സ്വന്തമാക്കുകയായിരുന്നു. ഉത്തരഖണ്ഡിലെ ജെയ്സി സ്കൂളുമായുള്ള പോരാട്ടത്തില്‍ മൂന്നിനെതിരെ രണ്ടു സെറ്റുകള്‍ നേടിയാണ് നിദയും സംഘവും ടീം ചാംപ്യന്‍ഷിപ്പ് നേടിയത്. 2016ല്‍ ബാഡ്മിന്‍റനില്‍ ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിന് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത നിദ ഇത്തവണ ടീം ചാംപ്യന്‍ഷിപ്പ് അടക്കം രണ്ടു സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചാണ് സ്കൂളിന്‍റെ അഭിമാനമായത്. ഗൾഫിലെ വിവിധ മൽസരങ്ങളിലും നിദ മെഡലുകൾ കൊയ്യുന്നു. . 2013ല്‍ ജിസിസി ഓപണ്‍ ബാഡ്മിന്‍റനില്‍ അണ്ടര്‍ 13ലെ സ്വര്‍ണ മെഡല്‍ അടക്കം കളിച്ച മല്‍സരങ്ങളിലെല്ലാം ട്രോഫിയുമായാണ് മടക്കം. പി.വി സിന്ധുവാണ് നിദയുടെ മാതൃകാ താരം.

സിബിഎസ്ഇ ദേശീയ ചാംപ്യന്‍ഷിപ്പിലെ അണ്ടര്‍ 14 ഡബിള്‍സിലാണ് നബ്ഹാന് സ്വര്‍ണമെഡല്‍ നേടിയത്. മഹാരാഷ്ട്ര സ്വദേശി സോഫിയ സിമോന്‍ ആയിരുന്നു പങ്കാളി.  കരിയറിലെ പൊന്‍തൂവലായാണ് ഈ നേട്ടത്തെ നബ്ഹാന്‍ കാണുന്നത്. ചേച്ചിയെ പോലെ തന്നെ യുഎഇയിലെ ചാംപ്യൻഷിപ്പുകളിലെ സ്ഥിരം വിജയി ആണ് നബ്ഹാനും. പരിശീലനത്തിലും കായികക്ഷമത നിലനിര്‍ത്തുന്നതിലുമുള്ള കണിശതയാണ് ഇവരുടെ വിജയ രഹസ്യമെന്ന് കോച്ചും ചൂണ്ടിക്കാട്ടി. സൈനാ നെഹ്‍വാളിനെ പരിശീലിപ്പിച്ച കോഴിക്കോട് സ്വദേശി നാസറിന്‍റെ ശിക്ഷണം ആത്മവിശ്വാസം കൂട്ടിയതായി ഇരുവരും പറയുന്നു. ഇതോടൊപ്പം മലേഷ്യയിലെ പരിശീലനം കൂടിയായതോടെ കൂടുതൽ മികവായി. 

മലപ്പുറം വെളിയങ്കോട് സ്വദേശിയും ബിസിനസുകാരനുമായ നജീബ് ആണ് മക്കളുടെ ഏറ്റവും വലിയ ശക്തി. മക്കളുടെ കായിക ഭാവിയ്ക്കായി ഊണും ഉറക്കവുമൊഴിച്ച് നിഴലായി പിന്തുടരുകയാണ് ഈ പിതാവ്. പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ നീളുന്ന ഫിറ്റ്നസോടെ തുടങ്ങുന്ന ദിനചര്യ രാത്രിയിലെ പരിശീലനത്തോടെയാണ് അവസാനിക്കുക. അതിനിടയ്ക്കുള്ള ഇടവേളകളിലാണ് പഠനവും മറ്റും.

MORE IN GULF THIS WEEK
SHOW MORE