ആകാശത്തെ അദ്ഭുതക്കാഴ്ചകളൊരുക്കി ദുബായ് എയർഷോ

Thumb Image
SHARE

ആകാശത്തെ ആഡംബരക്കാഴ്ചകളാണ് ദുബായ് എയർഷോ. ഒപ്പം വ്യോമശക്തിയുടെ പ്രകടന വേദിയും. വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും പുതുതമുറ വിമാനങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു

ആകാശത്തെ അദ്ഭുതക്കാഴ്ചകളാണ് ദുബായ് എയർ ഷോ. വിണ്ണിലെ താരങ്ങൾ മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ചു. വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് ടീമുകൾ കാഴ്ച വച്ച അഭ്യാസക്കാഴ്ചകളായിരുന്നു പ്രധാന ആകർഷണം. യുഎഇ എയ്റോബാറ്റിക് ടീം അൽ ഫുർസാൻ തന്നെയാണ് വിസ്മയക്കാഴ്ചകൾക്ക് തുടക്കമിട്ടത്. 

കുത്തനെ പറന്നുയര്‍ന്നും ആകാശത്ത് കരണം മറിഞ്ഞും കാണികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. ശ്വാസമടക്കി പിടിച്ചാണ് ആസ്വാദകർ ഈ അദ്ഭുതക്കാഴ്ചകൾ കണ്ടത്. പലപ്പോഴും കാഴ്ചക്കാരുടെ കണ്ണുകളെ വേഗം കൊണ്ട് തോൽപിച്ചു കളഞ്ഞു വിമാനങ്ങൾ.

മധ്യപൂർവദേശത്തെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശന മേളയില്‍ ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും അണിനിരന്നു. വ്യോമയാന രംഗത്തെ ഏറ്റവും വലിയ മേളയിൽ വന്പൻ വിമാനക്കന്പനികളെല്ലാം അണി നിരന്നു. 

പോർവിമാനങ്ങൾ തന്നെയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. പോർ വിമാനങ്ങളിൽ ഏറ്റവും അപകടകാരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിന്‍റെ റഫാൽ, മിറാഷ്, അമേരിക്കയുടെ എഫ് 16 എന്നിവയെല്ലാം അൽ മക്തൂം വിമാനത്താവളത്തിൽ കരുത്തു കാണിക്കാനെത്തി.  യുദ്ധ മേഖലയിൽ പടക്കോപ്പുകളും മറ്റും എത്തിക്കാനുള്ള ചരക്കു വിമാനങ്ങളും പ്രദർശനത്തിലുണ്ട്.

പൈലറ്റിന് കളിപ്പാട്ടം പോലെ നിയന്ത്രിക്കാനാകുന്ന ഒറ്റ എന്‍ജിന്‍ വിമാനങ്ങളുമുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ കരുത്തിൽ ഒട്ടേറെ ലക്ഷ്യങ്ങൾ റാഞ്ചാൻ ശേഷിയുള്ള ഹെലികോപ്റ്ററുകളും മേളയെ ആകര്‍ഷകമാക്കി. വേഗത്തിലും കരുത്തിലും ആക്രമണശേഷിയിലും പോർവിമാനത്തോടു കിടപിടിക്കുന്ന ഹെലികോപ്റ്ററുകളാണിവ. 

അമേരിക്കൻ സേനയുടെ പവലിയനാണ് എയർഷോയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, വെടിക്കോപ്പുകളും ചെറുമിസൈലുകളുമായി ശത്രുപാളയങ്ങൾ ചാമ്പലാക്കാൻ ശേഷിയുള്ള അപ്പാച്ചി മുതൽ സീഹോക് വരെയുണ്ട് അമേരിക്കന്‍ പവിലിയനില്‍.  അമേരിക്കൻ സേനയുടെ അഭിമാനമായ ബ്ലാക് ഹോക്കിനെ അടുത്തറിയിനും സന്ദർശകർക്ക് അവസരമുണ്ട്. 

വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും പ്രദർശനത്തിലുണ്ടായിരുന്നു. വ്യോമയാന രംഗത്ത് ലോകമെങ്ങും നിന്നുള്ള സ്ഥാപനങ്ങൾ ഈ സാങ്കേതിക വിദ്യകൾ നേരിട്ടറിയുന്നതിനും സ്വന്തമാക്കുന്നതിനുമായി ദുബായിലേക്കെത്തി. വൻ ഇടപാടുകൾക്കൊപ്പം വൻ പ്രഖ്യാപനങ്ങളും എയർഷോയിലുണ്ടായി. ദുബായിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് ലണ്ടനിലേക്കെത്തുന്ന സൂപ്പർ സോണിക് വിമാന സർവീസായിരുന്നു ഇതിൽ പ്രധാനം.

എന്തിലും ഏതിലും മുന്നിൽ നിൽക്കുന്ന ദുബായിൽ നടക്കുന്ന എയർഷോയിൽ എത്തിയ ഏറ്റവും പുതിയ ആകാശ വിസ്മയങ്ങൾ ഉയർത്തിയത് ദുബായിയുടെ പെരുമ കൂടിയാണ്.

MORE IN GULF THIS WEEK
SHOW MORE