ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്വാതന്ത്ര്യദിനങ്ങള്‍ പോയവാരമായിരുന്നു. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് വ്യത്യസ്തമായ ഒരു സ്വാതന്ത്ര്യദിന സമ്മാനം നല്കി പാക്ക് ഗായികയായ നാസിയ മുഹമ്മദ്. ദുബായില്‍ പ്രവാസിയായ നാസിയ മലയാളം അടക്കം 28 ഭാഷകളില്‍ പാടുകയും ചെയ്യും.
ഇതൊരു സ്വാതന്ത്ര്യദിന സമ്മാനമാണ്... ഇന്ത്യന്‍ ജനതയ്ക്ക് നാസിയ മുഹമ്മദ് അമീന് പാക്കിസ്ഥാനി ഗായിക നല്കുന്ന ഒരു കൊച്ചു സമ്മാനം. പക്ഷേ അര്‍ഥതലങ്ങളില്‍ ഒരു വലിയ സമ്മാനം.
ലതാ മങ്കേഷ്കര്‍ ആലപിച്ച് അവിസ്മരണീയമാക്കിയ മേരെ വതന്‍ എന്ന ഗാനം വീണ്ടും ആലപിച്ചാണ് നാസിയ ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.
ഇന്ത്യക്കാരോട് പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കുള്ള സ്നേഹവും ബഹുമാനവും അറിയിക്കാനാണ് ഇത്തരമൊരു ആശംസ ഒരുക്കിയതെന്ന് നാസിയ പറയുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ സഹോദരങ്ങളാണെന്നും ഈ ഗായിക ഓര്‍മപ്പെടുത്തുന്നു.
ഏതൊരു ഇന്ത്യക്കാരനെയും പോലെ തന്നെ നാസിയ നമ്മുടെ ദേശീയ ഗാനവും ചൊല്ലും. ജനഗണമനയെ ഇവര്‍ ഇഷ്ടപ്പെടുന്നു... ബഹുമാനിക്കുന്നു...
മലയാളമടക്കം 28 ഭാഷകളില്‍ ഗാനങ്ങളാലപിക്കുന്ന നാസിയ സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ്... ചിത്രയാണ് മലയാളത്തില്‍ നാസിയയുടെ പ്രിയ ഗായിക. ഏറെ പണിപ്പെട്ടാണ് ഇവര്‍ മലയാളം പാട്ടുകള്‍ പഠിച്ചെടുത്തത്. സുഹൃത്തുക്കളുടെ പിന്തുണ കൂടിയായപ്പോള്‍ നാസിയക്ക് എളുപ്പം വഴങ്ങി മലയാളം.
അറബികിലും ഉറുദുവിലും തുടങ്ങി ജാപ്പനീസ് ഭാഷയില്‍ വരെ നാസിയ ഗാനങ്ങളാലപിക്കും. സമൂഹ മാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് നാസിയയുടെ പാട്ടുകള്‍ക്ക് ലഭിക്കുന്നത്. ഇനിയും കൂടുതല്‍ ഭാഷകളില്‍ പാടുകയാണ് ഈ കലാകാരിയുടെ വലിയ സ്വപ്നം.